കൂദാശാനുകരണങ്ങള്‍

കൂദാശാനുകരണങ്ങള്‍

"ഏതെങ്കിലുമൊരു കൂദാശയുടെ മാതൃകയില്‍, ഫലങ്ങള്‍, പ്രത്യേകിച്ച്, ആത്മീയ ഫലങ്ങള്‍ സൂചിപ്പിക്കുവാനും സഭയുടെ മാധ്യസ്ഥ്യം വഴി അവ ലഭിക്കാനുമുള്ള അടയാളങ്ങളാണ് കൂദാശാനുകരണങ്ങള്‍. മനുഷ്യര്‍ അവ വഴി കൂദാശകളുടെ പ്രധാനപ്പെട്ട ഫലങ്ങള്‍ പ്രാപിക്കാന്‍ ഒരുക്കപ്പെടുന്നു. ജീവിതത്തിന്‍റെ വിവിധ സാഹചര്യങ്ങള്‍ വിശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു" (ലിറ്റര്‍ജി 60). കൂദാശകളും കൂദാശാനുകരണങ്ങളും വഴി മിശിഹായുടെ പെസഹാരഹസ്യങ്ങളില്‍നിന്നു നിര്‍ഗ്ഗളിക്കുന്ന കൃപയാല്‍ മനുഷ്യന്‍റെ എല്ലാ ജീവിതസാഹചര്യങ്ങളും വിശുദ്ധീകരിക്കപ്പെടുന്നതിന് ഇടയാകുന്നു (ലിറ്റര്‍ജി 61).

കൂദാശകള്‍ ഈശോമിശിഹായില്‍നിന്നു ഉറവെടുത്തവയാണ്. കൂദാശാനുകരണങ്ങളാകട്ടെ അവിടത്തെ മൗതികശരീരവും, ശുശ്രൂഷയുടെ തുടര്‍ച്ചയുമായ സഭയില്‍ ഉറവെടുത്തവയാണ്. സഭാഗാത്രത്തിന്‍റെ ഓരോ കാലഘട്ടത്തിലെയും ആവശ്യാനുസരണം ഇവ രൂപമെടുത്തു. സഭയിലെ ചില ശുശ്രൂഷകള്‍, ജീവിതാവസ്ഥകള്‍, ക്രൈസ്തവജീവിതത്തിലെ വിവിധ സന്ദര്‍ഭങ്ങള്‍, മനുഷ്യന് ആവശ്യമായ വസ്തുക്കള്‍, സ്ഥലങ്ങള്‍ തുടങ്ങിയവയുടെ വിശുദ്ധീകരണമാണ് കൂദാശാനുകരണങ്ങളുടെ ലക്ഷ്യം (CCC 1668). ഇവയില്‍ പ്രാര്‍ത്ഥനകള്‍, കൈവയ്പ്പ്, കുരിശടയാളം, വിശുദ്ധ ജലം എന്നിങ്ങനെയുള്ള അടയാളങ്ങള്‍ ഉപയോഗിക്കുന്നു.

പ്രാര്‍ത്ഥന ദൈവതിരുമുമ്പിലുള്ള സമര്‍പ്പണത്തിന്‍റെയും യാചനകളുടെയും വിശുദ്ധീകരണത്തിനും അനുഗ്രഹപ്രാപ്തിക്കുമായുള്ള അപേക്ഷകളുടേതുമാകാം. കൈവയ്പ് വേര്‍തിരിക്കുന്നതിന്‍റെയും പരിശുദ്ധാത്മാവിന്‍റെ ആവാസത്തിന്‍റെയും അതുവഴി കൃപാവരങ്ങള്‍ ചൊരിയുകയും പവിത്രീകരിക്കുകയും ചെയ്യുന്നതിനെയും സൂചിപ്പിക്കുന്നു. കുരിശടയാളം റൂശ്മ ചെയ്യുന്നതിനെ (മുദ്രവയ്ക്കുന്നതിനെ) വ്യക്തമാക്കുന്നു. ഇതുവഴി വസ്തുക്കളും, വ്യക്തികളും, സ്ഥലങ്ങളുമെല്ലാം ദൈവികമായ സംരക്ഷണത്തിനായി വേര്‍തിരിച്ച് മാറ്റപ്പെടുന്നു. വിശുദ്ധജലം തളിക്കുന്നത് മാമ്മോദീസയെ സൂചിപ്പിക്കുന്നു. അത് വിശുദ്ധീകരണത്തിന്‍റെയും ദൈവകൃപയാകുന്ന ജീവജലത്തിന്‍റെയും പ്രതീകമാണ്. "അനുഗ്രഹ"മാകാനും "അനുഗ്രഹ" മേകാനുമായിട്ടാണ് ഒരുവന്‍ മാമ്മോദീസയിലൂടെ വിളിക്കപ്പെടുന്നത്. ഈ അടിസ്ഥാന ദൈവവിളിയാണ് കൂദാശാനുകരണങ്ങളിലൂടെ പൂര്‍ത്തീകരിക്കുവാന്‍ സഭ ആഗ്രഹിക്കുന്നത്.

ഒരു കൂദാശാനുകരണം എത്രമാത്രം സഭാപരവും കൗദാശികവുമായി ജീവിതത്തോട് ബന്ധപ്പെട്ടിരിക്കുന്നുവോ അതനുസരിച്ച് അതിന്‍റെ ശുശ്രൂഷ, പട്ടം കിട്ടിയവര്‍ക്കായി (മെത്രാന്‍, പുരോഹിതന്‍, മ്ശംശാന) വേര്‍തിരിച്ചിരിക്കുന്നു.

