കുട്ടികളിലെ പ്രതികാര ചിന്തകൾ

കുട്ടികളിലെ പ്രതികാര ചിന്തകൾ

എട്ടാംക്ലാസില്‍ പഠിക്കുന്ന അലന്‍ പഠനത്തില്‍ തീരെ താല്പര്യമില്ലാത്തവനാണ്. പഠിക്കാനുള്ള സമയം മുഴുവന്‍ അവന്‍ തല്ലുകൂടിയും പന്തുകളിച്ചും കമ്പ്യൂട്ടര്‍, മൊബൈല്‍ഗെയിം കളിച്ചും തള്ളി നീക്കും. ഈയിടെയായി സ്കൂളില്‍ പോകാനും ട്യൂഷന്‍ക്ലാസില്‍ പോകാനും അലന് തീരെ താല്പര്യവുമില്ല. എന്തെങ്കിലും അസുഖം അഭിനയിച്ചും നുണക്കഥകള്‍ ചമച്ചും അവന്‍ രക്ഷപ്പെടും. ലക്ഷ്യബോധമില്ലാത്ത അലന്‍റെ അനാവശ്യവഴക്കുകൂടലുകളും പൊട്ടിത്തെറികളും കണ്ട് അസ്വസ്ഥരാകുന്ന മാതാപിതാക്കളുടെ ടെന്‍ഷന്‍ അലനില്‍ അല്പംപോലും അസ്വസ്ഥത സൃഷ്ടിക്കാറില്ല. മാതാപിതാക്കളോട് ഉള്ളുതുറക്കാത്ത അലന്‍റെ വാശിക്കും നിസംഗതയ്ക്കും കലഹങ്ങള്‍ക്കും പിന്നിലെ കാരണം കണ്ടെത്താനാണ് മാതാപിതാക്കള്‍ അവനെ കൗണ്‍സലിംഗിനായി കൊണ്ടുവന്നത്.

അലന്‍റെ പെരുമാറ്റ രീതിയിലെ വികലതകള്‍ക്ക് പിന്നിലെ കാരണം തനിയെ സംസാരിച്ചപ്പോള്‍ സ്വകാര്യദുഃഖങ്ങളുടെ ചെപ്പുതുറക്കുന്നു. അവന്‍റെ വേദനകളാണ് മറ്റുള്ളവര്‍ക്ക് വേദന നല്കുന്ന അവന്‍റെ പെരുമാറ്റ വികലതയുടെ പ്രേരകകാരണമെന്ന് സങ്കടത്തോടെ വെളിപ്പെടുത്തിയത്. പഠനത്തില്‍ സമര്‍ത്ഥനും ലക്ഷ്യബോധവുമുണ്ടായിരുന്ന അലന്‍ താന്‍ സ്നേഹിക്കപ്പെടുന്നില്ല, അംഗീകരിക്കപ്പെടുന്നില്ല, കുഞ്ഞനുജന് നല്കുന്ന സമയത്തിന്‍റെ, സ്നേഹത്തിന്‍റെ പകുതിപോലും തനിക്ക് കിട്ടുന്നില്ല എന്ന് തോന്നിതുടങ്ങിയപ്പോഴാണ് മാതാപിതാക്കളെ ഒരു പാഠം പഠിപ്പിക്കാനുള്ള അലന്‍റെ പ്രതികാരചിന്തകളും പദ്ധതികളും രൂപപ്പെട്ടതും അതു പ്രവര്‍ത്തികമാക്കാന്‍ ആരംഭിച്ചതും. അവന്‍റെ വാക്കുകളും പ്രവൃത്തികളും പ്രതികരണങ്ങളും എപ്പോഴും വീട്ടിലുള്ളവരെ വേദനിപ്പിക്കുന്ന രീതിയില്‍ ആക്കിത്തീര്‍ത്തു. താന്‍ വീട്ടില്‍ ഒറ്റപ്പെടുന്നു, മറ്റുള്ളവര്‍ എല്ലാകാര്യത്തിലും തന്നെ കുറ്റപ്പെടുത്തുന്നു, അവഗണിക്കുന്നു എന്നു തോന്നുന്ന അവസരത്തിലെല്ലാം അവന്‍ വീട്ടിലെ വിലപിടിപ്പുള്ള എന്തെങ്കിലും നശിപ്പിക്കുകയോ, കേടുവരുത്തുകയോ, തള്ളിതാഴെയിടുകയോ ചെയ്തശേഷം ഒന്നും സംഭവിക്കാത്ത മട്ടില്‍ അവരോടൊപ്പം നടക്കും. കുഞ്ഞനുജനെ തനിയെ കിട്ടിയാല്‍ ഉപദ്രവിക്കുകയും, പാഠപുസ്തകത്തില്‍ കുത്തിവരച്ചിടുകയും ചെയ്യുക അവന്‍ പതിവാക്കി. പഠിക്കാനെങ്ങാനും നിര്‍ബന്ധിച്ചാല്‍ ടി.വിയുടെ സ്വരം കൂട്ടുകയും മൊബൈല്‍ വലിച്ചെറിയുകയും ചെയ്ത് വാശിപിടിക്കും.

