ലോജിസ്റ്റിക്‌സ്

ലോജിസ്റ്റിക്‌സ്

എം. ഷൈറജ്

കാലം പുരോഗമിക്കുംതോറും പുതിയ പുതിയ കരിയര്‍ മേഖലകള്‍ ഉയര്‍ന്നു വരും. വ്യാവസായിക-വാണിജ്യ-സേവന മേഖലകളുടെ വളര്‍ച്ചയോടെ ഇത്തരത്തില്‍ പ്രാധാന്യം കൈവന്ന കരിയറുകളിലൊന്നാണു ലോജിസ്റ്റിക്‌സ്.
എന്താണു ലോജിസ്റ്റിക്‌സ്?
ഒരു സ്ഥാനമോ സേവനമോ ഉത്പാദന സ്ഥ ലത്തുനിന്ന് ഉപഭോക്താവിലേക്ക് എത്തിച്ചു കൊടുക്കുന്ന പ്രക്രിയയാണു സപ്ലൈചെയിന്‍ എന്നു പറയുന്നത്. സപ്ലൈ ചെയിനിന്റെ മാനേജ് മെന്റാണ് ലോജിസ്റ്റിക്‌സ് എന്നതുകൊണ്ട് വിവക്ഷിക്കുന്നത്.
ഉദാഹരണത്തിന്, പഴവര്‍ഗ്ഗങ്ങളുടെ കാര്യം പരിശോധിച്ചു നോക്കാം. മുന്‍കാലത്ത് ഗ്രാമത്തി ലെ കൃഷിയിടത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഫലം ചന്തയിലെത്തുകയെന്നതും ഉപഭോക്താവ് അവി ടെ നിന്നതു വാങ്ങുകയെന്നതും ലളിതമായ ഒരു പ്രക്രിയയായിരുന്നു. എന്നാലിന്നതല്ല സ്ഥിതി. വിദേശത്തോ വിദൂര സംസ്ഥാനങ്ങളിലോ ഉത്പാദിപ്പിക്കുന്ന പഴവര്‍ഗ്ഗങ്ങള്‍ നമ്മുടെ നാട്ടിലെ ഒരു കടയില്‍ നിന്നു നാം വാങ്ങുന്നതിനിടയില്‍ എത്രമാത്രം കടമ്പകളുണ്ടെന്ന് ആലോചിച്ചു നോക്കൂ. ഉല്‍പാദനസ്ഥലത്തെ നിന്നുള്ള ശേഖരണം, സം ഭരണം, തുറമുഖത്തിലേക്കുള്ള ട്രാന്‍സ്‌പോര്‍ ട്ടേഷന്‍, പോര്‍ട്ട് ഹാന്‍ഡ്‌ലിംഗ്, ഷിപ്പിംഗ്, ഇന്ത്യയിലെ ഇറക്കുമതി, വെയര്‍ഹൗസിംഗ്, മൊത്ത വിതരണക്കാരിലേക്കും ചില്ലറ വ്യാപാരികളിലേക്കുമുള്ള കൈമാറ്റം, വിപണനം എന്നിങ്ങനെ വളരെ നീണ്ട പ്രക്രിയയാണത്.
ലക്ഷക്കണക്കിന് ഉത്പന്നങ്ങളും സേവനങ്ങളും ലോകത്തെ ഒരു കോണില്‍ നിന്ന് മറ്റൊരു കോണിലേക്ക് യാത്ര ചെയ്യുന്ന കാലമാണിത്. അതുകൊണ്ടുതന്നെ ലോജിസ്റ്റിക്‌സ് കരിയറിന്റെ ഭാവി തെളിച്ചമാര്‍ന്നതാണ്.

