‘ലാഫ് മേക്കർ’ വേണ്ടി വരുമോ?

‘ലാഫ് മേക്കർ’ വേണ്ടി വരുമോ?

ടോം ജോസ് തഴുവംകുന്ന്

ഏറ്റവും ലളിതവും അനായാസവും സ്വാഭാവികവും ജന്മസിദ്ധമായതും മനുഷ്യനുമാത്രം സ്വായത്തമായതുമായ ഒരു ശാരീരികധര്‍മ്മമാണ് ചിരി. എന്നാല്‍ ആധുനികമനുഷ്യര്‍ ചിരി മറന്നിരിക്കുന്നു. എത്ര പരിചിതരോ ബന്ധുക്കളോ സ്നേഹിതരോ മുഖാമുഖമെത്തിയാലും നമ്മുടെ ചിരി അവരെ ഉത്തേജിപ്പിക്കുകയോ ഉണര്‍ത്തുകയോ ചെയ്യാത്തവിധം മറ്റേതോ ലോകത്ത് വ്യാപരിക്കുന്ന അനുഭവം! പുഞ്ചിരിച്ച് സൗഹൃദാന്തരീക്ഷത്തില്‍ കര്‍മ്മനിരതരാകുമ്പോള്‍ ബന്ധങ്ങള്‍ക്ക് ബലവും ഊര്‍ജ്ജവും ലഭിക്കുന്നു. നല്ല സംസാരത്തിനും പെരുമാറ്റത്തിനും ചിരിയെന്ന അവസരോചിത പ്രതികരണം കൂടിയേതീരൂ.

ഒരു ഓഫീസില്‍ ചെല്ലു മ്പോള്‍ നമ്മുടെ ആവശ്യങ്ങള്‍ ഉദ്ദേശിക്കുമ്പോലെ നടന്നില്ലെങ്കിലും അധികാരികളുടെ പക്ഷത്തുനിന്നും പുഞ്ചിരിച്ചുകൊണ്ടുള്ള ഒരു നല്ല വാക്ക് ഏറെ സംതൃപ്തിയും ആശ്വാസവുമാകുമെന്ന് തീര്‍ച്ച. ഹൃദയം ഹൃദയത്തെ തിരിച്ചറിയുന്ന ഒരു താളം; അതില്‍ നിന്നുമാണ് ചിരിയുണ്ടാകുക. സൗമ്യമായ ഇടപെടലുകളുടെ താളം ക്രമീകരിക്കപ്പെടുന്നതിന് ചിരി ഉപയുക്തമാകും!

തലച്ചോറിന്‍റെ മുന്‍ഭാഗത്ത് നെറ്റിക്കു പിന്നിലായിട്ടാണ് ചിരിവിഭാഗം നിലകൊള്ളുന്നത്. ചിരി വിഭാഗവും കരച്ചില്‍ വിഭാഗവും അടുത്തടുത്ത് സ്ഥിതി ചെയ്യുന്നതിനാലാണ് അമിതമായി ചിരിക്കേണ്ടി വരുമ്പോള്‍ കരച്ചിലും ഒപ്പം വരുന്നത്. രണ്ടും ജീവിതമുഖത്തെ മാനുഷിക പ്രതികരണങ്ങളാണ്, ഒപ്പം ഒഴിച്ചുകൂടാനാകാത്ത ആരോഗ്യസംരക്ഷണമാര്‍ഗ്ഗവുമാണ്. ജീവിതസമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ ഉതകുന്ന ഒരു 'ഔഷധ'മാണ് ചിരി. മനസ്സിന്‍റെ തുറവി ഉണ്ടെങ്കിലേ ചിരിയുടെ ജാലകം തുറക്കാനാകൂ! ചിരിക്കാനുള്ള നിര്‍ദ്ദേശം തലച്ചോര്‍ നല്കുന്നതിനൊപ്പം ദഹനരസമുണ്ടാക്കാനുള്ള നിര്‍ദ്ദേശവും നല്കുന്നു; അതുകൊണ്ടുതന്നെ ദഹനത്തിനും ചിരി ഒരു മരുന്നാണ്. രക്തക്കുഴലുകളില്‍ രക്തപ്രവാഹം കൂട്ടും. ഉന്മേഷത്തിനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും നല്ലതാണ്. ശ്വാസകോശം നന്നായി ചുരുങ്ങുകയും വികസിക്കുകയും ചെയ്യുക വഴി ശ്വാസകോശത്തിന് ചിരി ഒരു വ്യായാമമാണ്. രോഗാണുക്കളെ ചെറുക്കാനുള്ള ചില രാസവസ്തുക്കളും ചിരിക്കുമ്പോള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു. ചിരിയിലേക്കു നയിക്കുന്ന തമാശരംഗങ്ങളും ചിത്രങ്ങളുമൊക്ക കാണിച്ച് രോഗികളില്‍ 'ചിരിമരുന്ന്' സൗഖ്യദായകമാക്കുന്നതില്‍ പാശ്ചാത്യ നാടുകള്‍ വിജയിക്കുന്നുണ്ടെന്നത് യാഥാര്‍ത്ഥ്യം!!

