കുട്ടികളിലെ ഭയം ഉണ്ടാകുന്നതോ ഉണ്ടാക്കുന്നതോ?

കുട്ടികളിലെ ഭയം ഉണ്ടാകുന്നതോ ഉണ്ടാക്കുന്നതോ?

സണ്ണി കുറ്റിക്കാട്ട് സി.എം.ഐ.

സുരക്ഷിതവും ആരോഗ്യപൂര്‍ണവുമായ കുടുംബപശ്ചാത്തലത്തില്‍ ബാല്യകാലം തളിരിടുമ്പോള്‍ വ്യക്തിത്വവികാസവും അതുമായി ബന്ധപ്പെട്ട വൈകാരിക മണ്ഡലങ്ങളും കര്‍മോന്മുഖമായിത്തീരുന്നു. തനിക്കു കൈമുതലായുള്ള ജന്മവാസനകള്‍ ശിശുസാഹചര്യങ്ങളുമായി ഇണങ്ങിയും പിണങ്ങിയും സമരസപ്പെടുകയും പൊരുത്തപ്പെടുകയും ചെയ്യുന്നതിലൂടെയാണ് അവന്‍റെ അല്ലെങ്കില്‍ അവളുടെ വ്യക്തിത്വവികാസം സാദ്ധ്യമാകുന്നത്. സാഹചര്യങ്ങള്‍ കുട്ടിയുടെ മനസ്സില്‍ പോറലുകള്‍ ഏല്പിക്കുമ്പോള്‍ അത് അവന്‍റെ അല്ലെങ്കില്‍ അവളുടെ വൈകാരിക താളക്രമത്തെ ബാധിക്കുന്നു. ഭയമെന്ന വികാരത്തിന് ഈ താളപ്പിഴയുടെ കാര്യത്തില്‍ അപ്രധാനമല്ലാത്ത ഒരു സ്ഥാനമുണ്ട്. എല്ലാ കുട്ടികളും വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ ഭയം പ്രകടിപ്പിക്കുന്നു. ഇക്കാര്യത്തില്‍ കുട്ടികള്‍ക്കിടയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉ ണ്ടായിരിക്കുമെന്നേയുള്ളൂ. സാധാരണഗതിയില്‍ ആറുമാസം പ്രായമാകുമ്പോഴാണു ശിശുക്കളില്‍ ഭയം കാണപ്പെടുന്നത്. വളര്‍ച്ചയുടെ ഈ ഘട്ടത്തില്‍ ഇന്ദ്രിയങ്ങളുടെ വികാസവും അവയിലൂടെ ലഭ്യമാകുന്ന പുറംലോകത്തെക്കുറിച്ചുള്ള അറിവും കുട്ടിയില്‍ ഭയമെന്ന വികാരത്തെ പ്രകടമാക്കുന്നു.

ഭയം ഊര്‍ജ്ജിത സ്വഭാവമുള്ളതാണെന്നു ബിഹേവിയറിസത്തിന്‍റെ വക്താവായ ജെ.വി. വാട്സണ്‍ പരീക്ഷണങ്ങളിലൂടെ തെളിയിച്ചു. വസ്തുക്കളോടും സാഹചര്യങ്ങളോടുമുള്ള കുട്ടിയുടെ ഭയം. ഒരുതരം കണ്ടീഷനിംഗില്‍ (ചിട്ടപ്പെടുത്തലില്‍) നിന്നാണു പലപ്പോഴും ആരംഭിക്കുന്നത്. ചെറിയ കുട്ടികളില്‍ സാധാരണയായി ഇരുട്ട്, മിന്നല്‍, ഋതുക്കള്‍, ചില വ്യക്തികള്‍ എന്നിവ ഭയം ഉളവാക്കുമ്പോള്‍ മുതിര്‍ന്ന കുട്ടികളില്‍ ഇരുട്ട്, ഏകാന്തത, അപകടങ്ങള്‍, സാഹസികപ്രവൃത്തികള്‍ തുടങ്ങിയവയായിരിക്കും ഭയം സൃഷ്ടിക്കുന്നത്. വസ്തുക്കളോടും സാഹചര്യങ്ങളോടുമുള്ള ഭയം പ്രായത്തിനനുസരണമായി കുട്ടികളില്‍ അപ്രത്യക്ഷമാകും. നേരെ മറിച്ചുള്ള അനുഭവങ്ങളും അപൂര്‍വമായുണ്ട്.

