ക്രൂരനായ നീറോ

ക്രൂരനായ നീറോ

ക്രൈസ്തവപീഡനങ്ങള്‍ സംഘടിതമായി ആരംഭിച്ചത് നീറോ ചക്രവര്‍ത്തിയുടെ ഭരണകാലത്തായിരുന്നു. ക്രിസ്തുവര്‍ഷം 54 മുതല്‍ 68വരെയായിരുന്നു നീറോയുടെ ഭരണകാലം. നീറോ ക്ലാവുഡിയൂസ് സീസര്‍ അഗസ്റ്റസ് ജര്‍മാനികൂസ് എന്നായിരുന്നു അദ്ദേഹത്തിന്‍റെ പൂര്‍ണ്ണനാമം. അദ്ദേഹത്തിന്‍റെ ഭരണത്തിന്‍റെ പത്താം വര്‍ഷം അതായത് 64-ാം മാണ്ട് ജൂലൈ മാസം റോമില്‍ വലിയ അഗ്നിബാധയുണ്ടായി. ആറു പകലും ഏഴു രാത്രിയും തീ കത്തിക്കൊണ്ടേയിരുന്നു. അഗ്നി നഗരത്തിന്‍റെ എല്ലാ ഭാഗങ്ങളിലേയ്ക്കും പടര്‍ന്നു. അനേകം കെട്ടിടങ്ങള്‍ കത്തിയമര്‍ന്നു. പ്രത്തോറിയത്തിന്‍റെ കാവല്‍ക്കാരായ ടിജെല്ലിനൂസിന്‍റെ തോട്ടവും കത്തി. അഗ്നി ശമിച്ചപ്പോഴേയ്ക്കും റോമിന്‍റെ മൂന്നില്‍ രണ്ട് ഭാഗവും ചാമ്പലായി. മൂന്നാം ദിവസം നീറോ അഗ്നി കാണാനെത്തി. അദ്ദേഹം നാടകീയ വസ്ത്രങ്ങള്‍ ധരിച്ച് വന്നു കണ്ടു. കാടത്തമായ സന്തോഷം അനുഭവിച്ചു. അദ്ദേഹം തന്നെയാണ് തീ കൊളുത്താന്‍ നിര്‍ദ്ദേശം കെടുത്തതെന്ന സംസാരമുണ്ടായി. പന്തങ്ങള്‍ കത്തിച്ചെറിഞ്ഞത് അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശപ്രകാരമായിരുന്നുവെന്ന് പറയപ്പെടുന്നു. ആരോപണം ശക്തമായപ്പോള്‍ തനിക്ക് രക്ഷപ്പെടാന്‍ വേണ്ടി അതിന്‍റെ ഉത്തരവാദിത്വം ക്രിസ്ത്യാനികളുടെ മേല്‍ കെട്ടിവച്ചു. ക്രിസ്ത്യാനികളാണ് റോമാ നഗരം കത്തിച്ചത്! ചരിത്രകാരനായ ടാസിറ്റസ് പറയുന്നു. ക്രിസ്ത്യാനികളാണിത് ചെയ്തതെന്ന നീറോയുടെ കെട്ടുകഥ ആരും വിശ്വസിച്ചില്ല. എന്നാല്‍ നീറോ അവരെ ഇല്ലാതാക്കാന്‍ ശ്രമിച്ചു. പെട്രോളും മെഴുകും മറ്റു പദാര്‍ത്ഥങ്ങളും ടാറും ചേര്‍ത്ത് പൊതിഞ്ഞ് പന്തങ്ങളായി തൂണില്‍ ഉയര്‍ത്തി നിര്‍ത്തി കത്തിച്ചു. ചിലരെ കാട്ടുമൃഗങ്ങളുടെ തോലു ധരിപ്പിച്ച് വിശക്കുന്ന വേട്ടനായ്ക്കള്‍ക്ക് എറിഞ്ഞു കൊടുത്തു. അവ അവരെ കടിച്ചുകീറി കഷണങ്ങളാക്കി തിന്നു. ചിലരെ കുരിശില്‍ തറച്ചു. ഇവയൊക്കെ നീറോ തന്‍റെ പൂന്തോട്ടത്തില്‍ പൊതു ആഹ്ലാദത്തോടും സംഗീതത്തോടും കൂടെ ആഘോഷിച്ചു. ഇവയെല്ലാം വിനോദങ്ങളും ഷോകളുമായി നടത്തപ്പെടുകയായിരുന്നു. ആ സമയത്ത് തന്നെ കുതിരസവാരിയും നടത്തി ദൃശ്യങ്ങള്‍ ആസ്വദിച്ചു. ഗ്ലാഡിയേറ്ററുകളുമായി മല്ലയുദ്ധത്തിനും ആംഫി തിയ്യേറ്ററുകളില്‍ ക്രൂരമൃഗങ്ങള്‍ക്കും ക്രൈസ്തവര്‍ എറിയപ്പെട്ടു.

നീറോ ക്രൂരതയുടെ പ്രതിരൂപമായി മാറി. അദ്ദേഹം 59-ല്‍ സ്വന്തം അമ്മയെ വധിച്ചു. ഒടുവില്‍ അദ്ദേഹം ആത്മഹത്യ ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org