ആധുനിക മനുഷ്യന്‍റെ ചിരിയില്ലായ്മ അവരുടെ പ്രതിസന്ധികളില്‍ സങ്കീര്‍ണതകള്‍ സൃഷ്ടിക്കുന്നു. രോഗാവസ്ഥകള്‍ പെരുകുന്നു. സന്തോഷമുള്ള മനസ്സിനെ രോഗത്തിനു കീഴടക്കാനാകില്ലെന്നു പറയുന്നതു കേട്ടിട്ടുണ്ട്. നമുക്കിന്ന് ആഘോഷങ്ങളേറെയാണ്. പക്ഷെ, ഒന്ന് ഉള്ളു തുറന്നു ചിരിക്കാനും സംഭാഷണങ്ങളില്‍ ഏര്‍പ്പെടാനും സൗഹൃദാന്തരീക്ഷം ഉണര്‍വ്വോടെ പരിപോഷിപ്പിക്കാനും ആകുന്നുണ്ടോ? ഒരു മിണ്ടാട്ടവുമില്ല, ചിരിക്കു മുഖം കൊടുക്കാന്‍ നമുക്കു നേരവുമില്ല. ആഘോഷങ്ങള്‍ക്കും ആചാരങ്ങള്‍ക്കും നടുവില്‍ ആള്‍ക്കൂട്ടമായി നാമൊക്കെ നിലയുറപ്പിക്കും. അടുത്തു നില്‍ക്കുന്നവരെ മൈന്‍ഡു ചെയ്യാനാകാത്തപ്പോഴും അമേരിക്കയിലോ ആഫ്രിക്കയിലോ ഉഗാണ്ടയിലോ ഉള്ളവര്‍ക്ക് നാം "ഹായ്" പറയും. കാരണം മുരടിച്ച മനസ്സിനു പുറത്തും വാട്സാപ്പും, ഫെയ്സ് ബുക്കും സജീവമാണ്. അയലത്തെ പട്ടിണി തിരിച്ചറിയുംമുമ്പ് അങ്ങകലെയുള്ള 'ദാരിദ്ര്യം' നാം കണ്ടറിയും. സമീപസ്ഥരോടുള്ള സാഹോദര്യം നമുക്കു കൈമോശം വന്നിരിക്കുന്നു.

