കുട്ടികള്‍ ഒറ്റയാന്മാരാകുന്നുവോ?

കുട്ടികള്‍ ഒറ്റയാന്മാരാകുന്നുവോ?

സണ്ണി കുറ്റിക്കാട്ട് സിഎംഐ

ഒരിക്കല്‍ ഒരു രക്ഷകര്‍ത്താവു നിറഞ്ഞ അഭിമാനത്തോടെ പറഞ്ഞു. എന്‍റെ സ്വന്തം മകനായതുകൊണ്ടു പറയുകയല്ല, എന്‍റെ മോന് ഒരുവിധ കൂട്ടുകെട്ടുകളുമില്ല. വീട്ടില്‍ നിന്നിറങ്ങിയാല്‍ നേരെ സ്കൂള്‍; സ്കൂള്‍ വിട്ടാല്‍ നേരെ വീട്ടില്‍. ആരുമായും കളിക്കാന്‍പോലും കൂടുകയില്ല. ഒറ്റയ്ക്കു പോകും, ഒറ്റയ്ക്കു വരും. അവന്‍റെ കാര്യം മാത്രം നോക്കി അവന്‍ നടക്കും. മറ്റാരുടെ കാര്യത്തിലും അവന്‍ ഇടപെടുകയില്ല.

ആറാം ക്ലാസ്സില്‍ പഠിക്കുന്ന പതിനൊന്നു വയസ്സുകാരനായ തന്‍റെ മകനെക്കുറിച്ചുള്ള ആ പിതാവിന്‍റെ റിപ്പോര്‍ട്ടു കേട്ടിരുന്ന അയാളുടെ ഒരു സുഹൃത്ത് തന്‍റെ മുഖത്തു പ്രകടമായ അസ്വസ്ഥത ഒരുവിധം നിയന്ത്രിച്ചു ചുണ്ടുകള്‍ ഇടത്തേയ്ക്കു കോട്ടി ചിരിച്ചുവെന്നു വരുത്തിക്കൊണ്ടു പറഞ്ഞു: "അതു പോരല്ലോ." അല്പം അന്ധാളിപ്പോടെ അസ്വസ്ഥത നിറഞ്ഞ ശബ്ദത്തില്‍ ആ പിതാവു ചോദിച്ചു; "അതെന്താ, അങ്ങനെ പറയാന്‍?" ഇതുപോലുള്ള രക്ഷകര്‍ത്താക്കളും കുട്ടികളും നമ്മുടെ നാട്ടില്‍ ഒട്ടും കുറവല്ല. ഇവരില്‍ പലരും കാര്യത്തിന്‍റെ ഗൗരവം അറിയാതെ പോരായ്മയെ ആരാധിക്കുന്നവരാണ്.

ചില കുട്ടികള്‍ക്കു കൂട്ടുകാര്‍ ധാരാളമാണ്. ചിലര്‍ക്ക് ആരുംതന്നെയില്ല. ആര്‍ക്കും ഇഷ്ടപ്പെടാന്‍ കഴിയാത്ത കുട്ടികളുണ്ട്. പ്രാഥമിക വിദ്യാലയങ്ങളില്‍ പഠിക്കുന്നവരില്‍ അഞ്ചു ശതമാനം മുതല്‍ പത്തു ശതമാനം വരെ കുട്ടികള്‍ കൂട്ടുകാരില്ലാത്തവരായുണ്ടെന്നാണു കരുതപ്പെടുന്നത്. ഇവരില്‍ ചിലരെങ്കിലും മറ്റു കുട്ടികളുടെ വെറുപ്പിനു വിധേയരുമാണ്. കൂട്ടുകാരില്ലാതെ ഒറ്റപ്പെട്ട നിലയില്‍ കഴിയുന്ന കൊച്ചു വിദ്യാര്‍ത്ഥികളെ വേഗം തിരിച്ചറിയാന്‍ പല മാര്‍ഗങ്ങളുമുണ്ട്. ഓരോ കുട്ടിക്കും ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ള മൂന്നു സഹപാഠികളടെ പേരും തീരെ ഇഷ്ടമില്ലാത്ത ഒരു സഹപാഠിയുടെ പേരും എഴുതാന്‍ കുട്ടികളോട് ആവശ്യപ്പെടുന്നു.

