
ബ്രദര്‍ വിനയ്
മാനുഷികതയുടെ പരിശീലന കേന്ദ്രമാണ് കുടുംബം. കുടുംബത്തില്‍ നിന്നാണ് സനാതന മൂല്യങ്ങള്‍ കുട്ടികളില്‍ രൂപപ്പെടുത്തേണ്ടത്. ധാര്‍മികതയുടെയും, സ്നേഹത്തിന്‍റെയും നീരൊഴുക്ക് കുടുംബത്തിലുണ്ടാകണം. ഒരു പിതാവ് തന്‍റെ കുഞ്ഞിന്‍റെ കൂട്ടുകാരനായും, ഭാര്യയുടെ ചങ്ങാതിയായും, ഭാര്യ ഭര്‍ത്താവിന്‍റെ കൂട്ടുകാരിയായും മാറുമ്പോഴാണ് കുടുംബബന്ധം സുദൃഡമായി മാതൃകാ കുടുംബമായി പരസ്പര സ്നേഹത്തിലും ഐക്യത്തിലും വര്‍ത്തിക്കാന്‍ സാധിക്കുന്നത്. ഇപ്രകാരമുള്ള കുടുംബാന്തരീക്ഷത്തിലാണ് മക്കള്‍ ഉന്നത വ്യക്തിത്വത്തിന് ഉടമകളാകുന്നത്.
മക്കളെ വളര്‍ത്തുക, വലിയവരാക്കാന്‍ ശ്രമിക്കുക എന്നത് ഏതൊരു പിതാവിന്‍റെയും മാതാവിന്‍റെയും ആഗ്രഹവും കര്‍ത്തവ്യവുമാണ്. കുടുംബജീവിതത്തിലെ ആഹ്ലാദകരമായ അനുഭവങ്ങളിലൊന്നാണ് മക്കളെ വളര്‍ത്തുകയെന്നത്. മക്കളെ വളര്‍ത്തുമ്പോള്‍ അവരെ എങ്ങനെ വളര്‍ത്തണമെന്ന് നാം ചിന്തിക്കേണ്ടതായിട്ടുണ്ട്. 'ചൊട്ടയിലെ ശീലം ചുടല വരെ' എന്നത് പഴമൊഴി ആണെങ്കിലും കാലഘട്ടത്തില്‍ വളരെ പ്രസക്തമായ വാചകം തന്നെയാണ്. അതു കൊണ്ട്തന്നെ നല്ല പെരുമാറ്റ ശീലങ്ങള്‍ ചെറുപ്പത്തിലേ പകര്‍ന്നുനല്‍കുകയും പെരുമാറ്റം വ്യക്തിത്വത്തിലെ സവിശേഷഘടകമാണെന്ന് അവരെ മനസിലാക്കുകയും വേണം. പെരുമാറ്റം നന്നായില്ലെങ്കില്‍ മറ്റുള്ളവര്‍ നമ്മുടെ പേര് മാറ്റും. അതുകൊണ്ട്തന്നെ നന്നേ ചെറുപ്പത്തില്‍ സ്നേഹവും അംഗീകാരവും സുവിശേഷമൂല്യങ്ങളും നിരന്തരം പകര്‍ന്ന് മക്കളെ ഈ കാലഘട്ടത്തിന്‍റെ വാഗ്ദാനമായി വളര്‍ത്തിയെടുക്കേണ്ടതുണ്ട്. കാരണം വിതച്ചതാണ് കൊയ്യാനാകുക.
കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ഇന്ന് അവരുടേതായ ലോകങ്ങളായിരിക്കുന്നു. ഇന്നത്തെ ചെറിയ കുടുംബത്തില്‍ മാതാപിതാക്കളുടെ സംഭാഷണലോകവും കുട്ടികളുടെ ലോകവും വിപരീത ധ്രുവങ്ങളായിക്കൊണ്ടിരിക്കുകയാണ്. ടി.വി., ഇന്‍റര്‍നെറ്റ്, മൊബൈല്‍ഫോണ്‍ തുടങ്ങിയവയുമായുള്ള ബന്ധവും കുട്ടികളെ സ്വാധീനിക്കുന്നു. ഈ അവസ്ഥയില്‍ മാതാപിതാക്കള്‍ ക്രിയാത്മകവും അവസരോചിതവുമായി ഇടപെട്ടില്ലെങ്കില്‍ കുട്ടികള്‍ അപഥസഞ്ചാരത്തിലേക്ക് നീങ്ങാനിടയുണ്ട്.
