Latest News
|^| Home -> Suppliments -> Familiya -> ലേവ്യന്‍

ലേവ്യന്‍

Sathyadeepam

ജിന്‍സണ്‍ ജോസഫ് മുകളേല്‍ CMF

ടിവിയില്‍ വൈദികരെ കുറിച്ചുള്ള മാധ്യമ പൊങ്കാല കണ്ടപ്പോഴാണ് ഞാന്‍ ലേവ്യനെ കുറിച്ച് ഓര്‍ത്തത്.

എന്‍റെ സുഹൃത്ത് ലേവ്യന്‍ ഒരു പൂ കച്ചവടക്കാരനായിരുന്നു.

എന്‍റെ പുത്തന്‍ കുര്‍ബാനയില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് അവനായിരുന്നു. ലേവ്യന് സ്വന്തമായി ഒരു ഭാര്യയും രണ്ടു മക്കളും ഉണ്ടായിരുന്നു. എങ്കിലും അവരെക്കാള്‍ അധികമായി എന്നെ…. അല്ല; എന്‍റെ പൗരോഹിത്യത്തെ അവന്‍ സ്നേഹിച്ചു.

ഒരു ദിവസം കുറവിലങ്ങാട് സെമിനാരിയില്‍ ഞാനും എന്‍റെ സുഹൃത്ത് സെബിനും കൂടി എന്‍റെ കാണാതെപോയ വെള്ള ളോഹ തപ്പി മടുത്ത് ഇരുന്നപ്പോഴാണ് എന്നെ കാണാന്‍ ലേവ്യന്‍ വന്നത്.

സെബിന് ചോക്കളേറ്റ് പായ്ക്കറ്റുകള്‍ വെച്ച് നീട്ടിയ ലേവ്യന്‍ എന്നോടും അവനോടും പറഞ്ഞത് ഒന്നു മാത്രം: “നിങ്ങള്‍ക്ക് നിങ്ങളുടെ വിലയറിയില്ല.”

എന്തായാലും ഉറങ്ങാന്‍ പോകുന്ന സമയം സെബിന്‍ പറഞ്ഞു: ‘നിന്‍റെ സുഹൃത്ത് ഒരു സംഭവമാണ് ഇത്ര രുചിയുള്ള ചോക്ലേറ്റ് ഞാന്‍ കഴിച്ചിട്ടില്ല.”

ഞാന്‍ ചിരിച്ചു…

എനിക്ക് ലേവ്യന്‍ തന്നത് ഒരു ഡയറി ആയിരുന്നു. ആ ഡയറിയില്‍ മൂന്ന് അദ്ധ്യായങ്ങള്‍ ഉണ്ടായിരുന്നു ഒന്നാമത്തെ അധ്യായം.

‘വിവാഹ പ്രസംഗങ്ങള്‍’ എന്നായിരുന്നു. അതില്‍ ഒരു വരി മാത്രം.

പങ്കാളിയെ വിജയിക്കാന്‍ അനുവദിക്കുക.

രണ്ടാമത്തെ അദ്ധ്യായം ചരമ പ്രസംഗങ്ങള്‍ എന്നതായിരുന്നു അതിലും ഒരു വരി മാത്രം ‘നിന്‍റെ നല്ല ദൈവം അറിയാതെ ഒന്നും ജീവിതത്തില്‍ സംഭവിക്കില്ല.’

മൂന്നാമത്തെ അധ്യായം ‘നിന്‍റെ പൗരോഹിത്യ ജീവിതം’ എന്നതായിരുന്നു. അതില്‍ ഒന്നും എഴുതിയിരുന്നില്ല. കടലാസിലെ വെണ്മ മാത്രം.

എന്നാല്‍ അതിന് അടുത്ത പേജില്‍ കിണറിന്‍റെ വക്കില്‍ നിന്ന് താഴേക്ക് ചാടാന്‍ കൊതിക്കുന്ന യുവാവിന്‍റെ ചിത്രം…

ഞാന്‍ ഡയറി അടച്ചു പണ്ടേ അധികം സംസാരിക്കാത്തയാളാണ് ലേവ്യന്‍. അതുകൊണ്ട് അന്നു തന്നെ ഞാന്‍ അയാളെ വിളിച്ചു.

