സകലരിലും കൃപകള്‍ ചൊരിയുന്ന ലോഗോസ്

ഫാ. ജോണ്‍സണ്‍ പുതുശ്ശേരി
സെക്രട്ടറി,
കേരള കാത്തലിക്ക് ബൈബിള്‍ സൊസൈറ്റി

കേരള സഭയെ ദൈവവചനത്തിലേക്ക് ആനയിക്കുന്നതില്‍ വിജയിച്ച ലോഗോസ് ക്വിസ് ഇന്നു സവിശേഷ ശ്രദ്ധയാകര്‍ഷിച്ചു ലോകത്തിന്‍റെ വിവിധഭാഗങ്ങളിലേക്കു വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ആബാലവൃദ്ധം ജനങ്ങള്‍ക്കും വചനം ഹൃദയത്തോടു ചേര്‍ത്തു വയ്ക്കാന്‍ സഹായകമാകുന്ന ഈ വചനശുശ്രൂഷ കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 19 വര്‍ഷമായി സംഘടി പ്പിച്ചു വരുന്നു. കേരള സഭയിലെ ലോഗോസ് ക്വിസും അതിനോടനുബന്ധിച്ച സംരംഭങ്ങളും വചനോപാസകരെ വചനസമ്പന്നതയിലേക്ക് നയിച്ചു കൊണ്ടിരിക്കുകയാണ്.

സര്‍വമനുഷ്യരിലേക്കും വചനം എത്തിക്കുക, വചനത്തോടുള്ള ആഭിമുഖ്യം വ്യാപകമാക്കുക എന്നീ മുഖ്യലക്ഷ്യങ്ങളാണ് ലോഗോസ് ക്വിസിനുള്ളത്. വചനം വായിക്കാനും ആഴത്തില്‍ പഠിക്കാനും വ്യാഖ്യാനിക്കാനും കഴിവുള്ളവരില്‍ മാത്രമല്ല, വചനത്തോടു ചേര്‍ന്ന് തീര്‍ത്ഥാടനം നടത്താനാഗ്രഹിക്കുന്ന എല്ലാവര്‍ക്കും അതിന്‍റെ ശക്തിയും സൗരഭ്യവും അനുഭവിക്കാനുള്ള സാധ്യതകളും ബൈബിള്‍ കമ്മീഷന്‍ ഒരുക്കുന്നുണ്ട്. അതിന്‍റെ ആദ്യപടിയെന്നവണ്ണം നാലുവര്‍ഷങ്ങള്‍ക്കു മുമ്പ് ഭിന്നശേഷിക്കാര്‍ക്കു വേണ്ടി ബൈബിള്‍ കഥകള്‍ വീഡിയോ രൂപത്തിലാക്കി പുറത്തിറക്കുകയുണ്ടായി. ആംഗ്യഭാഷയിലാണ് ഇതിലെ കഥകളും വ്യാഖ്യാനങ്ങളും നല്‍കപ്പെട്ടിരിക്കുന്നത്. ബധിരരും മൂകരുമായവരെ വചനോപാസകരാക്കി മാറ്റി ദൈവവചനത്തില്‍ ആഴപ്പെടാനും സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് വഴിനടത്താനും ഇതിലൂടെ കഴിയുന്നു.

ഈ പരിശ്രമം വലിയ വിജയം കണ്ടപ്പോള്‍ ഈ വര്‍ഷത്തെ ലോഗോസ് ക്വിസിന് ബധിരരും മൂകരുമായ മത്സരാര്‍ത്ഥികളെ പരിഗണിക്കാന്‍ ബൈബിള്‍ കമ്മീഷന്‍ തീരുമാനിച്ചു. ഭിന്നശേഷിക്കാരുടെ പ്രത്യേക വിഭാഗത്തില്‍ പെടുത്തി നടത്തിയ എഴുത്തു പരീക്ഷയില്‍ വിജയിച്ച 6 പേര്‍ ലോഗോസ് പരീക്ഷയിലെ ഫൈനല്‍ റൗണ്ടിലെത്തുകയും ടിവി ക്വിസില്‍ പങ്കാളികളാകുകയും ചെയ്തു. ഇരിട്ടിയില്‍ നിന്നുള്ള പോള്‍ ഡേവിഡ് അതില്‍ ഒന്നാം സ്ഥാനക്കാരനായി. കോഴിക്കോടുള്ള ഡോണ മര്‍ക്കോസ് രണ്ടാം സ്ഥാനവും പാലായില്‍ നിന്നുള്ള നെഹര്‍ മരിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പൊതുവേ സമൂഹത്തിന്‍റെ മുഖ്യധാരയില്‍ നിന്നും അകന്നു നില്‍ക്കുന്നവരും അകറ്റി നിറുത്തപ്പെടുന്നവരുമായ ഭിന്നശേഷിക്കാര്‍ക്ക് ലോഗോസ് ക്വിസില്‍ ലഭിച്ച സ്വീകാര്യത അവരെ വലിയ ആവേശത്തിലാക്കി. ഭിന്നശേഷിക്കാര്‍ക്കിടയില്‍ സേവനം ചെയ്യുന്ന സിസ്റ്റര്‍ അഭയ എഫ്സിസി, ഫാ. ബിജു തെക്കേക്കര എന്നിവരാണ് ക്വിസ് മത്സരത്തിനു നേതൃത്വം നല്‍കിയത്.

