കുമ്പസാരത്തിന്റെ കുമ്പസാരരഹസ്യം

കുമ്പസാരത്തിന്റെ കുമ്പസാരരഹസ്യം

കുടുംബജീവിതബന്ധങ്ങളെ ബലപ്പെടുത്താന്‍, സ്മാര്‍ട്ടാക്കാന്‍
ഒരു ഫാമിലി കൗണ്‍സിലറുടെ അനുഭവപാഠങ്ങള്‍

വിപിന്‍ വി. റോള്‍ഡന്‍റ്
മനഃശാസ്ത്രജ്ഞന്‍, പ്രഭാഷകന്‍,
പരിശീലകന്‍, ഗ്രന്ഥകാരന്‍
Chief Consultant Psychologist,
Sunrise Hospital, Cochin University
& Roldants Behaviour Studio, Cochin

"കുമ്പസാരിക്കേണ്ട കാര്യമുണ്ടോ?" ചോദ്യം ഒരു യുവജന സെമിനാറിനിടെ കൂടിയിരിക്കുന്ന ആയിരത്തിലൊരുവന്‍റെ വക. "എന്താ ഇപ്പോ അങ്ങനെ തോന്നാന്‍?" ഞാന്‍ ചോദിച്ചു. "അല്ല സാര്‍, നമ്മളു കുമ്പസാരിക്കും, പോരും. പിന്നേം കുമ്പസാരിക്കും, അധികം താമസിയാതെ…. അപ്പോഴും മുമ്പ് പറഞ്ഞ പാപങ്ങള്‍ തന്നെ പറയും. ഇങ്ങനെ തന്നേം പിന്നേം പറഞ്ഞതുതന്നെ പറഞ്ഞ് പറഞ്ഞ് ഒരു വൈക്ലബ്യം. നമുക്കു മാറ്റമുണ്ടാക്കാന്‍ സഹായിക്കുന്നില്ലെങ്കില്‍ വെറുതെ അച്ചന്മാരുടെ സമയം കളയേണ്ടതുണ്ടോ?" ചോദ്യം സുന്ദരം, അപാരം… യുവജനക്കൂട്ടം ആര്‍ത്തുചിരിച്ചു കൈയടിച്ചു. അപ്പോള്‍ ദാ അടുത്തയാള്‍ ചാടിയെണീറ്റു. "അതേ സാറേ, വേറൊരു ചിന്ന doubt? നമ്മളു കുമ്പസാരിക്കുന്നുണ്ടെങ്കില്‍ തന്നെ ദൈവത്തോട് നേരിട്ട് പറഞ്ഞങ്ങു solve ചെയ്താല്‍ പോരെ. ഇടവകപ്പള്ളീലെ അച്ചന്‍റെ മുമ്പില്‍ മുട്ടുകുത്തേണ്ടതുണ്ടോ? ഇതു നമ്മളെ മുട്ടുകുത്തിക്കാന്‍ 'അച്ചന്‍സ്' കണ്ടുപിടിച്ച അടവല്ലേ…" വേണ്ടാത്ത 'കോണ്‍ട്രാ' ഡയലോഗുകള്‍ കേള്‍ക്കുമ്പോള്‍ അടിവയറില്‍നിന്നു കയറിവരുന്ന ആനന്ദത്തോടെ നമ്മുടെ സ്വന്തം യുവജന വിസ്ഫോടനങ്ങള്‍ ശബ്ദഘോഷത്തോടെ കൈയടിച്ചു. മറുപടി പറയാന്‍ പറ്റിയ രണ്ടു 'കിടുമണി' ചോദ്യങ്ങള്‍ കിട്ടിയതിന്‍റെ ആനന്ദത്തില്‍ ഞാന്‍ എന്‍റെ ഉത്തരങ്ങള്‍ പറയാന്‍ ആരംഭിച്ചു. അതിന്‍റെ രത്നചുരുക്കം ദാ.

