ലോക തപാല്‍ദിന ചിന്തകള്‍

ലോക തപാല്‍ദിന ചിന്തകള്‍

ഒക്ടോബര്‍ 9-നാണ് 'ലോക തപാല്‍ ദിന'മായി ആചരിക്കുന്നത്. ലോകമെമ്പാടുമുള്ള തപാല്‍ സംവിധാനങ്ങളെ ഏകീകരിച്ച് രാജ്യങ്ങള്‍ തമ്മിലുള്ള തപാല്‍ കൈമാറ്റങ്ങള്‍ക്ക് ദൃഢതയേകുവാനായി 1874 ഒക്ടോബര്‍ 9 ന് സ്വിറ്റ്സര്‍ലണ്ടിലെ ബേണില്‍ 22 രാജ്യങ്ങള്‍ ഒപ്പുവച്ച ഉടമ്പടി പ്രകാരം രൂപംകൊണ്ട സംഘടനയില്‍ യൂണിവേഴ്സല്‍ പോസ്റ്റല്‍ യൂണിയന്‍ (UPU). ഇന്ന് 192 അംഗങ്ങള്‍ ഉള്ള ഈ സംഘടനയില്‍ 1976ല്‍ ഇന്ത്യ അംഗത്വമെടുത്തിരുന്നു. UPU ന്‍റെ സ്ഥാപകദിനമായ ഒക്ടോബര്‍ 9 ആണ് ലോക തപാല്‍ദിനമായി ആചരിക്കുന്നത്. ഇതിന്‍റെ ഭാഗമായി ഇന്ത്യയില്‍ ഒക്ടോബര്‍ 9 മുതല്‍ ഉള്ള ഒരാഴ്ച തപാല്‍ വാരമായി ആചരിക്കുന്നു. ഒക്ടോബര്‍ 10 ദേശീയ തപാല്‍ ദിനമായി കൊണ്ടാടുന്നു. 1854 ഏപ്രില്‍ 1ന് ആണ് ഇന്ത്യയില്‍ ഏകീകൃത തപാല്‍ സംവിധാനം നിലവില്‍ വരുന്നത്. കേന്ദ്ര കമ്പിത്തപാല്‍ വകുപ്പിനെ ഇന്നത്തെ തപാല്‍ വകുപ്പായി മാറ്റിയത് 1985 ഏപ്രില്‍ 1നാണ്. 163 വര്‍ഷത്തെ പാരമ്പര്യമുള്ള ഇന്ത്യന്‍ തപാല്‍ വകുപ്പിന് നിലവില്‍ 1,54,910 പോസ്റ്റ് ഓഫീസുകള്‍ ഉണ്ട്. ഇവയില്‍ 90% ഓഫീസുകളും ഗ്രാമീണ മേഖലയില്‍ ആണ്.

കൃത്യതയാര്‍ന്ന തപാല്‍ വിതരണമാണ് ഇന്ത്യ പോസ്റ്റിന്‍റെ മുഖമുദ്ര. ഇതിനുവേണ്ടി തപാല്‍വകുപ്പ് സ്വീകരിച്ച സമ്പ്രദായമാണ് പിന്‍ എന്ന് അറിയപ്പെടുന്ന പോസ്റ്റല്‍ ഇന്‍ഡക്സ് നമ്പര്‍ (PIN) കോഡ്. ഒരേ പേരിലുള്ള വ്യത്യസ്ത സ്ഥലങ്ങളും പ്രാദേശിക ഭാഷയില്‍ ഉള്ള സ്ഥലനാമങ്ങളും തപാല്‍ വിതരണത്തെ ബാധിച്ചിരുന്നു. ഇതിനു പരിഹാരമായാണ് 1972 ഓഗസ്റ്റ് 15ന് PIN കോഡ് സമ്പ്രദായം അവതരിപ്പിച്ചത്. രാജ്യത്തെ എട്ട് ഭൂവിഭാഗങ്ങളായി തരംതിരിച്ച് ആറക്കമുള്ള PIN കോഡില്‍ ഓരോ പ്രദേശത്തെയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. പിന്‍കോഡിന്‍റെ ആദ്യത്തെ മൂന്ന് അക്കങ്ങളില്‍ നിന്നും നമുക്ക് പോസ്റ്റ് ഓഫീസ് ഏത് സംസ്ഥാനത്തെ ഏത് ജില്ലയിലാണെന്ന് മനസ്സിലാക്കാം. പിന്നീടുള്ള മൂന്ന് അക്കങ്ങള്‍ വ്യത്യസ്ത ജില്ലകളിലെ പോസ്റ്റ് ഓഫീസുകളെ സൂചിപ്പിക്കുന്നു. കൃത്യമായ പിന്‍കോഡ് തപാല്‍ വിതരണത്തിന് കൃത്യതയും വേഗവും ഉറപ്പ് വരുത്തുന്നു. അതുപോലെ തന്നെ, സ്പീഡ് പോസ്റ്റ് ആയോ രജിസ്റ്റേര്‍ഡ് ആയോ അയയ്ക്കുന്ന കത്തുകള്‍, ഇന്ത്യ പോസ്റ്റിന്‍റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ആയ Postinfo വഴി എവിടെ, എപ്പോള്‍ എത്തി എന്ന് പരിശോധിക്കാനും സൗകര്യമുണ്ട്.

