കോഴിക്കുഞ്ഞും കൊറോണയും

കോഴിക്കുഞ്ഞും കൊറോണയും

ജോസ് മോന്‍, ആലുവ

ചെറുപ്രാണികളെ കൊത്തിപ്പെറുക്കി തിന്നുന്ന നേരത്തു പെട്ടെന്നാണു പരുന്ത് കോഴിക്കുഞ്ഞിനെ റാഞ്ചിയത്. പരുന്ത് ആകാശത്തേയ്ക്കു കുതിച്ചു. ഉയരമുള്ള ഒരു മരത്തിന്‍റെ കൊമ്പില്‍ അതിനെ കൊണ്ടുവച്ചു. പരുന്തിന്‍റെ കാലുകള്‍ക്കിടയില്‍ കോഴിക്കുഞ്ഞു ഞെരിഞ്ഞമര്‍ന്നു.

വേദന സഹിക്കാനാവാതെ കോഴിക്കുഞ്ഞു വലിയ വായില്‍ കരയാന്‍ തുടങ്ങി. "അയ്യോ! എന്നെ കൊല്ലല്ലേ പരുന്തേ… പരുന്തേ… എന്നെ വെറുതെ വിടണെ…

പരുന്തിനു ദേഷ്യം വന്നു. "നിന്നെ കൊന്നു തിന്നു വിശപ്പടക്കാനാണു ഞാന്‍ നിന്നെ റാഞ്ചിയത്. ഇപ്പോത്തന്നെ നിന്നെ കൊത്തിപ്പറിച്ചു തിന്നും. നീ മിണ്ടാതിരുന്നേ…"

കോഴിക്കുഞ്ഞിന്‍റെ കരച്ചില്‍ ഉച്ചത്തിലായി. "അയ്യോ, എന്നെ കൊല്ലുന്നേ… ആരെങ്കിലും വന്ന് എന്നെ രക്ഷിക്കണേ…."

പരുന്തിനു യാതൊരു സഹതാപവും തോന്നിയില്ല. അതു കോഴിക്കുഞ്ഞിനെ കൊത്തിപ്പറിക്കാന്‍ ഒരുങ്ങി. കോഴിക്കുഞ്ഞു ഭയന്നു വിറച്ചു കൂടുതല്‍ ഉച്ചത്തില്‍ പതംപെറുക്കി കരയാന്‍ തുടങ്ങി.

"പരുന്തേ… പരുന്തേ… എന്നെ കൊല്ലല്ലേ… ഞാന്‍ ഒരു പാവമാ… താഴെ ഭൂമിയില്‍ കൊറോണയാ. മനുഷ്യരെല്ലാം സങ്കടത്തിലും വലിയ കഷ്ടപ്പാടിലുമാണ്.

"കൊറോണയോ…? അതെന്താ?" പരുന്തിനു കൗതുകമായി.

"അപ്പോള്‍ നീ ഭൂമിയിലെ കാര്യങ്ങളൊന്നും അറിഞ്ഞില്ലേ…? കഷ്ടം!" കോഴിക്കുഞ്ഞ് അതിശയത്തോടെ ചോദിച്ചു. "കോവിഡ് 19 എന്ന രോഗം പരത്തുന്ന വൈറസാണ് കൊറോണ."

"നീ അതിനെ കണ്ടിട്ടുണ്ടോ, കോഴിക്കുഞ്ഞേ….?" പരുന്ത് ചോദിച്ചു.

"ഇല്ല, ഇല്ല… ആര്‍ക്കും കൊറോണയെ കാണാന്‍ പറ്റത്തില്ല, അത്രയ്ക്കു ചെറുതാ അത്. സോപ്പിട്ടു കഴുകിയാല്‍ അതു ചത്തുപോകും. മനുഷ്യരെല്ലാം ഇപ്പോള്‍ 'മാസ്ക്' വച്ചാണു നടക്കുന്നത്. സാമൂഹ്യ അകലം പാലിക്കണം. ഇപ്പോള്‍ ഭൂമിയിലെ മനുഷ്യരെ കാണാന്‍ എത്ര ഭംഗിയാണെന്നോ…? എല്ലാവരും മാസ്ക് വച്ച് ഒരേപോലെ സുന്ദരന്മാരും സുന്ദരിമാരും ഒരേ അകലത്തില്‍ നടക്കുന്നു… കണ്ടാല്‍ കൊതിയാകും."