ഹൃദയമിടിപ്പിന്‍റെ താളം ക്രമീകരിക്കുന്ന ഹൃദയകോശങ്ങളുടെ സ്വയം ഉത്തേജകപ്രക്രിയ തകരാറിലാകുമ്പോള്‍ കൃത്രിമ ഉത്തേജനം നല്കുന്ന ഉപകരണമാണ് 'പേസ്മേക്കര്‍'. ഹൃദയത്തിനു പുറത്ത് നെഞ്ചില്‍ തൊലിക്കടിയില്‍ സ്ഥാപിക്കപ്പെടുന്ന ഈ ഉപകരണത്തില്‍നിന്നും പുറപ്പെടുന്ന കുറഞ്ഞ വോള്‍ട്ടിലുള്ള വൈദ്യുതി ഇലക്ട്രോഡ് വയറുകളിലൂടെ സഞ്ചരിച്ച് ഹൃദയ അറകളെ ഉത്തേജിപ്പിക്കുന്നു. പ്രത്യേക വേഗതയിലും താളത്തിലും അറകള്‍ ഉത്തേജിപ്പിക്കപ്പെടുമ്പോള്‍ വികസിച്ചും സങ്കോചിച്ചും ഹൃദയമിടിപ്പ് കൃത്യമാകുന്നു; ശരീരത്തിലെ രക്തചംക്രമണം ക്രമാനുഗതമാകുന്നു. ഓസ്ട്രേയിലയിലെ മാര്‍ക്ക് സി. ലിഡ്വില്‍ എന്ന ശാസ്ത്രജ്ഞന്‍ കണ്ടുപിടിച്ച ഈ ആധുനിക ഉപകരണത്തിന്‍റെ ചുവടുപിടിച്ച് ആധുനിക മനുഷ്യര്‍ക്കുവേണ്ടി ഒരു "ലാഫ്മേക്കര്‍" കണ്ടുപിടിക്കേണ്ടി വരുമോയെന്ന് ശാസ്ത്രലോകം ഗവേഷണം നടത്തുന്ന നാളുകളിലേക്ക് നാം നീങ്ങുകയാണോ?

ഉള്ളുതുറന്ന് ചിരിക്കാനും ഹൃദ്യമായി ഇടപെടുവാനും നമുക്കാകുന്നില്ലെങ്കില്‍ സൗഹൃദം താറുമാറാകും. സ്വന്തം ഹൃദയഭാരം കൂടുകയും രോഗാതുരമായ മാനസ്സികാവസ്ഥയില്‍ നാമെത്തിപ്പെടുകയും ചെയ്യും. ചിരി മരുന്ന് പ്രായോഗികമാക്കാനാകുന്നില്ലെങ്കില്‍ ഹൃദയതാളം ക്രമീകരിക്കാന്‍ ഉപയോഗിക്കുന്ന പേസ് മേക്കര്‍ പോലെ നമുക്ക് ഒരു 'ലാഫ് മേക്കര്‍' ആവശ്യമായി വന്നേക്കാം. അതിനുള്ള വഴി നമ്മുടെ ഹൃദയത്തെയും മനസ്സിനെയും സാഹചര്യത്തിന്‍റെ അടിമത്തത്തില്‍നിന്നും മോചിതമാക്കുകയെന്നതാണ്. ഒരു കോടി വര്‍ഷം കംപ്യൂട്ടറിനു മുന്നിലിരുന്ന് ജോലി ചെയ്താലും കംപ്യൂട്ടര്‍ 'യജമാനനെ' നോക്കി ചിരിക്കില്ലെന്ന യാഥാര്‍ത്ഥ്യം മനുഷ്യര്‍ മനസ്സിലാക്കിയിരിക്കണം. ആധുനികതയുടെ യാന്ത്രികഭാവങ്ങള്‍ വിട്ട് മനസാന്നിദ്ധ്യം വീണ്ടെടുക്കണം; പുഞ്ചിരിക്കാനും അനുദിനം പുതുമയോടെ ഇടപെടുവാനും ബന്ധങ്ങള്‍ പച്ചകെടാതെ കാത്തുസൂക്ഷിക്കാനും നമുക്കു ശ്രമിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org