കുരിശുയുദ്ധങ്ങള്‍

കുരിശുയുദ്ധങ്ങള്‍

സഭയുടെ വിശ്വാസജീവിതത്തില്‍ ഇരുളും വെളിച്ചവും മാറിമാറി പ്രത്യക്ഷമാകുന്ന സംഭവമായിരുന്നു. കുരിശുയുദ്ധങ്ങള്‍. ഈ യുദ്ധങ്ങള്‍ പൂര്‍ണവിജയമോ പൂര്‍ണപരാജയമോ ആയിരുന്നെന്നു വിധിക്കുക എളുപ്പമല്ല.

11-ാം നൂറ്റാണ്ടിന്‍റെ മദ്ധ്യത്തില്‍ ബൈസന്‍റയിന്‍ സാമ്രാജ്യവും ഈജിപ്തിലെ ഫാത്തിമിഡ് മുസ്ലീങ്ങളും തമ്മില്‍ സ്നേഹത്തിലും സമാധാനത്തിലുമാണ് കഴിഞ്ഞിരുന്നത്. എന്നാല്‍ മുസ്ലീങ്ങളായ സെല്‍യുക് തുര്‍ക്കികള്‍ അങ്ങനെയായിരുന്നില്ല. വെറിപിടിച്ച സാമ്രാജ്യമോഹികളായിരുന്നു അവര്‍. സമാധാനപ്രിയരായിരുന്ന ഈജിപ്തിലെ ഫാത്തിമിഡുകളുമായി സൗഹാര്‍ദ്ദപരമായ ബന്ധമല്ല ഈ തുര്‍ക്കികള്‍ പുലര്‍ത്തിയിരുന്നത്. ഈ നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയുടെ ആരംഭത്തോടെ ഇവര്‍ പൗരസ്ത്യ റോമന്‍ സാമ്രാജ്യത്തെ ആക്രമിക്കാന്‍ തുടങ്ങി. 1085-ഓടെ അര്‍മേനിയ, ഏഷ്യാ മൈനര്‍, നിഖ്യ, പാലസ്തീന്‍, സിറിയ മുതലായ പ്രസിദ്ധ ക്രൈസ്തവ കേന്ദ്രങ്ങള്‍ മുസ്ലീങ്ങളുടെ കൈവശമായി. ഈ സാഹചര്യത്തിലും പാശ്ചാത്യനാടുകളില്‍നിന്നും വിശുദ്ധ നാടുകളിലേക്കുള്ള വിശ്വാസികളുടെ തീര്‍ത്ഥാടനം തുടര്‍ന്നുകൊണ്ടിരുന്നു ആയുധധാരികളുടെ അകമ്പടിയോടെയായിരുന്നു യാത്രകളെങ്കിലും പലരും പിന്നീടു തിരിച്ചു വന്നില്ല; തിരിച്ചു വന്നവര്‍ക്കു ഭീതിജനകമായ കഥകളാണു പറയാനുണ്ടായിരുന്നത്.

1095-ല്‍ ഉര്‍ബന്‍ രണ്ടാമന്‍ പാപ്പയാണ് ആദ്യമായി വിശുദ്ധ നാടുകള്‍ വീണ്ടെടുക്കേണ്ട ആവശ്യകത വിശുദ്ധ നഗര തീര്‍ത്ഥാടന സ്നേഹികളായ യൂറോപ്പിലെ വിശ്വാസികളുടെ മുന്നില്‍ അവതരിപ്പിച്ചത്. രണോത്സുകരായ യൂറോപ്യന്‍ മാടമ്പികളുടെ ശക്തി തമ്മില്‍ത്തമ്മില്‍ അടിച്ചു തീര്‍ക്കുന്നതിനു പകരം ഒരു വിശുദ്ധ ലക്ഷ്യത്തിനുവേണ്ടി ഉപയോഗിക്കാന്‍ പാപ്പാ ആഹ്വാനം ചെയ്തു. അപ്രതീക്ഷിതമായ പ്രതികരണമാണു പാപ്പയ്ക്കു ലഭിച്ചത്. കുരിശുയുദ്ധത്തില്‍ പങ്കെടുക്കുന്നവരുടെ പുറങ്കുപ്പായത്തില്‍ ചുവപ്പുനിറത്തിലുള്ള കുരിശു തുന്നിച്ചേര്‍ക്കണമായിരുന്നു. ഇതില്‍ നിന്നാണു കുരിശുയുദ്ധം എന്ന പേരു ലഭിച്ചത്.

1095-ല്‍ ക്ലേര്‍മോണ്ട് എന്ന സ്ഥലത്തുവച്ച് ഉര്‍ബന്‍ രണ്ടാമന്‍ പാപ്പ നടത്തിയ പ്രഭാഷണം വിശ്വാസികളുടെ മനസ്സിനെ ഇളക്കിമറിക്കാന്‍ കഴിയുന്നതായിരുന്നു.

