|^| Home -> Suppliments -> Familiya -> കൊണ്ടും കൊടുത്തും ആഘോഷിക്കേണ്ട ദാമ്പത്യം

കൊണ്ടും കൊടുത്തും ആഘോഷിക്കേണ്ട ദാമ്പത്യം

Sathyadeepam

സണ്ണി കുറ്റിക്കാട്ട് സിഎംഐ

സന്തോഷവും സംതൃപ്തിയും നിറഞ്ഞ മനസ്സാണു നമ്മുടെ ജീവിതത്തിന് ഊര്‍ജ്ജം പകരുന്നത്. അതു നമ്മില്‍ പ്രതീക്ഷകളുണര്‍ത്തുന്നു. ജീവിതമാരംഭിക്കുന്നതു ദാമ്പത്യത്തിലൂടെയാണ്. ദാമ്പത്യം മറ്റു ജീവിതാവസ്ഥകളേക്കാള്‍ സുഖദായകമായിരിക്കുമെന്നുള്ള പ്രതീക്ഷകൊണ്ടാണു പലരുടെയും മനസ്സില്‍ ബാല്യത്തിലേ ദാമ്പത്യസങ്കല്പങ്ങള്‍ മൊട്ടിടുന്നത്. കുഞ്ഞുങ്ങളായിരിക്കുമ്പോഴേ അപ്പനുമമ്മയും കളിച്ചവരാണു നമ്മില്‍ പലരും, ഭാര്യയും ഭര്‍ത്താവുമായവരാണു നമ്മില്‍ പലരും. അക്കാലത്ത് അവിടെയെങ്ങും അലോസരത്തിന്‍റെ അപശബ്ദങ്ങള്‍ ഉണ്ടായിരുന്നില്ല. സങ്കല്പങ്ങളൊരിക്കലും അനിഷ്ടങ്ങളാകാന്‍ തരമില്ലല്ലോ. അതെപ്പോഴും വര്‍ണാഭവും ആനന്ദദായകവുമായി നമുക്ക് അനുഭവപ്പെടുന്നു. എന്നാല്‍ ഈ സങ്കല്പലോകത്തുനിന്നും യാഥാര്‍ത്ഥ്യത്തിന്‍റെ വഴികളിലേക്കിറങ്ങുമ്പോള്‍ പലരുടെയും മുന്നില്‍ വഴികളുടെ മൃദുലത നഷ്ടപ്പെട്ടു പരുക്കനായിത്തീരുന്ന അനുഭവങ്ങളുണ്ടാകുന്നു.

ദാമ്പത്യജീവിതത്തിലേക്കു കടക്കുന്നവരുടെ ഹൃദയവികാരവിചാരങ്ങളും ഭാവിയെക്കുറിച്ചുള്ള സങ്കല്പങ്ങളും ഏകദേശമെങ്കിലും ഒന്നിച്ചുപോകുമ്പോഴാണു ദാമ്പത്യജീവിതത്തിന് ആസ്വാദ്യതയും സുഗന്ധവും ഉണ്ടാകുന്നത്. പരസ്പരം മനസ്സിലാക്കിയും ബഹുമാനിച്ചും ‘കൊണ്ടും കൊടുത്തും’ മുന്നേറാന്‍ ദാമ്പത്യജീവിതത്തിലേപ്പെടുന്നവര്‍ക്കായാല്‍ മധുരമനോജ്ഞമായ ഒരു കാവ്യംതന്നെയാകും അവരുടെ ദാമ്പത്യജീവിതം. പക്ഷേ, മധുരത്തില്‍ മാലിന്യമെന്നപോലെ എവിടെനിന്നോ പലരുടെയും ദാമ്പത്യജീവിതത്തില്‍ തെറ്റുകളും അപസ്വരങ്ങളും കടന്നുകൂടുന്നു. ദാമ്പത്യജീവിതത്തിന്‍റെ മാധുര്യം ചോര്‍ന്നുപോകുമ്പോഴാണ് ആ ജീവിതം തിക്തവും വിരസവും നരകതുല്യവുമാകുന്നത്. പ്രകാശത്തിന്‍റെ ശോഭയിലാകൃഷ്ടരാകുന്ന ഈയാംപറ്റകളെപ്പോലെ ചിറകറ്റു വീഴുന്ന ജീവിതങ്ങള്‍. അതും അകാലത്തില്‍. കാലത്തിന്‍റെ പകിടകളിപോലെ അതു പ്രതിദിനം വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു.

