
കെ.ജെ. ജോണ്‍സണ്‍
അഡ്വ. ജോണ്‍സണ്‍-ഡോ. സെല്‍ബിയ ദമ്പതികള്‍ ഇരിങ്ങാലക്കുട രൂപതാംഗങ്ങളാണ്. ജീസസ് യൂത്ത് മുന്നേറ്റത്തിലും ഇരിങ്ങാലക്കുട രൂപതയുടെ ദമ്പതികളുടെ മുന്നേറ്റമായ കാത്തലിക് കപ്പിള്‍സ് മൂവ് മെന്‍റിലും സജീവമായി പ്രവര്‍ത്തിക്കുന്നു. ആഗോളസഭയുടെ നേതൃത്വത്തില്‍ കുടുംബങ്ങള്‍ക്കുവേണ്ടി മൂന്നു വര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്ന വേള്‍ഡ് മീറ്റിങ്ങ് ഓഫ് ഫാമിലീസ് എന്ന സമ്മേളനത്തില്‍ ഇവര്‍ പങ്കെടുത്ത വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണിവിടെ.
അഡ്വ. ജോണ്‍സണ്‍: കുടുംബങ്ങളെക്കുറിച്ചുള്ള സഭയുടെ കാഴ്ചപ്പാടുകളുടെ വിവിധയിടങ്ങളില്‍ കുടുംബങ്ങള്‍ നേരിടുന്ന വെല്ലുവിളികളും ആയതിനെ ഉത്തരവാദിത്വപരമായി നേരിടേണ്ട രീതികളും സമീപനങ്ങളുമാണു പ്രധാനമായും ഈ സമ്മേളനങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുക. കഴിഞ്ഞ സമ്മേളനം അമേരിക്കയിലെ ഫിലാഡെല്‍ഫിയയിലും ഈ സമ്മേളനം അയലര്‍ലണ്ടിന്‍റെ തലസ്ഥാനമായ ഡബ്ലിനിലുമായിരുന്നു.
ഡോ. സെല്‍ബിയ: നൂറോളം രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളുണ്ടായിരുന്നു. മൂന്നു ദിവസത്തെ കോണ്‍ഗ്രസ്സ്. മാര്‍പാപ്പയുടെ അഭിസംബോധന, കുര്‍ബാന എന്നിവയാണു പ്രധാന പരിപാടികള്‍ ഈ സമ്മേളനത്തില്‍ ഏറ്റവുമധികം മുഴങ്ങിക്കേട്ടതു മൂന്നു വാക്കുകളാണ്. I am sorry, Please, Thank you. സുവിശേഷാധിഷ്ഠിതമായ കുടുംബങ്ങളിലൂടെ ലോകത്തെ ആനന്ദപ്രദമാക്കാം എന്നതായിരുന്നു പ്രധാനം വിഷയം.
അഡ്വ. ജോണ്‍സണ്‍: ശരിയാണ്. മാര്‍പാപ്പയുടെ പ്രസംഗത്തില്‍ തുടര്‍ച്ചയായി ഈ വാക്കുകള്‍ കടന്നുവന്നിരുന്നു. ദമ്പതികള്‍ തമ്മില്‍ പാലിക്കേണ്ട ബഹുമാനം, ക്ഷമ, വിശ്വസ്തത ഇവയെ ഊന്നിയാണു പാപ്പ സംസാരിച്ചത്. ബഹുമാനത്തെക്കുറിച്ചു ഫ്രാന്‍സിസ് പാപ്പ പറഞ്ഞ ഒരു കാര്യം ഏവരെയും ആകര്‍ഷിച്ചു. "നിങ്ങളുമായി തര്‍ക്കത്തിലേര്‍പ്പെട്ടു പങ്കാളി മറ്റൊരു റൂമില്‍ ഉറങ്ങുകയാണെന്നു കരുതുക. കതകില്‍ പതുക്കെ തട്ടി നിങ്ങള്‍ ചോദിക്കണം: "പ്ലീസ്, ഞാന്‍ അകത്തു കടന്നോട്ടെ."