കേവലം കത്തുകള്‍ കൈകാ ര്യം ചെയ്യല്‍ മാത്രമല്ല ഇന്ത്യന്‍ തപാല്‍ വകുപ്പ് ചെയ്യുന്നത്. ബാങ്കിങ് മേഖലയിലും ഇന്‍ഷുറന്‍സ് മേഖലയിലും എല്ലാം ഇന്ത്യന്‍ പോസ്റ്റ് ശോഭിക്കുന്നു. രാജ്യത്തെ പോസ്റ്റ് ഓഫീസുകളെയെല്ലാം കോര്‍ ബാങ്കിങ് സംവിധാനത്തിലേക്ക് കൊണ്ടു വന്നു. സുകന്യ സമൃദ്ധി യോജന SSY, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (PMSBY), തുടങ്ങി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുന്ന ഓരോ പദ്ധതിയിലും പങ്കാളിയാകുവാന്‍ ഇന്ത്യന്‍ പോസ്റ്റിന് കഴിഞ്ഞിട്ടുണ്ട്. പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് (PLI), ഗ്രാമീണ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് (RPLI) എന്നിവ ഇതര ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികളെ അപേക്ഷിച്ച് ഉയര്‍ന്ന ബോണസ് നല്‍കുന്നവയാണ്. പാരമ്പര്യത്തിലധിഷ്ഠിതമായ, സാങ്കേതിക വിദ്യയാല്‍ സമ്പന്നമായ ഇന്ത്യന്‍ തപാല്‍ വകുപ്പ് നല്‍കി വരുന്ന സേവനങ്ങള്‍ അനവധിയാണ്. ഇ പേയ് മെന്‍റ്, ഇ.എം.ഓ. എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.

വെറും 50പൈസ നിരക്കില്‍ ഇപ്പോഴും പോസ്റ്റ് കാര്‍ഡുകള്‍ ഇന്ത്യയില്‍ എവിടെയും സഞ്ചരിക്കുന്നു. പത്രമാസികകളും പുസ്തകങ്ങളും മറ്റും തുച്ഛമായ നിരക്കില്‍ വിതരണം ചെയ്യുന്ന ഇന്ത്യപോസ്റ്റ് ഒരിക്കലും ലാഭത്തിലൂന്നിയല്ല ചലിക്കുന്നത്. 25 പൈസ പോസ്റ്റേജില്‍ അയയ്ക്കുന്ന പത്രമാസികകള്‍ തന്നെ വിജ്ഞാനവ്യാപനത്തില്‍ ഇന്ത്യ പോസ്റ്റ് വഹിക്കുന്ന പങ്ക് വിളിച്ചോതുന്നു. വിനോദങ്ങളുടെ രാജാവായ ഫിലാറ്റലി അ ഥവാ സ്റ്റാമ്പ് ശേഖരണം ഇന്ത്യ പോസ്റ്റ് പ്രോത്സാഹിപ്പിക്കുക മാ ത്രമല്ല, പുതിയ സ്റ്റാമ്പുകള്‍ വീട്ടിലെത്തിക്കാന്‍ ഫിലാറ്റലിക് ഡെ പ്പോസിറ്റ് അക്കൗണ്ടുകള്‍ വഴി സൗകര്യമൊരുക്കുന്നു. കഥ പറ യുന്ന, സുഗന്ധം പരത്തുന്ന സ്റ്റാ മ്പുകള്‍ തപാല്‍ വകുപ്പ് നല്‍കുന്നു. സ്വന്തം ചിത്രങ്ങള്‍ തപാല്‍ സ്റ്റാമ്പുകളില്‍ വരുത്തുവാന്‍ 'മൈ സ്റ്റാമ്പ്' പദ്ധതിയും തപാല്‍ വകു പ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യന്‍ തപാല്‍ വകുപ്പ് വളരുകയാണ്. കാലാനുസൃതമായി, സാങ്കേതികവിദ്യയുടെ വിവിധ വശങ്ങള്‍ പ്രയോജനപ്പെടുത്തി, ജനമനസുകളിലൂടെ സഞ്ചരിച്ച് പുതിയ ഉയരങ്ങള്‍ കീഴടക്കുവാന്‍… ഇന്ത്യന്‍ പോസ്റ്റിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് www.indiapost.gov.in സന്ദര്‍ശിക്കുക. ഇന്ത്യ പോസ്റ്റ് – എന്നും ജനങ്ങള്‍ക്കൊപ്പം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org