മാനസികാരോഗ്യത്തെ കാര്‍ന്നുതിന്നുന്ന ഫോബിയ (അകാരണഭയം) പോലുള്ള ഭയത്തെക്കുറിച്ചല്ല ഇവിടെ പ്രതിപാദിക്കുന്നത്. ഭയമെന്ന വൈകാരികഭാവത്തെ വിശകലനം ചെയ്യുമ്പോള്‍ കുട്ടികള്‍ എങ്ങനെ ഭയമുള്ളവരായിത്തീരുന്നു, മാതാപിതാക്കളും മറ്റും കുട്ടികളെ ഭീരുക്കളാക്കുന്നതില്‍ എത്രമാത്രം സ്വാധീനം ചെലുത്തുന്നു, അവരെ നിര്‍ഭയരാക്കുന്നതില്‍ തങ്ങള്‍ക്കെന്തു ചെയ്യാന്‍ സാധിക്കും എന്നു തുടങ്ങിയ കാര്യങ്ങള്‍ പ്രസക്തമായിത്തീരുന്നു.

മനുഷ്യനെ കര്‍മ്മോന്മുഖനാക്കുന്നതിനു പ്രേരകമായി വര്‍ത്തിക്കുന്നത് ഒരു പരിധിവരെ ഭയമാണ്. അതായതു പരാജയഭീതി വിജയപീഠത്തിലേക്കുള്ള വഴിയൊരുക്കുന്നു. ഈ പരാജയഭീതി യുക്തിയില്‍ അധിഷ്ഠിതമായിരിക്കണമെന്നു മാത്രം. എന്നാല്‍പ്പോലും സാഹചര്യത്തോടും അതു സൃഷ്ടിക്കുന്ന സമ്മര്‍ദ്ദങ്ങളോടുമുള്ള സമീപനം കുട്ടികളില്‍ ഉത്കണ്ഠയുള്ളവാക്കുമ്പോള്‍ ഭയം വര്‍ദ്ധിക്കുന്നു. ഉത്കണ്ഠാകുലനായ വ്യക്തിക്കു കാര്യകാരണസഹിതം ഭയത്തിന്‍റെ പിന്നിലുള്ള മനോഗതിയെ വിലയിരുത്തുവാനും ഭയം ഉളവാക്കുന്ന അവസ്ഥയെ നേരിടാനും കഴിയുകയില്ല. മാത്രമല്ല, ലക്ഷ്യബോധത്തെക്കുറിച്ചുള്ള ആകാംക്ഷയും ആശങ്കയും തന്നെ വേട്ടയാടുമ്പോള്‍ ശുഭാപ്തിവിശ്വാസവും ആത്മധൈര്യവും ചിറകറ്റ് വീഴുകയും അവസാനം പ്രശ്നങ്ങളില്‍നിന്ന് ഒളിച്ചോടുന്നതിലൂടെ പ്രശ്നങ്ങള്‍ക്കും കീഴടങ്ങുകയുമായിരിക്കും ഫലം.

ശാരീരികവും മാനസികവുമായ കാരണങ്ങളാല്‍ ഭയം ഉടലെടുക്കാം. ഗര്‍ഭിണിയായിരിക്കുമ്പോള്‍ അമ്മയ്ക്കു ലഭിച്ചിരുന്ന സാഹചര്യം – ശാരീരിക- മാനസിക ആവശ്യങ്ങളുടെ തൃപ്തികരമായ നിറവേറല്‍ – ശിശുവിന്‍റെ വളര്‍ച്ചയെ പ്രത്യേകിച്ചു വൈകാരികമണ്ഡലത്തെ വളരെയധികം സ്വാധീനിക്കുന്നു. പാരമ്പര്യഘടകങ്ങളുടെ സാദ്ധ്യത ഇവിടെ തള്ളിക്കളയുന്നില്ല. എങ്കിലും അതിലുപരിയായ കുടുംബപശ്ചാത്തലവും മറ്റു ചുറ്റുപാടുമാണ് ഒരുവനെ 'അവനാക്കി' മാറ്റുന്നത്. കുട്ടികളില്‍ ഭയവുമായി ബന്ധപ്പെട്ട ഒട്ടേറെ ഘടകങ്ങള്‍ കെട്ടുപിണഞ്ഞു കിടക്കുന്നുണ്ടെങ്കിലും അതില്‍ പ്രധാനമായും നാലു ഘടകങ്ങളെ അനായാസേന നമുക്കു വേര്‍തിരിക്കാനാകും.