'ഓര്‍മ്മയുണ്ടോ ഈ ചോദ്യങ്ങള്‍?' മേല്പറഞ്ഞ ചോദ്യങ്ങള്‍ പലവട്ടം മനസ്സിലൂടെ കയറിയിറങ്ങി പോയിട്ടുള്ള വിശ്വാസികളില്‍പ്പെട്ടവരാണ് മിക്കവരും. ഉത്തരം 'സിംപിളാണ്', 'പവര്‍ഫുള്ളും'. ജീവിതവഴികളില്‍ കാലിടറാത്തവരില്ല. അറിയാതെ തെറ്റിപ്പോകുന്നവരും. അറിഞ്ഞു ബോധപൂര്‍വ്വം തെറ്റില്‍ചാടുന്നവരും അനവധി നിരവധി. കുഴിയില്‍ ചാടുന്നതിനു മുമ്പ്, അഥവാ തെറ്റുകള്‍ ചെയ്യുന്നതിനു മുമ്പ്, തെറ്റുകളെ ന്യായീകരിച്ചു ചിന്തിക്കുകയും, മനഃസാക്ഷി 'വേണ്ട മോനേ, വേണ്ട മോളേ' എന്നു പാടിയാലും 'അതു വേണ്‍ട്രാ, ഇതു വേണ്‍ട്രാ' എന്നൊക്കെ പറഞ്ഞാലും സ്വയം ന്യായീകരണത്തിന്‍റെ മുഖംമൂടിയണിഞ്ഞു തോന്നുന്നതൊക്കെ ചെയ്തുകൂട്ടുന്ന മനുഷ്യരാണു ഭൂരിപക്ഷവും. പക്ഷേ, ഇത് ഒന്നാം രംഗം മാത്രം. തെറ്റു ചെയ്തവന്‍ എത്ര സ്വയം ന്യായീകരിച്ചാലും എപ്പോഴും 'ക്ലീന്‍' ആയിരിക്കണമെന്നാഗ്രഹിക്കുന്ന ഹൃദയവും ആത്മാവും പോറലുമാറ്റാനും വീണ്ടും നിര്‍മലമാകാനും ഉള്ളില്‍ കിടന്നു സദാ പിടഞ്ഞുകൊണ്ടിരിക്കും… അതു മനഃസമാധാനം കെടുത്തും, അസ്വസ്ഥതയാകും. ആത്മസന്തോഷം അസ്തമിക്കും. വിശ്വാസി ഇതൊന്നും 'മൈന്‍ഡ്' ചെയ്യാതെ മുന്നോട്ടുപോയാല്‍ ഫറവോയുടെ ഹൃദയം കഠിനമായതുപോലെ നമ്മുടെ മനസ്സും കരിങ്കല്ലാകും. 'മനഃസാക്ഷിയില്ലാത്തവര്‍' എന്നു ചിലര്‍ ചിലരെ വിളിക്കുന്നത് ഉള്ളില്‍ തെറ്റു കൂട്ടിവച്ചു 'കരിങ്കല്ല് മനസ്സ്' സമ്പാദിച്ചവരെയാണ്. ഈ കൂട്ടിവച്ച അസമാധാനം പതിയെപ്പതിയെ മനോ-ജന്യ ശാരീരിക രോഗങ്ങളും മാനസികപ്രശ്നങ്ങളുമാകും. കാരണം, മനസ്സും ആത്മാവും അശുദ്ധമായാല്‍ Mind Body Connectivity അനുസരിച്ചു ശരീരത്തിലും സ്വഭാവത്തിലും പെരുമാറ്റത്തിലുമെല്ലാം അസുഖങ്ങളോ ദൂഷ്യങ്ങളോ വന്നുചേരും. കര്‍ത്താവ് രോഗികളെ സൗഖ്യമാക്കിയത് 'നിന്‍റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു' എന്നു പറഞ്ഞാണ്. അല്ലാതെ മുടന്തനായ മനുഷ്യാ, നിന്‍റെ കാലു നേരെ ചവിട്ടുവിന്‍, വിട്ടുപൊക്കോളിന്‍' എന്നൊന്നുമല്ല. കര്‍ത്താവു പാപമോചനം കൊടുത്തപ്പോള്‍ "On the spot" സൗഖ്യം വന്താച്ച്! "നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെടും, നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതു സ്വര്‍ഗത്തിലും അഴിക്കപ്പെടും" എന്നു പറഞ്ഞ് അപ്പസ്തോലന്മാര്‍ക്കു കര്‍ത്താവു നല്കിയ അധികാരത്തിന്‍റെ പിന്തുടര്‍ച്ചയാണു കുമ്പസാരക്കൂട്ടിലൂടെ, വൈദികരിലൂടെ പാപമോചനമായി നമ്മളിലേക്കെത്തുന്നത്. ഒന്നു മുട്ടുകുത്തുന്നതിലൂടെ മനസ്സിനും ആത്മാവിനും ശരീരത്തിനും സൗഖ്യം നല്കാന്‍ പര്യാപ്തമായ സിദ്ധൗഷധമാണു കുമ്പസാരം. അച്ചനു വേണ്ടിയല്ല, നമുക്കുവേണ്ടിയാണു നാം കുമ്പസാരിക്കുന്നത്. അത് അതീവരഹസ്യമായി ക്രിസ്തുവിന്‍റെ പ്രതിപുരുഷന്‍ സംരക്ഷിക്കുകയും ചെയ്യും. അതു മനസ്സില്‍ വച്ചു നിങ്ങളോടു പെരുമാറുകയുമില്ല. കാരണം, വൈദികര്‍ക്കറിയാം അതിന്‍റെ സൗഖ്യസ്പര്‍ശം.