ലേവ്യന്‍ ചോദിച്ചു: ‘എന്താ സമ്മാനം ഇഷ്ടമായോ?’

ഞാന്‍ പറഞ്ഞു: ‘മൂന്നാമത്തെ അദ്ധ്യായം ഒത്തിരി ഇഷ്ടമായി.’

‘അതെന്താ അങ്ങനെ?’

ഞാന്‍ വീണ്ടും പറഞ്ഞു: ‘അതില്‍ ഒന്നുമില്ലല്ലോ.’

അപ്പോള്‍ അയാള്‍ പറഞ്ഞു ‘ഒന്നുമില്ലായ്മയില്‍ ക്രിസ്തു നിറയുന്നതാണ് പൗരോഹിത്യം.’

അപ്പോള്‍ ആ ചിത്രം?

ലേവ്യന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു: ‘അതും നീ വഴിയെ അറിയും.’

കിണറ്റിന്‍ കരയില്‍നിന്ന് ചാടാന്‍ ഒരുങ്ങി നില്ക്കുന്ന യുവാവിന്‍റെ ചിത്രത്തെക്കുറിച്ചാണ് പിന്നെ ഓര്‍ത്തത്…

ലേവ്യറിന്‍റെ ശവസംസ്കാരം നടന്നത് മണിമല പള്ളിയില്‍ വച്ചാണ്. ക്യാന്‍സര്‍ അയാളെ തിരിച്ചു വിളിച്ചു. അങ്ങനെ ഒത്തിരിപ്പേര്‍ക്ക് റീത്ത് നല്കിയ ലേവ്യന് ലഭിച്ചത്, ഒരു റീത്ത് മാത്രം. അത് സെബിനച്ചന്‍ തന്നെയുണ്ടാക്കിയ റീത്തായിരുന്നു.

ആദ്യമായി റീത്തിന് ഒരു ചോക്ലേറ്റിന്‍റെ നിറവും ഗന്ധവുമുണ്ടായിരുന്നു.

ലേവ്യന്‍റെ 41-ാം ചരമ ദിനത്തില്‍ ഞാന്‍ പോയപ്പോള്‍ ലേവ്യന്‍റെ ഭാര്യ ലേവിയെ കണ്ടു. അന്നും അധികം ആളുകള്‍ ഉണ്ടായിരുന്നില്ല… ലേവി എന്നെ കൂട്ടിക്കൊണ്ടുപോയത് അവന്‍റെ മുറിയിലേക്ക് ആയിരുന്നു.

ആ മുറി മുഴുവന്‍ ചിത്രങ്ങളായിരുന്നു. ചിത്രങ്ങള്‍ എന്നു പറഞ്ഞാല്‍ മനസ്സിന്‍റെ വിവിധതരം ചിത്രങ്ങള്‍.

‘നിങ്ങള്‍ക്കറിയാമോ അയാള്‍ക്ക് മുഴുവട്ട് ആയിരുന്നു’ ലേവി പറഞ്ഞു.

ലേവ്യനെപ്പോലെ നല്ല ബോധം ഉള്ളയാള്‍ക്ക് വട്ട് ആണെങ്കില്‍ ഈ ലോക ത്ത് എല്ലാവര്‍ക്കും വട്ടായിരി ക്കും എന്നെനിക്ക് തോന്നി.

ആ മുറിയിലിരുന്ന് അവന്‍റെ ചെറുപ്പകാലം മുതലുള്ള ചിത്രങ്ങള്‍ കാണാന്‍ തുടങ്ങി.

