ലക്ഷ്യ ബോധം

ലക്ഷ്യ ബോധം

ജീവിതവിജയം നേടുകയെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. വിജയപ്രദമായി ജീവിക്കാന്‍ സകലരും കൊതിക്കുന്നു. പക്ഷേ, എല്ലാവര്‍ക്കും അതു സാധിക്കുന്നില്ല. ജീവിതവിജയം നേടാന്‍ എന്താണു ചെ യ്യേണ്ടതെന്നും എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്നും അറിഞ്ഞാല്‍ മാത്രം പോരാ. സമുചിതമായ ലക്ഷ്യബോധമുണ്ടായിരിക്കുകയും വേണം. ലക്ഷ്യം നേടുമ്പോഴാണ് ജീവിതം വിജയപ്രദമാകുന്നത്, ജീവിതത്തിന് അര്‍ത്ഥമുണ്ടാകുന്നത്. ഒരു വാച്ച് അതിന്‍റെ വിജയത്തിലെത്തുന്നത് കൃത്യസമയം കാണിക്കുക എന്ന അതിന്‍റെ ലക്ഷ്യം നേടുമ്പോഴാണ്. അപ്പോഴാണ് അതിന്‍റെ ജീവിതത്തിന് അര്‍ത്ഥമുണ്ടാകുന്നത്. മനുഷ്യജീവിതവും ഇങ്ങനെതന്നെയാണ്.

ലക്ഷ്യമില്ലാതെ ഒന്നും ആരും പ്രവര്‍ത്തിക്കാറില്ല. പരീക്ഷയ്ക്ക് പഠിക്കുന്നത് ജയം എന്ന ലക്ഷ്യത്തോടെയാണ്. ലക്ഷ്യമില്ലാതിരുന്നാല്‍ ജീവിതം ക്രമപ്പെടുത്താനോ ജീവിതവിജയം വരിക്കാനോ സാധിക്കുകയില്ല. അഭികാമ്യമായ ഒരു വസ്തുവോ ആശയമോ ആഗ്രഹമോ ലക്ഷ്യമാകാം. ലക്ഷ്യസാക്ഷാത്കാരത്തിന് സ്വപ്നങ്ങളുണ്ടായിരിക്കണം.

ലക്ഷ്യങ്ങള്‍ പലതരത്തിലുണ്ട്. ചിലത് ഹ്രസ്വകാലലക്ഷ്യങ്ങളും ചിലത് ദീര്‍ഘകാല ലക്ഷ്യങ്ങളുമാണ്. കുറച്ചുകാലംകൊണ്ട് നേടുന്നതാണ് ഹ്രസ്വകാലലക്ഷ്യം. ഒരു പരീക്ഷ എഴുതി ജയിക്കുകയെന്നത് ഹ്രസ്വകാലലക്ഷ്യമാണ്. കായികമത്സരത്തില്‍ ജയിക്കുകയെന്നതും അങ്ങനെതന്നെ. ദീര്‍ഘകാലം അദ്ധ്വാനിച്ചു നേടേണ്ടതാണ് ദീര്‍ഘകാലലക്ഷ്യം. ഒരു ജീവിതത്തൊഴില്‍ കണ്ടെത്തുകയെന്നതും ജീവിതവൃത്തിയില്‍ വിജയം വരിക്കുകയെന്നതും ദീര്‍ഘകാല ലക്ഷ്യങ്ങളാണ്. ആത്യന്തികമായ ഒരു ലക്ഷ്യമുണ്ട് ജീവിതത്തിന്, ജീവിതസാക്ഷാത്കാരമാണത്. നമ്മള്‍ ഇതിനെ സ്വര്‍ഗ്ഗം എന്ന് വിളിക്കുന്നു. ജീവിതത്തില്‍ നേടാന്‍ ഉദ്ദേശിക്കുന്നതെല്ലാം ആത്യന്തികമായി ആ ലക്ഷ്യത്തിന് അനുഗുണമായിരിക്കണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org