Latest News
|^| Home -> Suppliments -> Familiya -> കുടുംബപരിപോഷണത്തിന്റെ ആദ്യപാഠം

കുടുംബപരിപോഷണത്തിന്റെ ആദ്യപാഠം

Sathyadeepam

ഷാജി മാലിപ്പാറ

കുടുംബയൂണിറ്റുകളുടെ വാര്‍ഷികസമ്മേളനവേദി. ഇടവകയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമുള്ള വിശിഷ്ടവ്യക്തികള്‍ സന്നിഹിതരാണ്. വൈദികരും സന്യസ്തരും അല്മായരും അതില്‍ ഉള്‍പ്പെടും. സാമാന്യം സുദീര്‍ഘമായ പൊതുസമ്മേളനത്തില്‍ പ്രസംഗകരുടെ എണ്ണം തീരെ ചെറുതല്ല. സ്വാഗതത്തിനും കൃതജ്ഞതയ്ക്കുമിടയില്‍ അധ്യക്ഷപ്രസംഗം, ഉദ്ഘാടനപ്രസംഗം, അനുഗ്രഹപ്രഭാഷണം, മുഖ്യപ്രഭാഷണം, ആശംസാപ്രസംഗം, അനുമോദനപ്രസംഗം, മറുപടിപ്രസംഗം എന്നിവയൊക്കെയുണ്ട്.

കുടുംബയൂണിറ്റുവാര്‍ഷികമായതിനാല്‍ സ്വാഗതപ്രസംഗകന്‍ കുടുംബങ്ങളെക്കുറിച്ചാണ് സംസാരിച്ചുതുടങ്ങിയത്. മറ്റു പ്രസംഗകര്‍ തുടര്‍ന്നതും കുടുംബവിശേഷങ്ങള്‍ തന്നെ. ഏറ്റവും ദുഃഖകരമായ കാര്യം, എല്ലാവരും കുടുംബങ്ങളുടെ ഇന്നത്തെ അപചയങ്ങളെക്കുറിച്ചും തകര്‍ച്ചകളെക്കുറിച്ചും മാത്രമാണ് വിസ്തരിച്ചത് എന്നതത്രേ. വൈദികരും സന്യസ്തരും മാത്രമല്ല, കുടുംബജീവിതം നയിക്കുന്ന അല്മായരും അവതന്നെ വിളമ്പുന്നു. ദാമ്പത്യത്തിലെ അവിശ്വസ്തത, വിധേയത്വക്കുറവ്, ദൈവഭയമില്ലായ്മ, പ്രാര്‍ത്ഥനാജീവിതത്തിന്‍റെ അഭാവം, മുതിര്‍ന്ന തലമുറയോടുള്ള അവഗണന, വൃദ്ധജനങ്ങളെ ഉപേക്ഷിക്കല്‍, മക്കളുടെ അനുസരണക്കേട്, കെട്ടുറപ്പില്ലാത്ത കുടുംബബന്ധങ്ങള്‍, ഒളിച്ചോട്ടവും മിശ്രവിവാഹവും എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത അധര്‍മ്മങ്ങളുടെ പട്ടികയാണ് ഓരോ പ്രസംഗകനും നിരത്തിയത്. ഇതെല്ലാം കേട്ടിരിക്കുന്നവരുടെ മനോവ്യാപാരം എപ്രകാരമായിത്തീരും? ഇക്കാര്യം പ്രഭാഷകരാരും പരിഗണിച്ചില്ലെന്നു തോന്നി.

അഞ്ചാമതായിട്ടാണ് പ്രത്യേക ക്ഷണിതാവായ മുഖ്യപ്രഭാഷകന്‍ മൈക്കിനു മുന്നിലെത്തിയത്. അദ്ദേഹം പറഞ്ഞു തുടങ്ങിയത് ഇപ്രകാരം: “എനിക്കു മുമ്പേ പ്രസംഗിച്ചവര്‍ ഒത്തിരി അനുഭവങ്ങള്‍ പങ്കുവച്ചു. അവയോട് ഞാനും യോജിക്കുന്നു. എന്നാല്‍ ഇത്തരമൊരു വേദിയില്‍ കുടുംബത്തിന്‍റെ മനോഹരചിത്രങ്ങളാണ് അവതരിപ്പിക്കേണ്ടത് എന്നെനിക്കു തോന്നുന്നു. നാം ഇവിടെ കേട്ട ദുരനുഭവങ്ങള്‍ തീര്‍ച്ചയായും സമൂഹത്തില്‍ ഉള്ളതാണ്. അവയ്ക്ക് പരിഹാരം കാണാന്‍ പരിശ്രമിക്കുകയും വേണം. എന്നാല്‍ അവ മാത്രമല്ല, സമൂഹത്തില്‍ ഉള്ളത്. അവയ്ക്ക് ഒരു മറുവശമുണ്ട്. നാം ജീവിക്കുന്ന 2018-ലും നല്ല കുടുംബങ്ങള്‍ നമുക്കിടയില്‍ ഉണ്ട്. നമ്മുടെ ഇടവകയില്‍ത്തന്നെ ഉണ്ടാകും. കുടുംബങ്ങളെക്കുറിച്ചുള്ള പോസിറ്റീവായ കാര്യങ്ങള്‍ കണ്ടെത്താനും പങ്കുവയ്ക്കാനുമുള്ള അവസരമായി ഇത്തരം വാര്‍ഷികവേളകളെ ഉപയോഗിക്കണം.”

