Latest News
|^| Home -> Suppliments -> Baladeepam -> കുട്ടികള്‍ വീടിന് അലങ്കാരമാകണം

കുട്ടികള്‍ വീടിന് അലങ്കാരമാകണം

Sathyadeepam

ലോകത്തിലെ ഏറ്റവും ശക്തമായ ടീമാണ് കുടുംബം. ആ കുടുംബം സ്വര്‍ഗ്ഗമാക്കുവാനും നരകമാക്കുവാനും കഴിവുള്ളവരാണ് കുട്ടികളായ നമ്മള്‍. കൂടുമ്പോള്‍ ഇമ്പമുള്ളതാണല്ലോ കുടുംബം. എന്നാല്‍ കൂടുമ്പോള്‍ അസ്വസ്ഥതയുടെ ഭൂകമ്പം ഉണ്ടാക്കുവാനും അതിന് കഴിയും. നമ്മള്‍ എങ്ങനെ ചിന്തിക്കുന്നു, പെരുമാറുന്നു, സംസാരിക്കുന്നു എന്നതിനനുസരിച്ചായിരിക്കും വീടിന്‍റെ സന്തോഷവും ദുഃഖവും. വീട് ചെറുതോ വലുതോ എന്നതല്ല പ്രധാനം. അതില്‍ നമ്മള്‍ എങ്ങനെ ജീവിച്ച് ഭംഗിയാക്കുന്നു എന്നുള്ളതാണ്.

പല കുട്ടികളും മാതാപിതാക്കള്‍ക്ക് ഇന്നൊരു തലവേദനയും പ്രശ്നവുമാണ്. പ്രാര്‍ത്ഥന ഇല്ലാത്ത ജീവിതം, ചെറിയ കാര്യങ്ങള്‍ക്ക് പോലും ബഹളമുണ്ടാക്കുന്ന മുന്‍കോപം, വീട്ടിലെ വസ്തുക്കളോടുള്ള നശീകരണ പ്രവണത, മാതാപിതാക്കളുടെ കണ്ണീരിനും കഷ്ടപ്പാടിനും യാതൊരു വിലയും കൊടുക്കാത്ത ധിക്കാരം, മാതാപിതാക്കളോടുള്ള ദേഹോപദ്രവം, അസംതൃപ്തി, അനുസരണക്കേട്, പരീക്ഷയില്‍ താഴ്ന്ന വിജയശതമാനം ഇവയെല്ലാം ഏതൊരു കുടുംബത്തിന്‍റെയും സമാധാനത്തിന്‍റെ അടിത്തറ ഇളക്കുന്നവയാണ്. ഇത്തരം സ്വഭാവവൈകൃതങ്ങളുള്ള കുട്ടികള്‍ വീടിന്‍റെ തീരാദുഃഖമാകും. ഇവരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ തന്നെ വേദനാജനകമാണ്.

എന്നാല്‍ സ്നേഹിക്കുവാനും സഹിക്കുവാനും ഉള്ളതുകൊണ്ട് തൃപ്തിപ്പെടുവാനും വിനയത്തോടും എളിമയോടും ശാന്തതയോടും സൗമ്യതയോടും പെരുമാറുവാനും സംസാരിക്കുവാനും കഴിയുന്ന കുട്ടികള്‍ വീടിന് അലങ്കാരവും സമാധാനത്തിന്‍റെ പാലകരുമായി മാറുന്നു. ഈ മക്കളെക്കുറിച്ച് ഓര്‍ത്ത് മാതാപിതാക്കള്‍ അഭിമാനം കൊള്ളും. ഇങ്ങനെയുള്ള കുടുംബത്തില്‍ ജീവിക്കുന്നവര്‍ക്ക് പഠിക്കാന്‍ താനെ താല്പര്യം തോന്നും.