ആധുനിക കാലഘട്ടത്തില്‍ ഏതൊരു കുടുംബത്തിലെയും മക്കളുടെ എണ്ണം എടുത്ത് നോക്കിയാല്‍ വളരെ സങ്കടമുളവാക്കുന്ന ഒരവസ്ഥയാണ് നമുക്ക് കാണുവാന്‍ സാധിക്കുന്നത്. മാതാപിതാക്കള്‍ തങ്ങളുടെ ജീവിതഭാരം ലഘൂകരിക്കാന്‍ വേണ്ടി ചെറിയകുടുംബം സംതൃപ്തകുടുംബം എന്ന പേരില്‍ ഒന്നും രണ്ടും മക്കളിലേക്ക് ഒരു കുടുംബത്തെ ഒതുക്കി നിര്‍ത്തുന്ന വലിയ ഒരു വിപത്തിലേക്ക് തന്നെയാണ് ഇന്നത്തെ സമൂഹം നടന്നുനീങ്ങുന്നത്. കുടുംബത്തില്‍ ഒന്നും രണ്ടും കുട്ടികള്‍ മാത്രമാകുമ്പോള്‍ കുട്ടികളുടെ ഏതൊരു ആവശ്യവും സാധിച്ചുകൊടുക്കാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിതരാകുന്നു. ഇതു കുട്ടികളെ വിനാശത്തിലേക്ക് നയിക്കുന്നു എന്ന് നാം മനസ്സിലാക്കണം. അതിനാല്‍തന്നെ കുട്ടികളുടെ ആഗ്രഹങ്ങളും, ആവശ്യങ്ങളും, അനാവശ്യങ്ങളും മനസ്സിലാക്കിയും അവരെ ബോധ്യപ്പെടുത്തിയും അവര്‍ ചോദിക്കുന്ന എന്തും സാധിച്ചുകൊടുക്കുന്നവരാകാതെ, ആവശ്യമായ സന്ദര്‍ഭങ്ങളില്‍ കര്‍ശനമായ നിലപാടുകള്‍ തന്നെ സ്വീകരിച്ചുകൊണ്ട് അവരെ നയിക്കുവാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കണം. ഈ അവസരത്തില്‍ അവരുടെ സ്വഭാവം മെച്ചപ്പെടുത്താനും അവരിലെ വൈകല്യങ്ങള്‍ ഇല്ലാതാക്കാനും സ്നേഹത്തിന്‍റെ ഭാവമാണ് അഭികാമ്യം. (ശിക്ഷണത്തെക്കാളുപരി നല്ല സമീപനങ്ങള്‍കൊണ്ട് അവരെ നിയന്ത്രിക്കുന്ന തരത്തില്‍ ഒരു ആധികാരികത നേടിയെടുക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയണം.)
മക്കള്‍ക്ക് ആവശ്യമായത് അവര്‍ ചോദിക്കുമ്പോള്‍; ഇത് തന്‍റെ കുട്ടിക്ക് ആവശ്യമുള്ളതാണോ അല്ലയോ എന്ന് പോലും ചിന്തിക്കാതെ ആ നിമിഷം തന്നെ വാങ്ങി കൊടുക്കുന്നത്, ജീവിതത്തില്‍ ചെറിയ പ്രശ്നങ്ങള്‍ പോലും നേരിടാന്‍ പറ്റാത്ത് അവസ്ഥയിലേക്ക് അവരെ നയിക്കുന്നു. ചിലപ്പോള്‍ മക്കള്‍ വാശിപിടിച്ച് കരയും, തറയില്‍ കിടന്നുരുണ്ട് ബഹളം വയ്ക്കും, എന്നാലും അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് എന്താണ് സാധിച്ചുകൊടുക്കേണ്ടതായിട്ടുള്ളതെന്ന് മാതാപിതാക്കള്‍തന്നെ തീരുമാനമെടുക്കണം.
