കെട്ട്യോളാണ് എന്റെ മാലാഖ

കെട്ട്യോളാണ് എന്റെ മാലാഖ

ഡോ. തോമസ് പനക്കളം

സ്ലീവാച്ചന്‍ തനി നാട്ടുമ്പുറത്തുകാരനാണ്. സാധാരണ ഇടുക്കിക്കാരപ്പോലെ പരമശുദ്ധന്‍, കൃഷിയും കാലിവളര്‍ത്തലുമാണ് അവന് ജീവിതം. അമ്മച്ചിയും പെങ്ങമ്മാരും പള്ളിയുമാണ് അവന്‍റെ ലോകം. വയസ്സ് 35 ആയി എന്നിട്ടും കല്ല്യാണം കഴിച്ചിട്ടില്ല. വീട്ടിലും നാട്ടിലും സ്ലീവാച്ചനെ കണ്ടാല്‍ ആരും ആദ്യം പറയുന്നത് കല്ല്യാണക്കാര്യമാണ്.

പെങ്ങമ്മാര് പറയും എടാ കുട്ടായി ആ കൊച്ചിനെ നോക്കട്ടേടാന്ന്. ഒരു കൊച്ചിനെയും അവന് വേണ്ട. എന്തോ കല്ല്യാണമെന്നു കേള്‍ക്കുമ്പോള്‍ തന്നെ അവനാകെ വിറഞ്ഞുകേറും.

നാട്ടുകാരുടെ സ്ലീവാച്ചനായും വീട്ടുകാരുടെ കുട്ടായിയായും അവനങ്ങനെ കഴിയുന്നതിനിടയിലാണ് അമ്മച്ചി വീഴുന്നത്. ആ വീഴ്ച, (ബോധംകെട്ടു തളര്‍ന്നു വീണതേയുള്ളൂ) അമ്മച്ചിയെ നോക്കാന്‍ ഒരാള് വേണമെന്ന ചിന്തയിലേയ്ക്ക് അവനെ ഉണര്‍ത്തുന്നു. അങ്ങനെ അമ്മച്ചിയെ നോക്കാന്‍ ഒരു പെണ്ണുകെട്ടാന്‍ അവന്‍ തീരുമാനിക്കുന്നു.

പള്ളിയിലെ എല്‍ദോ അച്ചന്‍റെ സഹോദരിയുടെ മകളെ പോയി പെണ്ണുകാണുന്നു. ഒറ്റ കാഴ്ചയില്‍ സ്ലീവാച്ചന്‍ മതിയെന്ന് റിന്‍സിയും അമ്മച്ചിയെ നോക്കാന്‍ ഈ കൊച്ച് മതിയെന്നു സ്ലീവാച്ചനും തീരുമാനിക്കുന്നു. പിന്നെ തകൃതിയായി കാര്യങ്ങള്‍ വിവാഹം ഒരുക്ക ധ്യാനം, കെട്ടു കുമ്പസാരം എല്ലാം പെട്ടെന്നങ്ങു കഴിഞ്ഞു. കല്ല്യാണ ദിവസമടുക്കുന്തോറും സ്ലീവാച്ചന്‍റെ മുഖത്തെ തെളിച്ചം കുറഞ്ഞു വന്നു. സ്ലീവാച്ചന്‍ രണ്ടെണ്ണമടിക്കാത്ത ദിവസമില്ല. പക്ഷെ, കല്ല്യാണത്തിന്‍റെ അന്ന് വൈകിട്ട് അയാള്‍ അടിച്ച് ഓഫായി. അയാളെ ബെഡ് റൂമിലാക്കുമ്പോള്‍ 'അളിയന്‍ ചെറുതായിട്ട് ഒന്ന് ഓഫായിപോയി ഇന്നത്തേയ്ക്ക് ഒന്നു ക്ഷമിക്കണം' എന്നാണ് അളിയന്മാര്‍ പറയുന്നത്. ആദ്യദിനങ്ങളില്‍ സ്ലീവാച്ചന്‍ റിന്‍സിയെ പരിഗണിക്കുന്നതേയില്ല. അവളോട് ഇഷ്ടക്കുറവ് കൊണ്ടാണെന്നാണ് റിന്‍സി വിചാരിക്കുന്നത്.

