ഔഷധ​ഗുണങ്ങളുടെ ഉറവിടം കുടങ്ങൽ

ഔഷധ​ഗുണങ്ങളുടെ ഉറവിടം കുടങ്ങൽ

നിരവധി ഔഷധ-പോഷക ഗുണങ്ങളുടെ ഉറവിടമാണു കുടങ്ങല്‍, കുടവന്‍ എന്നീ പേുകളില്‍ അറിയപ്പെടുന്ന ചീരയായ ബുദ്ധിച്ചീര. കുടങ്ങല്‍ എന്ന പേരില്‍ നമ്മുടെ നാട്ടില്‍ സര്‍വ സാധാരണമായി ഈ ഇലക്കറിച്ചെടി കണ്ടു വരുന്നു.

"സെന്‍റല്ല ഏഷ്യാറ്റിക്ക" എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഇവ ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുന്നതിനാല്‍ ഇവയെ ബുദ്ധിച്ചീര എന്നു വിളിക്കുന്നു. നിലത്തു കള പോലെ പടര്‍ന്നു വളരുന്ന ബഹുവര്‍ഷിയായ ഔഷധിയാണ് ഈ ചെടി.

ഓര്‍മശക്തിക്കും ബുദ്ധിക്കും നല്ലതാണിവ. കൂടാതെ നേത്രരോഗം, കുടല്‍സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവയ്ക്കും നല്ലതാണ്. ഔഷധമായി കൂടുതലായി ഇവ ഉപയോഗിച്ചുവരുന്നു. തോരന്‍, സൂപ്പ് എന്നിവ തയ്യാറാക്കുവാന്‍ വളരെ വിശേഷപ്പെട്ടതാണ് ഇവ. ആരോഗ്യരക്ഷയ്ക്കും ശരീര കാന്തിക്കും ഇവയുടെ ഉപയോഗം കൂടുതല്‍ ഗുണം ചെയ്യും. കൂടാതെ ബലക്ഷയത്തിനും നല്ലതാണ്.

ഈര്‍പ്പമുള്ള സ്ഥലങ്ങളിലാണ് ഇവ വളര്‍ന്നു കാണുന്നത്. തണലുള്ള സ്ഥലങ്ങളിലും ഓടകളുടെയും തോടുകളുടെയും അരികിലും ഇവ ഒരുകാലത്തു സുലഭമായി കാണാമായിരുന്നു. ഇതിന്‍റെ ഇലകള്‍ വൃത്താകൃതിയിലോ വൃക്കയുടെ ആകൃതിയിലോ കാണപ്പെടുന്നു. ഇവ സമൂലം ഔഷധയോഗ്യമാണ്. ചര്‍മ്മരോഗങ്ങള്‍ക്കും വ്രണത്തിനും ഇതിന്‍റെ ഇല അരച്ചോ വെളിച്ചെണ്ണ കാച്ചിയോ പുരട്ടുന്നതിനും മറ്റു മരുന്നുകളോടു ചേര്‍ത്തും പഴയ കാലങ്ങളില്‍ ഉപയോഗിച്ചിരുന്നു.

കൊച്ചു കുട്ടികള്‍ക്ക് ഇതു കറിവച്ചുകൊടുക്കുന്നത് ഒരു ടോണിക്കിന്‍റെ ഫലം ചെയ്യും. കഫ-പിത്തവികാരങ്ങള്‍ ശമിപ്പിക്കുന്ന ഇവ ബുദ്ധിയും ഓര്‍മ്മശക്തിയും വര്‍ദ്ധിപ്പിക്കും. ഹൃദയത്തിന്‍റെ സങ്കോച-വികാസക്ഷമത വര്‍ദ്ധിപ്പി ക്കുന്നു. സപ്തധാതുക്കളെയും പുഷ്ടിപ്പെടുത്തി വാര്‍ദ്ധക്യം അകറ്റിനിര്‍ത്തുന്ന ഒരു ഔഷധമായി പ്രവര്‍ത്തിക്കുന്നു. വൃക്കസംബന്ധമായ രോഗങ്ങള്‍ക്കും ചര്‍മ്മരോഗത്തിനും ഉത്തമമാണിവ. ശരീരശക്തിയും ബുദ്ധിശക്തിയും വര്‍ദ്ധിപ്പിക്കുന്നതില്‍ കുടങ്ങലിനു പകരമായി മറ്റൊരു സസ്യമില്ലെന്നുതന്നെ പറയാം.

ഇതിന്‍റെ തൈകള്‍ നട്ടുവളര്‍ത്തി പടര്‍ത്തുകയാണ് ഏറെ ഉചിതം. നടുമ്പോഴും പടര്‍ന്നുവളരുന്ന അവസരത്തിലും ചാണകപ്പൊടി ചുവട്ടില്‍ ഇട്ടുകൊടുക്കാം. വേനലില്‍ നനച്ചുകൊടുക്കുന്നതും നല്ലതാണ്. കറിവയ്ക്കുവാന്‍ കൈ ഉപയോഗിച്ച് ഇലകള്‍ അടര്‍ത്തിയെടുക്കുന്നതാണ് ഉചിതം. പറിച്ചെടുത്ത ഇലകള്‍ നന്നായി കഴുകിവൃത്തിയാക്കിയെടുത്തു കറിവയ്ക്കുവാന്‍ ഉപയോഗിക്കാം. പറിച്ചെടുത്ത ഉടനെതന്നെ കറിവയ്ക്കുവാന്‍ ഉപയോഗിക്കുന്നതാണു കൂടുതല്‍ ഉചിതം. മഴക്കാലങ്ങളില്‍ സാധാരണയായി ഇവ കറിവയ്ക്കുവാന്‍ ഉപയോഗിക്കാറില്ല. ആയുര്‍വേദത്തിലെ ഒരു രസായനഔഷധമാണു കുടങ്ങല്‍. ഈ ഔഷധം പ്രധാനമായും തലച്ചോറിലുള്ള ഞരമ്പുകളെ ശക്തിപ്പെടുത്തുന്നു. നിരവധി ഔഷധആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഇവ അന്യമായിക്കൊണ്ടിരിക്കുന്നു.

നമ്മുടെ വീട്ടുവളപ്പിലെ കൃഷിയിടത്തിലും കുടങ്ങല്‍ നട്ടുവളര്‍ത്തുവാന്‍ ഓരോ കര്‍ഷകമിത്രവും ശ്രമിക്കേണ്ടതാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org