ഇത്തരത്തിലുള്ള സാമൂഹ്യ അപഗ്രഥനങ്ങളില്‍നിന്നും മനസ്സിലാക്കുന്നത് ഓരോ കുട്ടിക്കും കുറഞ്ഞതു കൂട്ടുകാരായി രണ്ടു സഹപാഠികളെങ്കിലും കാണുമെന്നാണ്. പലരെയും ആരും വെറുക്കുന്നില്ല. ചെറിയൊരു വിഭാഗത്തിനു സുഹൃത്തുക്കളില്ല. അവരില്‍ ചിലര്‍ സഹപാഠികളുടെ വെറുപ്പു സമ്പാദിക്കുന്നവരുമാണ്. വളരെ കുറച്ചു കുട്ടികളെ മാത്രം എല്ലാവരും ഇഷ്ടപ്പെടുന്നു. അവരെ ആരും വെറുക്കുന്നില്ല. അവര്‍ക്കും ആരോടും വെറുപ്പില്ല.

പഠനത്തിലും മറ്റു പ്രവര്‍ത്തനങ്ങളിലും ഈ കുട്ടികള്‍ സമര്‍ത്ഥരായിരിക്കും. ഇഷ്ടത്തിന്‍റെയും അനിഷ്ടത്തിന്‍റെയും ലിസ്റ്റുകളില്‍പ്പെടാത്തവരും സഹപാഠികളാല്‍ അവഗണിക്കെപ്പെടാത്തവരുമായ കുട്ടികള്‍ക്കു സ്ഥിരമായ സുഹൃദ്ബന്ധങ്ങളുണ്ടാവില്ലെങ്കിലും പഠനത്തിലും മറ്റു കാര്യങ്ങളിലും പിടിച്ചുനില്ക്കാന്‍ കഴിവുള്ളവരായിരിക്കും. അതേസമയം അനിഷ്ടത്തിന്‍റെ ലിസ്റ്റില്‍ മാത്രം വരുന്ന, സഹപാഠികളാല്‍ നിരാകരിക്കപ്പെടുന്ന കുട്ടികളെക്കുറിച്ചു കൂടുതല്‍ ശ്രദ്ധയും കരുതലും ആവശ്യമാണ്. നിരാകരിക്കപ്പെട്ട നിലയില്‍ത്തന്നെ വളര്‍ച്ച തുടരുക എന്നത് അത്ര എളുപ്പത്തില്‍ നടക്കുന്ന കാര്യമല്ല. ഈ ഒറ്റപ്പെടല്‍ മൂലം സുപ്രധാനമായ പല അറിവുകളും കഴിവുകളും ആര്‍ജ്ജിക്കാനുള്ള അവസരങ്ങളാണ് അവര്‍ക്കു നഷ്ടപ്പെടുന്നത്. ഉത്സാഹം, സന്തോഷം, പൊരുത്തപ്പെടാനും സാമൂഹ്യവത്കരണത്തിനുമുള്ള ശേഷി, നിയമബോധം ഇവയൊക്കെ കൂട്ടുകാരുമൊരുമിച്ചുള്ള കളികളിലൂടെയുമൊക്കെയാണ് കൈവരുന്നത്. സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാതെ പോകുന്ന കുട്ടികളില്‍ അധികവും സഹപാഠികളാലും മറ്റുള്ളവരാലും നിരാകരിക്കപ്പെടുന്നവരാണ്. പഠനം പൂര്‍ത്തിയാക്കാതെ ഒരു സാധാരണ കുട്ടി പിരിയുമ്പോള്‍ നിരാകരിക്കപ്പെട്ട ഏഴു കുട്ടികള്‍ അങ്ങനെ പിരിയുന്നു എന്നാണു കണ്ടുവരുന്നത്.

നിരാകരിക്കപ്പെടുന്ന കുട്ടികള്‍ വളര്‍ന്നുവരുമ്പോള്‍ മറ്റാരെയുംതന്നെ അവരോട് അടുപ്പിക്കാതിരിക്കാനുള്ള പ്രവണത പ്രകടമാക്കുന്നു. മുതിര്‍ന്ന കുട്ടികളുടെ ക്ലാസ്സുകളിലായിരിക്കുമ്പോള്‍ അവരോട് അടുക്കാന്‍ ശ്രമിക്കുന്നവരെ ഭയപ്പെടുത്താനും വിരട്ടാനും ശ്രമിച്ചു ശത്രുത നേടുന്നു. എല്ലാവരും ഇങ്ങനെയാകണമെന്നില്ല. ഇരിക്കേണ്ടിടത്തു നില്ക്കുകയും നില്ക്കേണ്ടിടത്ത് ഇരിക്കുകയും അനാവശ്യം പറയുകയുമൊക്ക ചെയ്യുന്നവരുണ്ട്. സഹപാഠികള്‍ക്കും തങ്ങള്‍ക്കും പൊതുവായി എന്തെങ്കിലും ഉണ്ടെന്ന ചിന്ത ഇവര്‍ക്കു വളരെ കുറവാണ്.

