Latest News
|^| Home -> Suppliments -> Familiya -> ആധുനിക കാലത്തെ ചില കുടുംബവിചാരങ്ങള്‍

ആധുനിക കാലത്തെ ചില കുടുംബവിചാരങ്ങള്‍

Sathyadeepam

സിസ്റ്റര്‍ ആന്‍ മേരി എസ്ജെഎസ്എം

ദൈവസ്നേഹത്തിന്‍റെ പ്രതിച്ഛായയും പ്രതിഫലനവുമാണു കുടുംബം. ദൈവം തന്‍റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചു. സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ച ദൈവം ഇപ്രകാരം ആഗ്രഹിച്ചു ആശീര്‍വദിച്ചു; പുരുഷന്‍ തന്‍റെ പിതാവിനെയും മാതാവിനെയുംവിട്ടു ഭാര്യയോടു ചേര്‍ന്നിരിക്കും. അവര്‍ ഇരുവരും ഏകശരീരമായിരിക്കും (മത്താ. 19:5).

ദൈവസ്ഥാപിതമായ കുടുംബം ഈശോയും ഭാര്യയും ഭര്‍ത്താവുമായ മുപ്പിരി ചരടിനാല്‍ സുദൃഢവും സ്നേഹപൂര്‍ണവുമാണ്. മിശിഹായില്‍ ബലിഷ്ഠമാക്കപ്പെട്ട ഭാര്യാ-ഭര്‍ത്തൃബന്ധം രണ്ടു ശരീരങ്ങള്‍ക്കപ്പുറമായി മനസ്സ് മനസ്സിലേക്കു വിലയം പ്രാപിക്കലാണ്. മതിലുകള്‍ക്കപ്പുറത്തു കാതങ്ങള്‍ താണ്ടി മനസ്സ് മനസ്സിനോടു മന്ത്രിക്കുന്ന ഉജ്ജ്വലമായ രസതന്ത്രമുണ്ട് യഥാര്‍ത്ഥ ദാമ്പത്യജീവിതത്തില്‍. ഈ ബന്ധം ദൃഢപ്പെടുന്നതും സ്നേഹച്ചങ്ങലയില്‍ ബന്ധങ്ങള്‍ പൂട്ടപ്പെടുന്നതും പരസ്പരമുള്ള സമര്‍പ്പണത്തില്‍ മാത്രമാണ്. എല്ലാ പ്രശ്നങ്ങളെയും ചിരിച്ചുകൊണ്ടു സമചിത്തതയോടെ നേരിടാന്‍ സാധിക്കുമ്പോള്‍ മനസ്സ് മനസ്സിനോടു സംവദിക്കുന്നു; “നിന്‍റെ ജീവിതം, അല്ല, നമ്മുടെ ജീവിതം സ്വര്‍ഗതുല്യമല്ലേ…?”

വീടും കുടുംബവും:
വീടു വാസയോഗ്യമായ ഒരു കെട്ടിടമായി മാറുമ്പോള്‍ അതില്‍ വസിക്കുന്ന വ്യക്തികളെയും, അവര്‍ തമ്മിലുള്ള അഗാധവും ആന്തരികവുമായ സ്നേഹബന്ധത്തെയും ഊട്ടിയുറപ്പിക്കുന്നതാണു കടുംബം. കൂടുമ്പോള്‍ ഇമ്പം നല്കുന്നതാണു കുടുംബം എന്നു പറയാറുണ്ടല്ലോ. സ്നേഹബന്ധം നഷ്ടപ്പെട്ടാല്‍ കുടുംബം ഒരു കൂട്ടായ്മയായി കണക്കാക്കപ്പെടുവാന്‍ സാധിക്കില്ല. ഒരു സ്നേഹസംസ്കാരം വളര്‍ത്തിയെടുക്കുക എന്നതു കുടുംബത്തിന്‍റെ മൗലികകടമയാണ്. കുടുംബത്തില്‍ പടുത്തുയര്‍ത്തേണ്ട കാതലായ ഭാഗമാണ് ഉത്തരവാദിത്വപൂര്‍ണമായ പിതൃത്വവും മാതൃത്വവും. മാതാപിതാക്കളും മക്കളും ഉള്‍ക്കൊള്ളുന്നതാണു സ്നേഹ സംസ്കാരം. വി. ചാവറ ഏലിയാസ് കുര്യാക്കോസച്ചന്‍ കുടുംബങ്ങള്‍ക്ക് ഉണര്‍വു നല്കുന്നത് ഇപ്രകാരമാണ്: “കുടുംബത്തില്‍ ജനിച്ചുവളരുന്ന ഓരോ വ്യക്തിയും ഭാവിക്കു മുതല്‍ക്കൂട്ടാണ്. അതു കുറഞ്ഞുപോകാതെയും നഷ്ടപ്പെടാതെയും ഇരിക്കണം. പക്വതയുള്ള വ്യക്തികളായി അവരെ രൂപപ്പെടുത്തുന്നതിനും മനുഷ്യത്വത്തിന്‍റെ പൂര്‍ണതയിലേക്കു നയിക്കുന്നതിനുള്ള ഉത്തരവാദിത്വം മാതാപിതാക്കള്‍ ഏറ്റെടുക്കണം (കുടുംബങ്ങള്‍ക്കുള്ള കത്ത്, നമ്പര്‍ 16).

