Latest News
|^| Home -> Suppliments -> ULife -> ലളിതമീ വഴി ​ഗുരുവഴി

ലളിതമീ വഴി ​ഗുരുവഴി

Sathyadeepam

ബ്രദര്‍ ജെയ്സണ്‍ ഇഞ്ചത്താനത്ത് CST

വയലിലും വഴിയരികിലും സ്വര്‍ഗ്ഗരാജ്യത്തിന്‍റെ നിധി ഒളിപ്പിച്ചുവച്ച ഗുരുവാണ് യേശു. സങ്കീര്‍ണ്ണമായൊന്നും പറഞ്ഞില്ല അവന്‍. സ്വര്‍ഗ്ഗം ഭൂമിയിലാണ്; നന്മ വിളയുന്നവരുടെ മദ്ധ്യേയാണ് എന്നൊക്കെ മാത്രം പഠിപ്പിച്ച് അവന്‍ കടന്നുപോയി. ദൈവരാജ്യത്തെപ്പറ്റി ചോദിച്ചവരോടെല്ലാം കള്ളച്ചിരിയോടെ എല്ലാം ലളിതമായി അവന്‍ പറഞ്ഞുകൊടുത്തു. കഥയിലെ കാര്യം ഗ്രഹിച്ചവര്‍ സകലതും ഉപേക്ഷിച്ച് അവനെ പിഞ്ചെന്നു.

അധികം ഉള്ളതുകൊണ്ടോ ഒന്നും ഇല്ലാത്തതുകൊണ്ടോ ശിഷ്യത്വം അവന്‍ ആര്‍ക്കും നിഷേധിക്കുന്നില്ല. അവന്‍ തേടിയത് അനുകരിക്കുന്നവരെയല്ലായിരുന്നു. തന്നെ അനുധാവനം ചെയ്യാന്‍ ഹൃദയസന്നദ്ധതയുള്ളവരെയായിരുന്നു. ‘ഞാനും നിന്‍റെ കൂടെ നടന്നോട്ടെ’ എന്ന് ചോദിച്ചെത്തിയ ധനികനായ യുവാവില്‍ കുറവായി യേശു കണ്ടത് അവന്‍റെ സമ്പന്നതയില്‍ നഷ്ടപ്പെട്ട ഹൃദയത്തിന്‍റെ നിര്‍മലതയായിരുന്നു. ‘നിനക്കിനിയും ഒരു കുറവുണ്ടെന്ന്’ കണ്ണില്‍നോക്കി യേശു പറയുമെന്നു ഒരിക്കലും ആ യുവാവ് കരുതിയിരുന്നില്ല. യേശുവിന്‍റെയടുക്കല്‍ വന്നവരില്‍ നിരാശയോടെ മടങ്ങിയ ചരിത്രത്തിലെ ഏക വ്യക്തി ഈ യുവാവായിരിക്കും. യൂദാസുപോലും പശ്ചാത്താപത്തോടെയാണ് കഴുമരത്തിലേക്ക് പോയത്. എത്ര മനോഹരമായ എന്തിനെയും മലിനമാക്കാന്‍ ഇത്തിരി മാത്രം മതി, ചോറില്‍ വീണ മണ്ണുപോലെ. മറിച്ച്, മുഴുവന്‍ മാവിനെയും പുളിപ്പിക്കാനും ഇത്തിരി മതി, ഉപമയിലെ പുളിമാവുപോലെ. എന്തുകൊണ്ടാണ് യേശു പല തുറയിലുംപെട്ടവരെ കൂട്ടത്തിലേക്ക് വിളിച്ചു ചേര്‍ത്തത്? മുക്കുവനെയും പലിശക്കാരനെയും അസൂയക്കാരനെയും മുന്‍ശുണ്ഠിക്കാരനെയും ഒരു കുടക്കീഴിലാക്കി. ഒരുവനില്ലാത്തതും മറ്റവന് കൂടുതലുള്ളതും പരസ്പരം പങ്കുവയ്ക്കാനായിരിക്കാം ഗുരു അങ്ങനെ ചെയ്തത്. ഉള്ളവരില്‍നിന്നും ഇല്ലാത്തവരുമായി പങ്കുവെയ്ക്കാന്‍ പെസഹയ്ക്കു മുമ്പേ അവന്‍ അവരെ പഠിപ്പിച്ചിരുന്നിരിക്കണം. പോയേടത്തെല്ലാം കൂടെകൊണ്ടുപോയി മൂന്നുവര്‍ഷത്തോളം അവന്‍ അവരെ ഒരുക്കി; ഗുരുവിനെ പങ്കുവെയ്ക്കാന്‍.

