ലഹരി ആ​ഗോള പകർച്ചവ്യാധി

ലഹരി ആ​ഗോള പകർച്ചവ്യാധി

അഡ്വ. ചാര്‍ളി പോള്‍

യുവതലമുറയെയും ജനങ്ങളുടെ ആരോഗ്യത്തെയും തകര്‍ക്കുന്ന ആഗോള പകര്‍ച്ചവ്യാധിയായി ലഹരിവിപത്തു മാറിയെന്ന് ഇന്‍ഫോ പാര്‍ക്കിനു മുന്നില്‍ നിന്ന് എല്‍എസ്ഡി സ്ട്രിപ്പുകളും ലഹരി ഗുളികയുമായി പൊലിസ് പിടികൂടിയ കോഴിക്കോടു കൊടുവള്ളി സ്വദേശി ഷമീറിന്‍റെ ജാമ്യാപേക്ഷ തള്ളിയാണു ജസ്റ്റിസ് രാജാ വിജയരാഘവന്‍റെ പരാമര്‍ശം. രാജ്യാതിര്‍ത്തികള്‍ കടന്നെത്തുന്ന ലഹരിക്കടത്തും വ്യാപാരവും ഉപയോഗവും രാജ്യത്തിന്‍റെ സാമ്പത്തിക-രാഷ്ട്രീയ സുസ്ഥിരത ഇല്ലാതാക്കാന്‍ പര്യാപ്തമാണ്. ശൃംഖലയില്‍ അവസാന കണ്ണികളാകുന്ന ഉപദേഷ്ടാക്കളും ലഹരി അടിമകളും വിനാശകരമായ ഈ കച്ചവടത്തിന്‍റെ ഇരകളാകുന്നതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണു കഴിഞ്ഞ ദിവസം ഹൈക്കോടതി ജംഗ്ഷനില്‍ കിന്‍കോ ജെട്ടിക്കു സമീപം വാക്വേയില്‍ പൊലീസിനെ കത്തിയുമായി ആക്രമിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവം.

എറണാകുളത്തും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന നാലു യുവാക്കളാണു ലഹരിയുടെ ഉന്മാദത്തില്‍ പൊലീസിനു നേരെ കത്തിവീശി ആക്രമണം അഴിച്ചുവിട്ടത്. ഈ സംഭവം സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പൊലീസ് പിന്നീട് ഇവരെ അറസ്റ്റ് ചെയ്തു. ലഹരി ഇറങ്ങിയശേഷം ഇവര്‍ ശുദ്ധപാവങ്ങളെപ്പോലെയാണു പെരുമാറിയത്. തലമുറയുടെ വാഗ്ദാനങ്ങളായ നമ്മുടെ കുട്ടികള്‍ ലഹരിയില്‍ അനുദിനം മയങ്ങുന്ന കാഴ്ചകളാണു കാണേണ്ടിവരുന്നത്. ബാല-കൗമാര-യൗവ്വനങ്ങള്‍ ലഹരിയിലമരുമ്പോള്‍ നമ്മുടെ രാജ്യത്തിന്‍റെ ഭാവിയാണ് ഇരുളടഞ്ഞുപോകുന്നത്. മദ്യപാനശീലത്തേക്കാള്‍ പത്തിരട്ടി അപകടകാരികളായ മയക്കുമരുന്നുകളുടെ ഉപയോഗം കേരളത്തില്‍ വര്‍ദ്ധിച്ചുവരികയാണ്. 25-30 കൊല്ലം മുമ്പു വല്ലപ്പോഴുമൊക്കെയാണ് ഒരു കിലോഗ്രാം കഞ്ചാവ് പൊലീസ്/ എക്സൈസ് സംഘങ്ങള്‍ക്കു ലഭിച്ചിരുന്നതെങ്കില്‍ ഇന്നു തൊണ്ടിമുതലായി ഓരോ കേസിലും അമ്പതും നൂറുമൊക്കെ കിലോഗ്രാമാണു ലഭിക്കുന്നത്. കോടികളുടെ ലഹരിവ്യാപാരമാണു കേരളത്തില്‍ നടക്കുന്നത്.

