|^| Home -> Suppliments -> കുരിശുമരണം

കുരിശുമരണം

Sathyadeepam

ഏറ്റവും നിഷ്ഠൂരവും ഭയാനകവുമായി കണക്കാക്കിയിരുന്ന ശിക്ഷാവിധിയാണു കുരിശില്‍ തറയ്ക്കുക എന്നത്. റോമിനെതിരെ തിരിഞ്ഞ ആയിരക്കണക്കിന് ആളുകളെയാണു യേശുവിന്‍റെ മരണത്തിനുശേഷം കുരിശിലേറ്റിയത്. രണ്ടാം വിപ്ലവകാലത്ത് ഒറ്റ ദിവസം തന്നെ 500 പേരെയാണു ഹാഡ്രിയന്‍ (Hadrian) ചക്രവര്‍ത്തി കുരിശിലേറ്റിയത്. ചമ്മട്ടികൊണ്ട് അടിക്കുക, കല്ലെറിഞ്ഞു കൊല്ലുക, കഴുത്തു ഞെരിച്ചു കൊല്ലുക, ശിരഛേദം ചെയ്യുക, ചുട്ടുകൊല്ലുക എന്നിവയൊക്കെയായിരുന്നു ജൂതന്മാരുടെ ശിക്ഷാവിധികള്‍.
പേര്‍ഷ്യക്കാര്‍, യഹൂദന്മാര്‍, റോമാക്കാര്‍ എന്നിവര്‍ക്കിടയില്‍ നടപ്പിലിരുന്ന ഈ വധശിക്ഷാരീതി ബിസി ആറാം ശതകം മുതല്‍ ഏഡി നാലാം ശതകം വരെ നിലവിലിരുന്നു. ക്രൂശിതനായി മരിച്ച യേശുവിനോടുള്ള സ്നേഹം നിമി ത്തം കോണ്‍സ്റ്റന്‍റയിന്‍ ചക്രവര്‍ത്തി ഏ.ഡി. 337-ല്‍ ഈ ശിക്ഷാക്രമം നിര്‍ത്തലാക്കി. ബിസി 519-ല്‍ പേര്‍ഷ്യന്‍ രാജാവു ഡാരിയസ് 3000 പേരെ ബാബിലോണിയായില്‍വച്ചു കുരിശില്‍ തറച്ചു കൊന്നുവെന്നു പാരമ്പര്യമുണ്ട്. നഗരത്തിനു പുറത്തു വിജനമായ സ്ഥലങ്ങളില്‍ റോഡുസൗകര്യം ഉള്ളിടത്താണ് ഈ ശിക്ഷാവിധി നടപ്പാക്കിയിരുന്നത്. ഗാഗുല്‍ത്താമല കൊലക്കളമായിരുന്നു. കുരിശു മിക്കവാറും ഒലിവുതടിയിലാണു തീര്‍ത്തിരുന്നത്. കുരിശിലേറുന്ന ആളുടെ കൈകാലുകളില്‍ ആണി തറയ്ക്കുന്ന പതിവു കൂടാതെ കെട്ടിയിടുന്ന പതിവുമുണ്ടായിരുന്നു. കുരിശില്‍ കിടന്നു മരണവെപ്രാളം കാണിക്കുന്നവര്‍ക്കു വേദന സംഹാരിയും മീറ കലര്‍ത്തിയ വീഞ്ഞും ചൊറുക്കയും കുടിക്കാന്‍ നല്കല്‍ പതിവുണ്ടായിരുന്നു (മത്താ. 27:33).
സന്ധ്യയാകുന്നതിനുമുമ്പു ജഡം കുരിശില്‍ നിന്നിറക്കി മറവു ചെയ്യാന്‍ അനുവാദമുണ്ടായിരുന്നു. ജീവന്‍ നിലച്ചോ എന്നറിയാന്‍ കാലുകള്‍ അടിച്ചൊടിക്കു ന്ന പതിവുമുണ്ടായിരുന്നു (യോഹ. 19;31). യേശു മരിച്ചുപോയി എന്നു കാണുകയാല്‍ അവന്‍റെ കാല് ഒടിച്ചില്ല. എങ്കിലും പടയാളികളില്‍ ഒരുത്തന്‍ കുന്തംകൊണ്ട് അവന്‍റെ വിലാപ്പുറത്ത് കുത്തി. ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു. ഇതു കണ്ടവന്‍ സാക്ഷ്യം പറഞ്ഞിരിക്കുന്നു. യേശുവിനോടു കൂടെ ക്രൂശിക്കപ്പെട്ട മറ്റു രണ്ടു പേരുടെയും കാല്‍ തല്ലി ഒടിച്ചിരുന്നു.
1968-ല്‍ ജെറുസലേമിനു വടക്കുള്ള Givat-hamivtar-ല്‍ നടന്ന ഉല്‍ഖനനത്തില്‍ കുരിശിലേറ്റിയ ഒരാളുടെ അസ്ഥികൂടം കുഴിച്ചെടുക്കുകയുണ്ടായി. ക്രിസ്തുവിന്‍റെ കാലഘട്ടത്തില്‍ത്തന്നെ തൂക്കിലേറ്റപ്പെട്ട അയാള്‍ക്ക് 26 വയസ്സ് പ്രായമുണ്ടായിരുന്നു. രണ്ട് ഉപ്പൂറ്റികളുടെ എല്ലുകളും കൂട്ടിച്ചേര്‍ത്താണ് ആണി തറച്ചിരുന്നത്. കാലിലെ അസ്ഥികള്‍ തകര്‍ന്ന നിലയിലായിരുന്നു. അസ്ഥികൂടത്തിന്‍റെ രണ്ടു കയ്യിലും ആണികള്‍ ശേഷിക്കുന്നുണ്ടായിരുന്നു. ഇരുമ്പാണികള്‍ക്ക് 11.5 സെന്‍റിമീറ്റര്‍ നീളമുണ്ടായിരുന്നു. ആണികളുള്ള ഈ അസ്ഥികൂടം ജെറുസലേം മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
ക്രിസ്തുവിന്‍റെ കുരിശുമരണവും ഉത്ഥാനവുമായി ബന്ധപ്പെട്ട കബറിടപള്ളി സന്ദര്‍ശിക്കുമ്പോള്‍ സുവിശേഷങ്ങളില്‍ ഇതേക്കുറി ച്ചു രേഖപ്പെടുത്തിയതു നേരില്‍ കാണുന്ന സംതൃപ്തി ഉള്ളില്‍ നിറയും. മാത്രമല്ല വിങ്ങുന്ന ഹൃദയത്തോടെയല്ലാതെ ഇവിടെ പ്രാര്‍ത്ഥിച്ചു മടങ്ങുവാന്‍ ആര്‍ക്കും കഴിയുകയില്ല. അത്രയ്ക്കു ഭക്തിസാന്ദ്രമാണ് ഇവിടത്തെ അന്തരീക്ഷം.

Leave a Comment

*
*