ഉപേക്ഷിക്കപ്പെടേണ്ട കോപത്തിന്‍റെ പാഠങ്ങള്‍

ഉപേക്ഷിക്കപ്പെടേണ്ട കോപത്തിന്‍റെ പാഠങ്ങള്‍

സണ്ണി കുറ്റിക്കാട്ട് സിഎംഐ

"സഹജീവികളെ, നിങ്ങള്‍ എന്തിനാണു ധനം സമ്പാദിക്കാനായി ഓരോ കല്ലും ചുരണ്ടിക്കൊണ്ട് ഒരുപാടു സമയം ചെലവഴിക്കുകയും ഒരുനാള്‍ ഈ സ്വത്തെല്ലാം ആര്‍ക്കുവേണ്ടി നിങ്ങള്‍ ഉപേക്ഷിക്കേണ്ടിവരുമോ ആ കുട്ടികളെ ശരിയായ രീതിയില്‍ വളര്‍ത്താന്‍ വളരെ കുറച്ചു സമയം മാത്രം ചെലവഴിക്കുകയും ചെയ്യുന്നത്?"-സോക്രട്ടീസ്.

മാതാപിതാക്കള്‍ക്കു തങ്ങളുടെ കുട്ടികള്‍ക്കു നല്കാവുന്ന ഏറ്റവും നല്ല സമ്മാനം 'വേരുകളാണ്.' കുടുംബവൃക്ഷത്തിന്‍റെ കാതലായ ഭാഗമാണു വേരുകള്‍. കുടുംബത്തിന്‍റെ അടിയുറച്ച സാംസ്കാരിക പൈതൃകമാണ് ഇവിടെ വേരുകള്‍കൊണ്ട് ഉദ്ദേശിക്കുന്നത്. നമ്മുടെ കുട്ടികള്‍ നല്ല രീതിയില്‍ വളര്‍ന്നുവരണമെങ്കില്‍ അവരുടെ മാതാപിതാക്കള്‍ അവര്‍ക്കുവേണ്ടി ചെലവഴിക്കുന്ന പണത്തിന്‍റെ ഇരട്ടിസമയം അവര്‍ക്കുവേണ്ടി ചെലവഴിക്കണം. കുട്ടികളില്‍ ശുഭകരമായ ചിന്തകളും വിശ്വാസങ്ങളും മൂല്യങ്ങളും വേരു പാകുന്നത് അവര്‍ വളര്‍ന്നുവരുന്ന കുടുംബാന്തരീക്ഷത്തില്‍ നിന്നാണ്. കുടുംബാന്തരീക്ഷം കുട്ടികളില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നു. ഉദാഹരണമായി ചില കുട്ടികള്‍ അനിയന്ത്രിതമായ കോപം പ്രകടിപ്പിക്കുന്നതു കാണാറുണ്ട്. കോപം എങ്ങനെ പ്രകടിപ്പിക്കണം, എങ്ങനെ കൈകാര്യം ചെയ്യണം എന്നു കുട്ടികള്‍ പഠിക്കുന്നത് അവരുടെ മാതാപിതാക്കന്മാരുടെ പെരുമാറ്റം നിരീക്ഷിച്ചാണ്. ഒരു ശരാശരി വീട്ടില്‍ സ്നേഹവാത്സല്യങ്ങള്‍ പ്രകടിപ്പിക്കപ്പെടുന്നതിന്‍റെ മൂന്നിരട്ടി സന്ദര്‍ഭങ്ങളില്‍ കോപം പ്രകടിപ്പിക്കപ്പെടുന്നുണ്ടെന്നു ഇതു സംബന്ധിച്ചുള്ള ചില പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഒരു കുട്ടിക്ക് ഒരു വയസ്സാകുമ്പോഴേക്കും തന്‍റെ ചുറ്റുമള്ളവര്‍ കോപിച്ചു സംസാരിക്കുന്നത് അവനു തിരിച്ചറിയാന്‍ കഴിയും. അതിനനുസൃതമായി പ്രതികരിക്കാനും ആ പ്രായത്തില്‍ കുട്ടി അഭ്യസിച്ചു തുടങ്ങും.

