Latest News
|^| Home -> Suppliments -> Familiya -> ലഹരി ഒരു സംസ്കാരമോ?

ലഹരി ഒരു സംസ്കാരമോ?

Sathyadeepam

പൂച്ചാക്കല്‍ ജോസ്

ദിവസംതോറും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും ഉപയോഗമെല്ലാം നമ്മുടെ സമ്പദ്ഘടനയിലും സാമൂഹ്യജീവിതത്തിലും തുടര്‍ന്നുകൊണ്ടിരിക്കുന്ന വൈയക്തികവത്കരണത്തിന്‍റെ പശ്ചാത്തലത്തില്‍ ശ്രദ്ധിക്കപ്പെട്ടാല്‍ മാത്രമേ തിരിച്ചറിയാനും ഉപേക്ഷിക്കുവാനുമുള്ള പ്രയത്നങ്ങള്‍ക്കു ശരിയായ ദിശാബോധം നേടൂ. മദ്യവും മയക്കുമരുന്നും മലയാളികളുടെ ജീവിതത്തെയും സംസ്കാരത്തെയും മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു. മാത്രമല്ല ജീവിത തകര്‍ച്ചയിലേക്കും വഴുതിവീഴുന്നു. ഒരു ഭവനത്തില്‍ കടന്നുചെല്ലുന്ന സുഹൃത്തിനോടു വിശേഷാന്വേഷണങ്ങള്‍ക്കിടയില്‍ ഒരു ചായ എടുക്കട്ടെ എന്നു സന്തോഷത്തോടെ ചോദിക്കുന്നതിനു പകരം ഒരു ചെറുത് എടുക്കട്ടെ, വിരോധമില്ലല്ലോ എന്നു കുറ്റബോധമില്ലാതെ ചോദിക്കുന്നവരും കുറവല്ല. ഇതു ന്യൂജനറേഷനിലേക്കും വ്യാപിച്ചു കഴിഞ്ഞു. ആദ്യം രഹസ്യമായും പിന്നീടു പരസ്യമായും വീട്ടുമര്യാദയായും തുടരുന്നില്ലേ?

ആഘോഷവേളകളിലും വിവാഹവിരുന്നുകളിലും മദ്യം വിളമ്പുന്നു. മരണവീടുകളിലും ദുഃഖം മറക്കാന്‍ മദ്യം അനിവാര്യമായിക്കൊണ്ടിരിക്കുന്നു. ലഹരിയുടെ സുഖം അനുഭവിക്കാന്‍ ആര്‍ത്തി കാണിക്കുന്ന മനുഷ്യരുടെ പറുദീസയായി ദൈവത്തിന്‍റെ സ്വന്തം നാടു മാറുകയാണോ? മദ്യം ഉത്പാദിപ്പിക്കുകയും വിറ്റഴിക്കുകയും ചെയ്യുന്ന കോര്‍പ്പറേറ്റ് ലാഭതാത്പര്യങ്ങളാണു മദ്യാസക്തമായ സമൂഹത്തെ സൃഷ്ടിക്കുന്നത്. കേവലമായ മൂല്യങ്ങളെയും സംസ്കാരത്തെയുംപറ്റിയുള്ള പരിശോധനകള്‍ അല്ലെങ്കില്‍ അന്വേഷണങ്ങള്‍ പലപ്പോഴും ചരിത്രനിരപേക്ഷവും സാര്‍വകാലികവുമായ ചില വിവക്ഷയിലേക്കാണു നമ്മെ കൊണ്ടാക്കുന്നത്. അതു സംസ്കാരത്തെയും ജീവിതത്തെയും തകര്‍ക്കുന്ന ജീര്‍ണാസക്തികള്‍ക്കെതിരായ സമരത്തെ കേവല സദാചാരവാദങ്ങളിലേക്ക് അവസാനിപ്പിക്കും.