ലഹരിവസ്തുക്കളെ സംബന്ധിച്ചുള്ള കുറ്റകൃത്യങ്ങളില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്താണു കേരളം. എന്‍ഡിഎസ് ആക്ട് പ്രകാരം 2017-ല്‍ 9,242 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പിന്നിട്ട വര്‍ഷങ്ങളില്‍ ലഹരിമരുന്നുകളുടെ കടത്തുമായി ബന്ധപ്പെട്ട് അരലക്ഷം പേരെയാണു കേരളത്തില്‍ അറസ്റ്റ് ചെയ്തത്. കേസുകളുടെ എണ്ണം 12,000 ആയിരുന്നു. ആയിരം കോടി രൂപയുടെ ലഹരിമരുന്നുകളാണു പിടിച്ചെടുത്തത്. കൂടാതെ 500 കോടി രൂപയുടെ ഹഷീഷ് ഓയിലും ഒന്നര ലക്ഷം കിലോഗ്രാം പുകയില ഉത്പന്നങ്ങളും പിടികൂടി. പഞ്ചാബിലെ അമൃത്സര്‍ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലഹരി ഉപയോഗിക്കുന്നതു കൊച്ചിയിലാണ്. കള്ളക്കടത്തിനായി ഡ്രഗ്മാഫിയകള്‍ ഉപയോഗിക്കുന്ന പ്രധാന സഞ്ചാരപഥം കൊച്ചിയായതിനാലാണു ലഹരികള്‍ ഇവിടെ സുലഭമായതെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

അല്‍ക്കഹോള്‍ ഡ്രഗ് ഇന്‍ഫോര്‍മേഷന്‍ സെന്‍റര്‍ ഇന്ത്യ നടത്തിയ പഠനപ്രകാരം കേരള ജനസംഖ്യയില്‍ 31 ശതമാനം പുരുഷന്മാരും മൂന്നു ശതമാനം സ്ത്രീകളും മദ്യം ഉപയോഗിക്കുന്നവരാണ്. 25,000 പേര്‍ മയക്കുമരുന്നു ശീലമുള്ളവരാണ്. പ്രായപൂര്‍ത്തിയായവരില്‍ 37 ശതമാനം പേര്‍ ഏതെങ്കിലും രൂപത്തില്‍ പുകയില ഉപയോഗിക്കുന്നവരാണ്. 21 വയസ്സില്‍ താഴെയുള്ള യുവജനങ്ങള്‍ക്കിടയില്‍ ലഹരി ഉപയോഗത്തില്‍ 1000 ശതമാനത്തിന്‍റെ ഞെട്ടിപ്പിക്കുന്ന വളര്‍ച്ചയാണു കാണിക്കുന്നത്.

ലോകവ്യാപകമായി പ്രതിവര്‍ഷം 50,000 കോടി ഡോളറിന്‍റെ മയക്കുമരുന്നു വ്യാപാരമാണു നടക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ആയുധവ്യാപാരം കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം മയക്കുമരുന്നു വ്യാപാരത്തിനാണ്. ഏകദേശം 40,000 കോടി ഡോളറിന്‍റെ മദ്യക്കച്ചവടമാണു ലോകത്ത് നടക്കുന്നത്. ലോകത്ത് 120 കോടി ആളുകള്‍ പുകവലി ശീലമുള്ളവരാണ്. പുകയിലെ ഉപയോഗം മൂലം 50 ലക്ഷം ആളുകള്‍ പ്രതിവര്‍ഷം അകാലമൃത്യു വരിക്കുന്നു. ലഹരിവസ്തുക്കളുടെ ഉപയോഗം മൂലം കേരളത്തില്‍ വിവാഹമോചനങ്ങള്‍, വാഹനാപകടങ്ങള്‍, ആത്മഹത്യകള്‍, കുറ്റകൃത്യങ്ങള്‍, രോഗങ്ങള്‍ തുടങ്ങിയവ വര്‍ദ്ധിക്കുകയാണ്.