കോപം ഉണ്ടാകുക സ്വാഭാവികമാണ്. നിഷിദ്ധമല്ലാത്ത രീതിയില്‍ കോപം പ്രകടമാക്കണം. കോപം ക്രിയാത്മകമായി പ്ര യോജനപ്പെടുത്താന്‍ മാതാപിതാക്കള്‍ തങ്ങളെത്തന്നെ മാതൃകയാക്കി കുട്ടികളെ അഭ്യസിപ്പിക്കണം. നമ്മുടെ കോപ പ്രകടനരീതി നമ്മുടെ അടുത്ത തലമുറയെ ദോഷകരമായി ബാധിക്കാതിരിക്കാന്‍ ചില കാര്യങ്ങള്‍ നമ്മള്‍ അറിഞ്ഞിരിക്കുന്നതു നല്ലതാണ്.

ഒന്നാമതായി, കോപിക്കുന്നതില്‍ അസാധാരണമായി ഒന്നുമില്ല. കോപം ദൈനംദിനജീവിതത്തിന്‍റെ ഒരു ഭാഗമാണെന്നു മാതാപിതാക്കള്‍ തമ്മിലുള്ള വിനിമയങ്ങള്‍, സംഭാഷണം, പെരുമാറ്റം എന്നിവയിലൂടെ വ്യക്തമാക്കണം. മാതാപിതാക്കള്‍ തമ്മില്‍ എന്തെങ്കിലും കാര്യത്തില്‍ കലഹിച്ചാലും ഉടന്‍തന്നെ പരസ്പരം ധാരണ പുനഃസ്ഥാപിച്ചു പരസ്പരം സ്നേഹവും ബഹുമാനവും പ്രകടമാക്കണം. കോപം സ്നേഹത്തെ ഇല്ലാതാക്കുന്നില്ല എന്നു കുട്ടികള്‍ കാണണം. കോപം നൈമിഷികവും സ്നേഹം ശാശ്വതവുമാണെന്ന് അവര്‍ക്കു ബോദ്ധ്യമാകട്ടെ.

രണ്ടാമതായി, കുട്ടികള്‍ പ്രയോഗിച്ചാല്‍ നിഷിദ്ധമെന്നു മാതാപിതാക്കള്‍ മുദ്രകുത്തുന്ന ഭാഷയും ശൈലിയും മാതാപിതാക്കളും ഉപേക്ഷിക്കണം. അച്ഛന്‍ അമ്മയോടു കോപിക്കുമ്പോള്‍ ഉപയോഗിക്കുന്ന ഭാഷ, അപ്പോഴത്തെ പെരുമാറ്റ രീതി, അമ്മയുടെ കോപത്തോടുകൂടിയുള്ള പ്രതികരണം എന്നിവയെല്ലാം കുട്ടികള്‍ കണ്ടുപഠിക്കുന്നു. ആക്രമണവാസന ഉണര്‍ത്തത്തക്ക വാാക്കുകളും പ്രവൃത്തികളും അരുത്. മൂര്‍ച്ചയുള്ള വാക്കുകള്‍, ചീത്ത വിളി, മര്‍ദ്ദനം ഇവയൊക്കെയാണ് അച്ഛന്‍റെ കയ്യിലിരുപ്പെങ്കില്‍ കുട്ടികളും ഇത്തരം അക്രമപ്രവൃത്തികളിലൂടെ തങ്ങളുടെ കോപം പ്രകടിപ്പിക്കാന്‍ പഠിക്കും. എന്തു പ്രകോപനമുണ്ടായാലും മാതാപിതാക്കളുടെ കോപം വാക്കുകളില്‍ മാത്രം ഒതുങ്ങുകയും ഒരിക്കലും ശാരീരിക പീഡനത്തിലേക്കു കടക്കുകയും ചെയ്യുന്നില്ലെങ്കില്‍ കുട്ടികളും ആ അതിരു വിട്ടു പോകില്ല.

