Latest News
|^| Home -> Suppliments -> ULife -> ക്രിസ്തുവില്ലാ ക്രിസ്തുമസ്

ക്രിസ്തുവില്ലാ ക്രിസ്തുമസ്

Sathyadeepam

ഫാ. ജോണ്‍സണ്‍ ഊക്കന്‍

ക്രിസ്മസ് വരവറിയിച്ച് ഡിസംബര്‍ പിറക്കുന്നതോടു കൂടി ബഹുമാനപ്പെട്ട കന്യാസ്ത്രീകളുടെ പ്രേരണകളോടെ സുകൃതജപങ്ങളുടെ ഉണ്ണിഉടുപ്പ് മാതാവിനോടൊപ്പം തുന്നിയൊരുക്കാനും യൗസേപ്പിതാവിനോടൊപ്പം ഉണ്ണീശോയെ കിടത്താനുള്ള പുല്കൂടൊരുക്കാനും പൂജരാജാക്കന്മാര്‍ വഴി തെറ്റിപ്പോകാതിരിക്കാന്‍ നക്ഷത്രവിളക്കുകള്‍ പണിതീര്‍ക്കാനുമൊക്കെ അപ്പനമ്മമാരുടെയും സഹോദരീസഹോദരന്മാരുടെയും പുറകെ കുറുകിക്കൂടി നടന്നിരുന്നതൊക്കെയും ഇന്നും ഒളിമങ്ങാതെ ഓര്‍മ്മയില്‍ തെളിയുന്നു….

കുളിരറിയാത്ത കോണ്‍ക്രീറ്റ് സൗധങ്ങളിലേക്ക് കുടിയേറിയപ്പോള്‍ പുണ്യങ്ങളെല്ലാം കൈവിട്ടു പോകുകയും ക്രിസ്മസ്ദിനങ്ങള്‍ ആധുനികതയുടെ മുഖമുദ്രയായ തിക്കുതിരക്കുകളുടെയും പരക്കംപ്പാച്ചിലുകളുടെയും ബിസിനസ് കൊഴുപ്പിക്കലുകളുടെയും പ്രതീകങ്ങളായി മാറി. നോമ്പുകാലത്തേക്കാള്‍ നോമ്പുകാലത്തിന് മുന്നോടികളായ കാര്‍ണിവലുകള്‍ കൊടി കുത്തിവാഴുമ്പോള്‍, ചാനലുകള്‍ ക്രിസ്മസ്സിന്‍റെ അന്തസ്സത്ത തേടി കമന്‍റ്മൈക്കുമായി ക്രിസ്മസ്സ് തെരുവുകളിലൂടെ കറങ്ങിത്തിരിയുമ്പോള്‍ ഉണ്ണീശോയും തിരുപ്പിറവിയും തിരുക്കുടുംബവും പിറവി സന്ദേശകരും ഒഴിച്ച് ബാക്കിയെല്ലാം കാര്‍ഡും ട്രീയും സ്റ്റാറും സാന്തായും കേക്കും വീഞ്ഞും എല്ലാം അരങ്ങുതകര്‍ക്കുന്നു. യൂറോപ്പിലെയും ഗോവായിലെയും കാര്‍ണിവലുകളില്‍ മദ്യപിച്ച് മദോന്മത്തരായി ഡാന്‍സും മ്യൂസിക്കും വാദ്യമേളങ്ങളും ആയി ഉള്ള ആഭാസങ്ങളുടെ കേളികൊട്ട് സാന്താഘോഷങ്ങളിലേക്കും കടന്നുകൂടും എന്ന ഭീതിയാല്‍ ബോംബെയിലെ ക്രൈസ്തവസമൂഹങ്ങളെല്ലാം ഒറ്റക്കെട്ടായി സാന്താ ആഘോഷങ്ങളെ നിരോധിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ പോലും കേരളമാകെ ഉണ്ണീശോയെ ഔട്ട് അടിച്ച് സാന്തായെ ഇന്‍ ആക്കി അനുബന്ധ ആഭാസങ്ങളിലേക്ക് ആനയിക്കുകയാണ്. ഓണത്തിന് ഓണപ്പുലികള്‍ തെരുവു നിറച്ച് കുടവയറു കുലുക്കി തിമിര്‍ത്താടുന്നതു കാണാനായി ഓടികൂടുന്ന ജനസഹസ്രങ്ങളെക്കണ്ട് ക്രിസ്മസ്സിനും കുടവയറു കുലുക്കി തെരുവുകള്‍ നിറച്ച് ആര്‍ത്തലക്കുന്ന സാന്തകളുടെ ഡാന്‍സും കൊട്ടും പാട്ടും കൊണ്ട് ക്രൈസ്തവ ക്രിസ്മസ് ആഘോഷങ്ങളുടെ പുറംപൂച്ചൊരുക്കുമ്പോള്‍ കൈവിട്ടുപോകുന്നത് മുകളില്‍ സൂചിപ്പിച്ച കുളിര്‍മയുള്ള ഓര്‍മ്മകളും കുളിരാര്‍ന്ന ക്രിസ്മസ്സ് രാവുകളുടെ പുണ്യങ്ങളുമാണ്.