വല്ലാതെ കുടിച്ചു വന്ന ഒരു ദിവസം ഒരുപാട് പരിഭ്രമത്തോടെ ഉറങ്ങിക്കിടക്കുന്ന റിന്‍സിയെ സ്ലീവാച്ചന്‍ സമീപിക്കുകയാണ്. അയാളുടെ ലൈംഗിക ബോദ്ധ്യങ്ങളുടെ പരിമിതി കൊണ്ട് ടൗണിലെ പെണ്ണിന്‍റെയടുത്ത് കരുത്തുകാണിച്ചു വന്നപ്പോള്‍ സംഗതി ബലാല്‍സംഗമായി. ആഹ്ലാദകരമായ ഒരു കുടുംബജീവിതം ആഗ്രഹിച്ചു വന്ന റിന്‍സിക്ക് ഇത് കൂടെയായപ്പോള്‍ ജീവിതം തന്നെ മടുത്തപോലെയായി. ഇവിടെ നിന്നു കൊണ്ട് "കെട്യോളാണ് എന്‍റെ മാലാഖ" എന്ന ചിത്രം മലയാളി പുരുഷന്‍റെ ലൈംഗിക മനോഭാവങ്ങളെ വിചാരണയ്ക്കു വിധേയമാക്കുകയും ഏകപക്ഷീയമായ അനുഭവമായി രതിയെ വായിക്കുന്ന പുരുഷാധീശ ചിന്താഗതിയോട് കലഹിക്കുകയും ചെയ്യുന്നു.

പരമശുദ്ധനായ ഒരു നാട്ടിന്‍പുറത്തുകാരനില്‍ പോലും പ്രണയമില്ലാതെ പ്രാപിക്കുന്ന ചിന്ത എങ്ങനെയാണ് വളരുന്നത്. എന്താണ് പ്രണയം നമ്മുടെ കുടുംബങ്ങളില്‍നിന്ന് അകന്നുനില്‍ക്കുന്നത്? ക്ഷേത്രം ക്ഷേത്രത്തെ അറിയുന്നതുപോലെ, ഹൃദയം ഹൃദയത്തെ അറിയുന്നതുപോലെ സംഭവിക്കേണ്ടുന്ന രതി അനുഭവങ്ങള്‍ ഏകപക്ഷീയമായി മാറുന്നതെന്തേ? ഈ ചോദ്യം സിനിമ സമര്‍ത്ഥമായി ഉന്നയിക്കുന്നു.

യൗവനം വന്നുദിച്ചിട്ടും ചെറുപ്പം ചെറുതാവാത്ത സ്ലീവാച്ചനെ കേവല കാമത്തില്‍നിന്ന് പ്രണയത്തിലേയ്ക്ക് വളര്‍ത്തിയെടുക്കുകയുമാണ് ഈ ചിത്രം ചെയ്യുന്നത്.

അമ്മച്ചിയും പെങ്ങന്മാരുമല്ലാതെ ഒരു പെണ്ണുങ്ങളോടും അവന്‍ അടുത്തിടപഴകിയിട്ടില്ല. എന്തിന് സംസാരിച്ചിട്ട് കൂടിയില്ല. ഭാര്യയായി ഒരു പെണ്ണ് വന്നപ്പോള്‍ എങ്ങനെ അവളോട് ഇടപെടണം, സംസാരിക്കണം, പ്രണയത്തിലാവണം, ശാരീരികബന്ധത്തിലെത്തണമെന്നൊന്നുമറിയാത്ത സ്ലീവാച്ചന്‍ മലയാളി പുരുഷന്‍റെ പൊതുപ്രതിനിധിയാണ്. അയാള്‍ക്ക് അമ്മച്ചിയെ നോക്കാനൊരാള്‍ മാത്രം. പിന്നെ അയാളിലുള്ളത് കാമം മാത്രമാണ്. (അതയാളുടെ മാത്രം കുഴപ്പമല്ല, അയാള്‍ക്കു ലഭിച്ച അറിവുകള്‍ അങ്ങനെയാണ്.) ആരും പഠിപ്പിക്കാതെ തന്നെ പ്രകൃതി മനുഷ്യനിലേയ്ക്ക് സന്നിവേശിപ്പിക്കുന്ന പ്രണയാനുഭവം സ്ലീവാച്ചന് നഷ്ടമായി. ഏകപക്ഷീയമായ രതി ക്രിമിനല്‍കുറ്റം മാത്രമല്ല. വ്യക്തിയുടെ സ്വകാര്യ അന്തസ്സിന്‍റെ ഹനിക്കലാണെന്ന് തനി മരത്തില്‍ സ്ലോട്ടറ് വെട്ടിയ സ്ലീവാച്ചന്‍ തിരിച്ചറിയുന്നിടത്തുനിന്ന് അയാള്‍ പ്രകൃതിയിലേയ്ക്ക് ചുറ്റുപാടിലേയ്ക്ക് കണ്ണു പായിക്കുകയാണ്. മരത്തില്‍ നിന്ന് വള്ളിവേര്‍പെട്ട കുരുമുളകുചെടി മരത്തോടു ചേര്‍ത്തു കെട്ടി, അക്വേറിയത്തില്‍ മീനിണകളെ സ്നേഹിക്കാന്‍ വിട്ട്, പുല്‍ക്കൊടിയും പൂച്ചെടിയും ഇണക്കിളികളും വീട്ടു മൃഗങ്ങളും പ്രകൃതിയാകെയും തന്നോടു പറയുന്ന പ്രണയത്തിന്‍റെ ആ മന്ത്രണങ്ങളെ ചേര്‍ത്തു പിടിക്കുമ്പോള്‍ സ്ലീവാച്ചന്‍ നല്ല കൃഷിക്കാരനില്‍നിന്ന് നല്ല മനുഷ്യനാകുന്നു. മണ്ണിന്‍റെ പിഎച്ച് കണ്ടന്‍റ് അറിഞ്ഞ് അയാള്‍ വളര്‍ത്തിയ കുരുമുളകുചെടി ദേശീയാംഗീകാരത്തിലേയ്ക്ക് എത്തുന്നു. (മണ്ണറിഞ്ഞ അയാള്‍ക്ക് പെണ്ണിനെ അറിയില്ലായിരുന്നു. ഒടുവിലയാള്‍ പെണ്ണറിവിലേയ്ക്ക് വളരുകയാണ്.) ഒരാണും ഒരു പെണ്ണിനോടും ചെയ്യരുതാത്ത തെറ്റാണ് താന്‍ റിന്‍സിയോട് ചെയ്തതെന്ന് സ്ലീവാച്ചന്‍ ഏറ്റുപറയുന്നു.