വഴിയരികുകളിലെ കാഴ്ചകളെ കണ്ടിട്ടും കാണാതെ പോയവനല്ല യേശു. മുപ്പതുവര്‍ഷം അവന്‍ കണ്‍കുളിര്‍ക്കെ കണ്ടു നിരീക്ഷിക്കുകയായിരുന്നു. വിത്ത് അഴുകുന്നതും മുളക്കുന്നതും കിളി കൊത്തിപ്പറക്കുന്നതുമെല്ലാം. അതുകൊണ്ടാണല്ലോ അവന്‍ വായതുറക്കുമ്പോഴേ വയലും വിത്തും നിറഞ്ഞ കഥകള്‍ വരുന്നത്. ദൈവരാജ്യത്തെപ്പറ്റി ഇത്ര ലളിതമായി മനോഹരമായി അനുദിനകാഴ്ചകളിലൂടെ മറ്റാര്‍ക്ക് പറയാനാകും? കാണേണ്ടതിനെ കണ്ടു സ്വീകരിക്കാന്‍ നാം ഇനിയും അവനില്‍നിന്നു പഠിക്കേണ്ടിയിരിക്കുന്നു. ഏതോ വഴിയരികത്തു പരിക്കേറ്റവനെ കണ്ടിട്ടും കാണാതെ പോയവരോട് മാത്രമായിട്ടല്ല നല്ല സമറായന്‍ യേശു ആ കഥ പറയുന്നത്. ഇനിയും ഞാന്‍ കണ്‍തുറന്നു പലതും കാണാനുണ്ടെന്ന് ഓര്‍മ്മിപ്പിക്കാനും കൂടിയാണ്. ശിഷ്യന്‍ ഇനിയും ഗുരുവിനെപ്പോലെ കാണേണ്ടിയിരിക്കുന്നു; പഠിക്കേണ്ടിയിരിക്കുന്നു. സങ്കീര്‍ണതകള്‍ സൃഷ്ടിക്കുന്നവനല്ല ശിഷ്യന്‍, ഗുരുവിനെപോലെ സങ്കീര്‍ണതകളും നിത്യജീവിതത്തോട് ചേര്‍ത്തുവച്ച് ലളിതമായി മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കുന്നവനാണവന്‍. ജീവിതത്തില്‍ ഇനിയും ഗുരുമുഖത്തുനിന്നു പഠിക്കാനുണ്ടെന്നു എളിമയുടെ ഭാവമുള്ളവനാണ് എപ്പോഴും യഥാര്‍ത്ഥ ശിഷ്യന്‍. യേശുവിന്‍റെ ശിഷ്യന്‍ എന്നും ഗുരുവിനെപ്പോലെ ആയിരിക്കണം എന്നാണ് അവന്‍റെ പ്രേക്ഷകര്‍ ആഗ്രഹിക്കുക. യേശുവിനോളം ഉത്തമനായിട്ടുള്ള ഗുരുവില്ല; അവനെപ്പോലെ സ്വര്‍ഗ്ഗത്തെ ഇത്രയും ലളിതമായി പറഞ്ഞു തന്നവന്‍ മറ്റാരുമില്ല. അതിനാല്‍ത്തന്നെ യേശു അനുയായികള്‍ അവനാഗ്രഹിക്കുന്നപോലെ, കൂടെ നടന്നു പഠിപ്പിച്ചതുപോലെ, കണ്‍തുറന്നു ‘എല്ലാം’ കണ്ടു സ്വാംശീകരിക്കേണ്ടിയിരിക്കുന്നു. കാണുന്നതെല്ലാം സ്വീകരിക്കാനുള്ളതല്ല. മറിച്ച്, സ്വീകരിക്കാനാഗ്രഹിക്കുന്നതിനെ മാത്രം ധ്യാനിച്ച് കാണാന്‍ പഠിക്കുക. ക്രിസ്തുഅനുയായികള്‍ക്കു നേരെ ചോദ്യങ്ങള്‍ മാത്രമുയരുന്ന പുത്തന്‍ലോകത്തില്‍ ഉത്തരങ്ങളാകട്ടെ നമ്മുടെ ‘ക്രിസ്തു അനുധാവന ജീവിതം.’

cstjaison@gmail.com

Comments

One thought on “ലളിതമീ വഴി ​ഗുരുവഴി”

  1. Mathai says:

    Excellent reflections on the parables of Values and the existence of worldly, demystifying the myths of astral concepts of heaven and hell through simple stories and anecdotes of life situations.

Leave a Comment

*
*