നല്ല മാസ് ജീവിതങ്ങള്‍

നല്ല മാസ് ജീവിതങ്ങള്‍

ജില്‍സ ജെയ്‌സണ്‍
(മതാദ്ധ്യാപിക, സെ. ജോസഫ് ചര്‍ച്ച്, ആറ്റപ്പാടം, കൊരട്ടി)

ഒരു കുഞ്ഞ് മാമ്മോദീസായിലൂടെ സഭയാകുന്ന അമ്മയുടെ മടിത്തട്ടിലേയ്ക്കു പിറന്നുവീഴുന്നു. ഏതൊരു കുഞ്ഞും അവന്‍ പിറന്നതിനുശേഷം തന്റെ അമ്മയെ തിരിച്ചറിയുന്നത് അമ്മയുടെ തലോടലിലും അമ്മിഞ്ഞ പാലിന്റെ മാധുര്യത്തിലൂടെയുമാണ്. ഒരു ക്രിസ്ത്യാനിയുടെ ജീവിതത്തില്‍ അവന്റെ പോറ്റമ്മ ആയ തിരുസഭയെ തിരിച്ചറിയാനും തിരുസഭയാകുന്ന അമ്മയുടെ അമ്മിഞ്ഞ പാലാകുന്ന കൂദാശകളെ അവനു അനുഭവസാന്നിധ്യമാക്കി മാറ്റുന്നവരില്‍ ഒരു സുപ്രധാന കണ്ണിയായി വര്‍ത്തിക്കുന്നവരാണ് മതാദ്ധ്യാപകര്‍. ഒരുവന്റെ വിശ്വാസ ജീവിത രൂപീകരണം നടക്കുന്നത് വേദപാഠ അദ്ധ്യാപകരുടെ കരങ്ങളിലൂടെയാണ്. ഞാനിന്നും സ്‌നേഹാദരവോടെ ഓര്‍ക്കുന്നു: അഞ്ചാം ക്ലാസ്സ് വേദപാഠ ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആദ്യമായി ഈശോയെ സ്വീകരിക്കാന്‍ ഒരുക്കിയ മതാദ്ധ്യാപികയായ സിസ്റ്റര്‍ ലിസിയെ. ദൈവത്തിന്റെ മണവാട്ടിയായി സഭയെ ശുശ്രൂഷിക്കാന്‍ തന്നെതന്നെ സമര്‍പ്പിച്ച സിസ്റ്റര്‍ എന്റെ ആത്മീയ ജീവിതത്തിന്റെ വഴികാട്ടിയായി ആദ്യമായി വിശുദ്ധി എന്തെന്നു പഠിപ്പിച്ചു. ആദ്യകുര്‍ബാന സ്വീകരണത്തിലൂടെ എന്നിലേയ്ക്കു കടന്നുവരുന്ന ജീവനുള്ള ഈശോയെ എനിക്കുകാട്ടി തന്ന ആദ്യത്തെ വഴികാട്ടി.
ദാരിദ്ര്യത്തിന്റെ നാളുകള്‍, ഒരു നേരത്തെ ആഹാരത്തിനുവേണ്ടി കൊതിച്ച നാളുകള്‍. ഒഴിഞ്ഞ കൈകളുമായി ആദ്യ കുര്‍ബാന സ്വീകരണ പരിശീലന ക്ലാസ്ലില്‍ പങ്കെടുക്കാനെത്തിയ ദിവസം. ഇന്നലെ കഴിഞ്ഞതുപോലെ ഓര്‍ക്കുന്നു. വിശന്ന എനിക്കു മറ്റുള്ളവരുടെ ആഹാരത്തില്‍ നിന്ന് പകുത്തെടുത്ത് വിഭവസമൃദ്ധമായ ഉച്ചയൂണു ഒരുക്കിയ ദിവസം വിശപ്പിന്റെ വിളിയറിഞ്ഞ എന്റെ ജീവിതത്തില്‍ എന്നും തങ്ങിനില്‍ക്കുന്ന ഒരു സദ്യയായി തീര്‍ന്നു. ശരീരത്തിനു ഭക്ഷണം നല്‍കാന്‍ മാത്രമായിരുന്നില്ല സിസ്റ്ററിന്റെ ദൗത്യം, ആത്മാവിന്റെ ഭക്ഷണമായ ദിവ്യകാരുണ്യ ഈശോയെ സ്വീകരിക്കാനായി ഒരുക്കി ഒരു മാലാഖയെപ്പോലെയാക്കി. ആദ്യമായി എന്റെ നാവില്‍ ആത്മാവിന്റെ ഭക്ഷണമായി എന്റെ ഈശോ വന്നതും ആ ദിവസം കാഴ്ച സമര്‍പ്പണത്തില്‍ ഉപ്പും