കൂടെ നടക്കുന്ന പരിശീലനം

കൂടെ നടക്കുന്ന പരിശീലനം

ഡോ. ജോസ് ഓലിയപ്പുറം

വിശ്വാസപരിശീലനം എന്നു പറയുന്നത് എന്താണ്? ഡ്രൈവിങ്ങ് പഠിക്കുന്നതു കണ്ടിട്ടില്ലേ. പഠിപ്പിക്കുന്ന ആള്‍ റിമോട്ട് വഴി അകലെയിരുന്നാണോ പഠിപ്പിക്കുന്നത്? അല്ല, പഠിപ്പിക്കുന്നവന്‍ പഠിക്കുന്നവന്‍റെ കൂടെത്തന്നെ ഇരുന്നാണു പരിശീലിപ്പിക്കുക. വാക്കുകള്‍ മാത്രമല്ല ഉപയോഗിക്കുക. പഠിക്കുന്നവനുവേണ്ടി സ്റ്റിയറിങ്ങ് പിടിക്കും, ബ്രേക്ക് ചവിട്ടും, ക്ലച്ച് പിടിക്കും എല്ലാം ചെയ്യുന്നതു പരിശീലിപ്പിക്കുന്നവനാണ്. അവന്‍റെ കണ്ണും കയ്യും കാലുമെല്ലാം പരിശീലനം നേടുന്നവരുടെ കൂടെയാണ്. പരിശീലകന്‍ സജീവപങ്കാളിയായിത്തീരുന്നു.

സ്പോര്‍ട്സ് പരിശീലകരും അങ്ങനെതന്നെയാണ്. എല്ലാ പരിശീലനങ്ങള്‍ക്കും അങ്ങനെ കൂടെ ആയിരിക്കുന്ന അനുഭവമുണ്ട്. വിശ്വാസം പരിശീലനമാണ്. വിശ്വാസം തത്ത്വം പ്രസംഗിക്കല്‍ മാത്രമല്ല, കൂടെ നടന്നു പരിശീലിപ്പിക്കണം.

യേശു തന്‍റെ ശിഷ്യരെ പരിശീലിപ്പിച്ച ഒരു ശൈലിയുണ്ട്. യേശു അകലെനിന്നു കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുകയല്ല ചെയ്തത്. താന്‍ പ്രത്യേകമായി ചെയ്യാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ അവരെ വിളിച്ചു കൂടെ കൊണ്ടുനടന്നു തന്‍റെ ജീവിതാനുഭവങ്ങളോടു ബന്ധപ്പെടുത്തി പരിശീലിപ്പിച്ചു. ഗലീലിയില്‍ നിന്ന് ശിഷ്യരുമൊരുമിച്ചു ജെറുസലേമിലേക്കു യേശു യാത്ര ചെയ്തതായിട്ടാണു ലൂക്കാ സുവിശേഷം പറയുന്നത്.

ഈശോയോടുകൂടിയുള്ള ഒരു യാത്ര. അതില്‍ ഒത്തിരി കാര്യങ്ങള്‍ പഠിപ്പിക്കുകയും പ്രവര്‍ത്തിച്ചുകാണിക്കുകയും ചെയ്യുന്നുണ്ട്. അത്ഭുതങ്ങള്‍, ആളുകളോട് ഇടപഴകുന്ന രീതികള്‍, മനോഭാവങ്ങള്‍, ചിന്തകള്‍, അതിന്‍റെ സ്വാധീനങ്ങള്‍ എല്ലാം തന്‍റെ കൂടെ കൊണ്ടുനടന്നു പറഞ്ഞു കൊടുത്തു. ഞാനെന്‍റെ പിതാവിന്‍റെ കാര്യങ്ങളില്‍ വ്യാപൃതനാണ് എന്നു ജെറുസലേം ദേവാലയത്തില്‍വച്ചു മാതാപിതാക്കളോടു പറഞ്ഞവന്‍ അതെങ്ങനെയാണു ചെയ്യേണ്ടതെന്ന് പിന്നീട് ജെറുസലേമിലേക്കു വന്നപ്പോള്‍ പിതാവേ എന്‍റെ ഇഷ്ടമല്ല നിന്‍റെ ഇഷ്ടമാണ് എന്നു പറഞ്ഞുകൊണ്ട് അത് കാണിച്ചുകൊടുത്തു. തിരിച്ചെടുക്കാന്‍വേണ്ടി കൊടുത്ത ജീവിതമെന്നാണു യോഹന്നാന്‍ അതിനെ വിശേഷിപ്പിക്കുക. എന്താണു തിരിച്ചെടുക്കാന്‍ വേണ്ടി കൊടുത്ത ജീവിതം?