അഡ്ജസറ്റ് ചെയ്യാനുള്ള ശേഷിതന്നെയാണ് എല്ലാ ദാമ്പത്യബന്ധങ്ങളുടെയും വിജയരഹസ്യം. ആശയപരമായും വൈകാരികപരമായും ഇത് ആവശ്യമാണ്. എന്നാല്‍, നാം ഓര്‍ത്തിരിക്കേണ്ട മറ്റൊരു വസ്തുതകൂടിയുണ്ട്. ആശയപരവും വൈകാരികപരവുമായ പൊരുത്തമാണു വിജയകരമായ ദാമ്പത്യജീവിതത്തിന്‍റെ പ്രധാന ഘടകം എന്നു നമ്മള്‍ പറയുമ്പോഴും ചില പ്രധാന വസ്തുതകളെ നമുക്കു നിരാകരിക്കാനാവില്ല. 24 മണിക്കൂറും ഒരേ കൂരയ്ക്കു കീഴില്‍ കഴിയുന്ന ദമ്പതികള്‍ക്കിടയില്‍ പല കാര്യങ്ങളിലും വിരുദ്ധവികാരങ്ങള്‍ ഉണ്ടാകുക സ്വാഭാവികമാണ്, അല്പംകൂടി കടന്നു പറഞ്ഞാല്‍ അനിവാര്യമാണ്. ആരാധനാമനോഭാവം ഒരു ബന്ധത്തിന്‍റെ ആരംഭത്തിനു സഹായകമാണെങ്കിലും കുറച്ചു കഴിയുമ്പോള്‍ ഈ മനോഭാവത്തിനു മാറ്റം വരുന്നതു കാണാം. അടുപ്പം കൂടുന്തോറും ആരാധനാപരമായ വികാരങ്ങളെ അതു തളര്‍ത്തുന്നു. വിജയകരമായ വിവാഹജീവിതം പൊരുത്തപ്പെടാനുള്ള ശേഷിയുടെ ഫലമാണ്. കഴിവുകളെ എന്നപോലെ കഴിവുകേടുകളെയും അങ്ങനെതന്നെ അംഗീകരിക്കുക എന്നതാണു മുഖ്യമായ കാര്യം.

കുടുംബജീവിതത്തിന്‍റെ പുതുമ നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കാന്‍ ദമ്പതികള്‍ക്കു സാധിക്കണം. വിവാഹം കഴിഞ്ഞിട്ട് എത്രയോ വര്‍ഷങ്ങളായി. കുട്ടികള്‍, കുടുംബപരാധീനതകള്‍, ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ തുടങ്ങിയ കാരണങ്ങള്‍കൊണ്ടു വീര്‍പ്പുമുട്ടുമ്പോള്‍ ചിലരെങ്കിലും ചിന്തിച്ചുപോകും കുടുംബജീവിതത്തില്‍ ഇനിയെന്തു പുതുമയെന്ന്. പോരാത്തതിന് കാലമെന്ന കലാകാരന് ശരീരത്തിലും മനസ്സിലും വരുത്തിയ മാറ്റങ്ങളുംകൂടിയാകുമ്പോള്‍ ഈ ചിന്ത ഓരോരുത്തരിലും കൂടുതല്‍ വേരുറയ്ക്കുകയായി. എന്നാല്‍, കുടുംബജീവിതത്തില്‍ എന്നും ഒളിമങ്ങാതെ നില്ക്കുന്ന സന്തോഷത്തിന്‍റെയും ആനന്ദത്തിന്‍റെയും സമാധാനത്തിന്‍റെയും ഒരു മുഖം കാണാനും അറിയാനും അനുഭവിക്കാനുമുള്ള നിമിഷങ്ങളാണു തങ്ങള്‍ ഇവിടെ നഷ്ടമാക്കുന്നതെന്നു ദമ്പതികള്‍ പലപ്പോഴും ഓര്‍ക്കാതെ പോകുന്നു. ജോലി പ്രശ്നങ്ങള്‍, കുട്ടികളുടെ വിദ്യാഭ്യാസം, രോഗങ്ങള്‍, സാമ്പത്തികവും അല്ലാത്തതുമായ മറ്റു കുടുംബപ്രശ്നങ്ങള്‍ അങ്ങനെ പ്രശ്നസങ്കുലമാണു കുടുംബജീവിതം. പ്രശ്നങ്ങളുടെ ഈ കുത്തൊഴുക്കിനിടയിലും മുങ്ങിത്താഴാതെ താളം തെറ്റാതെ, കരിന്തിരി കത്താതെ തങ്ങളുടെ ദാമ്പത്യജീവിതം മുമ്പോട്ടു കൊണ്ടുപോകാന്‍ ദമ്പതികള്‍ക്കായാല്‍ അവിടെയാണു ദാമ്പത്യജീവിതത്തിന്‍റെ മഹത്ത്വം നിലകൊള്ളുന്നത്.