റിന്‍സി പക്ഷെ, സ്ലീവാച്ചന്‍റെ മാറ്റങ്ങള്‍ തിരിച്ചറിയുന്നെങ്കിലും വീട്ടിലേയ്ക്ക് തിരികെപോകാന്‍ ഒരുങ്ങുകയാണ്. ആ യാത്രയിലും അവസാനത്തേതെന്ന് വിചാരിച്ച ആ രാത്രിയിലും അവര്‍ മനസ്സു തുറക്കുന്നു. ഒന്നുമറിയാത്ത ശരീരം മാത്രം വളര്‍ന്ന ഒരു കുട്ടിയാണ് സ്ലീവാച്ചന്‍ എന്നവള്‍ തിരിച്ചറിയുന്നു. അയാള്‍ കണ്ണീരില്‍ സ്നാനം ചെയ്യുന്നു. ജീവിതം പിന്നെയും തളിരിടുന്നു. ആ ദാമ്പത്യം ആനന്ദാനുഭവമായി വളരുന്നിടത്ത് ചിത്രം പൂര്‍ണ്ണമാകുന്നു. ഗാര്‍ഹിക പീഡന നിരോധന നിയമം കൊണ്ടോ പുരുഷ ലിംഗ ഛേദം കൊണ്ടോ ക്യാപിറ്റല്‍ പണിഷ്മെന്‍റ് കൊണ്ടോ നമുക്ക് പുരുഷന്‍റെ അധീശത്വ ലൈംഗിക ചോദനയെ ഇല്ലാതാക്കാന്‍ കഴിയില്ല. രതിയുടെ മന്ദാരങ്ങള്‍ പ്രണയത്തില്‍ നിന്നാണ,് പൂത്തു വിടരേണ്ടതെന്ന് ഇനി നമ്മുടെ ആണ്‍കുഞ്ഞുങ്ങള്‍ പഠിക്കണം. ഞങ്ങള്‍ ആണ്‍പിറന്നവന്മാര്‍ക്ക് കാലം ഏറ്റം മോശപ്പെട്ട ഗുരുക്കന്മാരെയാണ് ഇത്തരം അറിവുകള്‍ക്കായി തന്നത്. ഒരു കൊച്ചു പുസ്തകവും ഉച്ചപ്പടവും പിന്‍ ബെഞ്ചിലെ മീശമുളച്ച ചേട്ടനുമൊക്കെയായിരുന്നു, ഞങ്ങള്‍ക്ക് ഗുരുക്കന്മാര്‍. ഇന്നത്തെ തലമുറയ്ക്കാകട്ടെ, അത് മൊബൈല്‍ വീഡിയോയും, നെറ്റിലെ നഗ്നതാപ്രകാശനങ്ങളും മാത്രമാണ് ഇനി അത് അങ്ങനെ പോരാ, സ്ലീവാച്ചന്‍ തന്നെ പറയും പോലെ 'സ്ട്രിക്റ്റ്' ആയ അപ്പന്‍മാരേക്കാള്‍ ആണ്‍മക്കളോട് രതിയെക്കുറിച്ച് സംസാരിക്കാന്‍ കഴിയുന്ന അത് സ്വാഭാവികമായ, സ്വഛന്ദമായ അനുഭവമെന്ന് പറഞ്ഞ് വളര്‍ത്താന്‍ കഴിയുന്നവര്‍ ഇനി വേണം. അങ്ങനെ വരുമ്പോള്‍ പ്രണയത്തിനാല്‍ മാത്രമെരിയുന്ന ജീവന്‍റെ തിരികള്‍ നമ്മുടെ ആണ്‍കുഞ്ഞുങ്ങള്‍ക്കുള്ളില്‍ രൂപപ്പെടും. അതവരെ സ്വയം പ്രകാശിക്കാന്‍ പ്രാപ്തരാക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org