കുടുംബങ്ങളെ വിഴുങ്ങുന്ന സീരിയലുകള്‍….

കുടുംബങ്ങളെ വിഴുങ്ങുന്ന സീരിയലുകള്‍….

ടോംസ് ആന്‍റണി

പത്താം ക്ലാസ്സിലെ കുട്ടികളുടെ മാതാപിതാക്കള്‍ക്കുള്ള സെമിനാര്‍ നടത്തുന്ന അവസരത്തില്‍ "നിങ്ങളുടെ എത്ര വീടുകളില്‍ സീരിയലുകള്‍ കാണാറുണ്ട്" എന്ന ചോദ്യത്തിന് പകുതിയിലധികം പേര്‍ കൈപൊക്കിയത് ഞെട്ടലോടെയാണ് ഞാന്‍ മനസ്സിലാക്കിയത്. പത്താം ക്ലാസ്സിലെ വാര്‍ഷിക പരീക്ഷ അടുത്ത ഈ അവസരത്തിലും സീരിയലുകളോട് വിടപറയുവാന്‍ നമ്മുടെ കുടുംബിനികള്‍ക്കാവുന്നില്ല എന്നത് എത്രയോ ദുഃഖകരമാണ്.
സീരിയലുകള്‍ കാണാതെ അവ വിതയ്ക്കുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ഞാന്‍ എങ്ങനെ എഴുതും? അത് ഒരു ചോദ്യമായി അവശേഷിക്കുമ്പോഴും സീരിയലുകള്‍ ഒന്നുംതന്നെ കാണാതെ ഈ ലേഖനമെഴുതുന്നതിലെ യുക്തിയെ ചോദ്യം ചെയ്യേണ്ടവര്‍ക്കു ചോദ്യം ചെയ്യാം. പക്ഷേ, ഈ കാലഘട്ടത്തില്‍ കുടുംബ ബന്ധങ്ങള്‍ക്കു നേരെ ഏറ്റവും കൂടുതല്‍ കരിനിഴല്‍ വീഴ്ത്തുന്ന സീരിയലുകള്‍ക്കെതിരെ തൂലികയെ പടവാളാക്കുക എന്നത് അനിവാര്യതയാണ്; എന്‍റെ ധര്‍മ്മമാണ്.
അടിമത്തം ആപത്ത്
മദ്യം, മയക്കുമരുന്ന്, പുകവലി എന്നിവപോലെ തന്നെ, ഒരു പക്ഷെ അതിനുംമേലെ, മനുഷ്യനെ, അടിമയാക്കുവാന്‍ സീരിയലുകള്‍ക്കു കഴിയുന്നുണ്ട് എന്നതാണ് വാസ്തവം. നല്ല സീരിയലുകള്‍, മോശം സീരിയലുകള്‍ എന്നിങ്ങനെ സീരിയലുകളെ തരം തിരിക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. കാരണം അടിമത്തത്തിലേയ്ക്കും സമയം നശിപ്പിക്കുന്നതിലേയ്ക്കും നയിക്കുന്ന എല്ലാ സീരിയലുകളും ആപത്താണ്. ദൈവം കനിഞ്ഞു നല്കുന്ന ഏറ്റവും വലിയ നിധികളിലൊന്നാണ് സമയം. നന്മ ചെയ്യാന്‍, സൗഹൃദം പുലര്‍ത്താന്‍, സാന്നിദ്ധ്യംകൊണ്ട് ചുറ്റുമുള്ളവയെ സമ്പന്നവും പ്രസന്നവുമാക്കാന്‍, കുടുംബബന്ധങ്ങളെ സുദൃഢമാക്കാന്‍ എന്നിങ്ങനെ സമയത്തെ നാം നന്നായി വിനിയോഗിക്കേണ്ടതുണ്ട്. അമൂല്യമായ ഈ സമയത്തെയാണ് സീരിയലുകള്‍ വല്ലാതെ കവര്‍ന്നെടുക്കുന്നത്.
