കുടുംബജീവിതത്തിന്‍റെ താളാത്മകത നഷ്ടമാകാതിരിക്കാന്‍

കുടുംബജീവിതത്തിന്‍റെ താളാത്മകത നഷ്ടമാകാതിരിക്കാന്‍


സണ്ണി കുറ്റിക്കാട്ട് സിഎംഐ

ഈ ആധുനിക കാലഘട്ടത്തില്‍ കുടുംബകലഹം ഏതാണ്ട് സര്‍വസാധാരണമാണ്. തട്ടിയും മുട്ടിയും ജീവിതത്തില്‍മുന്നേറേണ്ടവരാണു ദമ്പതികള്‍. എന്നാല്‍ ഈ തട്ടലും മുട്ടലും സുന്ദരമായ ദാമ്പത്യജീവിതത്തിന്‍റെ താളം തെറ്റിക്കുന്ന തലത്തിലേക്ക് ഉയരുമ്പോള്‍ അത് അപകടകരമായിത്തീരുന്നു.

കലഹിക്കാന്‍ പ്രവണതയുള്ള ഭാര്യാഭര്‍ത്താക്കന്മാര്‍ കലഹിക്കണം, ആരോഗ്യകരമായ രീതിയില്‍ 'കലഹിക്കണം'. തട്ടിയും മുട്ടിയും അവരുടെ ജീവിതത്തിന്‍റെ താളം അവര്‍ കണ്ടെത്തണം. പക്ഷേ, ഇവിടെ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം, ദാമ്പത്യജീവിതത്തിലെ അഭിപ്രായവ്യത്യാസങ്ങള്‍ ഒരിക്കലും വ്യക്തിബന്ധങ്ങളെ ബാധിക്കാനിടയാകരുത് എന്നതാണ്. ഇതിനായി 'സൃഷ്ടിപരമായി' വിവാദത്തിലേര്‍പ്പെടാന്‍ ദമ്പതികള്‍ അറിഞ്ഞിരിക്കണം.

കുടുംബകലഹത്തില്‍ നിര്‍ണായകമായ പങ്കുവഹിക്കുന്നതു ഭാര്യമാരാണെന്നു ചില പഠനങ്ങള്‍ പറയുന്നു. ദാമ്പത്യജീവിതത്തിലെ വൈകാരിക താപനില കൂടിയോ കുറഞ്ഞോ ഇരിക്കുന്നതും ഭാര്യയുടെ നടപടിപോലിരിക്കും. പരസ്പരം അഭിപ്രായവ്യത്യാസമുണ്ടാകുമ്പോള്‍ അത് ഒരു വാക്കുതര്‍ക്കത്തിനും സംഘട്ടനത്തിനും കാരണമാകണോ എന്നു തീരുമാനിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കാനുള്ളതു ഭാര്യയ്ക്കാണ്. ഭാര്യ കോപിക്കുമ്പോള്‍ ഭര്‍ത്താവ് പല രീതിയില്‍ പ്രതികരിച്ചെന്നിരിക്കും. സ്വയം ന്യായീകരിക്കാന്‍ അയാള്‍ ഒരുങ്ങിയെന്നു വരാം; ഒന്നും മിണ്ടാതെ തന്നിലേക്കുതന്നെ ഉള്‍വലിഞ്ഞെന്നു വരാം. ഭാര്യയുമായി നിശ്ചിത അകലം പാലിക്കാന്‍ തീരുമാനമെടുത്തെന്നു വരാം. ഇവയൊന്നും സംഭവിക്കാതെ ന്യായയുക്തമായി പ്രതികരിക്കാന്‍ ഭര്‍ത്താവിന് അവസരമൊരുക്കേണ്ടതു ഭാര്യയുടെ ഉത്തരവാദിത്വവും കടമയുമാണ്.

കലഹത്തിനൊരുമ്പെട്ടിറങ്ങിയിരിക്കുന്ന ഭാര്യയുടെ മുമ്പില്‍ ഭര്‍ത്താവിനും ഭര്‍ത്താവിന്‍റെ മുമ്പില്‍ ഭാര്യയ്ക്കും സ്വീകരിക്കാവുന്ന ചില ക്രിയാത്മകനിലപാടുകളുണ്ട്. ഭാര്യ പറയുന്നതു ഞാന്‍ കേള്‍ക്കുന്നുണ്ട്, ശ്രദ്ധിച്ചു കേള്‍ക്കുന്നുണ്ട്; അവളുടെ അഭിപ്രായത്തോടും വികാരങ്ങളോടും അവഗണനയില്ല, ബഹുമാനമുണ്ട്. പറഞ്ഞു തീര്‍ക്കേണ്ട, ചര്‍ച്ച ചെയ്തു പരിഹരിക്കേണ്ട പ്രശ്നങ്ങളുണ്ടെന്നു സമ്മതിക്കുന്നു എന്നു ഭാര്യയെ ബോദ്ധ്യപ്പെടുത്തുന്ന രീതിയില്‍ പെരുമാറുക; തിരിച്ചു ഭാര്യയും ഈ വഴിതന്നെ സ്വീകരിക്കുക.