ജിജ്ഞാസയും പരീക്ഷണവും, പരപ്രേരണ, തമാശയ്ക്കുവേണ്ടി, ഉന്മാദത്തിനായി, മാനസിക-ശാരീരിക പ്രശ്നങ്ങളില്‍നിന്നുള്ള മോചനം, വീട്ടുപ്രശ്നങ്ങള്‍, പ്രേമപരാജയങ്ങള്‍, പഠനബുദ്ധിമുട്ട്. നിഷേധാത്മക ശൈലി, മാന്യത കിട്ടാന്‍, അനുകരണം, പണ ലഭ്യത, മിഥ്യാധാരണകള്‍, ലഹരിദോഷത്തെക്കുറിച്ചുള്ള അജ്ഞത, സുലഭമായ ലഭ്യത തുടങ്ങിയ നിരവധി കാരണങ്ങള്‍ ലഹരിയിലേക്കു ഒരുവനെ നയിക്കുന്നുണ്ട്.

മാതാപിതാക്കള്‍ തങ്ങളുടെ നിസ്സംഗത വിട്ട് ഉണരേണ്ട സമയമായി. "എന്‍റെ മക്കള്‍ ഒരിക്കലും വഴിതെറ്റിപ്പോവുകയില്ല" എന്ന അമിത ആത്മവിശ്വാസം ആപത്താണ്. ശിഥിലമാകുന്ന കുടുംബബന്ധങ്ങള്‍, അവഗണന, കുറ്റപ്പെടുത്തല്‍, കടുത്ത ശാരീരിക ശിക്ഷകള്‍, മാനസിക-വൈകാരിക പീഡനങ്ങള്‍ തുടങ്ങിയവ കുട്ടികളെ ലഹരിയുടെ വഴിയിലേക്കു തള്ളിവിടുന്നുണ്ട്.

വീടുകളിലെ മദ്യപാനം ആദ്യം ഒഴിവാക്കണം. വീട്ടില്‍ നടക്കുന്ന ആഘോഷങ്ങളില്‍ മദ്യം വിളമ്പുന്ന "മാന്യതയുടെ സംസ്കാരം" കുട്ടികളില്‍ നല്കുന്ന സന്ദേശം "ലഹരി ഉപയോഗിക്കുന്നതില്‍ തെറ്റില്ല" എന്നതാണ്. നാലില്‍ മൂന്നു വിഭാഗം കുട്ടികളും ലഹരി വഴികളിലെത്തുന്നതു കൂട്ടുകാരുടെ സ്വാധീനത്താലാണ്. അതുകൊണ്ടു മക്കളുടെ കൂട്ടുകാര്‍ ആരൊക്കെയാണെന്നു മാതാപിതാക്കള്‍ മനസ്സിലാക്കണം. കുട്ടി സഞ്ചരിക്കുന്ന ചുറ്റുപാടുകളും മനസ്സിലാക്കുക. കുട്ടികളുടെ സ്വഭാവത്തിലുണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍പോലും ശ്രദ്ധിക്കുക.

ലഹരി ഉപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊട്ടിത്തെറിക്കരുത്. കുട്ടിയെ കൗണ്‍സലിംഗിനു വിധേയമാക്കുക. തുടര്‍ന്നു ചികിത്സ വേണ്ടിവന്നാല്‍ അതിനു തയ്യാറാകുക. കൈത്താങ്ങായി കൂടെനില്ക്കുക. ഏതു പ്രശ്നത്തിനും പരിഹാരമുണ്ടെന്നു ബോദ്ധ്യപ്പെടുത്തി പ്രശ്ന പരിഹാര മാര്‍ഗങ്ങള്‍ തേടുക. ലഹരിയിലേക്കു വീണ്ടും വഴുതിവീഴാന്‍ സാദ്ധ്യതയുള്ളതിനാല്‍ കരുതലോടെ, ജാഗ്രതയോടെ, സ്നേഹത്തോടെ സഹാനുഭൂതിയോടെ കുട്ടിയെ നല്ല ജീവിതത്തിലേക്കു മടക്കിക്കൊണ്ടു വരിക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org