പ്രഭാഷകന്‍ ഒന്നു നിര്‍ത്തിയപ്പോള്‍ സദസ്സ് നിശബ്ദതയോടെ അടുത്ത വാക്യത്തിനായി കാത്തിരുന്നു. പരസ്പരലയത്തോടെ ജീവിക്കുന്ന ദമ്പതികള്‍, വൃദ്ധമാതാപിതാക്കളെ പരിചരിക്കുന്ന ഉത്തമ കുടുംബം, മാതാപിതാക്കളെ ആദരിച്ചനുസരിക്കുന്ന മക്കള്‍, കുടുംബപ്രാര്‍ത്ഥനയും കൗദാശികജീവിതവും പുലര്‍ത്തുന്ന കുടുംബം, അഗതികളോട് കാരുണ്യം പരിശീലിപ്പിക്കുന്ന മാതാപിതാക്കള്‍, ദൈവസ്നേഹത്തില്‍ വളരുന്ന യുവതീയുവാക്കള്‍…. ഇങ്ങനെ അദ്ദേഹം പല കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞു. ഉദാഹരണങ്ങള്‍ തെളിവുസഹിതം എടുത്തുകാട്ടി. പുതിയ കാലത്തും അടുത്ത ദേശത്തുമുള്ള വ്യക്തികളെയും സംഭവങ്ങളെയുമാണ് പരിചയപ്പെടുത്തിയത്. സദസ്സിനെ ഗുണപരമായ ഒരു മനോഭാവത്തിലേക്ക് പരിവര്‍ത്തനപ്പെടുത്താന്‍ മുഖ്യപ്രഭാഷകനു കഴിഞ്ഞു.

വാര്‍ത്തകളിലും വര്‍ത്തമാനങ്ങളിലും പുഴുക്കുത്തുകളെപ്പറ്റി ഏറെപ്പറയുന്ന ഇക്കാലത്ത് പൂത്തും തളിര്‍ത്തും നില്‍ക്കുന്ന കുടുംബ ജീവിത അനുഭവങ്ങളെ സത്യസന്ധമായി അവതരിപ്പിക്കാനുള്ള താല്പര്യം, കുടുംബങ്ങളെ സ്നേഹിക്കുന്ന ഏവരും പുലര്‍ത്തണം. അ ത് തീര്‍ച്ചയായും കുടുംബങ്ങളെ ശക്തിപ്പെടുത്തും. വാര്‍ത്തകളില്‍ കാണുന്നവയും കേള്‍ക്കുന്നവയും ശരിയായിരിക്കാം. പക്ഷെ വാര്‍ത്താപ്രാധാന്യം ലഭിക്കാതെ പോകുന്ന, നന്മനിറഞ്ഞ ഒട്ടേറെ വ്യക്തികളും സംഭവങ്ങളും ഇക്കാലത്തും ഉണ്ടെന്ന സത്യം മറക്കരുത്.

അപചയങ്ങളുടെ അമിതവര്‍ണ്ണനകള്‍ ആരെയും പ്രലോഭിപ്പിക്കുകയേയുള്ളൂ. എന്നാല്‍ ഇന്നും തിളങ്ങിനില്‍ക്കുന്ന നന്മയുടെ ഇത്തിരിവെട്ടങ്ങള്‍ ഒത്തിരിപ്പേരെ പ്രചോദിപ്പിക്കുകതന്നെ ചെയ്യും. കുടുംബങ്ങളെക്കുറിച്ച് കരുതലുള്ളവര്‍ അവയെപ്പറ്റി കരുതലോടെയും കരുണയോടെയും സംസാരിക്കാന്‍ പരിശീലിക്കുക – കുടുംബപരിപോഷണത്തിനുള്ള ഒന്നാംപാഠം ഇതുതന്നെ!

Leave a Comment

*
*