|^| Home -> Suppliments -> CATplus -> പുതിയ നിയമകാലത്തെ കുടുംബജീവിതങ്ങള്‍

പുതിയ നിയമകാലത്തെ കുടുംബജീവിതങ്ങള്‍

Sathyadeepam

മതപരവും സാമ്പത്തികവുമായ മാനങ്ങളുള്ള വിശാല സമൂഹത്തിന്‍റെ ചെറിയ ഘടകമായിരുന്നു കുടുംബം. മറ്റു പുരാതന സമൂഹങ്ങളിലേതുപോലെ സ്ത്രീകള്‍ വീട്ടിലും പുരുഷന്മാര്‍ വീട്ടിനു വെളിയിലും ജോലി ചെയ്യുന്ന ഒരു സമ്പ്രദായമാണ് പുതിയ നിയമകാലത്തെ പാലസ്തീനായിലും നിലവിലിരുന്നത്. കുടുംബസംബന്ധമായ ജോലികള്‍, കുട്ടികളെ വളര്‍ത്തല്‍, കാലിവളര്‍ത്തല്‍ എന്നിവ സ്ത്രീകളുടെ ജോലികളായിരുന്നു. വയലിലും തോട്ടത്തിലും അവരും അധ്വാനിക്കാന്‍ തയ്യാറാകേണ്ടിയിരുന്നു. വീട്ടുജോലികളില്‍ പുരുഷന്മാരും സഹായിക്കാതിരുന്നിട്ടില്ല. ധാന്യം പൊടിക്കല്‍, പാചകം, നെയ്ത്ത്, കുട്ടയുണ്ടാക്കല്‍ എന്നിവ സ്ത്രീകളാണു ചെയ്തിരുന്നത്. കുട്ടികള്‍ മാതാപിതാക്കളെ ജോലികളില്‍ സഹായിക്കാന്‍ ബാധ്യസ്ഥരായിരുന്നു.

കുടുംബത്തിലും സമൂഹത്തിലും പുരുഷമേധാവിത്വമാണ് നിലവിലിരുന്നത്.

പുതിയ നിയമകാലത്തെ യഹൂദ ജീവിതത്തെ സ്വാധീനിച്ച അഞ്ചു ഘടകങ്ങള്‍ ദേവാലയം, സിനഗോഗ്, കുടുംബം, ഗ്രാമം/പട്ടണം, രാജാവ്/രാജ്യം എന്നിവയായിരുന്നു.

നിരപ്പുള്ള പ്രദേശങ്ങളേക്കാള്‍ കുന്നുകളുടെ ചെരിവുകളിലാണ് പാലസ്തീനായിലെ ഗ്രാമങ്ങള്‍. നിരത്തുകളും കൃഷിഭൂമിയും മുകളില്‍ നിന്നു കാണുന്നതിന് ഇതു സഹായകമായി. വെള്ളത്തിന്‍റെ ലഭ്യതയാണ് ഗ്രാമങ്ങളുടെ സ്ഥാനം നിര്‍ണ്ണയിച്ച ഒരു ഘടകം. പുതിയ നിയമകാലത്ത് ഗലീലിയില്‍ 240 ഗ്രാമങ്ങളുണ്ടായിരുന്നു എന്ന് ജോസേഫൂസ് എഴുതിയിട്ടുണ്ട്. ഒരു ഗ്രാമത്തില്‍ നൂറോ ഇരുന്നൂറോ ആളുകളേ ഉണ്ടായിരുന്നുള്ളൂ.