മലയാളികളുടെ ജീവിതശൈലിയെയും കുടുംബാന്തരീക്ഷത്തെയും ചിന്താഗതിയെയും വളരെ എളുപ്പത്തിലും ശക്തമായും പടര്‍ന്നുപിടിക്കുന്ന മാരകരോഗം കണക്കേ മദ്യവും മയക്കുമരുന്നും വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. കുറ്റകൃത്യനിരക്കില്‍ കേരളം ഒന്നാമതാണെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മയക്കുമരുന്നിന്‍റെയും മദ്യത്തിന്‍റെയും ഉപയോഗംമൂലം നടക്കുന്ന കൊലപാതകങ്ങള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങള്‍, സാമ്പത്തിക കുറ്റങ്ങള്‍ തുടങ്ങിയ ഇന്ത്യന്‍ ശിക്ഷാനിയമത്തിന്‍റെ (ഐപിസി) പരിധിയില്‍ കുറ്റങ്ങളുടെ നിരക്കില്‍ 2010-ല്‍ സംസ്ഥാനങ്ങളില്‍ കേരളവും കേന്ദ്രഭരണപ്രദേശങ്ങളില്‍ പോണ്ടിച്ചേരിയും ഒന്നാമതാണെന്നാണ് നാഷണല്‍ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. ഐപിസി കുറ്റങ്ങളുടെ നിരക്കില്‍ രാജ്യത്തെ മഹാനഗരങ്ങളില്‍ കൊച്ചിയാണ് ഒന്നാമത്. എന്നാല്‍ ജനസംഖ്യയ്ക്ക് ആനുപാതികമായുള്ള കുറ്റങ്ങളുടെ തോതനുസരിച്ചുള്ളതാണു സംസ്ഥാനങ്ങളുടെയും മഹാനഗരങ്ങളുടെയും പട്ടികയെന്നും അതിനെ മാത്രം ആശ്രയിച്ച് ഏതെങ്കിലും സംസ്ഥാനത്തെ സ്ഥിതി വിലയിരുത്താനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അമിത ലൈംഗികതയും മദ്യവും മയക്കുമരുന്നുമെല്ലാം മലയാളിയുടെ ജീവിതബന്ധത്തെ പിടിച്ചുലയ്ക്കുന്ന ജീര്‍ണസംസ്കാരമായി അധീശത്വം നേടുകയാണ്. എല്ലാവിധ ആഘോഷങ്ങളിലും ഒഴിച്ചുകൂടാനാവാത്ത വിഭവമായി മദ്യം മാറിക്കഴിഞ്ഞു. കേരളത്തിലെ 35 ശതമാനത്തോളം ആത്മഹത്യാമരണങ്ങളും മദ്യപാനവുമായി ബന്ധപ്പെട്ടതാണെന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് സൈക്യാട്രി വിഭാഗം നടത്തിയ ഒരു പഠനം പറയുന്നു. ഈ അടുത്തകാലത്തു ഒരു സ്കൂളില്‍ മദ്യം രഹസ്യമായി ഒളിപ്പിച്ചുവച്ചു കൂട്ടുകാര്‍ കൂടി ഉപയോഗിച്ചതിന്‍റെ ഫലമായി കുട്ടികള്‍ ഛര്‍ദ്ദിക്കുകയും തളര്‍ന്നു വീഴുകയും ചെയ്ത സംഭവമുണ്ടായി. സ്കൂളിന്‍റെ പുറത്തുള്ള വിജനമായ സ്ഥലത്ത് അതീവ രഹസ്യമായ വിധത്തിലായിരുന്നു കുട്ടികളുടെ കുപ്പിപൊട്ടിക്കല്‍. സ്വന്തം ഭവനങ്ങളില്‍ നിന്നും മദ്യത്തിന്‍റെ രുചി അറിയുന്ന കുട്ടികള്‍ മറ്റു കൂട്ടുകാരെകൂടി വലയില്‍ വീഴ്ത്തുന്നു. മാതാപിതാക്കളാണ് ഇങ്ങനെയുള്ള സംഭവങ്ങള്‍ക്ക് ഉത്തരവാദികള്‍. ഓമനിച്ചും ലാളിച്ചും വളര്‍ത്തുമ്പോഴും കാണിക്കുന്ന തെറ്റുകള്‍ കണ്ടില്ലെന്നു നടിക്കരുത്. ആരംഭത്തില്‍ തന്നെ ചെറിയ തെറ്റുകള്‍ക്കു ചെറിയ ശിക്ഷയും സ്നേഹത്തോടെയുള്ള ഗുണദോഷങ്ങളും കൊടുക്കണം. മാതാപിതാക്കള്‍ ഉപയോഗിക്കുന്നതെല്ലാം തങ്ങള്‍ക്കും ഉപയോഗിക്കാം എന്ന ധാരണയാണു പലപ്പോഴും അവരെ ഈ വഴിയില്‍ എത്തിക്കുന്നത്.

പൊതുസമൂഹത്തില്‍ മദ്യം ഒളിഞ്ഞു മാത്രം രംഗപ്രവേശം ചെയ്തിരുന്ന കാലം മാറി. ഇപ്പോള്‍ യാതൊരു ജാള്യവും ഇല്ലാതെ മാന്യതയുടെ മേലങ്കിയും അണിഞ്ഞു സര്‍വസാധാരണയായി കടന്നുവരുന്നതും മദ്യംതന്നെ. മദ്യവും മയക്കുമരുന്നുമെല്ലാം നല്കുന്ന ലഹരിയില്‍ മുങ്ങിമരിക്കുന്ന ജനതയായി സ്വയം നഷ്ടപ്പെട്ട സമൂഹമായി മാറുമോ എന്ന ആശങ്കകളാണു വര്‍ത്തമാന സാഹചര്യം കേരളീയര്‍ക്കു മുന്നില്‍ ഉയര്‍ത്തുന്നത്. ആഗോളവത്കരണവും സമ്പദ്വ്യവസ്ഥയുടെ കോര്‍പ്പറേറ്റ് വത്കരണവും സൃഷ്ടിക്കുന്ന അനിശ്ചിതത്വം മനുഷ്യജീവിതത്തെയാകെ വിഷാദപൂര്‍ണമായി തീര്‍ക്കുന്നുണ്ട്. അതില്‍നിന്നു ജനങ്ങളെ മോചിപ്പിക്കാനുള്ള ശ്രമകരമായ ഇടപെടലായി മദ്യാസക്തിക്കെതിരായ സമരം വളരണം, വളര്‍ത്തണം.

Leave a Comment

*
*