Latest News
|^| Home -> Suppliments -> Familiya -> ലോക പ്രഷര്‍ദിന ചിന്തകള്‍

ലോക പ്രഷര്‍ദിന ചിന്തകള്‍

Sathyadeepam

ഡോ. ജോര്‍ജ് തയ്യില്‍

ഭൂമുഖത്ത് പ്രതിവര്‍ഷം മരിക്കുന്നവരുടെ സംഖ്യ 57 ദശലക്ഷമാണ്. ഇതില്‍ 36 ദശലക്ഷം (63%) പേര്‍ മരണമടയുന്നത് വിവിധതരം സാംക്രമിക രോഗങ്ങള്‍ മൂലമാണ്. അതില്‍ പ്രധാനി ഹൃദ്രോഗം തന്നെ (48%). അതു കഴിഞ്ഞാല്‍ അമിതരക്തസമ്മര്‍ദ്ദം കൊണ്ട് മരിക്കുന്നവരാണ് (14%). വര്‍ദ്ധിച്ച പ്രഷറിന്‍റെ പ്രത്യാഘാതങ്ങള്‍ മൂലം ആഗോളതലത്തില്‍ 9.4 ദശലക്ഷം പേരാണ് പ്രതിവര്‍ഷം മൃത്യുവിനിരയാകുന്നത്.

വര്‍ദ്ധിച്ച രക്തസമ്മര്‍ദ്ദമുള്ളവരുടെ സംഖ്യ ലോകത്ത് ഭീഷണമാംവിധം വര്‍ദ്ധിച്ചുവരികയാണ്. 2000-ല്‍ ആഗോളമായി 97.2 കോടി ആളുകള്‍ക്ക് കൂടിയ പ്രഷറുണ്ടായിരുന്നു. 2025 ആകുമ്പോള്‍ ലോകജനതയുടെ മൂന്നിലൊന്നു പേരെയും ഈ രോഗാതുരത കീഴ്പെടുത്തിയിരിക്കും. അതായത് 156 കോടി ആള്‍ക്കാര്‍. ഇന്ത്യയിലെ പൊതുവായ കണക്കെടുത്താല്‍ നഗരവാസികളിലെ 25-35 ശതമാനം പേര്‍ക്കും ഗ്രാമീണരില്‍ 10-15 ശതമാനം പേര്‍ക്കും രക്താതിമര്‍ദ്ദമുണ്ടെന്ന് തെളിയുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രഷര്‍രോഗികളുള്ളതു മുംബൈയിലാണ്. അവിടത്തെ 40 ശതമാനം പേര്‍ക്കും ക്രമരഹിതമായ രക്തസമ്മര്‍ദ്ദമുണ്ട്.
കേരളത്തിലെ സ്ഥിതി ഏറെ പരിതാപകരമാണ്. ഓരോ വീട്ടിലും കുറഞ്ഞത് ഒരാള്‍ക്കെങ്കിലും അമിതരക്തസമ്മര്‍ദ്ദമുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. 75 ലക്ഷത്തിലധികം മലയാളികള്‍ പ്രഷറിന്‍റെ വിവിധ പ്രത്യാഘാതങ്ങളനുഭവിക്കുന്നു. കൊഴുപ്പും ഉപ്പും കൂടുതലുള്ള ഭക്ഷണശൈലിയിലും മദ്യവിനിയോഗത്തിലും സ്ട്രസ്സിലും വീര്‍പ്പുമുട്ടുന്ന മലയാളികള്‍ക്ക് വരുംകാലങ്ങളില്‍ നേരിടേണ്ടിവരുന്ന ഏറ്റവും ഭീകരവില്ലന്‍ രക്താദിമര്‍ദ്ദം തന്നെ. ഇതാകട്ടെ അവരെ അകാലമരണത്തിലേയ്ക്കു വലിച്ചിഴയ്ക്കുകതന്നെ ചെയ്യും.