ഇന്ന് പല മാതാപിതാക്കളും വിദ്യാര്‍ത്ഥികളും സ്നേഹം ഉള്ളില്‍ കൊണ്ടു നടക്കുന്നവരാണ്. സ്നേഹം പുറത്തുകാണിക്കുന്നത് എന്തോ ഒരു നാണക്കേട് പോലെയോ അഭിമാനക്കുറവു പോലെയോ ആണ്. ഇതു തന്നെയാണ് കുടുംബജീവിതത്തിന്‍റെ തകര്‍ച്ചയ്ക്ക് ഒരു കാരണം. മാതാപിതാക്കള്‍ കുട്ടികളോടുള്ള സ്നേഹം പുറത്തു കാണിക്കാതെ ഉള്ളില്‍ കൊണ്ടു നടക്കുന്നു. മക്കളും മാതാപിതാക്കളോടുള്ള സ്നേഹം പുറത്തുകാണിക്കാതെ ഉള്ളില്‍ കൊണ്ടു നടക്കുന്നു. എന്നിട്ട് പരസ്പരം പരാതിയായി, പരിഭവമായി, പിണക്കമായി, അകല്‍ച്ചയായി.

പഠിക്കാന്‍ ബുദ്ധിമുട്ടുന്ന, മാര്‍ക്കു കുറഞ്ഞുപോകുന്ന സമയങ്ങളിള്‍ മാതാപിതാക്കളുടെ സ്നേഹത്തോടെയുള്ള ഒരു തലോടലും അവരുടെ സാമീപ്യവും കുട്ടികളുടെ പഠനത്തില്‍ വലിയ മാറ്റം വരുത്തും. എന്നാല്‍ മാതാപിതാക്കള്‍ക്ക് അതിന് സമയമില്ല. മക്കളെ പഠിപ്പിക്കാന്‍ മുക്കാല്‍മണിക്കൂര്‍ ഇരുന്നാല്‍ അതില്‍ അരമണിക്കൂറും മക്കളെ ശാസിക്കാനും തല്ലാനുമാണ് ഉപയോഗിക്കുന്നത്. ഇങ്ങനെയുള്ള പഠിപ്പിക്കല്‍ മക്കളെ വളര്‍ത്തുന്നില്ല തളര്‍ത്തും.

ഇതിനൊരു മറുവശം കൂടിയുണ്ട്. പകലന്തിയോളം പണിയെടുത്ത് ജീവിതഭാരത്താല്‍ തളര്‍ന്ന് കഷ്ടപ്പെട്ട് വീട്ടില്‍ കയറി വരുന്ന മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുവാനും ഉണര്‍ത്താനും മക്കളുടെ ഒരാശ്വാസ വാക്കു മാത്രം മതി. എത്ര കടബാധ്യതയിലും വേദനയിലും പെട്ടിരിക്കുമ്പോഴും മക്കളുടെ സനേഹത്തോടെയുള്ള സ്പര്‍ശനവും സാമീപ്യവും മാതാപിതാക്കള്‍ക്ക് ആശ്വാസമാണ്. ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് സഹിക്കാനും നന്നായി പഠിച്ച് മാര്‍ക്കുവാങ്ങാനും മക്കള്‍ തയ്യാറാകുമ്പോള്‍ അതിലും വലിയ ആശ്വാസം മാതാപിതാക്കള്‍ക്ക് മറ്റെവിടെനിന്നും കിട്ടുകയില്ല. എന്നാല്‍ ഈ സത്യം കുട്ടികള്‍ മനസ്സിലാക്കുന്നില്ല. ‘അതുപോരാ, ‘ഇതു പോരാ’, ‘അവനുണ്ട്,’ ‘എനിക്കില്ല,’ ‘എനിക്ക് പറ്റില്ല” എന്നിങ്ങനെ നിഷേധാത്മകമായ വാക്കുകള്‍ വീടുകളില്‍ നിന്ന് മുഴങ്ങി കേള്‍ക്കുമ്പോള്‍ സമാധാനം എവിടെ, ശാന്തിയെവിടെ?