മക്കള്‍ കുടുംബത്തിന്‍റെ കരുത്താണ്, മാതാപിതാക്കളുടെ സ്വത്താണ്. മക്കളുടെ എണ്ണം കൂടുമ്പോള്‍ കുടുംബം പ്രകാശപൂരിതമാകുന്നു. പരസ്പരം സഹായിക്കാന്‍, പങ്കുവയ്ക്കാന്‍, സ്നേഹിക്കാന്‍ മക്കള്‍ പഠിക്കുന്നു. “ഞാന്‍”, “എന്‍റെ” എന്ന സ്വാര്‍ത്ഥചിന്ത കുറയുമ്പോള്‍ “നമ്മള്‍”, “നമുക്ക്” എന്ന സത്ചിന്ത കൂടുന്നു. സ്നേഹകൂട്ടായ്മയുടെ ഒരു ‘അടിച്ചുപൊളി’ ജീവിതം കുടുംബത്തില്‍ മാതാപിതാക്കളുടെയും മക്കളുടെയും ഇടയില്‍ സംജാതമാകുന്നു.

കുടുംബം-പ്രഥമ വിദ്യാലയം:
ഉറച്ച ദൈവവിശ്വാസത്തിന്‍റെ കളരിയാണ് കുടുംബം. വിശ്വാസം, സ്നേഹം, സമാധാനം, വിശ്വസ്തത എന്നീ ഗുണങ്ങളാല്‍ പരിമളം പരത്തുന്ന ഉദ്യാനവാസികളാണു മാതാപിതാക്കളും മക്കളും. ഉദ്യാനപാലകര്‍ ഉദ്യാനത്തിന്‍റെ വളര്‍ച്ചയെ ലക്ഷ്യമിട്ടാണു പ്രവര്‍ത്തിക്കുന്നത്. അമ്മയുടെ ഉദരത്തില്‍ ഉരുവാകുന്ന നിമിഷം മുതല്‍ അപ്പനും അമ്മയും അദ്ധ്യാപകരായി, കൂട്ടുകാരായി, സംരക്ഷകരായി ആ കുഞ്ഞിനോടൊപ്പമുണ്ട്. ഇതു പലപ്പോഴും മാതാപിതാക്കള്‍ അറിയാതെ പോകുന്നുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