കൂദാശകള്‍ പരിശുദ്ധാത്മാവിന്‍റെ കൃപാവരങ്ങള്‍ ചൊരിയുന്നുവെങ്കില്‍, കൂദാശാനുകരണങ്ങള്‍, സഭയുടെ പ്രാര്‍ത്ഥനയില്‍ ആ കൃപാവരം സ്വീകരിക്കുവാനും അതുമായി സഹകരിക്കുവാനും നമ്മെ സജ്ജരാക്കുന്നു.

വിവിധ കൂദാശാനുകരണങ്ങള്‍
ദൈവാലയ കൂദാശ, മൂറോന്‍ കൂദാശ, സമര്‍പ്പിതരുടെ പ്രതിഷ്ഠ, മൃതസംസ്ക്കാരം, പിശാചുബഹിഷ്കരണം, ഭവനങ്ങള്‍, സ്ഥാപനങ്ങള്‍ വസ്തുക്കള്‍ ഇവയുടെ ആശീര്‍വ്വാദങ്ങള്‍ എന്നിവയാണ് പ്രധാനപ്പെട്ട കൂദാശാനുകരണങ്ങള്‍. ആശീര്‍വ്വാദങ്ങള്‍ ദൈവത്തിനുള്ള സ്തുതിയും അവിടുത്തെ കൃപയ്ക്കായുള്ള പ്രാര്‍ത്ഥനകളുമാണ്. വി. പൗലോസ് ശ്ലീഹാ ഉദ്ബോധിപ്പിക്കുന്നു : "സ്വര്‍ഗ്ഗീയമായ എല്ലാ ആത്മീയവരങ്ങളാലും മിശിഹായില്‍ നമ്മെ അനുഗ്രഹിച്ചവനും കര്‍ത്താവായ ഈശോമിശിഹായുടെ പിതാവുമായ ദൈവം സ്തുതിക്കപ്പെട്ടവനാകട്ടെ" (എഫേ. 1:3). നമ്മില്‍ വര്‍ഷിക്കപ്പെട്ടിരിക്കുന്ന ആത്മീയവരങ്ങള്‍ക്കായി ദൈവത്തിനു സ്തുതിയര്‍പ്പിച്ചുകൊണ്ട് നമ്മെത്തന്നെ സജ്ജമാക്കുകയാണ് കൂദാശാനുകരണങ്ങളിലൂടെ സഭ ചെയ്യുന്നത്. ചില കൂദാശാനുകരണങ്ങള്‍ വ്യക്തികളെയും (സമര്‍പ്പിതര്‍), വസ്തുക്കളെയും (മൂറോന്‍), സ്ഥലങ്ങളെയും (ചാപ്പല്‍, സിമിത്തേരി) ദൈവത്തിനായും

ദൈവാരാധനയ്ക്കായും സ്ഥായിയായി പ്രതിഷ്ഠിക്കുന്നു.
"ഒരു വ്യക്തിയെയോ വസ്തുവിനെയോ ദുഷ്ടാരൂപിയുടെ ശക്തിയില്‍ നിന്ന് സംരക്ഷിക്കണമെന്നും അവന്‍റെ അധികാരത്തില്‍നിന്ന് വിടുവിക്കണമെന്നും സഭ ഈശോമിശിഹായുടെ നാമത്തില്‍ ആധികാരികമായി അപേക്ഷിക്കുന്നതാണ് പിശാചുബഹിഷ്ക്കരണം" (CCC 1763). സഭയ്ക്ക് ഇതിനുള്ള അധികാരം മിശിഹാ നല്കിയിരിക്കുന്നതായും സഭ അതു നിര്‍വ്വഹിക്കുന്നതായും വിശുദ്ധ ഗ്രന്ഥം സാക്ഷിക്കുന്നു (മര്‍ക്കോസ് 16:17, 6:7, 13, 3:15). ശ്ലൈഹികമായ ഈ ശുശ്രൂഷ ഇന്ന് ആഘോഷപൂര്‍വ്വമായി നടത്തുന്നതിന് ഒരു മെത്രാന്‍റെ അനുവാദത്തോടെ ഒരു പുരോഹിതനു മാത്രമേ പാടുള്ളൂ.

കൂദാശാനുകരണങ്ങള്‍:
1. സഭയില്‍ ഉറവെടുത്തതും കൂദാശകളുടെ ഫലങ്ങള്‍ അനുദിനജീവിതത്തില്‍ ഉളവാക്കുവാന്‍ സഹായിക്കാനുള്ളതുമാണ്.
2. ആഘോഷപൂര്‍വ്വമായി ഇവ നടത്തുന്നത് പൗരോഹിത്യ ശുശ്രൂഷകരായിരിക്കും.
3. ജീവിതത്തിന്‍റെ എല്ലാ സാഹചര്യങ്ങളെയും വ സ്തുക്കളെയും വ്യക്തികളെ യും വിശുദ്ധീകരിക്കുന്നു.
4. മുറോന്‍ കൂദാശ, ദൈവാലയ കൂദാശ എന്നിവ മെത്രാന്മാര്‍ മാത്രം നിര്‍വ്വഹിക്കുന്നു.
5. ദൈവത്തിന്‍റെ പ്രവൃത്തികളെയും ദാനങ്ങളെയുംപ്രതി അവിടുത്തെ സ്തുതിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org