ഒന്നാമതായി, ഓടരുത് വീഴും, തൊടരത് പൊള്ളും, കരയരുത് പൂച്ച പിടിക്കും, അടുത്ത വീട്ടിലെ പട്ടിയെക്കൊണ്ട് കടിപ്പിക്കും… ഇങ്ങനെ പോകുന്നു കുട്ടികളോടുള്ള മുതിര്‍ന്നവരുടെ സമീപനം. അന്ധവിശ്വാസങ്ങളെ കക്ഷിചേര്‍ത്തുകൊണ്ടുള്ള മുത്തശ്ശിമാരുടെ പ്രേതകഥകളും കുട്ടികളെ ഭയചകിതരാക്കുന്ന ഘടകങ്ങളാണ്. രണ്ടാമതായി, അപകടങ്ങള്‍, അസാധാരണ സംഭവങ്ങള്‍, ഉത്കണ്ഠാജനകമായ അന്തരീക്ഷം മുതലായവയോടു മാതാപിതാക്കളും മറ്റും പുലര്‍ത്തുന്ന സമീപനവും പെരുമാറ്റ രീതിയും കുട്ടികള്‍ അനുകരിക്കുന്നു. നിസ്സാര പ്രശ്നങ്ങള്‍ക്കുപോലും വേവലാതിപ്പെടുന്നവര്‍, സങ്കുചിത മനോഭാവത്തോടെ പ്രശ്നങ്ങളെ നോക്കിക്കാണുന്നവര്‍, മാര്‍ഗങ്ങളെക്കുറിച്ചു വിലയിരുത്താതെ ലക്ഷ്യം നേടാന്‍ ശ്രമിക്കുന്നവര്‍, ക്ഷമയെന്ന രണ്ടക്ഷരത്തിനു മനസ്സില്‍ അല്പംപോലും ഇടമില്ലാത്തവര്‍, ഇത്തരക്കാര്‍ കുട്ടികളില്‍ ഭയം സൃഷ്ടിക്കുമെന്നതില്‍ രണ്ടു പക്ഷമില്ല. മൂന്നാമതായി, ദുര്‍ബലമായ വ്യക്തിത്വമുള്ള കുട്ടികളില്‍ വൈകാരികപ്രശ്നങ്ങള്‍ അവരുടെ മാനസിക വളര്‍ച്ചയേയും പുരോഗതിയേയും തടസ്സപ്പെടുത്തുന്നു. ഇങ്ങനെ ഒറ്റപ്പെടല്‍ അനുഭവപ്പെടുത്തുന്നു. ഏകനാണെന്ന തോന്നല്‍ കുട്ടികളില്‍ ഭീതിയുളവാക്കുന്നു. നാലാമതായി, എന്‍റെ കുട്ടിക്കാലത്ത് എനിക്കു സ്നേഹമോ ലാളനയോ ഒന്നും ലഭിച്ചിട്ടില്ല. എന്‍റെ കുട്ടികള്‍ക്ക് എന്‍റെ സ്ഥിതി വരാന്‍ ഞാനെന്തായാലും സമ്മതിക്കില്ല എന്ന മനോഭാവമുള്ള മാതാപിതാക്കളുണ്ട്.

ഈ മനോഭാവം കുട്ടികളെ കൂടുതല്‍ ലാളിക്കുന്നതിനും അങ്ങനെ അമിത സംരക്ഷണത്തില്‍ അവര്‍ വളരുന്നതിനും ഇട നല്കുന്നു. കുട്ടിയുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അവ നിറവേറ്റുന്നതിനു പകരം ഇവര്‍ കുട്ടിയുടെ ആഗ്രഹനിവര്‍ത്തിക്കായിരിക്കും ഊന്നല്‍ കൊടുക്കുന്നത്. കുട്ടിയുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും രണ്ടും രണ്ടാണെന്ന കാര്യം പരിഗണിക്കാതെ ആഗ്രഹിക്കുന്നതെന്തും നിറവേറ്റപ്പെടുമ്പോള്‍, തന്നെക്കുറിച്ച്, തനിക്കെന്തു നേടാന്‍ കഴിയുമെന്നു ചിന്തിക്കാനും അതിനനുസരിച്ച് ഉത്തരവാദിത്വത്തോടെ ദൈനംദിന കാര്യങ്ങള്‍ നിര്‍വഹിക്കാനും അവസരം ലഭിക്കുന്നില്ല. ഇത് അവരെ പ്രവൃത്തിപഥത്തില്‍നിന്നു പിന്തിരിയുന്നതിനു പ്രേരിപ്പിക്കുകയും അങ്ങനെ നിഷ് ക്രിയനാകുന്നതില്‍ സന്തോഷം കണ്ടെത്തുകയും ചെയ്യുന്നു. ഇപ്രകാരമുള്ള കുട്ടികള്‍ പ്രശ്നങ്ങളുടെ ആഴക്കടലില്‍ മുങ്ങിപ്പൊങ്ങുമ്പോഴായിരിക്കും തങ്ങള്‍ കുട്ടികള്‍ക്കു നല്കിയതു വെറും വൈക്കോല്‍ തുരുമ്പായിരുന്നുവെന്ന വസ്തുത മാതാപിതാക്കളില്‍ ചിലരെങ്കിലും മനസ്സിലാക്കുക. കുട്ടികള്‍ എല്ലാം തികഞ്ഞവരാകണമെന്ന ആഗ്രഹം, അതിനുവേണ്ടി അവരെ ചിട്ടപ്പെടുത്തുന്നതിനുള്ള വെമ്പല്‍, കുട്ടികളിലെ ദൗര്‍ബല്യം അംഗീകരിക്കുന്നതിലുള്ള വൈമുഖ്യം, അന്യോന്യം വാളോങ്ങുന്ന രക്ഷകര്‍ത്താക്കള്‍ എന്നിവ കുട്ടികളില്‍ ഭയം സങ്കീര്‍ണമാക്കുന്ന ഘടകങ്ങളാണ്.