അപ്പോള്‍ പ്രഷര്‍ ഉയര്‍ന്നിട്ടുണ്ടോയെന്ന് കണ്ടുപിടിക്കുക, ഉണ്ടെങ്കില്‍ ജീവിത-ഭക്ഷണക്രമീകരണത്തോടൊപ്പം സമുചിതമായ ചികിത്സയും ആരംഭിക്കുക, തുടര്‍ന്ന് രക്തസമ്മര്‍ദ്ദം നിയന്ത്രണ വിധേയമായോയെന്ന് നിശ്ചിത കാലയളവുകളില്‍ തിട്ടപ്പെടുത്തുക. ഓരോ ഘട്ടത്തിലും പാളിച്ചകളും പോരായ്മകളും ഉണ്ടാകുന്നു. പ്രഷറിന്‍റെ പ്രത്യാഘാതങ്ങള്‍ മൂലം പ്രതിവര്‍ഷം ആഗോളമായി പത്തു ദശലക്ഷം പേര്‍ മരിക്കുകയും ഇക്കൂട്ടരില്‍ പകുതിയിലധികം പേര്‍ക്കും തങ്ങളെ മരണത്തിലേക്കു നയിക്കുന്ന മൂലകാരണം അമിതരക്തസമ്മര്‍ദ്ദമാണെന്ന് അറിവില്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യം അടിസ്ഥാനമാക്കിയാണ് വേള്‍ഡ് ഹൈപ്പര്‍ടെന്‍ഷന്‍ ലീഗും ഇന്‍റര്‍നാഷണല്‍ സൊസൈറ്റി ഓഫ് ഹൈപ്പര്‍ടെന്‍ഷനും സംയുക്തമായി ‘ലോക പ്രഷര്‍ ദിന’ ത്തിന്‍റെ സന്ദേശം ‘നിങ്ങളുടെ പ്രഷറിന്‍റെ അളവുകള്‍ അറിയുക’ എന്നു പ്രഖ്യാപിച്ചതും. നിസ്സാരമായ പരിശോധനയിലൂടെ ഓരോരുത്തരുടെയും രക്തസമ്മര്‍ദ്ദത്തിന്‍റെ തോതും തിട്ടപ്പെടുത്തണം. 18 വയസ്സില്‍ കവിഞ്ഞ എല്ലാവരുടെയും പ്രഷര്‍ മേയ്മാസം തന്നെ അളന്ന് തിട്ടപ്പെടുത്തണമെന്ന് വേള്‍ഡ് ഹൈപ്പര്‍ ടെന്‍ഷന്‍ ലീഗ് നിഷ്കര്‍ഷിക്കുന്നു. ഇങ്ങനെ ഏവരിലും പ്രഷര്‍ അളക്കുന്ന സംവിധാനങ്ങള്‍ 100 രാജ്യങ്ങളില്‍ ഒരുക്കിയിരിക്കുകയാണ്. മേയ് 31-ാം തീയതിക്കകം ഈ സംരംഭം പൂര്‍ത്തിയാക്കണം.

പ്രഷര്‍ കൃത്യമായി അളന്നു തിട്ടപ്പെടുത്തുന്നതിലും അപാകതകള്‍ ഏറെ. ഏതാനും മിനുട്ടുകള്‍ കൊണ്ട് തിടുക്കത്തില്‍ ഡോക്ടറുടെ ക്ലിനിക്കില്‍വച്ച് എടുക്കുന്ന ബി.പി. ഒരാളുടെ യഥാര്‍ത്ഥ പ്രഷറിന്‍റെ പ്രതിഫലനമല്ലെന്ന് പുതിയ ഗവേഷണങ്ങള്‍ തെളിയിക്കുന്നു. ‘വൈറ്റ് കോട്ട് എഫക്റ്റ്’ എന്നു പറയുന്ന വെളുത്ത കോട്ടിട്ട ഡോക്ടറെ പെട്ടെന്നു കാണുമ്പോള്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ രോഗിയുടെ കൃത്യമായ പ്രഷര്‍ രേഖപ്പെടുത്തുവാന്‍ വിഘാതം സൃഷ്ടിക്കുന്നു. ‘വൈറ്റ് കോട്ട് എഫക്റ്റ്’ മൂലം 20-35 ശതമാനം വരെ പ്രഷര്‍ പലരിലും താത്കാലികമായി ഉയരുന്നെന്ന് കണ്ടെത്തുന്നു. അപ്പോഴുണ്ടാകുന്ന പ്രഷറിന്‍റെ വെളിച്ചത്തില്‍ ചികിത്സ സംവിധാനം ചെയ്യുന്നത് ശരിയായെന്നു വരില്ല. അടുത്തത് നേരെ വിപരീതമാണ്, ക്ലിനിക്കില്‍ സാധാരണ ബി.പി., എന്നാല്‍ പുറത്തിറങ്ങിയാല്‍ ഏറ്റക്കുറച്ചിലുകള്‍. ഇതിനെ ‘മാസ്ക്ഡ് ഹൈപ്പര്‍ടെന്‍ഷന്‍’ എന്നു വിളിക്കുന്നു. പകലും രാത്രിയിലും തിട്ടപ്പെടുത്തുന്ന പ്രഷറിന്‍റെ അളവുകളില്‍ ഏറെ വ്യതിരിക്തതകള്‍.