മാതാപിതാക്കള്‍ മക്കള്‍ക്ക് എന്തെങ്കിലും വാഗ്ദാനം ചെയ്താല്‍ അത് പാലിക്കുക, അല്ലെങ്കില്‍ വാഗ്ദാനങ്ങള്‍ പാലിക്കാതിരിക്കുന്നതില്‍ കുഴപ്പമില്ല എന്ന് മക്കള്‍ മനസ്സിലാക്കും. മക്കള്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് തിരുത്തുക. അല്ലെങ്കില്‍ തെറ്റു ചെയ്താല്‍ ഒന്നും സംഭവിക്കില്ലായെന്നും അതെല്ലാം ആവര്‍ത്തിക്കുന്നതില്‍ തെറ്റില്ല എന്നും കുട്ടികള്‍ വിചാരിക്കും. വളരുംതോറും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കുട്ടികളെ അനുവദിക്കണം. അല്ലെങ്കില്‍ എല്ലാ കാര്യങ്ങളിലും അവര്‍ ആരെയെങ്കിലും ആശ്രയിച്ചുകൊണ്ടിരിക്കും. അങ്ങനെ വരുമ്പോള്‍ എല്ലാവരും തനിക്കുവേണ്ടി മാത്രം ജീവിക്കുന്നവരാണെന്ന് വിശ്വസിക്കുകയും ഏതൊരു കാര്യവും തനിച്ച് ചെയ്യാന്‍ പ്രാപ്തിയില്ലാത്തവരായി മക്കള്‍ മാറുകയും ചെയ്യുന്നു.
മക്കളെ കൂടുതല്‍ സ്നേഹിക്കുന്നുവെന്ന് ബോധ്യപ്പെടുത്താന്‍ ഒരിക്കലും ഉത്സാഹിക്കരുത്. അത് മക്കളെ തെറ്റായ രീതിയിലേക്ക് നയിക്കും. അതോടൊപ്പം തന്നെ ജീവിതത്തില്‍ നോ പറയേണ്ട സാഹചര്യത്തില്‍ 'നോ' പറയാന്‍ മക്കളെ ശീലിപ്പിക്കണം. ആധുനിക കാലഘട്ടത്തില്‍ ഇളം പ്രായത്തിലേ കളിച്ച് വളരേണ്ട കുട്ടികളുടെ ജീവിതങ്ങള്‍ക്ക് ഭാരിച്ച ഉത്തരവാദിത്തങ്ങളുടെ ചുമടെടുക്കേണ്ട ഗതികേട് വന്നു ഭവിച്ചിരിക്കുന്നു. സ്കൂളില്‍ റാങ്കു നേടേണ്ടത് മാതാപിതാക്കളുടെ അഭിമാന പ്രശ്നമാകുമ്പോള്‍ ട്യൂഷന്‍ എന്‍ട്രന്‍സ് കോച്ചിംഗ് തുടങ്ങിയവയുടെ പേരില്‍ കുട്ടികളുടെ ചുമലില്‍ ഭാരിച്ച നുകങ്ങളും ചുമടുകളും അടിച്ചേല്‍പ്പിക്കുന്നു.
സമൂഹത്തില്‍ ജീവിക്കേണ്ട ഒരു കുട്ടിക്ക് ഏറ്റവും അത്യാവശ്യമാണ് സമപ്രായക്കാരുടെ ഇടപെടല്‍. ഇന്നത്തെ അണുകുടുംബങ്ങളില്‍ കുട്ടികളുടെ എണ്ണം ഒന്നിലും രണ്ടിലും ഒതുങ്ങുമ്പോള്‍ സ്വാഭാവികമായും അവര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നു. പ്രതിസന്ധിഘട്ടത്തില്‍ ഇത് വളരെയധികം നെഗറ്റീവായി അവരെ ബാധിക്കുകയും ചെയ്യും.
കഷ്ടതകളും ദുഃഖങ്ങളുമറിഞ്ഞ് നമ്മുടെ കുട്ടികള്‍ വളരണം. അവരെ വളര്‍ത്തണം. അതോടൊപ്പം മറ്റുള്ളവരുമായി കൂട്ടുകൂടാനും കളിക്കാനും അവരെ അനുവദിക്കണം. റാങ്കു നേടാനും സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കും വേണ്ടി മക്കളെ ഉന്തിതള്ളി ഇറച്ചിക്കോഴി കണക്കെ വളര്‍ത്തുമ്പോള്‍ ഭാവിയില്‍ രോഗാതുരമായ ഒരു ജനതതിയെയാകും നാം വളര്‍ത്തിയെടുക്കുക. അതിനാല്‍ ഒന്നുമാത്രം ഓര്‍ക്കുക – തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല. ആറാം ക്ലാസിലെ കുട്ടികള്‍ക്ക് ഒരിക്കല്‍ ക്ലാസെടുത്തപ്പോള്‍ നിങ്ങള്‍ക്കേറ്റവുമിഷ്ടപ്പെട്ട മലയാളപദം എഴുതുവാന്‍ ആവശ്യപ്പെട്ടതനുസരിച്ച് ചില കുട്ടികള്‍ അമ്മ എന്നും ചിലര്‍ അച്ഛനെന്നും എഴുതി. എന്നാല്‍ ഒരു കുട്ടി മാത്രം വളരെ വ്യത്യസ്തമായി അനിയന്‍ എന്നെഴുതി. വളരെ അത്ഭുതപ്പെടുത്തിയ വസ്തുതയാണെങ്കിലും അനിയനുണ്ടോ എന്ന് അവനോട് ചോദിച്ചപ്പോള്‍, ഉണ്ടെങ്കില്‍ അങ്ങനെ എഴുതുമോ സാറേ എന്നാണവന്‍ പറഞ്ഞത്. ആ നിമിഷം തൊട്ടടുത്തിരുന്ന കുട്ടി മറുപടിയായി ഏറ്റുപറഞ്ഞതും വ്യത്യസ്തമായ ഉത്തരം തന്നെയാണ്: "ഉണ്ടെങ്കില്‍ ശത്രു എന്നേ എഴുതൂ." കുടുംബങ്ങളില്‍ പങ്കുവയ്ക്കപ്പെടേണ്ട സ്നേഹത്തിന്‍റെ ആവശ്യകത കൂടിയാണ് ഈ കാര്യം നമ്മെ ബോധ്യപ്പെടുത്തുന്നത്.