ഇനിയും ചില കുട്ടികള്‍ പലരാലും പ്രത്യേകിച്ചു മാതാപിതാക്കളാലും അദ്ധ്യാപകരാലും മറ്റ് അവരുമായി അടുത്ത് ഇടപെടുന്ന ചില വ്യക്തികളാലും കൊള്ളില്ല എന്നു പറഞ്ഞുപറഞ്ഞ് കൊള്ളാത്തവരായിത്തീരുന്നവരുണ്ട്. മാത്സര്യത്തിന്‍റെ ഒരു ലോകത്താണു നമ്മള്‍ ഇന്നു ജീവിക്കുന്നത്. ഇവിടെ സ്വാഭാവികമായും കഴിവുള്ളവരും കഴിവ് കുറഞ്ഞവരും ഉണ്ട്. അതിനാല്‍ത്തന്നെ താരതമ്യപഠനം ഉടലെടുക്കുന്നു. നമ്മുടെ കുടുംബങ്ങളില്‍പ്പോലും ഈ താരതമ്യപഠനം വളരെ പ്രകടമാണ്. അറിഞ്ഞോ അറിയാതെയോ തങ്ങളുടെ കഴിവു കുറഞ്ഞ മക്കളെ താഴ്ത്തിപ്പറയുകയും പ്രത്യേകിച്ചു മറ്റുള്ളവരുടെ മുമ്പില്‍വച്ച്, കഴിവുകൂടിയ മക്കളെ പുകഴ്ത്തി പറയുകയും ചെയ്യുന്ന മാതാപിതാക്കള്‍ വിരളമായിട്ടെങ്കിലും നമ്മുടെ പല കുടുബങ്ങളിലുമുണ്ട്. ഇതുമൂലം മക്കളില്‍ ഉണ്ടാകുന്ന മാനസികസംഘര്‍ഷങ്ങളെപ്പറ്റി ഈ മാതാപിതാക്കള്‍ ഒട്ടുംതന്നെ അവബോധമുള്ളവരല്ല. മാതാപിതാക്കള്‍ക്കു തങ്ങളുടെ മക്കളെല്ലാം തുല്യരായിരിക്കണം. മക്കളെ തമ്മിലുള്ള താരതമ്യപ്പെടുത്തല്‍, പ്രത്യേകിച്ചു കഴിവിന്‍റെയും സൗന്ദര്യത്തിന്‍റെയും പേരില്‍ ഒരിക്കലും അവരുടെ പക്വമായ വളര്‍ച്ചയ്ക്കു സഹായകരമാവില്ല.

ഇനി ചില മാതാപിതാക്കളുടെ കാര്യമെടുത്താല്‍ അവര്‍ തങ്ങളുടെ മക്കളില്‍ ആണ്‍മക്കള്‍ക്കു പ്രത്യേക പരിഗണന നല്കുന്നു. നമ്മുടെ സമൂഹം അന്നും ഇന്നും ആണ്‍കുട്ടികള്‍ക്ക് അല്പം കൂടുതല്‍ പ്രാധാന്യം കല്പിക്കുന്നു എന്നതു യാഥാര്‍ത്ഥ്യമാണ്. ഈ മനോഭാവം ചില അവസരങ്ങളിലെങ്കിലും ആ മാതാപിതാക്കളുടെ പെണ്‍കുട്ടികളില്‍ നിരാശയും എതിര്‍പ്പും ഒറ്റപ്പെടലും ഏകാന്തതയോടുള്ള അടുപ്പവും ശക്തിപ്പെടാന്‍ വഴിതെളിക്കുന്നു. ഇതുപോലെ തന്നെ അത്ര ഗുണകരമല്ലാത്ത മറ്റൊരു കാഴ്ചപ്പാടാണു വീട്ടിലെ ഇളയകുട്ടികളോടുള്ള മാതാപിതാക്കളുടെ പ്രത്യേക മമത. എല്ലാ കാര്യത്തിലും ഇവര്‍ക്കു പ്രത്യേക പരിഗണന ലഭിക്കുന്നതു കാണുമ്പോള്‍ ഇവന്‍ അല്ലെങ്കില്‍ ഇവള്‍ മറ്റു കുട്ടികളുടെ കണ്ണിലെ കരടായിത്തീരാനുള്ള സാദ്ധ്യത ഏറെയാണ്. അതുകൊണ്ടു മക്കളോടുള്ള തങ്ങളുടെ പെരുമാറ്റത്തില്‍ മാതാപിതാക്കള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതു നല്ലതാണ്.