മഹാനായ സിസറോയുടെ വാക്കുകള്‍ ഇവിടെ ഓര്‍ക്കുന്നത് നന്ന്. "ലോകത്തിലെ ഏറ്റവും വലിയ വിജയം തന്നോടുതന്നെയുള്ള വിജയമാണ്. ആയിരം ആനകളെ യുദ്ധത്തില്‍ തോല്പിച്ചാലും തന്നോടുതന്നെ വിജയിക്കുന്നില്ലെങ്കില്‍ അതൊരു വിജയമേ അല്ല." സീരീയലുകള്‍ക്കടിമയായവര്‍ തങ്ങളോടുതന്നെ പരാജയപ്പെട്ട വ്യക്തിത്വങ്ങളാണ്. സമയത്തെ തങ്ങളുടെ നിയന്ത്രണത്തിലാക്കാന്‍ കഴിയാത്തവരാണ്. ആ അവസ്ഥയെയാണ് അടിമത്തം എന്നു പറയുന്നത്.
മദ്യവും, പുകയില ഉല്പന്നങ്ങളും ഉപയോഗിക്കുന്നവരില്‍ ചിലര്‍ വര്‍ഷത്തിലെ ചില പ്രത്യേക കാലഘട്ടങ്ങളില്‍ അത് ഉപേക്ഷിക്കാറുണ്ട്. ഉദാഹരണമായി നോമ്പാചരണം, മലയ്ക്കുപോകല്‍….
….തുടങ്ങിയവയുമായി ബന്ധപ്പെട്ട് മദ്യവും പുകവലിയും താത്കാലികമായി ഉപേക്ഷിക്കുന്നവരുണ്ട്. എന്നാല്‍ സീരിയലുകള്‍ക്ക് അടിമയായവര്‍ക്ക് ഇത്തരമൊരു ഉപേക്ഷിക്കല്‍ അസാദ്ധ്യമായിമാറുന്നു. ദുഃഖവെള്ളിയാഴ്ചപോലും സീരിയലുകള്‍ മുടങ്ങാതെ കാണുന്നവര്‍ നമുക്കുചുറ്റും ധാരാളമുണ്ടുതാനും. അടിമത്തത്തിലേയ്ക്ക് നയിക്കുന്നതെന്തും വലിയ തിന്മയാണെന്ന തിരിച്ചറിവ് നമുക്ക് ഉണ്ടായേതീരൂ!
അയല്‍ക്കാരുമായും, സുഹൃത്തുക്കളുമായുള്ള സംഭാഷണങ്ങള്‍ക്കിടയിലാണ് സീരിയലുകളുടെ കാര്യം ചര്‍ച്ചയാവുന്നത്. ഇങ്ങനെ ചര്‍ച്ചയാകുമ്പോള്‍ ആകാംക്ഷയ്ക്കുവേണ്ടി ആദ്യം ഒരു സീരിയല്‍ കാണുന്നത് പതിവാക്കും. 8 മണിക്കുള്ള ഒരു സീരിയല്‍ കാണുവാന്‍ 7.55-ന് ടി.വി.യുടെ മുന്നില്‍ എത്തുമ്പോള്‍ മുമ്പുള്ള സീരിയലിന്‍റെ അവസാനഭാഗം കാണുന്നതിനും, ശേഷം സംപ്രേഷണം ചെയ്യുന്ന സീരിയലിന്‍റെ ആദ്യഭാഗം കാണുന്നതിനും ഇടയാകും. കൂടാതെ ഇടയ്ക്കിടെ മറ്റു സീരിയലുകളുടെ പരസ്യവും ശ്രദ്ധയില്‍ പെടുകയും ചെയ്യും. ക്രമേണ ഒരു സീരിയലില്‍ നിന്നുള്ള പ്രയാണം രണ്ടിലും മൂന്നിലും നാലിലുമൊക്കെയായി നീളും. പിന്നെ സീരിയലുകളില്ലാത്ത ഒരു ജീവിതം തന്നെ അസാദ്ധ്യമായിവരും.