ഒരുകാലത്ത് വീടുകളില്‍ തന്നെ മുത്തശ്ശി, മുത്തച്ഛന്മാരുടെ സഹായത്തോടെ കൗണ്‍സലിംഗ് നടന്നിരുന്നു. അതിനാല്‍ തന്നെ കൊച്ച് കൊച്ച് വഴക്കുകള്‍ കേട്ടാല്‍പോലും ആത്മഹത്യ ചെയ്യണമെന്ന് തോന്നിയിട്ടില്ല. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ നേഴ്സറി കുട്ടികള്‍ പോലും "എന്നാ പിന്നെ ചത്താലെന്താ" എന്ന ചിന്ത കൊണ്ടുനടക്കുന്നവരാണ്. ഇവിടെയാണ് ഗ്രാന്‍ഡ്പേരന്‍റ്സിന്‍റെ സാന്നിധ്യം കുടുംബങ്ങളെ വളരെ സുതാര്യവും സുദൃഡവുമാക്കിയിരുന്നത്. കൊച്ചുമക്കളെ അവരുടെ മാതാപിതാക്കള്‍ വഴക്ക് പറയുമ്പോള്‍ നീ ചെയ്തത് ശരിയല്ല അതില്‍ തെറ്റുണ്ട് എന്ന് അവര്‍ പറഞ്ഞ് മനസ്സിലാക്കിയിരുന്നു. പപ്പ അടിച്ചാലും തല്ലുകൊള്ളിത്തരം കാണിച്ചാല്‍പോലും എനിക്ക് നിന്നെ ഒത്തിരി ഇഷ്ടമാണ് എന്ന വാചകം പോലും കുട്ടികളെ വളരെ സ്വാധീനിക്കുന്നതാണ്. അതിനാല്‍ വീടുകളില്‍ തന്നെ പരസ്പര സമ്പര്‍ക്കങ്ങളിലൂടെയും സ്നേഹസംഭാഷണത്തിലൂടെയും കുട്ടികള്‍ക്ക് തുറന്ന് സംസാരിക്കാനും പ്രവര്‍ത്തിക്കാനും അവസരങ്ങള്‍ നാം ഒരുക്കണം.
മാതാപിതാക്കള്‍ മക്കള്‍ക്ക് വേണ്ടി ജീവിക്കുന്നു എന്ന് പറയുന്നതില്‍ ഒരു പ്രസക്തിയുമില്ല. കാരണം ആരെയും ദൈവം മറ്റൊരാള്‍ക്കുവേണ്ടി സന്തോഷിക്കാനും ജീവിക്കാനും സൃഷ്ടിച്ചിട്ടില്ല. ഖലീല്‍ ജിബ്രാന്‍റെ വാക്കുകള്‍ ഇപ്രകാരമാണ്: നിങ്ങളുടെ കുട്ടികള്‍ നിങ്ങളുടെ സ്വത്തല്ല, മറിച്ച് നിങ്ങളിലൂടെ വന്നുവെന്നേയുള്ളൂ. അവരെ ലോകത്തിനുവേണ്ടി ജീവിക്കുന്നവരാക്കാതെ ലോകത്തില്‍ ജീവിക്കുന്നവരാക്കാന്‍ ഊര്‍ജം പകരുക. മദര്‍തെരേസ ആര്‍ക്കുവേണ്ടിയാണ് ജീവിച്ചത്? തന്‍റെ ജീവിതത്തില്‍ പൂര്‍ത്തിയാകണമെന്ന് തിരിച്ചറിഞ്ഞ ദൈവത്തിന്‍റെ ഹിതത്തിന് വേണ്ടിയായിരുന്നു. ഇപ്രകാരം നമ്മളും മറ്റുള്ളവരെ ദൈവത്തിങ്കലേക്ക് അടുപ്പിക്കുന്നവരാകണം.