എന്തു പഠിക്കണം
ലോജിസ്റ്റിക്‌സ് ഒരു മാനേജ്‌മെന്റ് കരിയറാണ്. അതുകൊണ്ട് ലോജിസ്റ്റിക്‌സില്‍ സ്‌പെഷലൈസേഷനോടെയുള്ള എം.ബി.എ. പഠനമാണ് ഏറ്റവും ഉചിതമായിട്ടുള്ളത്. മികച്ച സ്ഥാപനങ്ങളുടെ ബിരുദാനന്തര ബിരുദ ഡിപ്ലോമ, ഡിപ്ലോ മ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് എന്നിവയും പരിഗണി ക്കാവുന്നതാണ്. എന്തു പഠിച്ചു എന്നതിന്റെയും ഏതു സ്ഥാപനത്തില്‍ പഠിച്ചു എന്നതിന്റെയും അടിസ്ഥാനത്തിലാവും തൊഴില്‍ സാധ്യതയെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ?

പഠനകേന്ദ്രങ്ങള്‍
മികച്ച മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ പല തും എംബിഎയ്ക്ക് ലോജിസ്റ്റിക്‌സ് ഐച്ഛിക വിഷയമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോജിസ്റ്റിക്‌സില്‍ കരിയര്‍ ആഗ്രഹിക്കുന്നവര്‍ എംബിഎ പഠനത്തിനൊരുങ്ങുമ്പോള്‍ അഡ്മിഷന്‍ തേടു ന്ന സ്ഥാപനത്തില്‍ ലോജിസ്റ്റിക്‌സ് സ്‌പെഷലൈസേഷന്‍ ലഭ്യമാണോയെന്ന് ഉറപ്പുവരുത്തണം.
കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്റ സ്ട്രിയുടെ ആഭിമുഖ്യത്തില്‍ 2004-ല്‍ സ്ഥാപി തമായ നാഷണല്‍ സെന്റര്‍ ഓഫ് എക്‌സലന്റ്‌സ് ഫോര്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മികച്ച സ്ഥാപനങ്ങളിലൊന്നാണ്. ലോജിസ്റ്റിക്‌സിലും സപ്ലൈ ചെയിനിലും സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് മുതല്‍ പിജി ഡിപ്ലോമ വരെ ഇവിടെയുണ്ട്. ചെന്നൈയിലാണ് സ്ഥാപനം. വിദൂര പഠനത്തിനു അവസരമുണ്ട്. പത്താം ക്ലാസ് പാസ്സായവര്‍ മുതല്‍ എംബിഎ ബിരുദധാരികള്‍ക്കുവരെ ചേരാവുന്ന കോഴ്‌സുകള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ട്.
പൂനെയിലെ സിംബയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍ നാഷണല്‍ ബിസിനസ്സ് നടത്തുന്ന രണ്ടു വര്‍ഷം ദൈര്‍ഘ്യ മുള്ള മാസ്‌റ്റേഴ്‌സ് കോഴ്‌സിലും ലോജിസ്റ്റിക്‌സ് എച്ഛികവിഷയമായെടുക്കാം. മുംബൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ്സ് സ്റ്റഡീസ് ആന്റ് മാനേജ്‌മെന്റ്, കെ.ജെ. സോമയ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് എന്നവിടങ്ങളിലും പഠനാവസരങ്ങളുണ്ട്.
കേരളത്തില്‍ കുട്ടിക്കാനത്തെ ഡിസി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ എംബിഎയ്ക്ക് ലോജിസ്റ്റിക്‌സും സപ്ലൈ ചെയിന്‍ മാനേജ്‌മെന്റും ഐച്ഛികവിഷയങ്ങളാണ്. അഖിലേ ന്ത്യാ മാനേജ്‌മെന്റ് അസ്സോസിയേഷന്‍ നടത്തുന്ന മാനേജ് മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റിലൂടെയാണ് അഡ്മിഷന്‍. ബിരുദധാരികള്‍ക്ക് അേപക്ഷിക്കാം.
കോഴിക്കോട് സര്‍വ്വകലാശാലയിലെ ഡിപ്പാര്‍ട്ടുമെന്റ് ഓഫ് മാനേജ്‌മെന്റിലും എംബിഎ പഠനത്തില്‍ ലോജിസ്റ്റി ക്‌സും ഉള്‍പ്പെടുത്താം. കോഴിക്കോട്ടു തന്നെയുള്ള ഫറൂക്ക് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിലും പഠനാവസരമുണ്ട്.
ഈ രംഗത്തെ ഒരു പ്രമുഖ സ്ഥാപനം ഇന്ത്യന്‍ മാരിറ്റൈം യൂണിവേഴ്‌സിറ്റിയാണ്. യൂണിവേഴ്‌സിറ്റിയുടെ ചൈന്നൈ, കൊച്ചി, കൊല്‍ക്കത്ത കേന്ദ്രങ്ങളില്‍ ലോജിസ്റ്റിക്‌സ് പഠന ത്തിന് അവസരം ലഭിക്കും. ബിരുദമാണ് അടിസ്ഥാന യോഗ്യത. 50% മാര്‍ക്കുവേണം. ഓണ്‍ലൈന്‍ ടെസ്റ്റ്, ഗ്രൂപ്പ് ഡിറക്ഷന്‍, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണു പ്രവേശനം.