അലന്‍റെ വാശിയും പഠനത്തിലെ അശ്രദ്ധയും മാതാപിതാക്കളുടെ സ്വഭാവരീതിയിലും പ്രതികരണരീതിയിലും വ്യത്യാസം വരുത്തി. പണ്ടു കാണിച്ചിരുന്ന സ്നേഹം പോലും അലനോടു കാണിക്കാന്‍ കഴിയാതെ പോകുന്നു പലപ്പോഴും. പപ്പ തന്‍റെ ബാല്യത്തിലും കൗമാരത്തിലും മാതാപിതാക്കളെ അനുസരിച്ചിരുന്നത് ആവര്‍ത്തിച്ചു പറഞ്ഞ് താരതമ്യം ചെയ്ത് പറഞ്ഞിരുന്നതും, നന്ദിയില്ലാത്തവന്‍, വഴക്കാളി എന്ന പേരുകളും അലനെ കൂടുതല്‍ പ്രതികാര ചിന്തയുള്ളവനാക്കി. നീയാണ് ഈ വീട്ടിലെ സമാധാനം കെടുത്തിക്കളയുന്നവന്‍. നിന്നെക്കണ്ട് താഴെയുള്ള കുട്ടികള്‍ ചീത്ത പഠിക്കുന്നു എന്ന പതിവുപറച്ചിലിലൂടെ താനാണ് പ്രശ്നക്കാരനെന്ന മുദ്രകുത്തല്‍ അലനെ കൂടുതല്‍ വേദനിപ്പിച്ചിരുന്നു. പഠനത്തിലുള്ള അവന്‍റെ അലസതകണ്ട് മനസ്സുമടുക്കുന്ന മാതാപിതാക്കള്‍ക്ക് അലനോട് ശാന്തമായി ഇടപ്പെടാനോ, ശ്രദ്ധിക്കാനോ, ശ്രവിക്കാനോ കഴിയാറില്ല.