സീരിയലുകളുടെ സമയക്രമം ഇടയ്ക്കിടെ മാറ്റുന്നത് മറ്റു സീരിയലുകളിലേയ്ക്ക് കുടുംബിനികളെ ആകര്‍ഷിക്കുന്നതിനാണ്. ഉദാഹരണമായി 8 മണിയുടെ സീരിയല്‍ സ്ഥിരം കണ്ടുകൊണ്ടിരുന്ന ഒരു വ്യക്തി ഒരു ദിവസം ആ സമയത്ത് കാണുന്നത് പുതിയതായി ആരംഭിക്കുന്ന മറ്റൊരു സീരിയലാണ്. പഴയ സീരിയല്‍ ചിലപ്പോള്‍ 8.30 ലേ ക്ക് മാറ്റിയിട്ടുണ്ടാവും. ഇതൊക്കെ ബോധപൂര്‍വ്വം ഒരുക്കുന്ന "ചതിക്കുഴി"കളാണ് എന്ന തിരിച്ചറിവു വേണം.
സീരിയലുകള്‍ പറയുന്നതെന്താണ്?
മിക്ക സീരിയലുകളിലെയും കേന്ദ്ര കഥാപാത്രവും പ്രതിനായികാവേഷവും ചെയ്യുന്നത് സ്ത്രീകള്‍ തന്നെയാണ്. സ്ത്രീകളുടെ വില്ലത്തരങ്ങളും കണ്ണുനീരുമാണ് സീരിയലുകളുടെ കഥാതന്തു. ഒരു വശത്ത് ബലഹീനയും ശാന്തയും, നന്മയുടെ അവതാരവുമായ ഒരു സ്ത്രീ. മറുവശത്ത് എല്ലാ വില്ലത്തരങ്ങളും കൊണ്ടുനടക്കുന്ന ദുഷ്ടയായ മറ്റൊരു സ്ത്രീയും. ഇവ രണ്ടും സ്ത്രീത്വത്തിന്‍റെ യഥാര്‍ത്ഥ പരിച്ഛേദമല്ല. ഇതിനിടയില്‍ അവിഹിതമായ കാര്യങ്ങളും സസ്പെന്‍സ്  ഉണ്ടാക്കുന്നതിനുവേണ്ടി ബോധപൂര്‍വ്വം സൃഷ്ടിക്കുന്ന അയഥാര്‍ത്ഥമായ കാര്യങ്ങളുമൊക്കെ ചേര്‍ന്നാല്‍ ഒരു തട്ടുപൊളിപ്പന്‍ സീരിയലായി. ഇങ്ങനെയുള്ള സീരിയലുകളെ എത്ര എപ്പിസോഡും നീട്ടി ക്കൊണ്ടുപോകാനും പ്രേഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി പണം കൊയ്യാനും ഒരു നല്ല നിര്‍മ്മാതാവിനും സംവിധായകനും കഴിയും.
യാഥാര്‍ത്ഥ്യബോധ്യമില്ലാത്തതും അതിഭാവുകത്വം നിറഞ്ഞതുമായ സീരിയലുകള്‍ സ്ത്രീ സമൂഹത്തെ അപമാനിക്കുകയാണെന്നും ഈ സീരിയലുകള്‍ ബഹിഷ്ക്കരിക്കാന്‍ സ്ത്രീകള്‍ തയ്യാറാകണമെന്നും മുന്‍ ആരോഗ്യമന്ത്രി പി.കെ. ശ്രീമതി പറഞ്ഞതും ശ്രദ്ധേയമാണ്.
കുടുംബാംഗങ്ങളുടെ ഒന്നിച്ചുള്ള ഭക്ഷണവും, ഒന്നിച്ചുള്ള കളികളും ചര്‍ച്ചകളും സംഭാഷണങ്ങളും, ഇതര വിനോദങ്ങളുമെല്ലാം ഇന്ന് സീരിയലുകള്‍ക്ക് വഴിമാറിയിരിക്കുന്നു. കുടുംബപ്രാര്‍ത്ഥനകള്‍ ഇന്ന് ഇല്ലാതായിരിക്കുന്നു. ഇന്ന് കുടുംബത്തെ നരകതുല്യമാക്കാന്‍ സീരിയലുകള്‍ക്ക് കഴിയുന്നുവെന്നതാണ് വാസ്തവം. ഇഷ്ടപ്പെട്ട പ്രോഗ്രാമുകള്‍ക്കുവേണ്ടി കുടുംബാംഗങ്ങള്‍ തമ്മില്‍ വഴക്കടിക്കുന്ന കാഴ്ചകളും വിരളമല്ല.