വ്യക്തിഗുണങ്ങള്‍
കൃത്യമായ സാധനം കൃത്യസമയത്ത് കൃത്യസ്ഥലത്ത് കൃത്യമായ ഗുണനിലവാരത്തില്‍ ഏറ്റവും കുറഞ്ഞ ചിലവില്‍ എത്തിക്കുകയെന്നതാണ് ലോജിസ്റ്റിക്‌സ് കരിയറിന്റെ ലക്ഷ്യം. അതിനാല്‍ അത്തരമൊരു മാനേജ്‌മെന്റിന് അനുയോജ്യമായ വ്യക്തിഗുണങ്ങളാണ് ഈ മേഖലയില്‍ പഠനവും തൊഴിലും ആഗ്രഹിക്കുന്നവര്‍ക്കുണ്ടാവേണ്ടത്.
സ്വതന്ത്രമായി ചിന്തിക്കുവാനും തീരുമാനങ്ങളെടുക്കുവാനും നടപ്പിലാക്കാനുമുള്ള കഴിവ് അത്യന്താപേക്ഷിതമാണ്. ഉത്തരവാദിത്തബോധം, സംഘടനാ പാടവം, ആശയവിനിമയ പ്രാവീണ്യം, നയതന്ത്രജ്ഞത, അഭിപ്രായങ്ങള്‍ കേള്‍ക്കുവാനും വിലയിരുത്തുവാനുമുള്ള കഴിവ്, ആത്മവിശ്വാസം, നിഷ്പക്ഷത, സാങ്കേതിക പരിജ്ഞാനം എന്നിവയൊക്കെ യും ഈ കരിയറിനാവശ്യമായ വ്യക്തിഗുണങ്ങളാണ്.

തൊഴില്‍ സാധ്യത
ഇന്ത്യയുടെ ലോജിസ്റ്റിക്‌സ് വിപണി 100 മില്യണ്‍ ഡോളറിലേക്കു മൂല്യമുള്ളതാണ്. 20% വളര്‍ച്ചാ നിരക്കുമുണ്ട്. 4.5 കോടിയിലേറെ പേര്‍ ഇതുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നുമുണ്ട്. മികച്ചസ്ഥാപനത്തില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് മികച്ച തൊഴിലവസരമാണുള്ളത്. സംരംഭകരാവണമെന്നാഗ്രഹിക്കുന്നവര്‍ക്കും ലോജിസ്റ്റിക്‌സ് ഒരു മികച്ച മേഖലയാണ്.

വെബ്‌സൈറ്റുകള്‍
www.ciilogistics.com
www.imu.edu.net
www.siib.ac.in
www.fims.ac.in

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org