കുഞ്ഞുകുരുവിക്ക് ചെയ്യാനായത്

കുഞ്ഞുകുരുവിക്ക് ചെയ്യാനായത്

ഒരിക്കല്‍ കാട്ടില്‍ ഒരു തീപിടിത്തുമുണ്ടായി. അതില്‍നിന്നു രക്ഷപ്പെടാനായി പക്ഷിമൃഗാദികളെല്ലാം ഓടുകയാണ്. രക്ഷപ്പെടാനായി പറക്കുന്ന പക്ഷികളുടെ കൂട്ടത്തില്‍ ഒരു മൂങ്ങയുമുണ്ടായിരുന്നു. ഇടയ്ക്കുവച്ച് അക്കൂട്ടത്തിലുള്ള ഒരു ചെറിയ കുരുവി പെട്ടെന്നു തിരിച്ചു പറന്നു. "ഹേയ്, നീയെന്താണു ചെയ്യുന്നത്? തീ ഇവിടെയെല്ലാം പടര്‍ന്നുപിടിക്കുകയാണ്. നീ വേഗം മുന്നോട്ടു പറക്കൂ" എന്നു മൂങ്ങ കുരുവിയോടു പറഞ്ഞു. കുരുവി അതു കേള്‍ക്കാതെ ധൃതിയില്‍ കാടിന്‍റെ മറ്റൊരു അരികിലേക്കു പറന്നു. കുരുവി എന്തു ചെയ്യാന്‍ പോകുന്നുവെന്ന ആകാംക്ഷയില്‍ മൂങ്ങയും പിന്നാലെ പറന്നു. കുരുവി അവിടെയുണ്ടായിരുന്ന ചെറിയ അരുവിയില്‍ നിന്നു തന്‍റെ കുഞ്ഞു ചുണ്ടില്‍ വെള്ളം കോരിയെടുത്തുകൊണ്ട് ആളിക്കത്തുന്ന തീയിലേക്ക് ഒഴിക്കുന്ന കാഴ്ചയാണു മൂങ്ങയ്ക്ക് അപ്പോള്‍ കാണാന്‍ കഴിഞ്ഞത്.

"ഇത്രയും വലിയ തീയിലേക്കു നിന്‍റെയീ കുഞ്ഞു ചുണ്ടുകൊണ്ടു വെള്ളം കോരിയൊഴിച്ചാല്‍ ആ തീയണയ്ക്കാന്‍ കഴിയുമോ?" – മൂങ്ങ കുരുവിയോടു ചോദിച്ചു.

"എനിക്കു ചെയ്യാന്‍ കഴിയുന്നതിന്‍റെ പരമാവധി ഞാന്‍ ചെയ്യുകയാണ്. എന്‍റെ കഴിവിനപ്പുറത്തുള്ള കാര്യം ഈശ്വരനു ഞാന്‍ സമര്‍പ്പിക്കുന്നു"-കുരുവി മൂങ്ങയോടു പറഞ്ഞു.

നമ്മുടെ ജീവിതത്തിലും പലപ്പോഴും ഉത്തരവാദിത്വങ്ങളും കടമകളും മറന്നുകൊണ്ടു നാം പ്രവര്‍ത്തിക്കാറില്ലേ? എന്നെക്കൊണ്ടിതു കഴിയില്ല; ഇതു ചെയ്യാനുള്ള ആരോഗ്യം എനിക്കില്ല; സമ്പത്തും ആള്‍ബലവും സ്വാധീനവും സൗന്ദര്യവും ബുദ്ധിയുമൊന്നും എനിക്കില്ല എന്ന തരത്തില്‍ നാം ചിന്തിക്കുമ്പോള്‍ ദൈവം നമുക്കു നല്കിയ കഴിവുകളെയും അനുഗ്രഹങ്ങളെയും നാം വിസ്മരിച്ചു പ്രവര്‍ത്തിക്കുകയാണു ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ചെറിയ ജീവികളിലുള്‍പ്പെടുന്ന ഉറുമ്പുകളെ കണ്ടിട്ടില്ലേ. അവ എത്ര ചെറുതാണ്. എങ്കിലും തങ്ങള്‍ ചെറുതാണ്, ഈ വലിയ ലോകത്തില്‍ തങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ല എന്നു പറഞ്ഞുകൊണ്ടു നിഷ്ക്രിയരായിരിക്കുകയല്ല അവര്‍ ചെയ്യുന്നത്. മറിച്ചു സദാ കര്‍മ്മനിരതരായി ക്ഷാമകാലത്തേയ്ക്കുള്ള ഭക്ഷണം കണ്ടെത്തി അവര്‍ ശേഖരിച്ചുവയ്ക്കുന്നു. ഒരേ മനസ്സോടെയും ഐക്യത്തോടെയുമുള്ള അവരുടെ പ്രവര്‍ത്തനം മൂലം തികച്ചും അസാദ്ധ്യമെന്ന് ഒരാള്‍ കരുതുന്ന പലതും സാദ്ധ്യമായിത്തീരുന്നു. അതിനാല്‍ നമുക്കു ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങള്‍ കാണാതെ കിട്ടാത്തതിനെ ഓര്‍ത്ത് നിരാശയിലും വെറുപ്പിലും ജീവിതം തള്ളിനീക്കി നിഷ്ക്രിയരായിരുന്നാല്‍ അവിടെ നഷ്ടം നമുക്കു മാത്രമായിരിക്കും. അതിനാല്‍ ചെയ്യാന്‍ പോകുന്ന ഓരോ പ്രവൃത്തിയും ഈശ്വരനു സമര്‍പ്പിച്ചുകൊണ്ടു പ്രവര്‍ത്തിക്കുക. അവിടെ നിങ്ങളുടെ ലോജിക്കിനും മുമ്പിലുള്ള അവസരങ്ങള്‍ക്കും അപ്പുറമുള്ള അത്ഭുതം പ്രവര്‍ത്തിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org