ഗ്രാമപാതകളില്‍ കല്ലുകള്‍ പതിപ്പിച്ചിരുന്നില്ല. ഭാരം വഹിക്കുന്ന ഒരു ഒട്ടകത്തിനു കടന്നുപോകാനുള്ള വീതിയേ നിരത്തുകള്‍ക്ക് ഉണ്ടായിരുന്നുള്ളൂ. ഭിത്തിയിലെ ജനാലകള്‍ വളരെ ഉയരത്തിലായിരുന്നു. കല്ലുകള്‍ പാകിയ നടുമുറ്റവും മൂന്നുവശത്തും കൊച്ചുമുറികളുമാണ് ഒരു സാധാരണ വീടിന് ഉണ്ടായിരുന്നത്. മുന്‍വശത്ത് വാതിലോടുകൂടിയ ഒരു ഭിത്തി. മുറികളുടെ മേല്‍ക്കൂരയില്‍ ആദ്യം സൈപ്രസ് അല്ലെങ്കില്‍ ദേവതാരുമരത്തിന്‍റെ പലകകളും അതിനു മുകളില്‍ വൈക്കോല്‍ പായകളും നിരത്തും. ഏറ്റവും മുകളില്‍ ഒരു പാളി കളിമണ്ണും. ഇത്തരം മേല്‍ക്കൂരകള്‍ തുറക്കാന്‍ എളുപ്പമായിരുന്നു (മര്‍ക്കോ. 2:4). വീടുകള്‍ പണിയാനും ധനികഗൃഹങ്ങളില്‍ മൊസയിക്ക് പതിപ്പിക്കാനും മറ്റും വിദഗ്ദ്ധ തൊഴിലാളികളുടെ ആവശ്യമുണ്ടായിരുന്നു.

ഗ്രാമീണര്‍ കൃഷി ചെയ്തിരുന്നത് ഗോതമ്പ്, ബാര്‍ലി, ഒലിവ്, മുന്തിരി എന്നിവയാണ്. ഒരു സാധാരണ കൃഷിക്കാരന് അഞ്ചുഹെക്ടര്‍ കൃഷി ഭൂമി ഉണ്ടായിരുന്നു എന്നാണു കണക്ക്. ചില കൃഷിക്കാര്‍ പട്ടണങ്ങളില്‍ പാര്‍ത്തിരുന്ന ധനികരുടെ വക കൃഷിഭൂമിയിലാണ് പണിയെടുത്തിരുന്നത് (കുടിയാന്‍ – പാട്ടവ്യവസ്ഥ).

ധനികരായ ഭൂവുടമകള്‍ വിശാലമായ അവരുടെ കൃഷിഭൂമിയുടെ നടുക്ക് വലിയ വീടുകള്‍ പണിത് അവയിലാണു താമസിച്ചിരുന്നത്. രണ്ടും മൂന്നും നിലകളുള്ള വസതികള്‍ അസാധാരണമല്ലായിരുന്നു. ഏറ്റവും താഴെ നിലവറകളും മുകളില്‍ കിടപ്പുമുറികളും. പാലസ്തീനായില്‍ ഉദ്ഖനനം നടത്തിയ ഇത്തരം വീടുകളോടു ചേര്‍ന്ന് ഒലിവുചക്ക്, മുന്തിരിചക്ക്, കിടങ്ങുകള്‍, കാവല്‍ഗോപുരം എന്നിവ കണ്ടെത്തിയിട്ടുണ്ട്. ഒരു ധനികവസതിയോടുചേര്‍ന്ന് കുടുംബാംഗങ്ങളും ജോലിക്കാരുമടക്കം 50-70 ആളുകള്‍ താമസിച്ചിരുന്നു എന്നാണ് ഊഹിക്കുന്നത്.

മതപുരോഹിതര്‍ തന്നെയായിരുന്നു അക്കാലത്ത് രോഗചികിത്സകരും. മിക്കരോഗങ്ങളും പിശാചുബാധയുടെ ഫലമാണെന്നു വിശ്വസിച്ചിരുന്നതുകൊണ്ട് ബാധയൊഴിക്കല്‍ ചികിത്സയുടെ അവിഭാജ്യഭാഗമായിരുന്നു.

കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുന്നത് പിതാവിന്‍റെ കര്‍ത്തവ്യമായിരുന്നു. പാഠ്യവിഷയം തോറയായിരുന്നു. മതബോധനവും ധാര്‍മ്മികനിയമവും പഠിപ്പിക്കാനാണ് പിതാക്കന്മാര്‍ ശ്രദ്ധിച്ചിരുന്നത്. ബി.സി. ഒന്നാം നൂറ്റാണ്ടില്‍ വിദ്യാഭ്യാസം വീട്ടില്‍നിന്ന് സിനഗോഗിലേക്കു മാറ്റി. പെണ്‍കുട്ടികള്‍ക്ക് സിനഗോഗിലെ വിദ്യാലയത്തില്‍ പ്രവേശനമില്ലായിരുന്നെങ്കിലും അവരെ ഉത്തമകുടുംബിനികളാക്കാന്‍ അമ്മമാര്‍ പഠിപ്പിച്ചിരുന്നു. ഓരോ കുട്ടിയും നല്കുന്ന ദക്ഷിണയായിരുന്നു അധ്യാപകന്‍റെ ഉപജീവനമാര്‍ഗ്ഗം. കുട്ടികള്‍ക്ക് 12 വയസ്സാകുമ്പോള്‍തന്നെ വിവാഹനിശ്ചയം ചെയ്തിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷമാകും വിവാഹം നടക്കുന്നത്. വരന്‍ വധുവിന് പണം കൊടുക്കേണ്ടിയിരുന്നു. വീടും ആഭരണവും വസ്ത്രങ്ങളുമൊക്കെ പൂര്‍ത്തിയായിക്കഴിയുമ്പോഴാണ് വിവാഹം. ദീപക്കാഴ്ചയോടുകൂടി വരനെ സ്വീകരിക്കാറുണ്ടായിരുന്നു. വിവാഹാഘോഷത്തിനു മുമ്പ് എല്ലാവരും ആചാരപരമായ ശുദ്ധീകരണം നടത്തണമെന്ന് വ്യവസ്ഥയുണ്ടായിരുന്നതായി യഹൂദനിയമഗ്രന്ഥങ്ങള്‍ പറയുന്നു.

മരണശേഷം എത്രയുംവേഗം മൃതസംസ്ക്കാരം നടത്തുകയായിരുന്നു പാലസ്തീനായിലെ രീതി. മൃതസംസ്ക്കാരത്തില്‍ സഹകരിക്കുന്നത് ഒരു പുണ്യകര്‍മ്മമായി യഹൂദര്‍ കരുതി. സാബത്തുദിനത്തില്‍ മൃതസംസ്കാരം അനുവദനീയമല്ല (മര്‍ക്കോ 14:42; 16:1; ലൂ ക്കാ 23:56). പാറകളില്‍ കൊത്തിയുണ്ടാക്കിയ കല്ലറകളില്‍ സംസ്ക്കരിക്കാന്‍ ധനികര്‍ക്കേ കഴിഞ്ഞിരുന്നുള്ളൂ. പല കല്ലറകളിലും നിരവധി ശവസംസ്ക്കാരങ്ങള്‍ക്കു സൗകര്യമുണ്ടായിരുന്നു. ഈ കല്ലറകള്‍ ഉരുട്ടിമാറ്റാവുന്ന കല്ലുകള്‍കൊണ്ടാണ് അടച്ചിരുന്നത്. പാവപ്പെട്ടവര്‍ മണ്ണില്‍ കുഴിയെടുത്തു സംസ്ക്കരിക്കുകയായിരുന്നു പതിവ്. വിലാപയാത്രയില്‍ സങ്കീര്‍ത്തനങ്ങള്‍ ആലപിച്ചിരുന്നു; പാട്ടും കുഴലൂത്തും നടത്തിയിരുന്നത് (മത്താ. 9:23) അതിനുവേണ്ടി പണം വാങ്ങിയിരുന്ന ആളുകളാണ്. പണക്കാര്‍ മൃതസംസ്ക്കാരത്തിനുശേഷം ഒരു വര്‍ഷം കഴിഞ്ഞ് അസ്ഥികള്‍ ഒരു അസ്ഥിപേടകത്തിലേക്കു (ossurary) മാറ്റി സംഭരിച്ചുവയ്ക്കാറുണ്ടായിരുന്നു. കല്ലറ വീണ്ടും ഉപയോഗിക്കുന്നതിനു വേണ്ടിയാണ് അങ്ങനെ ചെയ്തിരുന്നത്.

Leave a Comment

*
*