കുട്ടികളും യുവതീയുവാക്കളും മുതിര്‍ന്നവരും സാന്തകളെ കോമാളികളാക്കി പാട്ടും കൂത്തും ആഭാസങ്ങളും ഒരുക്കുമ്പോള്‍ ആത്മീയത അന്യംനിന്നുപോയ ഒരു സമൂഹത്തിന്‍റെ നേര്‍ഛേദമായി മാറുകയാണ് കേരള ക്രൈസ്തവര്‍. ക്രിസ്മസിന്‍റെ ആത്മീയകുളിര്‍മ അനുഭവിച്ചിട്ടുള്ളവര്‍ അത് വരുംതലമുറയിലേക്ക് കൈമാറി കൊടുക്കാനുള്ള പരിശ്രമങ്ങള്‍ക്കായി പ്രതിജ്ഞാബദ്ധരാകേണ്ടിയിരിക്കുന്നു. സെന്‍റ് നിക്കോളാസുമായി കുലബന്ധം പോലും ഇല്ലാത്തവനായി മാറിയിരിക്കുന്നു ആധുനിക സാന്താ. സാത്താനികനാകല്ലേ സാന്താ എന്നു നമുക്ക് മനമുരുകി പ്രാര്‍ത്ഥിക്കാം.

ക്രിസ്മസ് കാര്‍ഡുകളില്‍ നിന്ന് ഉണ്ണീശോ അബദ്ധവശാല്‍ പടിയിറങ്ങിയതല്ല. ഗൂഗിളില്‍ ക്രിസ്മസ് കാര്‍ഡുകള്‍ പരതുന്നവരെ അമ്പരിപ്പിക്കാത്ത ഒരു സത്യമായി മാറിയിരിക്കുന്നു ഉണ്ണീശോ ഉള്ള ക്രിസ്മസ് കാര്‍ഡുകളുടെ അസാന്നിധ്യം. ക്രിസ്മസ് ട്രീകളില്‍നിന്ന് കരോള്‍ ഗീത ഈരടികളുടെ കട്ടിങ്ങുകളും മാലാഖച്ചിറകുകളും കടല്‍ കടന്നിട്ട് കാലങ്ങളായി. ക്രിസ്മസ് നക്ഷത്രങ്ങളെ മനോഹരങ്ങളാക്കിയിരുന്ന ചിത്രവര്‍ണ്ണങ്ങള്‍, പുല്ക്കൂടുകള്‍, പൂജരാജാക്കന്മാര്‍, മാലാഖമാര്‍, തിരുക്കുടുംബം ഒക്കെയായിരുന്നു. അവയൊക്കെയും ഇപ്പോള്‍ കാണാമറയത്തായി. സെക്കുലര്‍ സ്റ്റാറുകള്‍, സെക്കുലര്‍ ട്രീകള്‍, സെക്കുലര്‍ ക്രിബുകള്‍, സെക്കുലര്‍ സാന്തകള്‍. ഉറവിടങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി ആധുനികതയുടെ ഉഴപ്പന്മാര്‍ക്ക് ഉറഞ്ഞുതുള്ളാനുള്ള വേദികളായി ക്രിസ്മസ്സ് ആഘോഷങ്ങള്‍ മാറിയിരിക്കുന്നു. ആത്മീയതയുടെ കുളിര്‍മയുള്ള ക്രിസ്മസ്സ് രാവുകളിലേക്കുള്ള തിരിച്ചു പോക്ക് ആധുനികതയ്ക്കിനി അസാധ്യമായേക്കാം. എങ്കിലും ഇന്നിന്‍റെ ക്രിസ്മസ്സ് ആഘോഷങ്ങളിലും പ്രതീകങ്ങളിലും അല്പമായെങ്കിലും ആത്മീയതയെ കുടിയിരുത്താനായില്ലെങ്കില്‍, ക്രിസ്മസ്സ് ചരിത്രങ്ങള്‍ എഴുതിച്ചേര്‍ക്കാനായില്ലെങ്കില്‍, ക്രിസ്മസ്സ് ചിത്ര വര്‍ണ്ണങ്ങള്‍ വരച്ചുപിടിപ്പിക്കാനായില്ലെങ്കില്‍ ക്രിസ്മസ് ക്രിസ്തുവിനെ തിരിച്ചറിയാത്തവരുടെ മാത്രമായി മാറും. ക്രിസ്മസ്സ് പൂര്‍വ്വാധികം ഗംഭീരമായി ആഘോഷിക്കുന്ന ലോകം.