അഭിപ്രായവ്യത്യാസങ്ങള്‍ ഇന്നതാണെന്നു വ്യക്തമാക്കുന്നതിനും അവയ്ക്കു ചെറിയ തോതിലെങ്കിലും പരിഹാരം കണ്ടെത്തുന്നതിനും ചെറിയ തോതിലുള്ള കുടുംബകലഹം സഹായിക്കുന്നുണ്ട് എന്നാണ് അനുഭവങ്ങള്‍ നല്കുന്ന പാഠം. നിങ്ങളുടെ ഈ പ്രവൃത്തി എന്നെ അരിശം പിടിപ്പിക്കുന്നു എന്നു ഭാര്യ പറയുകയും ഭര്‍ത്താവ് അതു ശ്രദ്ധിച്ചു കേള്‍ക്കുകയും ചെയ്യുമ്പോള്‍ തന്‍റെ ഭര്‍ത്താവ് താന്‍ ഉന്നയിച്ച പ്രശ്നം സംബന്ധിച്ചു ശരിയായ നടപടി സ്വീകരിക്കും എന്നു വിശ്വസിക്കാന്‍ ഭാര്യയ്ക്കു ന്യായമുണ്ട്, അല്ലെങ്കില്‍ അതിനവള്‍ക്ക് അവസരം ലഭിക്കുന്നു. അവ്യക്തമായ ആരോപണങ്ങള്‍, ദുഃസൂചനകള്‍, അര്‍ത്ഥംവച്ചുള്ള പറച്ചിലുകള്‍ തുടങ്ങിയവ ആരോഗ്യകരമല്ലാത്ത കലഹത്തിന്‍റെ അംശങ്ങളാണ്. എന്നാല്‍ പരാതി വ്യക്തമായിരുന്നാല്‍, ആരോപണങ്ങള്‍ അക്കമിട്ട് ഉന്നയിച്ചാല്‍, പ്രശ്നത്തിനു പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നു മാത്രമല്ല, വ്യക്തിബന്ധങ്ങള്‍ മെച്ചപ്പെടാനും ഇടയാക്കും. 'ഭാര്യയ്ക്ക് ഒന്നിനും ഒരു ചിട്ടയില്ല' എന്ന ആരോപണം അവ്യക്തമാണ്. ഭാര്യ ടൂത്ത് പെയ്സ്റ്റ് ഉപയോഗിച്ചിട്ടു ട്യൂബ് അടയ്ക്കുന്നില്ല എന്നതാണു യഥാര്‍ത്ഥ പരാതി. അതു വ്യക്തമായി പറഞ്ഞാല്‍ ഭാര്യ സ്വയം തിരുത്തും; കൂടുതല്‍ ശ്രദ്ധിക്കും; ഭര്‍ത്താവിനോടു വിദ്വേഷം തോന്നാന്‍ ഇവിടെ ഒരു ന്യായവുമില്ല.

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള കലഹം (കുടുംബകലഹം) എങ്ങനെ അവസാനിക്കുന്നു അല്ലെങ്കില്‍ അവസാനിപ്പിക്കുന്നു എന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. "നിന്നെ ഞാനൊരു പാഠം പഠിപ്പിക്കുന്നുണ്ട്" എന്ന വെല്ലുവിളിയോടുകൂടിയാണ് ഇരുകൂട്ടരും താത്കാലിക വെടിനിര്‍ത്തലിനു തയ്യാറാകുന്നതെങ്കില്‍ ആ ദാമ്പത്യജീവിതത്തില്‍ വലിയ പ്രതീക്ഷ വേണ്ട. എന്നാല്‍, 'യുദ്ധം' കഴിഞ്ഞു യഥാര്‍ത്ഥത്തില്‍ സമാധാനമാണ് അനുഭവപ്പെടുന്നതെങ്കില്‍ ദമ്പതികളുടെ ശുഭാപ്തിവിശ്വാസത്തിന് ഉലച്ചില്‍ തട്ടുകയില്ല. അവര്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടും.

കുടുംബജീവിതത്തിലെ വിവാദങ്ങളെല്ലാം ദാമ്പത്യകലഹമല്ല എന്നു നമ്മള്‍ തിരിച്ചറിഞ്ഞിരിക്കുന്നതു നല്ലതാണ്. ചില വിവാദങ്ങളും വാക്കുതര്‍ക്കങ്ങളും വഴക്കുകളും ദമ്പതികളെ കൂടുതല്‍ അടുപ്പിക്കുകയും അവരുടെ ദാമ്പത്യജീവിതത്തെ ഈടുറ്റതാക്കുകയും ചെയ്യുന്നുണ്ട്.