മൂന്നാമതായി, വ്യക്തിബന്ധങ്ങള്‍ തകര്‍ക്കാതിരിക്കാന്‍ കോപത്തെ അനുവദിക്കാതിരിക്കുക. മാതാപിതാക്കള്‍ പരസ്പരം സ്വരമുയര്‍ത്തി സംസാരിക്കുന്ന സന്ദര്‍ഭങ്ങള്‍, അട്ടഹസിക്കുന്ന സന്ദര്‍ഭങ്ങള്‍ എത്രയും വിരളമായിരിക്കണം. വികാരങ്ങള്‍ ആറിത്തണുത്തിട്ടു സംസാരിക്കുക. മറ്റേയാള്‍ ചെയ്തത് എന്തായാലും അയാളുടെ ഉദ്ദേശശുദ്ധിയില്‍ വിശ്വസിക്കുക. അതിന്‍റെ അടിസ്ഥാനത്തില്‍ പരമാവധി ക്ഷമിക്കുക. സംശയത്തിന്‍റെ പ്രയോജനം എപ്പോഴും പ്രതിയോഗികള്‍ക്കാണു നല്കേണ്ടത്. പ്രകോപനത്തിനു വിധേയരാകാതിരിക്കാന്‍ കുട്ടികള്‍ പഠിക്കണമെങ്കില്‍, സംയമനം, സമചിത്തത എന്നീ ഗുണങ്ങള്‍ അവര്‍ ജീവിതത്തില്‍ വിലമതിക്കണമെങ്കില്‍ അച്ഛനും അമ്മയും കുടുംബത്തിലെ വിനിമയങ്ങളില്‍ പരസ്പരബന്ധങ്ങളില്‍ സംയമനം പ്രകടിപ്പിക്കണം.

സ്നേഹവും അച്ചടക്കവുമുള്ള കുടുംബാന്തരീക്ഷത്തില്‍ വളരുന്ന കുട്ടികള്‍ മാതാപിതാക്കളെ ബഹുമാനിക്കുന്നവരും നിയമങ്ങള്‍ അനുസരിക്കുന്നവരുമായിത്തീരുന്നു. അതേസമയം സ്നേഹശൂന്യമായ അന്തരീക്ഷത്തില്‍ വളരുന്ന കുട്ടികള്‍ കലഹപ്രിയരും മുന്‍കോപികളും ധിക്കാരികളും എന്തിനെയും ഏതിനെയും എതിര്‍ക്കുന്നവരും ആയിത്തീരുന്നു.

ജീവിതസാഹചര്യങ്ങളില്‍നിന്നു കുട്ടികള്‍ ധാരാളം പഠിക്കുന്നുണ്ട്. കുട്ടികള്‍ വിമര്‍ശനങ്ങള്‍ക്കിടയില്‍ വളര്‍ന്നു മറ്റുള്ളവരെ നിന്ദിക്കുന്ന പ്രകൃതക്കാരാകാതെ പ്രശംസകള്‍ക്കിടയില്‍ വളര്‍ന്നു മറ്റുള്ളവരെ അഭിനന്ദിക്കുന്നവരും അംഗീകരിക്കുന്നവരുമായി വളരണം. ശത്രുതയ്ക്കിടയില്‍ കുട്ടി വളരാന്‍ മാതാപിതാക്കള്‍ അവസരമൊരുക്കിയാല്‍ അവര്‍ കലഹിക്കാന്‍ പഠിക്കുന്നതുപോലെ സഹിഷ്ണുതയുള്ള മാതാപിതാക്കളുടെ പരിശീലനത്തില്‍ വളര്‍ന്നാല്‍ അവര്‍ ക്ഷമാശീലമുള്ളവരായി വളരും. അതെ, മാതാപിതാക്കള്‍ എന്താണോ മക്കള്‍ക്കു നല്കുന്നത് അതാണു മക്കള്‍ സമൂഹത്തിനു നല്കുന്നത്. അതുകൊണ്ടു മാതാപിതാക്കള്‍ സമചിത്തതയും വിവേകവും കൈവെടിയരുത്. കുട്ടികള്‍ നിങ്ങളെ കണ്ടു നല്ലതു പഠിക്കട്ടെ. അതുപോലെ കുട്ടികളെ വളര്‍ത്തുന്നതു ഭാരിച്ച ഉത്തരവാദിത്വമുള്ള ജോലിയാണ് എന്ന യാഥാര്‍ത്ഥ്യം എപ്പോഴും മാതാപിതാക്കളുടെ ഓര്‍മയില്‍ ഉണ്ടാവുകയും വേണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org