പ്രതീക്ഷകളും യാഥാര്‍ത്ഥ്യങ്ങളും തമ്മിലുള്ള പൊരുത്തക്കേട് പലരുടെയും ദാമ്പത്യജീവിതത്തില്‍ അപസ്വരങ്ങള്‍ ഉയര്‍ന്നുവരാന്‍ കാരണമായിത്തീരുന്നുണ്ട്. എന്നാല്‍ ഇത് ഒരു തിരിച്ചുവരവു അസാദ്ധ്യമാക്കുന്നതത്ര തീവ്രതയിലേക്കു വളരാതിരിക്കുവാന്‍ ദമ്പതികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മുഖത്തോടു മുഖം നോക്കി യിരിക്കുന്നതല്ല; ഒരേ ദിശയിലേക്കു നോക്കിയിരിക്കുന്നതാണു മനപ്പൊരുത്തത്തിന്‍റെ ലക്ഷണം. പൊരുത്തപ്പെട്ടു കഴിഞ്ഞാല്‍ മാത്രമേ പൊരുത്തക്കേടിനു ദാമ്പത്യജീവിതത്തില്‍ സ്ഥാനമുള്ളൂ, അല്ലെങ്കില്‍ പ്രസക്തിയുള്ളൂ.

ദാമ്പത്യജീവിതത്തില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന ചെറുതും വലുതുമായ എല്ലാ കലഹങ്ങളുടെയും അടിസ്ഥാന കാരണം അസംതൃപ്തിയാണ്. പ്രതീക്ഷകളും യാഥാര്‍ത്ഥ്യങ്ങളും തമ്മിലുള്ള പൊരുത്തക്കേടില്‍ നിന്നുണ്ടാകുന്ന അസംതൃപ്തിയാണു ജീവിതത്തില്‍ കലഹത്തിനു വഴിയൊരുക്കുന്നതെന്നു വ്യക്തമാണ്. നമുക്കു പ്രതീക്ഷയുടെ മേല്‍ സ്വാതന്ത്ര്യമുണ്ട്. യാഥാര്‍ത്ഥ്യങ്ങളുടെ മേല്‍ സ്വാതന്ത്ര്യമില്ല. ഈ യാഥാര്‍ത്ഥ്യം ദമ്പതികള്‍ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്തേ പറ്റൂ. അതുകൊണ്ടു പ്രതീക്ഷകളെയും സ്വപ്നങ്ങളെയും സൃഷ്ടിപരമായി തിരുത്തിക്കൊണ്ടു തങ്ങളുടെ ദാമ്പത്യജീവിതത്തിലെ കലഹങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ദമ്പതികള്‍ ശ്രമിക്കണം. തങ്ങളുടെ കുടുംബജീവിതത്തില്‍ അനുദിനം കടന്നുവന്നുകൊണ്ടിരിക്കുന്ന ചെറുതും വലതും, അനുകൂലവും പ്രതികൂലവുമായ വ്യത്യസ്ത സംഭവങ്ങളെ ശുഭാപ്തിവിശ്വാസത്തോടെ നോക്കിക്കാണാനും നേരിടാനും കഴിയുക എന്നതു വിജയകരമായ ദാമ്പത്യജീവിതത്തിനു വളരെ അത്യാവശ്യമാണ്. ദാമ്പത്യജീവിതത്തിന്‍റെ വിജയമെന്നാല്‍ അവിടെ നാം അനുഭവിക്കുന്ന ആനന്ദവും സംതൃപ്തിയുമാണ്.

ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും എന്നപോലെ ദാമ്പത്യജീവിതത്തിലും സങ്കീര്‍ണതയുടെയും ഞെരുക്കത്തിന്‍റെയും കടന്നുകയറ്റം എന്നത്തേക്കാളധികമാണ് ഇന്ന്. തികഞ്ഞ മനഃസാന്നിദ്ധ്യത്തോടും നിഷ്കര്‍ഷയോടുംകൂടി ഏകമനസ്സോടെ ദമ്പതികള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ച് ഈ സാഹചര്യത്തെ അതിജീവിക്കണം. ഉന്നതമായ ചിന്തകളുടെയും കാഴ്ചപ്പാടകളുടെയും അതിനൊത്ത പ്രവൃത്തികളുടെയും സന്തോഷകരവും വിജയകരവുമായ ദാമ്പത്യജീവിതത്തിന്‍റെ അടിസ്ഥാന ഘടകം എന്ന യാഥാര്‍ത്ഥ്യം എന്നും ഓര്‍മയില്‍ പച്ചപിടിച്ചുനില്ക്കണം.

Leave a Comment

*
*