Latest News
|^| Home -> Suppliments -> Familiya -> മാറുന്ന സമവാക്യങ്ങൾ: മാറ്റേണ്ടതും

മാറുന്ന സമവാക്യങ്ങൾ: മാറ്റേണ്ടതും

Sathyadeepam

ഡോ. കൊച്ചുറാണി ജോസഫ്

ഐക്യരാഷ്ട്ര സംഘടന 1993 മുതല്‍ എല്ലാ വര്‍ഷവും മേയ് 15-ാം തീയതി അന്തര്‍ദേശീയ കുടുംബദിനമായി ആചരിക്കുന്നു. ഈ വര്‍ഷത്തെ ദിനാചരണപ്രമേയമായി സ്വീകരിച്ചത് കുടുംബം-വിദ്യാഭ്യാസവും ക്ഷേമവും എന്നാണ്. കുടുംബങ്ങള്‍ നേരിടുന്ന സാമൂഹ്യ, സാമ്പത്തിക, സാംസ്കാരികപ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കാനും അതിനനുസൃതമായ നയരൂപീകരണത്തിനും ഈ ദിനാചരണം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഇത് ആഹ്വാനം ചെയ്യപ്പെട്ടിരിക്കുന്നത്.
എന്തിനാണ് കുടുംബങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത്? സ്ത്രീയും പുരുഷനും ഒന്നിച്ചുള്ള സഹവാസം പോരേ? എന്തിന് ഉത്തരവാദിത്വങ്ങളും ഭാരങ്ങളും ആജീവനാന്തം വഹിക്കണം? പരസ്പരം സഹിക്കാന്‍ പറ്റാതാവുമ്പോള്‍ പിരിയുന്നതല്ലേ ആരോഗ്യകരം? സ്വമേധയായുള്ള സഹവാസത്തിന് സുപ്രീംകോടതിയും നിയമവിധേയമായി അനുവദിച്ചിട്ടുണ്ടല്ലോ? ഇങ്ങനെ നിരവധിയായ ചോദ്യങ്ങളുടെ മദ്ധ്യത്തിലാണ് ഈ ദിനമാചരിക്കപ്പെടുന്നത്.

ക്ലാസ് മുറിയിലും പുറത്തുമായി വിദ്യാര്‍ത്ഥികള്‍ പ്രകടിപ്പിക്കുന്ന പെരുമാറ്റ വൈകല്യങ്ങള്‍ ഒരു അദ്ധ്യാപിക എന്ന നിലയില്‍ എനിക്ക് കൈകാര്യം ചെയ്യുവാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന വിദ്യാര്‍ത്ഥികള്‍ എല്ലാ ബാച്ചിലും ഉണ്ടാവാറുണ്ട്. അവരുടെ ജീവിതസാഹചര്യങ്ങള്‍ കുറച്ച് കൂടി ആഴത്തില്‍ വിശകലനം ചെയ്യുമ്പോള്‍ കണ്ടെത്തുന്ന ഒരു പ്രധാന കാരണം അവരുടെ മാതാപിതാക്കളുടെ ബന്ധങ്ങളിലെ പാളിച്ചകളാണ്. തകര്‍ന്നുപോയ ദാമ്പത്യത്തിന്‍റെ ഇരകളായി ജീവിക്കുന്ന അനേകം കുഞ്ഞുങ്ങള്‍ ഭാവിയിലെ ചോദ്യ ചിഹ്നങ്ങളാണ്. അതുകൊണ്ട് കുടുംബബന്ധങ്ങള്‍ കാത്തുസൂക്ഷിക്കേണ്ടത് അടുത്ത തലമുറയുടെ ആരോഗ്യകരമായ വളര്‍ച്ചക്ക് അനിവാര്യമാണ്. ലോകത്തില്‍ സമാധാനം വേണമോ; എങ്കില്‍ ആദ്യം വീട്ടില്‍ ഉണ്ടാക്കു എന്ന മദര്‍ തെരേസയുടെ ആഹ്വാനം ഇവിടെ പ്രസക്തമാണ്.