നന്നാകാന്‍ അലന് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല, പക്ഷേ അവന് ഒറ്റയ്ക്ക് ഇത് സാധിക്കുന്നില്ല. അലന്‍റെ സംസാരത്തില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ് അവന്‍ ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും പരിഗണനയാണ്. അവന് പറയാനുള്ളത് ഒന്ന് കേട്ടാല്‍ മതി. മുന്‍വിധികൂടാതെ, അവഗണന കാണിക്കാതെ അവനെ ഒന്ന് സ്നേഹിക്കാന്‍ ആരുമില്ലെന്നതാണ് അവന്‍റെ ദുഃഖത്തിന്‍റെ പ്രധാന കാരണം. തല്ലാതെ, വഴക്കുപറയാതെ അലനെ കുറ്റപ്പെടുത്താതെ അവനെ ഒന്ന് കേള്‍ക്കാന്‍ അപ്പയോ അമ്മയോ അരികിലിരിക്കാന്‍ അവന്‍ ആഗ്രഹിക്കുന്നു. അലന്‍റെ വേദന അവനോടൊപ്പം മാതാപിതാക്കള്‍ ക്ഷമയോടെ സ്നേഹിക്കാന്‍ സമയം ചെലവഴിക്കുന്നില്ല എന്നതാണ്. ആ വേദന കൂടുന്നതിനനുസരിച്ച് അവന്‍ മറ്റള്ളവര്‍ക്ക് വേദന കൊടുക്കാനുള്ള വഴിതേടുന്നു. പഠനത്തില്‍ അശ്രദ്ധ കാണിച്ചും താഴെയുള്ള സഹോദരങ്ങളുമായി വഴക്കടിച്ചും സ്നേഹവും ശ്രദ്ധയും പിടിച്ചുപറ്റാന്‍ അവലംബിക്കുന്ന രീതികള്‍ കൊച്ചു മനസ്സില്‍ പ്രതികാരമായി പരിണമിക്കുന്നു.

തെറാപ്പിയിലൂടെ കടന്നുപോയ അലനെ ക്ഷമയോടെ ശ്രവിച്ചപ്പോള്‍ അവനോടൊപ്പം ആവശ്യത്തിന് സമയം ചെലവഴിച്ച് പറയാനുള്ളത് മുഴുവന്‍, അവന്‍റെ വേദനയുടെ തീവ്രതയോടെ ശ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ താന്‍ ഒറ്റപ്പെടുന്നില്ല, കുറ്റപ്പെടുന്നില്ല, സ്നേഹിക്കപ്പെടുന്നുവെന്ന ക്രിയാത്മക ചിന്തയിലേക്ക് ഉയരാനും മനോഭാവത്തില്‍ മാറ്റം വരാനും തുടങ്ങി. വീടിന്‍റെ അന്തരീക്ഷത്തില്‍ നിന്ന് രണ്ടു ദിവസത്തേക്ക് മാറിനിന്ന് സ്വയാവബോധത്തിലേക്ക് എത്താന്‍ പരിശ്രമിച്ച് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മാതാപിതാക്കളും അലനോടൊപ്പം സഹകരിച്ചു. താന്‍ ശ്രദ്ധിക്കപ്പെട്ടു, ശ്രവിക്കപ്പെട്ടു, പരിഗണിക്കപ്പെട്ടു, സ്നേഹിക്കപ്പെട്ടു എന്നു മനസ്സിലാക്കി തുടങ്ങിയതോടെ അലന്‍റെ സ്വഭാവത്തിലും പെരുമാറ്റ രീതിയിലും പഠനത്തിലും മാറ്റം വന്നു തുടങ്ങി. കുട്ടികളുടെ പല സ്വഭാവവൈകല്യങ്ങളും അവര്‍ സ്നേഹിക്കപ്പെടുന്നു, അംഗീകരിക്കപ്പെടുന്നു എന്നു ബോധ്യപ്പെടുന്നതുവഴി മാറിക്കൊണ്ടിരിക്കും. മക്കളുടെ സ്വഭാവവികലതകളെ മാതാപിതാക്കള്‍ക്കാണ് ഏറ്റവും നന്നായി മനസ്സിലാക്കി തിരുത്താന്‍ കഴിയുന്നത്. എന്നാല്‍ അതിനു സാധിക്കാതെ പോകുന്ന സമയങ്ങളില്‍ വിദഗ്ദ്ധസഹായം തേടുന്നതില്‍ മടി കാണിക്കരുത്, നീട്ടി വയ്ക്കുകയുമരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org