കുഞ്ഞിനെ ഉറക്കിക്കിടത്തിയിട്ടു സീരിയലില്‍ മുഴുകി, കുഞ്ഞ് തൊട്ടിലില്‍ നിന്നും കട്ടിലില്‍ നിന്നും വീണ സംഭവങ്ങള്‍, ഗ്യാസില്‍ പാല് തിളപ്പിക്കാന്‍ വച്ച് സീരിയല്‍ കാണുന്നതിനിടയില്‍ തിപിടുത്തമുണ്ടായ ദുരനുഭവങ്ങള്‍, അടുപ്പത്ത് ഭക്ഷണ സാധനങ്ങള്‍ കരിഞ്ഞുപോയ അവസ്ഥകള്‍; അതെ! ഉത്തരവാദിത്വങ്ങള്‍ മറക്കുന്നവര്‍ അനവധിയാണ്. സീരിയലുകള്‍ വിതയ്ക്കുന്ന പ്രശ്നങ്ങളില്‍ കുടുങ്ങി ജീവന്‍ ഹോമിച്ചവരും വിരളമല്ല.
പുറത്തുപോയി ജോലിചെയ്തു വരുമ്പോള്‍ വിശ്രമിക്കാനും മനസ്സുതുറന്നു സന്തോഷിക്കാനുമുള്ള ഒരിടമാണ് വീടെന്നാണ് നാം കേട്ടിരിക്കുന്നത്. പക്ഷെ വെട്ടാനും കൊല്ലാനും പകപോക്കാനുമൊക്കെയുള്ള ചതിക്കളമാണ് വീടെന്ന് സീരിയലുകള്‍ നമുക്കു കാട്ടിത്തരുന്നു. വീട്ടിലെ സ്വീകരണമുറിയിലേയ്ക്ക് നേരിട്ട് എത്തുന്ന ഇത്തരം പരിപാടികള്‍ നമ്മുടെയും നമ്മുടെ കുട്ടികളുടെയും മനസ്സിലേയ്ക്ക് വിഷം കയറ്റിക്കൊണ്ടിരിക്കുന്നവയാണെന്ന് പ്രഭാപിള്ള പറയുന്നു.
കുട്ടികള്‍ക്ക് പഠിക്കുന്നതിനും വിനോദിക്കുന്നതിനുമുള്ള വലിയ അവസരം കൂടിയാണ് സീരീയലുകള്‍ കവര്‍ന്നെടുക്കുന്നത്. നീ പഠിക്കെടാ എന്ന് പറഞ്ഞ് ഒരു മുറിയിലിരുത്തി മറ്റൊരു മുറിയിലിരുന്ന് സീരിയലുകള്‍ കാണുമ്പോള്‍ ഒന്നോര്‍ക്കുക. കുട്ടിയും സീരിയലിന് അടിമയാകുകയാണെന്ന്. സംഭാഷണങ്ങള്‍ കേള്‍ക്കുന്നതിലൂടെ കുട്ടിയും സീരിയലുകളുടെ മാസ്മരികലോകത്തേക്ക് വഴുതി വീഴുന്നു.
ആര്‍. ശ്രീലേഖ ഐ.പി.എസ്. ന്‍റെ വാക്കുകള്‍ ഇവിടെ ശ്രദ്ധേയമാണ്. "ടി.വി. സീരിയലുകള്‍ എന്ന് നില്‍ക്കുന്നുവോ അന്ന് അവിഹിതവും നില്‍ക്കും" സീരിയലുകളാണ് അവിഹിതത്തെ പ്രോത്സാഹിപ്പിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.