പാപ്പയുടെ വാക്കുകള്‍ അത്രയും ശക്തവും ഹൃദയസ്പര്‍ശിയുമായിരുന്നു. അദ്ദേഹം വിളിച്ചു പറഞ്ഞു: "ബലിപീഠങ്ങള്‍ മലിനമാക്കപ്പെട്ടിരിക്കുന്നു. അവ തകര്‍ക്കപ്പെട്ടിരിക്കുന്നു. ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെട്ടിരിക്കുന്നു. സ്ത്രീകള്‍ മാനഭംഗത്തിനിരയായിരിക്കുന്നു. ഈ ആക്രമണങ്ങള്‍ക്ക് ആരു പകരം വീട്ടും? ഈ ഉത്തരവാദിത്വം നിങ്ങളില്‍, നിങ്ങളില്‍ത്തന്നെ നിക്ഷിപ്തമായിരിക്കുന്നു. നമ്മുടെ രക്ഷകന്‍റെ പരിപാവനമായ ശവക്കല്ലറയും വിശുദ്ധ സ്ഥലങ്ങളും അശുദ്ധമായ ഒരു ജാതിയാല്‍ മലിനമാക്കപ്പെട്ടിരിക്കുന്നതില്‍ നിങ്ങളുടെ ഹൃദയം ചുട്ടുപൊള്ളട്ടെ. ധീരരായ പടയാളികളേ, വിശുദ്ധ കല്ലറയിലേക്കു മാര്‍ച്ച് ചെയ്തു. വെറുക്കപ്പെട്ട വര്‍ഗക്കാരുടെ പിടിയില്‍ നിന്നു വിശുദ്ധനാടു പിടിച്ചെടുക്കുക." ശ്രോതാക്കളില്‍ ധാര്‍മികരോഷവും വേദനയും നിറഞ്ഞു. ഈ സാഹചര്യത്തില്‍ നിന്നാണ് ആദ്യത്തെ കുരിശുയുദ്ധം ആരംഭം കുറിച്ചത്. പിന്നീടു പല കുരിശുയുദ്ധങ്ങളും ഉണ്ടായി. ജനങ്ങളുടെ കുരിശുയുദ്ധം, ജര്‍മന്‍ കുരിശുയുദ്ധം, കുട്ടികളുടെ കുരിശുയുദ്ധം. ചിലതു വിജയവും ചിലതു പരാജയവുമായിരുന്നു. കുരിശുയുദ്ധത്തിന്‍റെ ഫലമായി കുറേക്കാലത്തേയ്ക്ക് ജെറുസലേം ക്രിസ്ത്യാനികളുടെ കൈവശത്തില്‍ വന്നെങ്കിലും യുദ്ധത്തിന്‍റെ ഭീമപ്രയത്നത്തിനനുസരിച്ച ഒരു ഫലം ഉണ്ടായി എന്നു പറയാനാവില്ല. മുസ്ലീം ആക്രമണം കുറേക്കാലത്തേയ്ക്കു തടുത്തുനിര്‍ത്തുന്നതിനു സാധിച്ചെന്നല്ലാതെ കുരിശുയുദ്ധങ്ങള്‍ക്ക് അവരുടെ ശക്തി നശിപ്പിക്കുന്നതിനു കഴിഞ്ഞില്ല.

ഗൗരവതരമായ ചില സംഗതികള്‍ കുരിശുയുദ്ധങ്ങളുടെ അനന്തരഫലങ്ങളായി യൂറോപ്പില്‍ പ്രത്യക്ഷമായി എന്നു കാണാം. പ്രധാനമായി, പാപ്പായുടെ ശക്തി സീമാതീതമായി വര്‍ദ്ധിച്ചു എന്നതാണ് മറ്റൊരു പ്രധാന കാര്യം, യൂറോപ്പില്‍ പൊതുവേ ജനങ്ങളുടെയിടയില്‍ ഉണര്‍ച്ചയുണ്ടായി എന്നുള്ളതാണ്. ഇതോടെ വിശ്വാസികള്‍ മിഷനറി പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ താത്പര്യം ജനിച്ചു. പല സ്ഥലങ്ങളിലും പുതിയ സഭകള്‍ സ്ഥാപിക്കപ്പെട്ടു. കുരിശുയുദ്ധങ്ങള്‍ മൂലം യൂറോപ്പിലുണ്ടായ സാമൂഹികമായ അഭിവൃദ്ധിക്കു ചരിത്രം സാക്ഷിയാണ്. വിദ്യാഭ്യാസത്തിനു കൂടുതല്‍ പ്രചാരം വന്നു. യൂറോപ്പില്‍ പൊതുവേ ഒരു മാനസികമായ ഉണര്‍വ് ഉണ്ടാകുന്നതിനും കാരണമായി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org