മാതാപിതാക്കള്‍ – ജീവിതമാതൃക:
മക്കളുടെ മാതൃക മാതാപിതാക്കളാണ്. നല്ല മാതൃക നല്കുവാന്‍ മാതാപിതാക്കള്‍ കടപ്പെട്ടിരിക്കുന്നു. മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും ലഹരിയേക്കാള്‍ എത്ര മടങ്ങു വലുതാണു സ്നേഹത്തിന്‍റെ ലഹരി. പരസ്പരം അംഗീകരിക്കാന്‍, പ്രോത്സാഹിപ്പിക്കുവാന്‍, ക്ഷമിക്കുവാന്‍, നന്മയുടെ പാഠങ്ങള്‍ പകര്‍ന്നുകൊടുക്കുവാന്‍ കഴിയുമ്പോള്‍ കുടുംബമാകുന്ന വടുവൃക്ഷം വളര്‍ന്നു പടര്‍ന്നു പന്തലിച്ചു ഫലദായകമാകുന്നു. വി. ചാവറയച്ചന്‍ ഇപ്രകാരം പറയുന്നു: “നിങ്ങളുടെ വാര്‍ദ്ധക്യത്തില്‍ നിങ്ങളെ സംരക്ഷിക്കുവാന്‍ തക്കവിധം നല്ല മക്കള്‍ നിങ്ങള്‍ക്കുണ്ടാകണമെങ്കില്‍ അവരെ ചെറുപ്പത്തില്‍ത്തന്നെ നല്ല ക്രിസ്ത്യാനിയാക്കണം. ഈ പ്രായത്തില്‍ അവര്‍ തമ്പുരാനെ സ്നേഹിക്കുകയും പേടിക്കുകയും ചെയ്തില്ലെങ്കില്‍ പിന്നെ കാരണവന്മാരെ പേടിക്കുകയും അനുസരിക്കുകയും ചെയ്യുമെന്നു കരുതാനാവില്ല” (ചാവരുള്‍, പേജ് 22). മാതാപിതാക്കള്‍, മക്കള്‍, സഹോദരീസഹോദരന്മാര്‍ എന്നിവര്‍ക്കെല്ലാം തങ്ങളുടേതായ കടമകളുണ്ട്. ഇവ യഥാസമയം നിര്‍വഹിച്ചാല്‍ കുടുംബജീവിതം മനോഹരവും സ്വര്‍ഗതുല്യമാവുകയും ചെയ്യും.

കുടുംബം-ദേവാലയം:
“ഒന്നിച്ചു പ്രാര്‍ത്ഥിക്കുന്ന കുടുംബം ഒന്നിച്ചു നില്ക്കും. കുടുംബാംഗങ്ങള്‍ ഒന്നിച്ചു പ്രാര്‍ത്ഥിക്കുമ്പോള്‍ ഐശ്വര്യവും സന്തോഷവും കളിയാടുന്നതു നാം കാണുന്നു. ഗാന്ധിജി പ്രാര്‍ത്ഥനയെക്കുറിച്ച് ഇപ്രകാരം പറയുന്നു: “പ്രഭാതത്തിന്‍റെ താക്കോലും പ്രദോഷത്തിന്‍റെ ഓടാമ്പലുമാണു പ്രാര്‍ത്ഥന. ദൈവം വസിക്കുന്ന ആലയം പരിശുദ്ധമായി സൂക്ഷിക്കുവാന്‍ കുടുംബാംഗങ്ങള്‍ കടപ്പെട്ടിരിക്കുന്നു. ദൈവചിന്ത സകല കുടുംബങ്ങളുടെയും നാഥന്‍. പരി. ത്രിത്വത്തിന്‍റെ കൂട്ടായ്മയില്‍ കുടുംബജീവിതം മുന്നേറുമ്പോള്‍ കൂട്ടായ്മയുടെ അംശമുള്ള ഒരു പ്രവര്‍ത്തനശൈലി കുടുംബത്തില്‍, സമൂഹത്തില്‍ നിറഞ്ഞുനില്ക്കുന്നു. കുടുംബത്തിന്‍റെ കെട്ടുറപ്പിന് ഇതു ശക്തിയും ഓജസ്സും നല്കും.