നമ്മുടെ കുടുംബബന്ധങ്ങളുടെ ഊഷ്മളതയെ അറിഞ്ഞോ അറിയാതെയോ തകര്‍ത്തു തരിപ്പണമാക്കുന്നവയാണ് സീരിയലുകള്‍. അവയെ നാം ഒറ്റക്കെട്ടായി ബഹിഷ്ക്കരിക്കണം. നമ്മുടെ സര്‍ക്കാരുകള്‍ സിനിമയ്ക്ക് സെന്‍സറിംഗ് ഏര്‍പ്പെടുത്തിയിട്ടുള്ളതുപോലെ തന്നെ സീരിയലുകള്‍ക്കും സെന്‍സറിംഗ് നിര്‍ബന്ധമായി ഏര്‍പ്പെടുത്തണം. മനഃശാസ്ത്രജ്ഞന്മാരും സാമൂഹിക പ്രവര്‍ത്തകരും അടങ്ങിയതാവണം ഈ സെന്‍സറിംഗ് ബോര്‍ഡ്. സിനിമയിലെപ്പോലെ അശ്ലീലരംഗങ്ങളൊന്നും സീരിയലുകളില്‍ ഇല്ലെങ്കിലും അശ്ലീലച്ചുവയുള്ള സംഭാഷണങ്ങള്‍, ദ്വയാര്‍ത്ഥപ്രയോഗങ്ങള്‍, കുടുംബങ്ങളെ ശിഥിലമാക്കാന്‍ പോന്ന കഥകളും, അവതരണശൈലിയും; ബന്ധങ്ങള്‍ക്ക് വില കല്പിക്കാത്തതും, ക്രൂരതയും നിറഞ്ഞ സംഭാഷണ ശൈലികള്‍, കുട്ടികളെ വളരെ പ്രതികൂലമായി ബാധിക്കുന്ന രംഗങ്ങള്‍ ഇവയെല്ലാം ഈ സെന്‍സര്‍ ബോര്‍ഡ് വിലയിരുത്തി തള്ളേണ്ടവയെ തള്ളിക്കളയുവാനുള്ള ആര്‍ജ്ജവം കാണിക്കേണ്ടതുണ്ട്. അതുണ്ടായില്ലെങ്കില്‍ സ്വാര്‍ത്ഥത മുറ്റിയ, തന്‍റേടികളായ, മൂല്യബോധമില്ലാത്ത ഒരു തലമുറ രൂപപ്പെട്ടുവരും എന്നതില്‍ തര്‍ക്കമില്ല. കുടുംബസദസ്സുകള്‍ക്കനുയോജ്യമല്ലാത്തവയെ നിരോധിക്കണം. ഇക്കാര്യത്തില്‍ ഗൗരവമായ സമീപനം സ്വീകരിച്ചില്ലെങ്കില്‍ നമ്മുടെ സ്വീകരണ മുറിയിലേയ്ക്കും മോശം രംഗങ്ങളും സംഭാഷണങ്ങളും കൂടുതലായി കടന്നുവരുന്ന അവസ്ഥ അനതിവിദൂരഭാവിയില്‍ സംജാതമായേക്കാം.
മെഗാസീരിയല്‍ നിര്‍മ്മാണരംഗത്ത് സജീവമായിരുന്ന രാജേഷ് കെ. നാരായണന്‍റെ വാക്കുകള്‍ കൂടി രേഖപ്പെടുത്തട്ടെ. "കഴിഞ്ഞ എട്ടുവര്‍ഷം മെഗാസീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുകയും ആവര്‍ത്തന വിരസത ഒന്നുകൊണ്ടുമാത്രം ആ രംഗം ഉപേക്ഷിക്കുകയും ചെയ്ത ആളാണ് ഞാന്‍. ഞാനെഴുതിയ കഥകള്‍ എന്നെത്തന്നെ ഇത്രയേറെ ബോറടിപ്പിക്കുമ്പോള്‍ ഇതു കാണുന്ന പ്രേക്ഷകരുടെ അവസ്ഥയോ?"
പ്രിയരേ, നമുക്ക് സീരിയലുകളോട് പൂര്‍ണ്ണമായും വിടപറയാം. നന്മയ്ക്കുവേണ്ടിയും കരുതലുകള്‍ക്കുവേണ്ടിയും നമ്മുടെ ധന്യമായ സമയത്തെ നമുക്കു മാറ്റാം. ദൈവാനുഭവപൂര്‍ണ്ണമായ സായാഹ്നം നമ്മുടെ വീടുകളിലെന്നും വിളങ്ങി നില്ക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org