ലോഗോസ് ക്വിസ് – ഒരു അല്മായാനുഭവം

ചെറിയാന്‍ കുഞ്ഞ്, നെടുംകുളത്ത്

ലോഗോസ് ക്വിസ് എന്ന ആശയം കത്തോലിക്കാസഭയില്‍ പ്രാവര്‍ത്തികമാക്കിയത് ഏതാണ്ട് 19 വര്‍ഷം മുമ്പാണ്. കെസിബിസി ബൈബിള്‍ കമ്മീഷന്‍റെ നേതൃത്വത്തിലും കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലും ഓരോ വര്‍ഷവും വളരെ ശ്രമകരമായ ഈ ബൈബിള്‍ വചനാധിഷ്ഠിതമായ മത്സരപരീക്ഷ നടത്തപ്പെടുന്നു. ഇപ്പോള്‍ 72 വയസ്സുള്ള ഒരു മുതിര്‍ന്ന പൗരനായ ഞാന്‍ ഈ മഹത്തായ സംരംഭത്തില്‍ ആകൃഷ്ടനാകുന്നതു നാലു വര്‍ഷം മുമ്പാണ്. ദൈവത്തിന്‍റെ ജീവദായകമായ വചനങ്ങള്‍ ശ്രദ്ധാപൂര്‍വം വായിക്കുകയും ഗ്രഹിക്കുകയും ചെയ്യുവാന്‍ ഇതുപോലൊരു അവസരം വേറെയില്ല എന്നുള്ള ബോദ്ധ്യമാണ് എന്നെ ഇതിലേക്കാകര്‍ഷിച്ചത്.

സമ്പൂര്‍ണ ബൈബിള്‍ – ഈ വിശുദ്ധ ഗ്രന്ഥം പൂര്‍ണമായും ഞാന്‍ വായിച്ചിട്ടില്ല, പ്രത്യേകിച്ചും പഴയനിയമ ഭാഗങ്ങള്‍. ലോഗോസ് ക്വിസിന്‍റെ പഠനഭാഗങ്ങള്‍ നിശ്ചയിച്ചിരിക്കുന്നതു പഴയ നിയമഭാഗങ്ങളും പുതിയ നിയമഭാഗങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടായതിനാലും തുടര്‍ച്ചയായ അദ്ധ്യായങ്ങള്‍ ഓരോ വര്‍ഷത്തെയും പരീക്ഷാസിലബസ്സുകളില്‍ കൊണ്ടുവരുന്നതിനാലും തുടര്‍ച്ചയായി പരീക്ഷയില്‍ പങ്കാളികളാകുന്നവര്‍ക്കു ബൈബിള്‍ വചനങ്ങളില്‍ പൂര്‍ണമായ അറിവും ഗ്രാഹ്യവുമുണ്ടാകുന്നു.

കര്‍ത്താവിന്‍റെ കരുത്തുള്ള കരത്താല്‍ ഈജിപ്തിലെ ഫറവോയുടെ അടിമത്തത്തില്‍നിന്നും തന്‍റെ സ്വന്തം ജനത്തെ മോചിപ്പിച്ചു വാഗ്ദത്ത ഭൂമിയായ കാനാന്‍ ദേശത്തെത്തിക്കുന്ന 40 വര്‍ഷത്തെ യാത്രാവിവരണങ്ങളും അതിനോടനുബന്ധിച്ചുണ്ടാകുന്ന സംഭവങ്ങളുമെല്ലാം വായിച്ചാലും മതിവരാത്ത ഒരനുഭവമായിട്ടാണ് എനിക്കു തോന്നിയിട്ടുള്ളത്. അതുപോലെതന്നെ പുതിയ നിയമ ഗ്രന്ഥത്തില്‍ യേശുക്രിസ്തുവിന്‍റെ ജനനവും പരസ്യജീവിതവും തന്‍റെ പിതാവിനോടു നിറവേറ്റുന്ന ദൗത്യനിര്‍വഹണവുമെല്ലാം വിവരിക്കുന്ന സുവിശേഷ ഭാഗങ്ങളും ലേഖനങ്ങളുമെല്ലാം അതീവ ശ്രദ്ധയോടെ വായിച്ചു പഠിക്കുകയും ഗ്രഹിക്കുകയും ചെയ്യുമ്പോള്‍ നാം കൂടുതലായി ക്രിസ്തുവിന്‍റെ വിശുദ്ധിയിലേക്ക് അടുക്കുവാന്‍ അതുപകരിക്കുന്നു.

