കുറവുകളെ തിരിച്ചറിയുക

കുറവുകളെ തിരിച്ചറിയുക

നാമെല്ലാം അപൂര്‍ണ വൃത്തങ്ങളാണ്. ഒരു പൂവിന്‍റെ ഇതളുകളെല്ലാം ദൈവം സൃഷ്ടിച്ചിരിക്കുന്നത് ഒരേ വലിപ്പത്തിലും ആകൃതിയിലുമല്ല. വൈകല്യങ്ങള്‍ നിറഞ്ഞതാണു നമുക്കു ചുറ്റിലും കാണുന്നതെല്ലാം. ഈ അപക്വതകളെ പോരായ്മകളെ തിരിച്ചറിഞ്ഞു നാം സ്വയം സ്വീകരിക്കാന്‍ തയ്യാറാകണം. ഒരു കണ്ണാടി എടുത്തുപിടിച്ച് നാം നോക്കണം. എന്തൊക്കെയാണു നമ്മുടെ കുറവുകള്‍? ഉയരവും നിറവും കുറവാണോ? നിങ്ങളുടെ സുഹൃത്തുക്കളേക്കാള്‍ സൗന്ദര്യം കുറവുണ്ടോ? കാര്യഗ്രഹണശേഷിയും ബുദ്ധിയുടെ കൂര്‍മതയുമൊക്കെ പോരാ എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?

ഓരോ വ്യക്തികള്‍ക്കും ധാരാളം കുറവുകള്‍ ഉണ്ടാകും. പെട്ടെന്നു നോക്കുമ്പോള്‍ മറ്റൊരാള്‍ക്ക് ഈ കുറവുകള്‍, പോരായ്മകള്‍ പെട്ടെന്നു മനസ്സിലായി എന്നു വരികയില്ല എന്നു മാത്രം. ഈ ലോകത്ത് എല്ലാം തികഞ്ഞവരായി ആരുമില്ല എന്നതാണു സത്യം. ദൈവം ഒരാളില്‍ ഒരുപറ്റം ഗുണഗണങ്ങള്‍ ചൊരിയുന്നു. കുറേ പോരായ്മകളും. ഒരു വ്യക്തിക്കു ദൈവം കൊടുത്തിരിക്കുന്ന കഴിവുകള്‍ മറ്റൊരു വ്യക്തിയില്‍ കണ്ടെന്നു വരില്ല. മറ്റേ വ്യക്തിക്കുള്ള ചില കഴിവുകള്‍ ആദ്യത്തെ വ്യക്തിയിലും കണ്ടെന്നുവരില്ല. ഓരോരുത്തര്‍ക്കും ദൈവം ഓരോരോ കഴിവുകള്‍ തന്നിട്ടുണ്ട്. ഒരു കഴിവും തരാതെ ഈശ്വരന്‍ സൃഷ്ടിച്ചിട്ടില്ല എന്നതാണു സത്യം. അപ്പോള്‍ നാം സ്വയം കണ്ടെത്തണം – എന്തൊക്കെയാണു നമ്മുടെ പ്ലസ് പോയിന്‍റുകള്‍. ഇതൊക്കെ വ്യക്തമായി മനസ്സിലാക്കിക്കൊണ്ടു നാം നമ്മെത്തന്നെ സ്നേഹിക്കണം, സ്വീകരിക്കണം. സ്വയം ഒരാദരവു തോന്നണം. എല്ലാ പോരായ്മകളോടും കുറവുകളോടുംകൂടെ നാം സ്വയം സ്വീകരിച്ചു കഴിയുമ്പോള്‍ നാം മറ്റുള്ളവരെ സ്വീകരിക്കാന്‍ ശക്തരായിത്തീരുന്നു. അവര്‍ക്കുമുണ്ടു കുറവുകള്‍. പക്ഷേ, അതൊന്നും സാരമില്ല എന്നു നാം തിരിച്ചറിയുന്നു. ക്രിയാത്മകതയോടെ നമുക്കു നമ്മുടെ ബന്ധങ്ങളെ ശക്തമാക്കാന്‍ അപ്പോള്‍ സാധിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org