ചില വിവാഹബന്ധങ്ങള്‍ കാലം ചെല്ലുന്തോറും കൂടുതല്‍ സന്തോഷവും സംതൃപ്തിയും നിറഞ്ഞതായിത്തീരുന്നു. എന്നാല്‍ മറ്റു ചിലതു കൂടുതല്‍ കൂടുതല്‍ സംഘര്‍ഷഭരിതവും അസ്വസ്ഥതനിറഞ്ഞതുമായിത്തീരുന്നു. ഈ രണ്ടു തലങ്ങളിലും അതുമായി ബന്ധപ്പെടുന്ന ദമ്പതികളുടെ മനോഭാവങ്ങളും സ്വഭാവരീതികളും നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. ചുരുക്കം ചില ദമ്പതികള്‍ യാതൊരു കലഹവുമില്ലാതെ, അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ലാതെ അത്യന്തം സന്തോഷവും സമാധാനവും അനുഭവിച്ചു ജീവിക്കുന്നുണ്ട്. ചിലര്‍ പ്രകൃത്യാ സൗമ്യശീലരായിരിക്കുന്നതാണ് ഇതിനു കാരണം.

അവര്‍ ജീവിതത്തിന്‍റെ ഒരു മേഖലയിലും ആരോടും കലഹിക്കുകയില്ല. ദാമ്പത്യജീവിതത്തിലും അങ്ങനെതന്നെ. വേറെ ചിലര്‍ അഭിപ്രായവ്യത്യാസമുണ്ടെങ്കിലും അതു പ്രകടിപ്പിക്കില്ല. കുടുംബത്തില്‍ സമാധാനം നിലനിര്‍ത്താന്‍ ഒരാള്‍ മറ്റേ ആള്‍ക്കു നിരുപാധികം കീഴടങ്ങുന്നു. 'ഒരു കൈ കൊണ്ടു കൊട്ടിയാല്‍ ശബ്ദം കേള്‍ക്കില്ല' എന്നതാണ് അവരുടെ നിലപാട്. ഈ നിലപാടു തത്കാലത്തേയ്ക്കു സമാധാനവും ശാന്തിയും പ്രദാനം ചെയ്യുമെങ്കിലും അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങള്‍ എന്നെങ്കിലും തലപൊക്കുമ്പോള്‍ കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ക്കു വഴിതെളിക്കാനാണു സാദ്ധ്യത.

കോപം പ്രകടിപ്പിക്കുന്നതു നിഷിദ്ധമല്ല എന്നു ഭാര്യയും ഭര്‍ത്താവും സമ്മതിക്കുക; കോപം പ്രകടിപ്പിക്കുക, മറുഭാഗത്തുനിന്നുണ്ടാകുന്ന പ്രതികരണം എന്തുതന്നെയാകട്ടെ, പറയാനുള്ളതു പറയുക, വ്യക്തമായി പറയുക; ഇരുഭാഗത്തും തെറ്റിദ്ധാരണകള്‍ ഇല്ലെന്ന് ഉറപ്പു വരുത്തുക. അവസാനം ഇരുകൂട്ടരും കുറേ വിട്ടുവീഴ്ചകള്‍ ചെയ്ത് ഒരു തീരുമാനത്തിലെത്തുക. ദാമ്പത്യബന്ധങ്ങള്‍ ദൃഢതരമാക്കുന്ന കലഹത്തിന്‍റെ ശൈലി ഇതാണ്.

ദമ്പതികള്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍, വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍തന്നെ, ഒരാള്‍ മറ്റേ ആളുടെ ചിന്താഗതി മനസ്സിലാക്കുന്നുണ്ട്, ഒരു പരിധിവരെ അംഗീകരിക്കുന്നുണ്ട് എന്നു പെരുമാറ്റത്തിലൂടെ വ്യക്തമാക്കുക. ശ്രദ്ധിച്ചു കേള്‍ക്കുക, അഭിപ്രായ ഐക്യമുള്ള കാര്യം പറയുമ്പോള്‍ തലയാട്ടുക തുടങ്ങിയ ബാഹ്യപ്രകടനത്തിലൂടെ ഒരാള്‍ക്കു മറ്റേയാളെ സ്വന്തം പക്ഷത്തു നിര്‍ത്താന്‍ കഴിയും. ചുരുക്കത്തില്‍ പറഞ്ഞാല്‍ "നിന്നെ ഞാന്‍ മനസ്സിലാക്കുന്നു, അംഗീകരിക്കുന്നു" എന്ന തിരിച്ചറിവു ദമ്പതികള്‍ക്കിടയില്‍ ഉണ്ടാകുമ്പോള്‍ ദാമ്പത്യജീവിതം ആരോഗ്യകരവും സന്തോഷകരവുമായിത്തീരും; സമാധാനപരവും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org