കുറവുകളെ മറികടക്കുക

കുറവുകളെ മറികടക്കുക

ലോകം കണ്ടതില്‍വച്ച് ഏറ്റവും പ്രതിഭാശാലിയായ വ്യക്തികളിലൊരാളാണ് സ്റ്റീഫന്‍ ഹോക്കിങ്ങ്. ഒരു സാധാരണക്കാരനെപ്പോലെ തന്നെയായിരുന്നു ബാലനായ ഹോക്കിങ്ങിന്‍റെ ജീവിതം. പഠനത്തില്‍ ആരെയും അസൂയപ്പെടുത്തുന്നവിധം അതിസമര്‍ത്ഥനായിരുന്നു അദ്ദേഹം.

പക്ഷേ, അദ്ദേഹത്തിന് ഏകദേശം ഇരുപത്തിയൊന്നു വയസ്സു തികഞ്ഞപ്പോള്‍ മാരകമായ രോഗം പിടിപെട്ടു. ഇത് അദ്ദേഹത്തിന്‍റെ ജീവിതത്തെതന്നെ തകര്‍ത്തുകളയുന്നതായിരുന്നു. ഭേദമാകാന്‍ തീരെ സാധ്യതയില്ലാത്ത നാഡികളെ തളര്‍ത്തുന്ന 'മോട്ടോര്‍ ന്യൂറോണ്‍' എന്ന രോഗം.

അതോടെ ഹോക്കിങ്ങിന്‍റെ കൈകാലുകള്‍ തളര്‍ന്നു. പതിയെ സംസാരശേഷിയും നഷ്ടപ്പെട്ടു. ശരിക്കുമൊരു മാംസപിണ്ഡം പോലെയായിരുന്നു അയാള്‍. എന്നാല്‍, ഈ അവസ്ഥയിലും ജീവിതത്തെ നിരാശ കൊണ്ടു നിറക്കുവാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. മറിച്ച്, തികഞ്ഞ ആത്മവിശ്വാസത്തോടെ അയാള്‍ ജീവിതത്തെ സ്നേഹിച്ചു.

ഒരു വീല്‍ച്ചെയറിന്‍റെ സഹായത്തോടെ ഹോക്കിങ്ങ് സഞ്ചരിച്ചുകൊണ്ടിരുന്നു. അധികം താമസിക്കാതെതന്നെ ശബ്ദം പുറപ്പെടുവിക്കുന്ന കമ്പ്യൂട്ടറിന്‍റെ സഹായത്തോടെ സംസാരിക്കുവാനുള്ള വിദ്യയും ഹോക്കിങ്ങ് കണ്ടുപിടിച്ചു. അങ്ങനെ വീല്‍ച്ചെയറിലിരുന്നുകൊണ്ട് വിരല്‍ത്തുമ്പിലൂടെ അദ്ദേഹം ലോകത്തോടു സംസാരിച്ചു.

'കാലത്തിന്‍റെ ഹ്രസ്വചരിത്രം' എന്ന ഗ്രന്ഥത്തിലൂടെ ഇരുപതാം നൂറ്റാണ്ടിലെ ശാസ്ത്രചിന്തകളില്‍ അത്ഭു തം സൃഷ്ടിക്കുവാന്‍ ഹോക്കിങ്ങിനായി. ഈ പുസ്തകത്തിന്‍റെ പതിനാലു കോടി കോപ്പികളാണ് ഇതുവരെ വിറ്റഴിക്കപ്പെട്ടത്. ഒട്ടും ചലിക്കാത്ത ശരീരവും ദുര്‍ബലമായ കണ്ണുകളുമായി ഹോക്കിങ്ങ് പ്രപഞ്ചത്തിലെ എല്ലാ സൂക്ഷ്മചലനങ്ങളെയും അറിഞ്ഞ് കാലചക്രം തന്നെ ചുരുക്കിയെഴുതുകയായിരുന്നു ഈ ഗ്രന്ഥത്തി ലൂടെ.

ഐന്‍സ്റ്റിനുശേഷം ലോകം കണ്ട ഏറ്റവും വലിയ പ്രതിഭാശാലിയെന്നാണ് ഹോക്കിങ്സിനെ ലോകം വാഴ്ത്തുന്നത്. നീണ്ട നാല്പതു വര്‍ഷക്കാലം അതികഠിനമായ രോഗം പിടിപെട്ടിട്ടും അദ്ദേഹം തളരുകയല്ല ചെയ്തത്. മറിച്ച്, രോഗം നല്കിയ അവസരത്തിലൂടെ ജീവിതത്തെ ഒരത്ഭുതമാക്കുകയായിരുന്നു.

"നിങ്ങളുടെ ഉപബോധ മനസ്സിന്‍റെ ശക്തികൊണ്ട്, നിങ്ങള്‍ക്ക് വേണമെങ്കില്‍ ഈ ലോകത്തെതന്നെ ചലിപ്പിക്കാനാകും." – വില്യം ജെയിംസ്

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org