മാതാപിതാക്കള്‍ മക്കളെ എല്ലാവരെയും തുല്യരായി കാണാന്‍ ശ്രമിക്കണം. എല്ലാ മക്കളും ഒരുപോലെ കഴിവുള്ളവരാകണമെന്നില്ല. എന്നിരുന്നാലും മാതാപിതാക്കള്‍ക്കു മക്കളെല്ലാവരും തുല്യരായിരിക്കണം. കഴിവു കുറഞ്ഞ മക്കളെ മറ്റുള്ളവരുടെ മുമ്പില്‍ വച്ചു താഴ്ത്തിക്കെട്ടാതിരിക്കുക. വളര്‍ച്ചയുടെ ആരംഭത്തിലെ കൂമ്പു നുള്ളിക്കളയുന്ന സ്വഭാവം മാതാപിതാക്കള്‍ക്ക് ഉണ്ടാകാതിരിക്കട്ടെ. ആണ്‍കുട്ടികള്‍ക്കു പ്രാധാന്യം കല്പിക്കുന്ന പ്രകൃതം നമ്മുടെ സമൂഹം നമ്മുടെമേല്‍ അടിച്ചേല്പിച്ച ഒരു മനോഭാവമാണെങ്കിലും മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ അവര്‍ ആണ്‍കുട്ടികളാകട്ടെ പെണ്‍കുട്ടികളാകട്ടെ, അവരെ തുല്യരായി കാണാന്‍ ശ്രമിക്കണം. അതുവഴി മാത്രമേ കുടുംബത്തില്‍ സാഹോദര്യബന്ധം സുദൃഢമാകൂ. ഒരു കുട്ടിയോടുള്ള പ്രത്യേക മമത അവന്‍ അല്ലെങ്കില്‍ അവള്‍ വളരുന്നതിനനുസരിച്ചു കുറച്ചു കൊണ്ടുവരിക. പലപ്പോഴും മൂത്ത സഹോദരങ്ങള്‍ക്ക് ഇളയകുട്ടികളോടുള്ള നീരസം വെറുപ്പ് എന്നിവ കാലക്രമത്തില്‍ ഇല്ലാതാക്കാന്‍ ഇതു സഹായിക്കും.

ചുരുക്കിപ്പറഞ്ഞാല്‍, മാതാപിതാക്കളും മറ്റു മുതിര്‍ന്നവരും അറിഞ്ഞോ അറിയാതെയോ പ്രകടിപ്പിക്കുന്ന വിവേചനങ്ങളും പ്രത്യേക പരിഗണനകളും പരമാവധി ഒഴിവാക്കിയാല്‍ കുട്ടികള്‍ക്കു നല്ല രീതിയിലുള്ള സുഹൃദ്വലയവും മെച്ചപ്പെട്ട സാമൂഹ്യജീവിതവും സാദ്ധ്യമാക്കാന്‍ വിഷമിക്കേണ്ടി വരില്ല. ഒരു കുട്ടിക്കു വിജയകരമായ രീതിയിലുള്ള സാമൂഹ്യബന്ധം പുലര്‍ത്താനുള്ള ശേഷി അവന്‍റെ കുടുംബത്തില്‍ നിന്നുതന്നെയാണ് ആര്‍ജ്ജിച്ചു തുടങ്ങുന്നത്. മക്കള്‍ ആവശ്യപ്പെടുന്നതെന്തും അവരെ സന്തോഷിപ്പിക്കുന്നതിനായി വാങ്ങിച്ചുകൊടുക്കാന്‍ പരിശ്രമിക്കുന്ന മാതാപിതാക്കള്‍ അതിനു മുമ്പ് വ്യക്തിബന്ധത്തിന്‍റെയും പരസ്പരാശ്രയത്വത്തിന്‍റെയും ബാലപാഠങ്ങള്‍കൂടി അവരെ അഭ്യസിപ്പിക്കാന്‍ ശ്രദ്ധിക്കണം. അങ്ങനെയായാല്‍ നമ്മുടെ കുടുംബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാകും. കുടുംബത്തില്‍ മക്കളുടെ പരിപക്വമായ വളര്‍ച്ച കൂടുതല്‍ ത്വരിതപ്പെടുകയും ചെയ്യും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org