ഈശോയുടെ കൂടെ നടന്ന ശിഷ്യന്മാര്‍ ജീവിതത്തില്‍ എല്ലാത്തരം അനുഭവങ്ങളിലൂടെയും കടന്നുപോയിട്ടു സന്തോഷത്തിലേക്കു വന്നു. വിശ്വാസപരിശീലകര്‍ പിതാവിന്‍റെ കാര്യങ്ങളില്‍ വ്യാപൃതനായിരുന്ന യേശുവിനെപ്പോലെ കൂടെയായിരിക്കുന്നവരെ പരിശീലിപ്പിക്കുമ്പോള്‍ വിശ്വാസം ജീവിതംകൊണ്ടു പകര്‍ന്നുകൊടുക്കണം.

"വിശ്വാസമെന്നത് ഒരു മാനുഷികപ്രവൃത്തിയാണ്" (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം). വിശ്വാസം വിശ്വാസമാകുന്നത് അതു വിശ്വസ്തതയാകുമ്പോഴാണ്. Faith becomes Faith when it becomes Faithful. ക്രിസ്തുവിന്‍റെ വിശ്വസ്തത നമുക്കറിയാം. യേശുവിന്‍റെ പിതാവിലുള്ള വിശ്വാസം വിശ്വസ്തതയായിത്തീര്‍ന്നു എന്നു പൗലോശ്ലീഹാ പറയും. ഏതു സാഹചര്യത്തിലും ദൈവത്തോടുകൂടിയാണ് എന്ന ചിന്തയാണു വിശ്വസ്തത. കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം പറയുന്നു: "വിശ്വാസമെന്നതു കൃപാവരം മുഖേന ദൈവത്താല്‍ ഉത്തേജിതമാണ്. അതൊരു മാനുഷികപ്രവൃത്തിയാണ്. ഇച്ഛാശക്തിയുടെ ആജ്ഞയനുസരിച്ചു ദൈവികസത്യത്തിനു സമ്മതമരുളുന്ന ബുദ്ധിയുടെ പ്രവര്‍ത്തനമാണ്." ഇതു മാനുഷികമാണ്, ബുദ്ധിയുടെ പ്രവര്‍ത്തനമാണ്, എന്നാല്‍ ദൈവത്തോടുകൂടിയുള്ളതാണ്. വിശ്വസിക്കുന്നതില്‍ സന്തോഷം ഉണ്ടാകുന്നത് ഈ പ്രവര്‍ത്തനത്തിലുള്ള വിശ്വസ്തതയിലാണ്. പഠിപ്പിക്കുന്നതുപോലെതന്നെ ജീവിതത്തിലെ വിശ്വസ്തതയിലും. അങ്ങനെ വിശ്വസ്തരായി മാറുമ്പോഴാണ് സ്നേഹം ഉയിര്‍ക്കൊള്ളുന്നത്.

നമ്മുടെ പരിശീലനപദ്ധതികളിലുള്ള കാര്‍ക്കശ്യങ്ങള്‍ക്കെല്ലാം ശേഷം എത്ര പരിശീലനാര്‍ത്ഥികള്‍ നിലനില്ക്കുന്നുണ്ട്?

പറയുന്ന കാര്യങ്ങള്‍ ജീവിക്കുന്ന അദ്ധ്യാപകരെയാണ് വിദ്യാര്‍ത്ഥികള്‍ ഓര്‍ത്തിരിക്കുക. വിശ്വാസപരിശീലകര്‍ അടിസ്ഥാനപരമായി നല്ലൊരു ക്രിസ്ത്യാനിയായിരിക്കണം. നമ്മുടെ ജീവിതംകൊണ്ട്, കൊടുക്കണം. വിട്ടുവീഴ്ചകള്‍ ചെയ്യണം, തമ്പുരാന്‍ മനഃസാക്ഷിയെ തോന്നിപ്പിക്കുന്നതു ചെയ്യാന്‍ നമുക്കാകണം. അതിനു നല്ല ക്രിസ്ത്യാനിയായി നാം മാറണം. ജീവിതത്തില്‍ പ്രാര്‍ത്ഥന വേണം.

എന്‍റെ ജീവിതത്തിന്‍റെ ഉള്ളും പുറവും ഒന്നായിരിക്കണം. വിശ്വാസപരിശീലകനില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥി സന്തോഷവും സ്നേഹവും പഠിക്കണം. നമ്മുടെ ജീവിതം ഇല്ലാതാകുമ്പോള്‍ അതു മറ്റുള്ളവര്‍ക്കു സന്തോഷമായി മാറും. വിശ്വാസം സ്നേഹത്തിലേക്കും സ്നേഹം സമര്‍പ്പണത്തിലേക്കും നയിക്കും. ഇതാണ് ഒരു വിശ്വാസ പരിശീലകന്‍റെ ശക്തി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org