കുഞ്ഞുങ്ങള്‍ മുതല്‍ പ്രായംചെന്നവര്‍ വരെ വലിയ ആവേശത്തോടെയാണ് ലോഗോസില്‍ പങ്കെടുക്കുന്നത്. ഉയര്‍ന്ന മാര്‍ക്കു വാങ്ങാനോ സമ്മാനം നേടാനോ അല്ല പലരും ഇതില്‍ പങ്കാളികളാകുന്നത്. വചന പാരായണത്തിലൂടെ ദൈവത്തെ കൂടുതല്‍ അറിയാനും അവിടുത്തെ കൃപയില്‍ വളരാനുമുള്ള ആഗ്രഹമാണ് ഒട്ടെല്ലാവര്‍ക്കുമുള്ളത്.

ഇക്കഴിഞ്ഞ ലോഗോസ് ക്വിസില്‍ സി വിഭാഗത്തില്‍ ഫൈനലില്‍ വന്ന യുവതി 42 ദിവസം പ്രായമുള്ള കുഞ്ഞിനെ കയ്യിലേന്തിയാണ് പരീക്ഷയ്ക്കെത്തിയത്. പ്രസവത്തിനു 10 ദിവസം മുമ്പായി രുന്നു അവള്‍ രൂപതാതല പരീക്ഷയെഴുതിയത്. പ്രസവ ശേഷം മുപ്പതാം ദിവസം സംസ്ഥാനതല പരീക്ഷയ്ക്കു പോയി. ഫൈനല്‍ പരീക്ഷയ്ക്കു പോകുമ്പോള്‍ കുഞ്ഞിന് പ്രായം 42 ദിവസം മാത്രം. ഇത്രയേറെ ക്ലേശങ്ങള്‍ സഹിച്ച് ലോഗോസില്‍ പങ്കെടുക്കാന്‍ ആ യുവതിയെ പ്രേരിപ്പിച്ചതെന്താണ്? പരീക്ഷയില്‍ ജയിക്കുക മാത്രമല്ല ലക്ഷ്യമെന്ന് അവള്‍ പറയുന്നു. മാസങ്ങളോളം വചനം വായിച്ചുകൊണ്ടുള്ള തയ്യാറെടുപ്പിലൂടെ ഉദരത്തിലെ ശിശു ദൈവത്തിന്‍റെ വചനം കേട്ടും അറിഞ്ഞും വളരട്ടെ എന്നവള്‍ തീരുമാനിച്ചു. ഉദര ഫലം ദൈവദാനമാണ്. ആ ദാനത്തിനുള്ള നന്ദിയായി അവളുടെ വചനപാരായണം പരിണമിച്ചു.

ഡി ഗ്രൂപ്പില്‍ ഫൈനലിലെത്തിയ മറ്റൊരു യുവതിയെ ലോഗോസിനു പ്രേരിപ്പിച്ചത് ഭര്‍ത്താവിന്‍റെ കാന്‍സര്‍ രോഗമാണ്. സൗഖ്യദായകമായ വചനത്തിലൂടെ ഭര്‍ത്താവിന്‍റെ രോഗം ഭേദപ്പെടുമെന്നവള്‍ വിശ്വസിച്ചു. ലോഗോസ് പരീക്ഷയ്ക്ക് ഒരുക്കമായി നിരന്തരം വചനം വായിച്ചും പങ്കുവച്ചും അവള്‍ ജീവിച്ചു. ഭവനാന്തരീക്ഷത്തില്‍ കര്‍ത്താവിന്‍റെ വചനം നിരന്തരം അലയടിച്ചു. അതിലൂടെ ആ കുടുംബത്തില്‍ സമാശ്വാസവും ശാന്തിയും കൈവന്നു. രോഗത്തെ അതിജീവിക്കാനും പ്രത്യാശയില്‍ മുന്നേറാനുമുള്ള ശക്തി ലഭിച്ചു. ഭര്‍ത്താവ് രോഗവിമുക്തനായിക്കൊണ്ടിരിക്കുന്നു എന്ന സന്തോഷ വാര്‍ത്തയാണ് അവള്‍ പങ്കു വച്ചത്.

വചനത്തിലൂടെ ജീവിതത്തില്‍ വന്നു ഭവിക്കുന്ന സമാശ്വാസവും ശാന്തിയും നന്മകളും അവര്‍ണനീയമാണ്. സൗഖ്യദായകവും ജീവദായകവുമായ ദൈവവചനം ജീവന്‍റെ സമൃദ്ധിയിലേക്കും സമഗ്രതയിലേക്കുമാണ് നമ്മെ നയിക്കുന്നത്. ഈ ബോധ്യം പകര്‍ന്നു നല്‍കാന്‍ ലോഗോസ് ക്വിസിനു കഴിയുന്നുണ്ട്. ഇതൊരു പരീക്ഷയോ പരീക്ഷണമോ മത്സരമോ അല്ല, മറിച്ച് ജീവിതത്തില്‍ കൃപകളും സൗഖ്യവും ആനന്ദവും കൊണ്ടുവരുന്ന മഹാത്ഭുതമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org