എത്ര കഴുകി വൃത്തിയാക്കിയാലും നമ്മുടെ ബൈക്കും കാറും വീണ്ടും അഴുക്കാകാറില്ലേ. അതു നാം തുടര്‍ച്ചയായി കഴുകിക്കളയുന്നതുപോലെയാണു തുടര്‍ച്ചയായി ആവര്‍ത്തിക്കപ്പെടുന്ന ചില തെറ്റുകള്‍. നിരന്തര കുമ്പസാരത്തിലൂടെ ആത്മശോധനയിലൂടെ, ആത്മാര്‍ത്ഥമായ ശ്രമങ്ങളിലൂടെ ഏതു തെറ്റിനെയും ഇല്ലാതാക്കാനാകും. അടുക്കലടുക്കലുള്ള കുമ്പസാരവും വി. കുര്‍ബാനയും വ്യക്തിപരമായ പ്രാര്‍ത്ഥനകളും വിശുദ്ധ ഗ്രന്ഥപാരായണവും സത്പ്രവൃത്തികളുമടങ്ങുന്ന വ്യത്യസ്ത മാര്‍ഗങ്ങളുടെ നിരന്തര ആ വര്‍ത്തനമാണു വിശുദ്ധിയില്‍ വിശ്വാസിയെ നിലനിര്‍ത്തുന്നത്.

മാതാപിതാക്കള്‍ കൃത്യമായ കുമ്പസാരത്തിലൂടെ, വിശുദ്ധിയുടെ മനസ്സ് നിലനിര്‍ത്തിയില്ലെങ്കില്‍ മക്കളുടെ പല തെറ്റുകളും തിരുത്താനും സത്മാര്‍ഗങ്ങളിലൂടെ നയിക്കാനും പറ്റാത്ത വിധത്തില്‍ ആത്മീയമായും മാനസികമായും തളര്‍ന്നുപോകും. മക്കളുടെ തെറ്റിനുമേല്‍ ഉയര്‍ത്തുന്ന കൈ സ്വയം തിരിഞ്ഞു നിങ്ങളെത്തന്നെ ശാസിക്കും. പല വീടുകളിലും നി ശ്ശബ്ദരായിപ്പോകുന്ന മാതാപിതാക്കളും കണ്ണടച്ച്, കയറൂരിവിട്ടു മക്കളെ വഷളാക്കുന്ന മാതാപിതാക്കളും കുമ്പസാരത്തിലൂടെ ശക്തി സ്വീകരിച്ചാല്‍ ദൈവത്തിന്‍റെ പ്രസാദവും തുണയായി കൂടെ നില്ക്കും. സ്വപ്നവിജയങ്ങള്‍ക്കുവേണ്ടി അത്യദ്ധ്വാനം ചെയ്യുന്ന കുട്ടികളും കൗമാരക്കാരും യുവജനങ്ങളും പ്രചോദനാത്മക ഗ്രന്ഥങ്ങള്‍ വായിച്ചുകൊണ്ടോ, ക്ലാസ്സുകള്‍ കൂടിയതുകൊണ്ടോ മാത്രം വിജയം കിട്ടണമെന്നില്ല. ഏതൊരു 'ഗോലിയാത്ത്' ലക്ഷ്യത്തെയും മറകടക്കാന്‍ പ്രസാദവരം നിറഞ്ഞ മനസ്സും ആത്മാവും സ്വായത്തമാക്കാന്‍ പോന്ന ഒറ്റമൂലിയാണു കുമ്പസാരവും വി. കുര്‍ബാനയും. പുറംപാര്‍ട്ടികള്‍ക്കറിയാത്ത നമ്മുടെ നന്മ നിറഞ്ഞ രഹസ്യം. ആണവായുധമാണിത്. നിരന്തരം നമ്മെ ശുദ്ധീകരിക്കുന്നതു ശീലമാക്കാം…. ആത്മാവിന്‍റെ നിറവിലൂടെ, ആത്മാഭിമാനത്തോടെ നമുക്കും ജീവിക്കാം. മനസ്സും ശരീരവും മനഃസാക്ഷിയും സ്വതന്ത്രമായി പുഞ്ചിരിക്കട്ടെ. ദൈവസ്നേഹം നമ്മിലൂടെ ഏവരിലേക്കും ഒഴുകട്ടെ. ആമ്മേന്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org