മെഴുകുതിരിയും സമര്‍പ്പിച്ച് നിങ്ങള്‍ ലോകത്തിന്റെ പ്രകാശവും ഭൂമിയുടെ ഉപ്പുമാണ് എന്ന് തുടങ്ങുന്ന പ്രാര്‍ത്ഥന സിസ്റ്റര്‍ പഠിപ്പിച്ചതും ഓര്‍ക്കുന്നു. ആത്മീയ ജീവിതത്തില്‍ ഞാന്‍ ഒരു മതാദ്ധ്യാപികയായി ഇന്ന് നില്‍ക്കുമ്പോള്‍ സിസ്റ്റര്‍ ഈശോയിലേയ്ക്കു എന്നെ അടുപ്പിച്ച നിമിഷങ്ങള്‍ ഒരിക്കലും മറക്കാനാവില്ല. മതബോധന വാര്‍ഷിക നാളുകളില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ കുഞ്ഞുങ്ങളായ ഞങ്ങളെ മഠത്തില്‍ കൊണ്ടുപോകുന്ന സിസ്റ്റര്‍ മഠത്തിന്റെ നഴ്‌സറി ക്ലാസ്സിന്റെ ചുമരലമാരയില്‍ കുഞ്ഞുങ്ങള്‍ക്കായി വച്ചിരുന്ന ഓറഞ്ച് വര്‍ണ്ണകടലാസില്‍ പൊതിഞ്ഞ മിഠായി തരുമ്പോള്‍ മനസ്സില്‍ ഏതാണ്ടൊക്കെ ഉറപ്പിച്ചിരുന്നു: സിസ്റ്ററിനെപ്പോലെ കുഞ്ഞുങ്ങളെ സ്‌നേഹിക്കുന്ന കുഞ്ഞുമാലാഖമാരായ പൈതങ്ങളെ സ്‌നേഹിക്കാന്‍ സാധിക്കുന്ന ഹൃദയത്തിനുടമയാകണം. ജീവിതത്തിന്റെ നാല്‍പത്തിയൊന്നുവര്‍ഷം പിന്നീടു തിരിഞ്ഞുനോക്കുമ്പോള്‍ നഴ്‌സറി അദ്ധ്യാപികയായ എന്റെ അടുക്കല്‍ എത്തുന്ന ഓരോ കുഞ്ഞിനും സിസ്റ്റര്‍ എനിക്കു പകര്‍ന്നു തന്ന നിസ്വാര്‍ത്ഥ സ്‌നേഹം പകര്‍ന്നുകൊടുക്കാനാവുന്നത് ദൈവം തന്ന ഏറ്റവും വലിയ അനുഗ്രഹമായി കാണുന്നു. കാലം മാറി കാലത്തിനനുസരിച്ച് പല നിറത്തിലും പേരിലും പല മിഠായികള്‍ വന്നെങ്കിലും ഇപ്പോഴും ഏറ്റവും പ്രിയപ്പെട്ടത് സിസ്റ്റര്‍ അന്നു തന്ന ഓറഞ്ച് വര്‍ണ്ണ കടലാസിലെ ആ മിഠായി തന്നെ. വി. ഗ്രന്ഥത്തില്‍ പൗലോസ് അപ്പസ്‌തോലന്‍ പറഞ്ഞത് എന്റെ ഏറ്റവും സ്‌നേഹം നിറഞ്ഞ സിസ്റ്ററെപ്പറ്റി തന്നെയല്ലേ: നിങ്ങളുടെ നന്മയ്ക്കുതകുന്ന ഏതെങ്കിലും കാര്യം നിങ്ങള്‍ക്കു പറഞ്ഞുതരാന്‍ ഞാന്‍ മടി കാണിച്ചില്ല. പൊതു സ്ഥലത്ത് വച്ചും വീടുതോറും വന്നു ഞാന്‍ നിങ്ങളെ പഠിപ്പിച്ചു. ദൈവത്തിലേയ്ക്കുള്ള മനഃപരിവര്‍ത്തനത്തെക്കുറിച്ചും നമ്മുടെ കര്‍ത്താവായ യേശുവിലുളള വിശ്വാസത്തെക്കുറിച്ചും യഹൂദരുടെയും ഗ്രീക്കുകാരുടെയും ഇടയില്‍ ഞാന്‍ സാക്ഷ്യം നല്‍കി. (അപ്പ. പ്രവ. 20:20) ഈ വചനം അന്വര്‍ത്ഥമായത് എന്റെ സ്‌നേഹം നിറഞ്ഞ മതാദ്ധ്യാപകരുടെ കാര്യത്തില്‍ തന്നെ എന്നത് ഏറ്റവും സന്തോഷകരമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org