ഡോ. സെല്‍ബിയ: പങ്കെടുക്കാനുണ്ടായിരുന്ന കുട്ടികള്‍ക്കു കളിക്കാനായി നല്കിയ ക്യൂബില്‍ പോലും ഈ മൂന്നു വാക്കുകളുണ്ടായിരുന്നു. വി. കുര്‍ബാന എഴുന്നള്ളിച്ചുവച്ചിരുന്ന ചാപ്പലിലും ഭക്ഷണം കഴിക്കാനായി ഒഴിച്ചിട്ടിരിക്കുന്ന സ്ഥലങ്ങളിലും ഈ വാക്കുകള്‍ പതിപ്പിച്ചുവച്ചിരുന്നു.
അഡ്വ. ജോണ്‍സണ്‍: കുട്ടികളുടെ വിശ്വാസപരിശീലനത്തിനു സമ്മേളനം വളരെ പ്രാധാന്യം നല്കിയിരുന്നു. Youcat Kids എന്ന ഗ്രന്ഥം എല്ലാവര്‍ക്കും വിതരണം ചെയ്തു. സഭയുടെ മതബോധനം ലളിതമായി ചോദ്യോത്തരമെന്നതുപോലെ കുട്ടികള്‍ക്കു മനസ്സിലാകുന്ന രീതിയില്‍ തയ്യാറാക്കിയ മനോഹരമായ പുസ്തകമാണിത്.
ഡോ. സെല്‍ബിയ: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുടുംബങ്ങള്‍ പാപ്പയുടെ മുമ്പില്‍ വന്നു കുടുംബവിശേഷങ്ങള്‍ പങ്കുവയ്ക്കുകയുണ്ടായി. കുട്ടികളുമായി സമയം ചെലവഴിക്കുമ്പോഴുളള നന്മയും മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പുലര്‍ത്തേണ്ട ജാഗ്രതയും പക്വതയും ഇന്ത്യയില്‍ നിന്നുള്ള ഒരു കുടുംബം അവതരിപ്പിച്ചതു പാപ്പ തന്‍റെ പ്രസംഗത്തില്‍ എടുത്തുപറയുകയുണ്ടായി.
അഡ്വ. ജോണ്‍സണ്‍: ഇതു കേട്ടപ്പോള്‍ ഞങ്ങളുടെ കുടുംബത്തിന്‍റെ കാര്യം ഞാനോര്‍ത്തു. കുറച്ചുകൂടി സമയം കുട്ടികളോടൊത്തു വേണ്ടേ. ഇതിനായി ഒരു കാര്യം ഞങ്ങള്‍ ബോധപൂര്‍വം പരിശീലിക്കുന്നു. വൈകീട്ട് 7.30 മുതല്‍ 9.30 വരെ ഫോണ്‍, സോഷ്യല്‍മീഡിയ, ടി.വി. എന്നിവ പരമാവധി ഒഴിവാക്കുക. കുട്ടികളുടെ കൂടെ ആയിരിക്കാന്‍ ശ്രമിക്കുക.
ഡോ. സെല്‍ബിയ: കുടുംബത്തെ സംബന്ധിക്കുന്ന വിവിധങ്ങളായ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ക്ലാസ്സുകളും ചര്‍ച്ചകളും പല ഹാളുകളില്‍ നടന്നിരുന്നു. താത്പര്യമുള്ള വിഷയങ്ങളില്‍ നമുക്കു പങ്കെടുക്കണം. വൈദഗ്ദ്ധ്യമുളളവരും ആര്‍ച്ച്ബിഷപ്പുമാരും മറ്റുമാണ് ഇതിനു നേതൃത്വം കൊടുത്തിരുന്നത്.
അഡ്വ. ജോണ്‍സണ്‍: അന്തര്‍ദ്ദേശീയതലത്തില്‍ കുടുംബങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന വിവിധങ്ങളായ സംഘടനകളെ പരിചയപ്പെടാന്‍ അവസരം കിട്ടി Couples for Chirist (CFC) സംഘടനയിലെ ദമ്പതികള്‍ അവരുടെ ദാമ്പത്യബന്ധത്തിലെ പ്രതിസന്ധികളും അവയെ നേരിട്ട രീതികളും വിവരിച്ചതു ഹൃദയസ്പര്‍ശിയായിരുന്നു.