മക്കളുടെ പ്രവൃത്തികളും സംസാരവും മൂലം എത്രയോ മാതാപിതാക്കളാണ് ഇന്ന് കണ്ണീര്‍ കുടിക്കുന്നത്. എന്‍റെ മക്കളെ ഓര്‍ത്ത് പ്രാര്‍ത്ഥിക്കാത്ത, കരയാത്ത ദിവസങ്ങളില്ല എന്ന് എത്രയോ മാതാപിതാക്കള്‍ പറയുന്നത് കേള്‍ക്കാന്‍ സാധിച്ചിരിക്കുന്നു. കാരണം ഈ മക്കള്‍ അത്രമാത്രം അവരെ വേദനിപ്പിക്കുന്നു.

മാതാപിതാക്കള്‍ എത്ര കുറവുള്ള വ്യക്തികളായാലും മദ്യപിക്കുന്നവരായാലും നിങ്ങള്‍ അവരെ വേദനിപ്പിക്കരുത്. ദൈവത്തിന്‍റെ ദാനമാണ് അവര്‍. നിങ്ങളെക്കാളും കൂടുതലായി നിങ്ങളുടെ മാതാപിതാക്കളുടെ കുറവുകള്‍ എന്തെല്ലാമാണെന്ന് ദൈവത്തിനറിയാം. ഇത് അറിഞ്ഞിട്ടുതന്നെയാണ് നിങ്ങള്‍ അവരുടെ മക്കളായി ജനിക്കണം എന്ന് ദൈവം ആഗ്രഹിച്ചതും അവരുടെ കീഴില്‍ വളര്‍ന്നതും. മഹനായ അലക്സാണ്ടര്‍ പറഞ്ഞു: “ഞാന്‍ നേടിയ രാജ്യങ്ങളോ ഭീമമായ സമ്പത്തോ പ്രതാപമോ ഒക്കെ കൂടി എന്‍റെ അമ്മയ്ക്ക് പ്രതിഫലമായി കൊടുത്താലും അമ്മ എന്നെ പത്തുമാസം ഗര്‍ഭത്തില്‍ ചുമന്നതിന്‍റെ കൂലിക്ക് തികയില്ല.”

മക്കള്‍ മാതാപിതാക്കളുമായുള്ള ബന്ധത്തില്‍ ശ്രദ്ധിക്കേണ്ടതായ വിശുദ്ധ ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിക്കൂ:

“പിതാവിനെ ബഹുമാനിക്കുന്നവര്‍ തന്‍റെ പാപങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്യുന്നു. അമ്മയെ മഹത്വപ്പെടുത്തുന്നവന്‍ നിക്ഷേപം കൂട്ടിവെക്കുന്നു” (പ്രഭാ. 3:4).

“പിതാവിനെ ബഹുമാനിക്കുന്നവന്‍റെ പ്രാര്‍ത്ഥന ദൈവം വേഗം കേള്‍ക്കും. ദീര്‍ഘകാലം ജീവിക്കും.” (പ്രഭാ. 3:6)

“പിതാവിന്‍റെ അനുഗ്രഹം നിങ്ങളുടെ ഭവനങ്ങളെ ബലവത്താക്കും. അമ്മയുടെ ശാപം വീടിന്‍റെ അടിത്തറ ഇളക്കുകയും ചെയ്യും.” (പ്രഭാ. 3:10)

“മറ്റുള്ളവരുടെ മുന്നില്‍ മഹത്വം കിട്ടാന്‍ പിതാവിനെ അപമാനിക്കരുത്. അമ്മയെ അനാദരിക്കുന്നവന്‍ അപകീര്‍ത്തിക്കിടയാക്കും.” (പ്രഭാ. 3:11)

“പൂര്‍ണ്ണഹൃദയത്തോടെ പിതാവിനെ ബഹുമാനിക്കുക. നൊന്തുപെറ്റ അമ്മയെ മറക്കരുത്. മാതാപിതാക്കന്മാരാണ് നിനക്കു ജന്മം നല്കിയതെന്ന് ഓര്‍ക്കുക. നിനക്ക് അവരുടെ ദാനത്തിന് എന്തു പ്രതിഫലം നല്കാന്‍ കഴിയും?” (പ്രഭാ. 7:28)