Comments

One thought on “ക്രിസ്തുവില്ലാ ക്രിസ്തുമസ്”

 1. V.A.Jacob says:

  “ഓഖി”യും ക്രിസ്ത്യാനിയും

  തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ 2017 നവംബർ 30 ന് ആഞ്ഞുവീശിയ ചുഴലിക്കാറ്റ് “ഓഖി”വളരെയേറെ നഷ്ടം വിതച്ചു. അതിനുശേഷം ഇന്നു വരെയുള്ള കാര്യങ്ങൾ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ വഴി അറിയുന്നു. കൂടൂതലും ലത്തീൻ കത്തോലിക്കരായ ക്രിസ്ത്യാനികളാണ് “ഓഖി” യുടെ ഇരകളായത്.

  അതത് പ്രദേശത്തെ ഇടവകകളും മറ്റു സാമൂഹ്യ, രാഷ്ട്രീയ സംഘടനകളും കാര്യക്ഷമമായി പ്രയത്നിച്ചതിന്റെ ഫലമായി രക്ഷാപ്രവർത്തനങ്ങളും, പുനരധിവാസ പ്രവർത്തനങ്ങളും വളരെ നന്നായി തന്നെ ചെയ്യാൻ സാധിച്ചു. സഭയും സർക്കാരും തമ്മിലുള്ള കൊമ്പു കോർക്കലും മറ്റും മാധ്യമങ്ങൾ ആഘോഷമാക്കുകയും, പല കേന്ദ്രങ്ങളിലും നിന്നുള്ള വികാര നിർഭരമായ “ലൈവ്’, വാട്ട്സ്ആപ്പ് കുറിപ്പുകൾ, ന്യായീകരണങ്ങൾ, ചോദ്യങ്ങൾ എന്നിവയുമായി സോഷ്യൽ മീഡിയയും അവരുടെ “പങ്ക്” കുറ്റമറ്റതാക്കി.

  ഇതൊന്നുമല്ല എന്റെ വിഷയം, ഒരു ക്രിസ്ത്യാനിയായ ഞാൻ എന്തു ചെയ്തു ? ഇതാണ് എന്നോട് തന്നെ ചോദിക്കാൻ ആഗ്രഹിക്കുന്നത്.
  ഇടവകയിലെ പ്രത്യേക പ്രാർത്ഥനയിൽ പങ്കെടുത്തു, അറിയിപ്പനുസരിച്ച് കെസിബിസി യുടെ സഹായ നിധിയിലേക്ക് സംഭാവന ചെയ്തു. തീർന്നു എന്റെ കടമ !!!
  പതിവുപോലെ ഈ വർഷവും 24ന് പാതിരാ കുർബാന കൂടും, ബന്ധുക്കളും കൂട്ടുകാരുമൊത്ത് ചിയേർസ് പറഞ്ഞ് ക്രിസ്തുമസ് ആഘോഷിക്കും. “ഓഖി” മൂലം നമ്മുടെ സഹോദർക്ക് ക്രിസ്തുമസ് ആഘോഷമില്ല എന്നുള്ളത് സൗകര്യപൂർവ്വം മറക്കും.

  വിഎജെ.

Leave a Comment

*
*