ഭയം ഒഴിവാക്കേണ്ടത് എങ്ങനെയാണ് എന്നറിഞ്ഞിരിക്കുന്നതും നല്ലതാണ്. നിര്‍ഭയമായി പ്രതികരിക്കുന്നതിനുള്ള സാഹചര്യം കുട്ടികള്‍ക്കു നല്കുന്ന കാര്യത്തില്‍ മാതാപിതാക്കള്‍ക്കും സമൂഹത്തിനുമുള്ള ബാദ്ധ്യത ഇതില്‍നിന്നും വ്യക്തമാണല്ലോ. 'എത്ര തല്ലിയിട്ടെന്താ അവനാരേയും പേടിയില്ല' എന്നു പറയുമ്പോള്‍ ഭയം കുട്ടികളില്‍ പ്രകടമായി കാണാത്തതിലുള്ള പരിഭവമാണു മാതാപിതാക്കളും മറ്റു മുതിര്‍ന്നവരും പ്രകടിപ്പിക്കുന്നത്. ഭയം സൃഷ്ടിക്കുന്നതിനു വേണ്ടിയുള്ള ശിക്ഷാനടപടികള്‍ നൈമിഷികമായ പ്രയോജനമേ നല്കൂ എന്ന വസ്തുത അവര്‍ അറിയുന്നില്ല, മനസ്സിലാക്കുന്നില്ല. മറ്റുള്ളവരോടുള്ള ആദരവും സ്നേഹവും ഭയത്തില്‍നിന്നാണു രൂപപ്പെടുന്നതെന്ന തെറ്റിദ്ധാരണയാണ് ഈ നിലപാടിനു പിന്നിലുള്ളത്. ഇതുപോലുള്ള അനേകം വികലമായ ചിന്തകള്‍ തലമുറകളുടെയും സാഹചര്യങ്ങളുടെയും അച്ചില്‍ വാര്‍ത്തെടുക്കുന്നതിന്‍റെ ഫലമായാണു കുട്ടികളോടുള്ള ഇത്തരം പഴഞ്ചന്‍ സമീപനം നാമിന്നും തുടര്‍ന്നുപോരുന്നത്. ഇതിനൊരു മാറ്റം വരുത്താന്‍ മാതാപിതാക്കളും സമൂഹവും സ്വയം തയ്യാറാകേണ്ടതു വളരെ അത്യാവശ്യമാണ്.

ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും കുട്ടികളില്‍ നല്ല ശീലങ്ങള്‍ വളര്‍ത്തിയെടുക്കാമെന്നു കരുതരുത്. ഭയപ്പെടരുത് എന്നു കുട്ടികളെ കൂടെക്കൂടെ ഓര്‍മിപ്പിക്കരുത്. ഇത് അവരില്‍ ഭയം വര്‍ദ്ധിക്കാനേ ഉപകരിക്കൂ എന്നറിഞ്ഞിരിക്കുക. ഭയമുള്ള കുട്ടികളെ മറ്റുള്ളവരുടെ മുമ്പില്‍വച്ചു കളിയാക്കുകയോ പരിഹസിക്കുകയോ ചെയ്യുന്നത് അനാരോഗ്യകരമായ ഒരു പ്രവണതയാണ്. ഇനി, കുട്ടികള്‍ ഭയം പ്രകടിപ്പിക്കുമ്പോള്‍ നാം അത് അംഗീകരിക്കണം. കുട്ടികള്‍ക്ക് അത് അഭിമുഖീകരിക്കാനുള്ള കഴിവ് ആര്‍ജ്ജിക്കുന്നതുവരെ ഇത്തരം സന്ദര്‍ഭങ്ങള്‍ തീര്‍ച്ചയായും ഒഴിവാക്കണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org