വെല്ലുവിളികള്‍:
ആധുനിക ലോകത്തില്‍ കുടുംബങ്ങള്‍ ഒത്തിരിയേറെ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. കുടുംബത്തിന്‍റെ പവിത്രതയും കെട്ടുറപ്പും കാത്തുസൂക്ഷിക്കുന്നതാണു ദമ്പതികള്‍ തമ്മിലുള്ള വിശ്വസ്തത. “വിവാഹേതരബന്ധം കുറ്റകരമല്ല” എന്ന സുപ്രീംകോടതിയുടെ വിധി കുടുംബത്തിന്‍റെ അടിത്തറ ഇളക്കുന്നതാണ്. ഇതു കുടുംബങ്ങളുടെ തകര്‍ച്ചയ്ക്കും വിവാഹമോചന തോതു വര്‍ദ്ധിക്കുന്നതിനും കുഞ്ഞുങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നതിനും ഇടവരുത്തും എന്നതിനു തര്‍ക്കമില്ല. ‘സഭ ആധുനിക ലോകത്തില്‍’ എന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖ ഇപ്രകാരം പറയുന്നു: “രണ്ടു വ്യക്തികളുടെ പരസ്പരദാനമെന്ന നിലയിലുള്ള ഈ ഗാഢമായ ഐക്യവും സന്താനങ്ങളുടെ ക്ഷേമവും ദമ്പതിമാരില്‍ നിന്നും പരിപൂര്‍ണ വിശ്വസ്തത ആവശ്യപ്പെടുന്നു. അവര്‍ തമ്മിലുള്ള വിഭജിക്കാനാവാത്ത ഒരുമയ്ക്ക് അവരെ നിര്‍ബന്ധിതരാക്കുന്നു” (നമ്പര്‍ 48). വിവാഹത്തിന്‍റെ അവിഭാജ്യത വേരുറപ്പിച്ചിട്ടുള്ളതു ദമ്പതികളുടെ പരസ്പരസ്നേഹത്തിലും ആത്മദാനത്തിലുമാണ്. ഇതു തങ്ങളുടെ കുഞ്ഞുങ്ങളുടെ വളര്‍ച്ചയ്ക്കും നല്ല ഭാവിക്കും അത്യാവശ്യമാണ്. ഈ അവസരത്തിലാണു വിവാഹബന്ധത്തിന്‍റെ ധാര്‍മ്മികത നഷ്ടപ്പെടുത്തി ഉപഭോഗസംസ്കാരത്തിന്‍റെ ചുവടുപിടിക്കുന്ന വിവാഹേതരബന്ധം കുറ്റകരമല്ല എന്ന ഇന്ത്യയുടെ ഉന്നത ന്യായപീഠമെന്ന് അഭിമാനിക്കുന്ന സുപ്രീംകോടതിയുടെ വിധി നിലവില്‍ വന്നിരിക്കുന്നത്. ഇതുപോലെതന്നെ സ്വവര്‍ഗരതി, ഭ്രൂണഹത്യ, ദയാവധം എന്നീ പ്രവര്‍ത്തനങ്ങളെയും സുപ്രീംകോടതി അംഗീകാരം നല്കി കൊണ്ടുവരുമ്പോള്‍ പ്രിയമുള്ളവരേ, നമ്മുടെ ജീവിതനിലവാരം എവിടെവരെ എത്തിയെന്നു വളരെ ആഴമായി ചിന്തിക്കേണ്ടിയിരിക്കുന്നു. സ്വവര്‍ഗരതിയെ അനുകൂലിക്കുന്നവര്‍ പ്രകൃതിനിയമങ്ങളെ ഇല്ലാതാക്കുകയും പ്രകൃതിയുടെ മുഖച്ഛായതന്നെ മാറ്റാന്‍ ശ്രമിക്കുകയുമല്ലേ ചെയ്യുന്നത്. ബുദ്ധിയും വിവേകവുമില്ല എന്നു നമ്മള്‍ കരുതുന്ന മൃഗങ്ങള്‍ പോലും ഈ മ്ലേച്ഛമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ല എന്ന സത്യം എന്തേ നമ്മള്‍ ഓര്‍ക്കാത്തത്?

പരിരക്ഷിക്കപ്പെടേണ്ടവര്‍ പരിത്യജിക്കപ്പെടുന്ന അവസ്ഥയായ ദയാവധവും ഭ്രൂണഹത്യയും ഇന്നു കുടുംബങ്ങളില്‍ കടന്നുകയറിയിരിക്കുന്നു. ‘സ്നേഹസംസ്കാരം’ വളര്‍ത്തേണ്ട കുടുംബങ്ങളില്‍ ഇന്നു വളര്‍ന്നു വരുന്നത് ‘മരണസംസ്കാര’മല്ലേ? ഇതിനെ ചിലര്‍ സ്വാഗതം ചെയ്യുമ്പോള്‍ വളരെ ഭയത്തോടും ആശങ്കയോടുംകൂടി മാത്രമേ ഒരു ഈശ്വരവിശ്വാസിക്ക് ഇതിനെ നിരീക്ഷിക്കുവാന്‍ സാധിക്കുകയുള്ളൂ. ദൈവവചനത്തിന്‍റെയും ദൈവസ്ഥാപിതമായ ധാര്‍മിക നിയമത്തിന്‍റെയും അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ നമുക്കു മേല്പറഞ്ഞ വിധികളെ സ്വീകരിക്കുവാന്‍ സാധിക്കില്ല.