ലേവ്യന്‍ എല്ലാം ഒരു എക്സിബിഷന്‍ പോലെ സെറ്റ് ചെയ്തിരുന്നു. ആദ്യമായി തോന്നിയ പ്രണയം, ആദ്യമായി പറഞ്ഞ നുണ, ചെയ്ത നന്മകള്‍, കള്ളത്തരങ്ങള്‍, കോലാഹലങ്ങള്‍ അങ്ങനെ… കുമ്പസാരം എന്നു വേണമെങ്കില്‍ വിളിക്കാമായിരുന്നു.

നന്മകളുടെ കുമ്പസാരം ആദ്യമായി കണ്ടത് അവിടെയാണ്.

അവസാന ചിത്രത്തില്‍ എത്തിയപ്പോള്‍ അത് കിണറ്റിന്‍ കരയില്‍നിന്ന് ചാടുന്ന യുവാവിന്‍റെ ചിത്രമായിരുന്നു പ്രതീകാത്മക സാഹിത്യത്തില്‍ നല്ല ബോധമുള്ള സെബിന്‍ അച്ചന്‍റെ സഹായം ഞാന്‍ തേടി.

അവനോട് ഞാന്‍ പറഞ്ഞു: ‘ലേവ്യനെ വേദനിപ്പിച്ചത് എന്തോ ഈ ചിത്രത്തില്‍ ഉണ്ടായിരിക്കണം.’

അവന്‍ ഒന്നുകൂടി ചിത്രത്തില്‍ സൂക്ഷ്മമായി നോക്കി എന്നിട്ട് പറഞ്ഞു: ‘ഈ ചിത്രം പൗരോഹിത്യത്തെ പറ്റിയുള്ള ഏറ്റവും ഉത്കൃഷ്ടമായ ചിന്തയാണ്. നീ സൂക്ഷിച്ചു നോക്കിക്കേ അയാള്‍ എവിടെ നിന്നാണ് ചാടുന്നത്?’

ഞാന്‍ നോക്കി ഒന്നു കൂടി നോക്കി

വീണ്ടും വീണ്ടും നോക്കി. അപ്പോള്‍ എനിക്ക് മനസ്സിലായി അയാള്‍ നില്ക്കുന്നത് സമുദ്രത്തിലാണ്. പക്ഷേ, ചാടാന്‍ കൊതിക്കുന്നതോ വെറും കിണറ്റിലേക്ക്. ഇതാണ് പൗരോഹിത്യത്തില്‍നിന്നും ലോകത്തിന്‍റെ മായാകാഴ്ചകളിലേക്ക് ഊളിയിടാനുളള മനുഷ്യ മനസ്സിലെ ആഗ്രഹം….

അരുവിത്തുറ പെരുന്നാള് കഴിഞ്ഞ രാത്രി ഞാന്‍ ലേവ്യറിന്‍റെ ഒപ്പം വന്നപ്പോള്‍ അവന്‍ പറഞ്ഞ വാക്കുകള്‍ ഞാനോര്‍ക്കുന്നു ‘ആഗ്രഹങ്ങള്‍ ഉപേക്ഷിച്ചവനാണ് നീ. എന്നിട്ട് എന്തിന് നീ അവയ്ക്ക് പുറകെ പോകുന്നു? നിന്‍റെ പതനം വാര്‍ത്തയാകും. കാരണം, കാലിടറിയ ആട്ടിന്‍കുട്ടിയെ കല്ലെറിയാന്‍ പേപ്പട്ടികളുടെ പേക്കൂത്ത് എന്നുമുണ്ടായിരുന്നു.’

ഞാന്‍ ടിവിയിലേക്ക് നോക്കി അവിടെ റീത്ത് വെച്ച് ഫോട്ടോ ഭിത്തിയില്‍ തൂക്കാന്‍ ആരൊക്കെയോ കുരയ്ക്കുന്നുണ്ടായിരുന്നു. കാലൊടിഞ്ഞ ആട്ടിന്‍കുട്ടിയെ രക്ഷിക്കുന്ന മാലാഖയെ കാണാത്ത സങ്കടത്തില്‍ ഞാന്‍ ടിവി നിര്‍ത്തി പള്ളിയിലേക്ക് പോയി…

Leave a Comment

*
*