"ഞാനും അവരെപ്പോലെ സാമൂഹ്യ അകലം പാലിച്ചു നടക്കാന്‍ നോക്കിയതാ, അപ്പോഴാണു പരുന്തേ നീ എന്നെ റാഞ്ചിയത്."

"അതൊക്കെ സമ്മതിച്ചു. അതിനു ഞാനെന്തിനാ നിന്നെ വെറുതെ വിടുന്നത്…? അവിടെ നിനക്കെന്താ ജോലി?" പരുന്ത് ഒച്ചയെടുത്തു.

"പരുന്തേ… പരുന്തേ… നീ സമാധാനപ്പെട്. ഞാനെല്ലാം പറയാം. കൊറോണയെ ചെറുക്കാന്‍ നാട്ടിലെല്ലാം 'ലോക്ക്ഡൗണ്‍' ആണ്. എല്ലാവരും വീട്ടില്‍ അടച്ചിട്ടിരിക്കുകയാണ്. ഭയംമൂലം ആരും യാത്രപോലും ചെയ്യുന്നില്ല. പലര്‍ക്കും ജോലിയില്ല… ഭക്ഷണമില്ല… എവിടെയും കടു ത്ത ദാരിദ്ര്യം" കോഴിക്കുഞ്ഞു വിശീകരിച്ചു.

"ശരി… ശരി. അതുകൊണ്ടു നീ എന്തിനാ ഭൂമിയിലേക്കു പോകുന്നത്…? അതാണ് എനിക്കു മനസ്സിലാകാത്തത്…" പരുന്തിനു പിന്നെയും സംശയം.

താഴത്തെ വീട്ടില്‍ വിധവയായ വളരെ പാവം ഒരു അമ്മയുണ്ട്. അവിടെ ആര്‍ക്കും ജോലിയില്ല… കഷ്ടപ്പാടാണ്. ഇതറിഞ്ഞ ഒരു നല്ല മനുഷ്യന്‍ ഒരുകോഴി അമ്മയെയും 10 കോഴിക്കുഞ്ഞുങ്ങളെയും അവര്‍ക്കു നല്കി. അതില്‍ ഒരു കോഴിക്കുഞ്ഞാണു ഞാന്‍."

"ഞങ്ങള്‍ വളര്‍ന്നു വലുതായി മുട്ടയിടുമ്പോള്‍ ആ വീട്ടുകാര്‍ക്കു വലിയ ആശ്വാസമാകുമല്ലോ…? അതുകൊണ്ടാണ് എന്നെ ജീവനോടെ വിടണമെന്നു പറയുന്നത്. പരുന്തേ… പരുന്തേ… എനിക്ക് ആ വീട്ടുകാരെ സഹായിക്കണം" – കോഴിക്കുഞ്ഞു കേണപേക്ഷിച്ചു.

കോഴിക്കുഞ്ഞിലൂടെ കൊറോണയെക്കുറിച്ചും അതുവഴിയുണ്ടായ ദുരിതങ്ങളും കേട്ട പരുന്തിന്‍റെ മനസ്സലിഞ്ഞു. മാത്രമല്ല കോഴിക്കുഞ്ഞിനു മനുഷ്യരോടുള്ള കനിവും കരുതലും മനസ്സിലാക്കിയ പരുന്ത് കോഴിക്കുഞ്ഞിനെ വെറുതെ വിടാന്‍ തീരുമാനിച്ചു. വേദനിപ്പിച്ചതില്‍ കോഴിക്കുഞ്ഞിനോടു മാപ്പ് പറഞ്ഞു. പരുന്ത് കോഴിക്കുഞ്ഞിനെ വീട്ടില്‍ കൊണ്ടുചെന്നുവിട്ടു.

കൂട്ടുകാരേ, ഈ കൊറോണക്കാലത്ത് ആരെയും വേദനിപ്പിക്കില്ലെന്നും ചുറ്റുമുള്ളവരെ സഹായിക്കുമെന്നും നമുക്കും തീരുമാനമെടുക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org