ദൈവാനുഗ്രഹം കുടുംബത്തിലേക്കു വര്‍ഷിക്കപ്പെടുന്നതു പ്രായമായ മാതാപിതാക്കളിലൂടെയാണ്. പകലന്തിയോളം അദ്ധ്വാനിച്ചു മുണ്ടു മുറുക്കിയുടുത്തു മക്കളെ വളര്‍ത്തി വലുതാക്കിയതിന്‍റെ പ്രതിഫലമാണോ ദയാവധം? അറിഞ്ഞുകൊണ്ടുതന്നെ മരുന്നു കുത്തിവച്ചു പ്രായമായവരുടെ ജീവന്‍ അവസാനിപ്പിക്കുവാന്‍ മക്കള്‍ക്ക് എങ്ങനെ മനസ്സ് തോന്നും? കുടുംബത്തിന്‍റെ സാന്മാര്‍ഗികമൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണ് അവര്‍. ഈ കണ്ണാടിയെ പൊട്ടിച്ചു വലിച്ചെറിയാന്‍ തയ്യാറായാല്‍ വരുംകാലത്തില്‍ നിങ്ങളുടെ മക്കള്‍ നിങ്ങളോടു പെരുമാറുന്നത് എങ്ങനെയായിരിക്കും എന്ന് ഇപ്പോള്‍ത്തന്നെ സ്വപ്നംകാണുന്നതു നല്ലതായിരിക്കും. മുത്തശ്ശിക്കഥകള്‍ ചൊല്ലിക്കൊടുത്തു കുഞ്ഞുങ്ങള്‍ക്ക് ഉണര്‍വും ഓജസ്സും നല്കുന്നവരാണു പ്രായമുള്ള മാതാപിതാക്കള്‍ എന്ന് അനുഭവിച്ചറിയുന്നവരും നിരവധിയാണ്. ജീവിതത്തിന്‍റെ നല്ല പാഠങ്ങള്‍ ആവശ്യാനുസരണം വിളമ്പിത്തരുന്ന അദ്ധ്യാപകരല്ലേ അവര്‍? കൊച്ചുമക്കള്‍ വല്യപ്പച്ചന്‍റെയും വല്യമ്മച്ചിയുടെയും കൈപിടിച്ചു നടക്കുമ്പോള്‍, കൊച്ചുകൊച്ചു കഥകള്‍ കേള്‍ക്കുമ്പോള്‍ അവര്‍ തമ്മിലുള്ള അകലം കുറയുന്നു, അടുപ്പം കൂടുന്നു, Generation gap ഇല്ലാതാകുന്നു. തന്മൂലം കുടുംബബന്ധങ്ങള്‍ സുദൃഢമാകുന്നു. ഇത്തരത്തില്‍ ദൃഢമാക്കപ്പെട്ട കുടുംബങ്ങളില്‍ ദയാവധത്തിനും ഗര്‍ഭച്ഛിദ്രത്തിനും എന്തു പ്രസക്തിയാണുള്ളതെന്നു നിങ്ങള്‍തന്നെ വിലയിരുത്തുക.

ഈ സാഹചര്യത്തില്‍ നമ്മുടെ ഭരണകൂടം എന്തിനാണു ജനങ്ങളെ പാപാന്ധകാരത്തിലേക്കു നയിക്കുന്നത്? ധാര്‍മ്മികതയ്ക്ക് എന്തു വിലയാണ് ഇവര്‍ നല്കുന്നത്? ബൈബിളിലെ സോദോം ഗൊമോറായില്‍ സംഭവിച്ചവ നമ്മുടെ ദേശത്തു സംഭവിക്കാതിരിക്കാന്‍ നമുക്കു ജാഗരൂകരാകാം. ഒറ്റക്കെട്ടായി മുന്നേറാം.

Leave a Comment

*
*