കുട്ടികളുടെ സന്തോഷം പ്രധാനപ്പെട്ടതാണെന്ന് പറയുമ്പോഴും ആ സന്തോഷത്തെ വിശുദ്ധീകരിക്കാന്‍ നമുക്ക് സാധിക്കണം. അതിന് കുട്ടികള്‍ മാതാപിതാക്കളുടെ സ്നേഹം കണ്ട് വളരണം. ഉദാഹരണത്തിന് ഒരിക്കല്‍ വേദപാഠ ക്ലാസില്‍ കുട്ടികളോട് ചോദിക്കുകയുണ്ടായി: "മക്കളേ വീട്ടില്‍ പ്രണയിക്കുന്നവര്‍ ആരെങ്കിലുമുണ്ടോ?" അപ്പോള്‍ ഒരു കുട്ടി പറഞ്ഞു: "എന്‍റെ പപ്പയ്ക്കും അമ്മയ്ക്കും പ്രണയമുണ്ട്. കാരണം രാവിലെ ഓഫീസില്‍ പോകാന്‍ വേണ്ടി പപ്പ സ്കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ അമ്മ ബാഗില്‍ ചോറ് വച്ച് കൊടുക്കുന്ന നിമിഷം പപ്പ അമ്മയെ നോക്കുകയും അമ്മ ചെറുതായി പുഞ്ചിരിക്കുകയും ചെയ്യും." ഈ കുട്ടിയുടെ അനുഭവം വളരെ ചിന്തിപ്പിക്കുന്നതാണ്. വളരെ നിസ്സാരപ്പെട്ട കാര്യമാണെങ്കിലും അവരുടെ സ്നേഹം ആ കുട്ടിക്ക് തിരിച്ചറിയാന്‍ സാധിച്ചത് വളരെ ശ്രദ്ധേയമാണ്. ഇതുപോലെ തന്നെയാണ് കുടുംബത്തില്‍ നടക്കുന്ന പല കാര്യങ്ങളും. അവ കുട്ടികളെ തീര്‍ച്ചയായും സ്വാധീനിക്കും എന്നതില്‍ സംശയമില്ല.
ഇത്തരം അനുഭവങ്ങള്‍ ആ കുട്ടികളില്‍ പകരുന്നത് തികഞ്ഞ ആത്മവിശ്വാസത്തിന്‍റെ കണികയാണ്. ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ അവരെ വളരെ പോസിറ്റീവായിട്ടേ സ്വാധീനിക്കുകയുള്ളൂ. ഈ അന്തരീക്ഷത്തിലാണ് കുട്ടികള്‍ വളരേണ്ടതും. അതുകൊണ്ടുതന്നെ കുട്ടികളെ പ്രസാദിപ്പിക്കുവാനും പ്രചോദിപ്പിക്കുവാനും പ്രകോപിപ്പിക്കുവാനും മാതാപിതാക്കള്‍ക്ക് സാധിക്കണം. വിശ്വാസം പോലും ദൈവത്തിന്‍റെ അനുഗ്രഹമാണ് എന്ന വാസ്തവം മനസ്സിലാക്കി കുട്ടികളെ വിശ്വാസത്തില്‍ പരിശീലിപ്പിക്കാന്‍ മാതാപിതാക്കള്‍ വളരെ ശ്രദ്ധയും താല്പര്യവും കാണിക്കണം. അതോടൊപ്പം മാതാപിതാക്കള്‍ പ്രത്യേകിച്ച് അമ്മമാര്‍ കുട്ടികളുടെ സാഹചര്യങ്ങള്‍ മനസ്സിലാക്കി എടുത്തുചാട്ടത്തിന് നില്‍ക്കാതെ വളരെ ജാഗ്രതയുള്ളവരായി പ്രവര്‍ത്തിക്കണം. ഇവിടെ മാതാപിതാക്കള്‍ ചിന്തിക്കേണ്ടത് നാം 21-ാം നൂറ്റാണ്ടില്‍ ജീവിക്കുന്നവരും അതേ നൂറ്റാണ്ടില്‍ ജനിച്ച് വളരുന്ന കുട്ടികളെ കൈകാര്യം ചെയ്യുന്നവരുമാണ് എന്നതാണ്.