വെളുപ്പാന്‍കാലത്ത് ഉറക്കമുണരുമ്പോള്‍ ചിലരില്‍ പ്രഷര്‍ കുതിച്ചുയരുമെന്നാണ് പുതിയ കണ്ടെത്തല്‍. ഇക്കൂട്ടരാണ് ഹാര്‍ട്ടറ്റാക്കോടും സ്ട്രോക്കോടും കൂടി ഉറക്കമുണരുന്നത്. ചുരുക്കത്തില്‍, രക്തസമ്മര്‍ദ്ദത്തിന്‍റെ കൃത്യമായ രോഗനിര്‍ണ്ണയം ഏറെ സങ്കീര്‍ണ്ണമായ തലങ്ങളില്‍ കിടക്കുന്നു എന്നു തെളിയുന്നു.
രാത്രികാലത്ത് രേഖപ്പെടുത്തുന്ന പ്രഷറിന്‍റെ അളവുകളാണ് ഒരുവന്‍റെ രോഗാതുരത നിര്‍ണ്ണയിക്കുന്നതില്‍ കൂടുതല്‍ വിശ്വാസയോഗ്യമായി നില്‍ക്കുന്നത് എന്ന് തെളിയുന്നു. സാധാരണ രീതിയില്‍ ഒരാള്‍ക്ക് പാതിരാത്രിക്കുശേഷം പ്രഷര്‍ 10-20 ശതമാനം കുറയുന്നു. ഇത് സാധാരണ പരിവര്‍ത്തനമാണ്. എന്നാല്‍, പ്രഷര്‍ രാത്രിയില്‍ കുറയാതിരിക്കുകയോ പകലുള്ളതിനേക്കാള്‍ കൂടുകയോ ചെയ്താല്‍ ഏറെ അപകടം പതിയിരിക്കുന്നു. ഇക്കൂട്ടര്‍ക്ക് മരുന്നുകള്‍ രാത്രിയിലെ കൂടിയ പ്രഷര്‍ ക്രമപ്പെടുത്തുന്ന വിധത്തില്‍ നല്‍കണം. ഒരാളുടെ പകലും രാത്രിയിലുമുള്ള പ്രഷര്‍ കൃത്യമായി രേഖപ്പെടുത്തുന്ന പരിശോധനാ സംവിധാനമാണ് ‘ആംബുലേറ്ററി ബ്ലഡ്പ്രഷര്‍ മോനിട്ടറിങ്ങ്’ (എ.ബി.പി.എം.). ഈ പരിശോധന നടത്തി 24 മണിക്കൂറുമുള്ള പ്രഷര്‍ വ്യതിയാനങ്ങള്‍ കൃത്യമായി മനസ്സിലാക്കി വേണം ചികിത്സ സംവിധാനം ചെയ്യാന്‍.

അധികരിച്ച പ്രഷര്‍ അവയവങ്ങള്‍ക്ക് ഏല്പിക്കുന്ന ആഘാതങ്ങള്‍ ഏറെയാണ്. അസ്പഷ്ടങ്ങളായ രോഗലക്ഷണങ്ങള്‍ മാത്രമാണ് വര്‍ദ്ധിച്ച പ്രഷര്‍ ഉണ്ടാക്കുന്നത്. അതുകൊണ്ട്, രോഗനിര്‍ണ്ണയം പലപ്പോഴും വൈകുന്നു. ഹൃദയാഘാതം, സ്ട്രോക്ക്, വൃക്കകളുടെ അപചയം, അന്ധത ഇങ്ങനെ പ്രധാന അവയവങ്ങള്‍ക്ക് പരിക്കുകളേല്പിച്ചുകൊണ്ട് നിയന്ത്രണവിധേയമാകാത്ത പ്രഷര്‍ ഒരു നിശ്ശബ്ദ ഘാതകനാകുന്നു. ഡയാലിസിസ് വേണ്ടിവരുന്ന വൃക്ക പരാജയത്തിനുള്ള പ്രധാനകാരണം രക്താതിമര്‍ദ്ദം തന്നെ. മറവിരോഗം, ബുദ്ധിമാന്ദ്യം, വര്‍ദ്ധിച്ച നെഞ്ചിടിപ്പ്, ശ്വാസതടസ്സം ഇവയെല്ലാം വര്‍ദ്ധിതപ്രഷറിന്‍റെ പ്രത്യാഘാതങ്ങള്‍ തന്നെ.

Leave a Comment

*
*