ഡോ. സെല്‍ബിയ: ഇറാക്കില്‍ നിന്നും ഒരു കുടുംബത്തെ പരിചയപ്പെടുത്തിയിരുന്നു. യുദ്ധക്കെടുതിമൂലം സാമ്പത്തികമായി തകര്‍ന്നവര്‍, അവരുടെ കുടുംബത്തിലെ രണ്ടംഗങ്ങള്‍ കൊല്ലപ്പെട്ടു. സുഹൃത്തുക്കള്‍ മുസ്ലീം മതത്തിലേക്കു നിര്‍ബന്ധമായി പരിവര്‍ത്തനം ചെയ്യപ്പെട്ടു. ഭക്ഷണത്തിനും വസ്ത്രത്തിനുംവേണ്ടി ബുദ്ധിമുട്ടുമ്പോഴും അവരുടെ വിശ്വാസം തെല്ലും കുറഞ്ഞിട്ടില്ല. മറക്കാനാവാത്ത ദൃശ്യങ്ങളാണത്.
അഡ്വ. ജോണ്‍സണ്‍: സിറിയയില്‍ അംബാസിഡറായിരുന്ന ഒരു കര്‍ദിനാള്‍ തന്‍റെ അനുഭവം വിവരിച്ചതു നെഞ്ചിടിപ്പോടെയാണ് എല്ലാവരും ശ്രവിച്ചത്. പീഡിപ്പിക്കപ്പെടുമ്പോഴും ജ്വലിച്ചു നില്ക്കുന്ന വിശ്വാസപ്രതീകങ്ങള്‍.
ഡോ. സെല്‍ബിയ: ലോകത്തിലെ വിവിധ മുന്നേറ്റങ്ങളെയും വിവിധ സഭകളെയും പ്രസ്ഥാനങ്ങളെയും അടുത്തു പരിചയപ്പെടാന്‍ നല്ലൊരു എക്സിബിഷന്‍ സംഘടിപ്പിച്ചിരുന്നു. നമ്മുടെ ഷാലോമിന്‍റെ സ്റ്റാളും ഉണ്ടായിരുന്നു. വൈകുന്നേരങ്ങളില്‍ കലാപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ജീസസ് യൂത്തിന്‍റെ റെക്സ് ബാന്‍ഡ് വിവിധ വേദികളില്‍ പ്രകടനം നടത്തി.
അഡ്വ. ജോണ്‍സണ്‍: മണിക്കൂറുകള്‍ നടന്നാണു പാപ്പയുടെ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ പോയത്. കനത്ത സുരക്ഷയില്‍ എല്ലാവര്‍ക്കും അടുത്തു പാപ്പയെ കാണാവുന്ന രീതിയില്‍ ക്രമീകരണങ്ങള്‍ ഉണ്ടായിരുന്നു. എത്ര ആവേശത്തോടെയാണു പാപ്പയെ ജനങ്ങള്‍ സ്വീകരിക്കുന്നത്. ആ ആവേശം ഒട്ടും ചോരാതെയാണു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രതികരണങ്ങളും.
അയലര്‍ലണ്ടിലെ സഭ ചെയ്തിട്ടുള്ള തെറ്റുകള്‍ക്കു മാപ്പ് ചോദിച്ചുകൊണ്ടാണു പാപ്പ കുര്‍ബാന തുടങ്ങിയത്. കുടുംബങ്ങളിലും സഭയിലും ക്ഷമ ചോദിക്കാനും ക്ഷമിക്കാനും പരസ്പരം ബഹുമാനിക്കാനും ഫ്രാന്‍സിസ് പാപ്പ പഠിപ്പിക്കുകയായിരുന്നു.
ഡോ. സെല്‍ബിയ: ഇത്രയും പണം ചെലവു ചെയ്ത് ഇങ്ങനെയുള്ള സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതെന്തിനെന്ന ചോദ്യം പലരും ചോദിച്ചു. നമ്മുടെ ആഗോളസഭയെ കുറച്ചുകൂടി അടുത്തറിയുക, കുടുംബത്തെ കുറച്ചുകൂടി ആനന്ദമുള്ളതാക്കി തീര്‍ക്കുക; ഇത്രമാത്രം.