ലോഗോസ് ക്വിസില്‍ പങ്കാളിയായ എന്‍റെ വേറിട്ട അനുഭവങ്ങളിലേക്കു കണ്ണോടിക്കുമ്പോള്‍ എനിക്കു തോന്നുന്നത് വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഈ വചന പഠനപരിപാടിയില്‍ പങ്കുചേരേണ്ടതായിരുന്നു എന്നാണ്. ഈ മത്സരപരീക്ഷയില്‍ പങ്കെടുക്കുവാന്‍ തയ്യാറാകുന്ന വിശ്വാസിയായ വ്യക്തിയുടെ പ്രായം ഇതിനു യാതൊരു തടസ്സവുമല്ല എന്നാണ് എന്‍റെ അനുഭവം. 72-ാമത്തെ വയസ്സില്‍ മറവിയുടെ നിഴലുകള്‍ ജീവിതത്തില്‍ എത്തിനില്ക്കേ സാമാന്യം നല്ല രീതിയില്‍ അതായത് 100 ചോദ്യങ്ങള്‍ക്ക് ഒന്നര മണിക്കൂറില്‍ ഉത്തരങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ ഏതാണ്ട് 75 ചോദ്യങ്ങള്‍ക്കുവരെ വായിച്ച ഭാഗങ്ങളില്‍ നിന്ന് ഓര്‍മിച്ചു ശരിയുത്തരം രേഖപ്പെടുത്തുവാന്‍ എനിക്കു സാധിക്കുന്നുണ്ട് എന്നത് ആത്മസംതൃപ്തിക്കു വക തരുന്നുണ്ട്. എന്നാല്‍ കഴിഞ്ഞകാല പരീക്ഷകളുടെ വെളിച്ചത്തില്‍ ഇതില്‍ കൂടുതല്‍ പ്രായമായ മിടുക്കരായ പല വ്യക്തികളും ഇതിനേക്കാള്‍ കൂടുതല്‍ ശരിയുത്തരങ്ങള്‍ എഴുതിയിട്ടുണ്ട്. അവരെല്ലാം വളരെയധികം അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.

കര്‍ത്താവിന്‍റെ തിരുവചനങ്ങളിലൂടെ സൂക്ഷ്മമായി കടന്നുപോകുമ്പോള്‍ നമുക്കു ലഭിക്കുന്ന വചനാനുഭവം ഏറെയാണ്. വിദ്യാര്‍ത്ഥിജീവിതത്തില്‍ നാം ബോര്‍ഡ്/ യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്കുവേണ്ടി പഠിച്ചിരുന്നതുപോലെ വലിയ ടെന്‍ഷനൊന്നും ലോഗോസ് പരീക്ഷയില്‍ ഉണ്ടാകേണ്ട കാര്യമില്ല. എന്നാല്‍ വെറും ലാഘവത്തോടെയുള്ള സമീപനവും നന്നല്ല.

നമ്മുടെ ശരീരത്തിനും മനസ്സിനും ഉന്മേഷം പകരുന്ന ഈ മത്സരപരീക്ഷ കഴിയുമ്പോള്‍ ചോദ്യങ്ങളെയും എഴുതിയ ഉത്തരങ്ങളെയും പറ്റി ഒരു സ്വയം അവലോകനം നടത്തുന്നത് ഏറെ നല്ലതാണ്. മത്സരത്തില്‍ ലഭിക്കുന്ന മാര്‍ക്കിന്‍റെ പ്രഭാവത്തേക്കാളുപരി ഓര്‍മയില്‍ തെളിഞ്ഞു വന്ന ശരി ഉത്തരങ്ങളെപ്പറ്റി സന്തോഷിക്കുകയാണു വേണ്ടത്, അതിന്‍റെ എണ്ണം എത്ര കുറവാണെങ്കില്‍പ്പോലും.

ലൗകിക വ്യഗ്രതയും ധനത്തിന്‍റെ ആകര്‍ഷണവും കര്‍ത്താവിന്‍റെ വചനങ്ങളെ ഞെരുക്കുകയും ഫലശൂന്യമാക്കുകയും ചെയ്യും എന്നു നല്ല വിത്തിന്‍റെ ഉപമയിലൂടെ ജനക്കൂട്ടത്തോടു യേശുക്രിസ്തു അരുളിച്ചെയ്ത വചനം ഇന്നു നമ്മുടെ ജീവിതസാഹചര്യങ്ങളില്‍ നിലനില്ക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. ഈ സന്ദര്‍ഭത്തില്‍ അവന്‍റെ വചനങ്ങള്‍ പഠിക്കുവാനും ഗ്രഹിക്കുവാനും ഒരു നല്ല അവസരമായിട്ടു ലോഗോസ് ക്വിസ് പരീക്ഷയെ കാണുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. അതുകൊണ്ടു പ്രായമേറുന്നത് ഒരു പ്രതിബന്ധമല്ല എന്നു കരുതി ആരോഗ്യം അനുവദിക്കുന്നതുവരെ ഈ മഹത്തായ ബൈബിള്‍ പഠനപരീക്ഷാ പരിപാടിയില്‍ പങ്കെടുക്കുകതന്നെ ചെയ്യും എന്നു പറയുവാന്‍ ആഗ്രഹിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org