“പിതാവിനെയും മാതാവിനെയും നിന്ദിക്കുന്നവന്‍ ശപിക്കപ്പെട്ടവനാകും.” (നിയമാ 27:16)

“നിന്‍റെ അമ്മയുടെ കാര്യം ഒരിക്കലും മറക്കരുത്. അമ്മയുടെ ഇഷ്ടം നോക്കണം. അമ്മയെ ആദരിക്കണം. ഒരിക്കലും അമ്മയെ വേദനിപ്പിക്കരുത്.” (തോബി. 4:3)

“പിതാവിനോട് അതിക്രമം കാട്ടുകയും അമ്മയെ ആട്ടിയോടിക്കുകയും ചെയ്യുന്ന മകന്‍ അപമാനവും അധിക്ഷേപവും വരുത്തിവയ്ക്കുന്നു.” (സുഭാ. 19:26)

“പിതാവിനെ പരിത്യജിക്കരുത്. ദൈവദൂഷണത്തിന് തുല്യമാണ്. അമ്മയെ ദേഷ്യം പിടിപ്പിക്കുന്നവന്‍ ദൈവത്തിന്‍റെ ശാപമേല്‍ക്കും.” (പ്രഭാ. 3:16)

“പിതാവിനെ പരിഹസിക്കുകയും അമ്മയെ അവജ്ഞയോടെ ധിക്കരിക്കുകയും ചെയ്യുന്നവന്‍റെ കണ്ണ് മലങ്കാക്കകള്‍ കൊത്തിപ്പറിക്കുകയും കഴുകന്മാര്‍ തിന്നുകയും ചെയ്യം” (സുഭാ. 30:17)

“മകനെ നിന്‍റെ അപ്പന്‍റെ കല്പന കാത്തുകൊള്ളുക. മാതാവിന്‍റെ ഉപദേശം നിരസിക്കരുത്…. നടക്കുമ്പോള്‍ അവ നിന്നെ നയിക്കും. കിടക്കുമ്പോള്‍ അവ നിന്നെ കാത്തുകൊള്ളും. ഉണരുമ്പോള്‍ നിന്നെ ഉപദേശിക്കും. എന്തെന്നാല്‍ അവരുടെ കല്പന ദീപവും ഉപദേശം പ്രകാശവുമാണ്. ശിക്ഷണത്തിന്‍റെ ശാസനകളാകട്ടെ ജീവന്‍റെ മാര്‍ഗ്ഗവും.” (സുഭാ. 6:20-23)

പ്രിയ കുട്ടികളെ, നിങ്ങളുടെ സംസാരം കൊണ്ട് മാതാപിതാക്കള്‍ വിഷമിക്കാന്‍ ഇടയായിട്ടുണ്ടോ? നിങ്ങള്‍ വീട്ടില്‍ ഒരു പ്രശ്നക്കാരനാണോ?… നശീകരണ പ്രവണതയുള്ളവനാണോ?… എങ്കില്‍ പശ്ചാത്തപിക്കുക… മാപ്പു ചോദിക്കുക…. സമയം കഴിഞ്ഞിട്ടില്ല…. അനുഗ്രഹം നിന്നെ കാത്തിരിക്കുന്നു.

നിങ്ങള്‍ക്കുള്ള അനുഗ്രഹം ദൈവം കൊടുത്തേല്പിച്ചിരിക്കുന്നത് മാതാപിതാക്കളുടെ കൈകളിലാണ്. ആ അനുഗ്രഹമാണ് നിങ്ങളുടെ ജീവിതത്തെ സമ്പന്നമാക്കുന്നത്. അതിനാല്‍ മാതാപിതാക്കളെ സ്നേഹിച്ചും അനുസരിച്ചും അവരുടെ അനുഗ്രഹം സ്വന്തമാക്കുക.

Leave a Comment

*
*