സവിശേഷമായ ഒരു അര്‍ത്ഥത്തില്‍ ബൈബിള്‍ അനേകം കുടുംബങ്ങളുടെയും കൂടി ചരിത്രമാണ്. ആദത്തിന്‍റെയും ഹവ്വായുടേയും, അബ്രഹാത്തിന്‍റെയും സാറായുടെയും, തോബിത്തിന്‍റെയും അന്നയുടേയും, തോബിയാസിന്‍റെയും സാറായുടേയും, ഔസേപ്പിന്‍റെയും മറിയത്തിന്‍റെയും എന്നിങ്ങനെ വിവിധ കുടുംബങ്ങളിലൂടെ വിരചിതമായ വിശ്വാസാനുഭവങ്ങളുടെ ലിഖിതരൂപമായി ബൈബിളിലെ വീക്ഷിക്കനാവും. യേശുവിന് ഈ ലോകത്തിലേക്ക് കടന്നുവരുവാന്‍ ഒരു കുടുംബപശ്ചാത്തലമാണ് സ്വീകരിച്ചത്. യേശുവിന്‍റെ ആദ്യത്തെ അത്ഭുതം നടന്നത് കുടുംബം കൂട്ടിചേര്‍ക്കപ്പെടുന്ന കാനായിലെ കല്യാണവേളയിലാണ്. കുരിശിന്‍ചുവട്ടിലും അമ്മയെയും മകനെയും കൂട്ടിയോജിപ്പിച്ചുകൊണ്ട് യോഹന്നാനിലൂടെയും മറിയത്തിലൂടെയും കുടുംബബന്ധങ്ങളെ കൂട്ടിയിണക്കുന്ന കര്‍ത്താവിനെയാണ് നമ്മള്‍ കാണുന്നത്. കുടുംബങ്ങളെയും കുടുംബബന്ധങ്ങളെയും കര്‍ത്താവ് വലുതായി കരുതുന്നു എന്നതാണ് ഇതില്‍നിന്നും മനസ്സിലാകുവന്നത്.

ആര്‍ഷഭാരതസംസ്കാരത്തിന്‍റെ അഭിമാനകരമായ ഒരു കരുത്തും പാരമ്പര്യവും വിദേശരാജ്യങ്ങളില്‍നിന്നും ഭാരതീയസംസ്കാരത്തെ വേര്‍തിരിച്ചുനിര്‍ത്തുന്ന ഒരു ഘടകവും കുടുംബബന്ധങ്ങള്‍ക്കു നൂറ്റാണ്ടുകളായി നമ്മള്‍ നല്‍കുന്ന പ്രാധാന്യമാണ്. വിശ്വാസം, സ്നേഹം, വിശ്വസ്തത, പരസ്പരബഹുമാനം തുടങ്ങിയ ജീവിതമൂല്യങ്ങളുടെ കാവല്‍സൂക്ഷിപ്പുകാരും കൈമാറ്റക്കാരും കുടുംബമാണ്. സഭയുടെ പ്രബോധനമനുസരിച്ച് കുടുംബത്തിലാണ് ഒരു ജനതയുടെ സ്വഭാവസവിശേഷതകള്‍ രൂപപ്പെടുന്നത്. അവിടെയാണ് അംഗങ്ങള്‍ അടിസ്ഥാനപരമായ പ്രബോധനങ്ങള്‍ സമ്പാദിക്കുന്നത്. അവര്‍ വ്യവസ്ഥാതീതമായി എത്രമാത്രം സ്നേഹിക്കപ്പെടുന്നുവോ അത്ര അധികമായി അവര്‍ സ്നേഹിക്കാന്‍ പഠിക്കുന്നു. അവര്‍ ആദരിക്കപ്പെടുന്നതനുസരിച്ച് ആദരിക്കാന്‍ പഠിക്കുന്നു. തങ്ങളോടുള്ള ശ്രദ്ധ നിറഞ്ഞിരിക്കുന്ന പിതാവില്‍നിന്നും മാതാവില്‍നിന്നും ദൈവത്തിന്‍റെ മുഖത്തെപ്പറ്റി ലഭിക്കുന്ന ആദിമവെളിപ്പെടുത്തല്‍ അനുസരിച്ച് ദൈവത്തിന്‍റെ മുഖത്തെ അറിയാന്‍ അവര്‍ പഠിക്കുന്നു. ഈ മൗലിക അനുഭവങ്ങളില്ലാതിരിക്കുമ്പോഴെല്ലാം പൊതുവെ സമൂഹം അക്രമം അനുഭവിക്കുന്നു. അവര്‍ അക്രമത്തിന്‍റെ കാരണക്കാരായിത്തീരുന്നു.

യുദ്ധം, യുദ്ധഭീഷണി, ദാരിദ്ര്യം, പലായനം, വ്യക്തിസ്വാതന്ത്ര്യം, ഉപയുക്തതാവാദം തുടങ്ങി ലോകം നേരിടുന്ന പ്രശ്നങ്ങളുടെ പ്രത്യക്ഷവും പരോക്ഷവുമായ ഇര സമൂഹത്തിന്‍റെ ഏറ്റവും അടിസ്ഥാനഘടകമായ കുടുംബങ്ങളാണ്. അതുകൊണ്ട് സ്ത്രീപുരുഷബന്ധങ്ങളും അതിന്‍റെ മനശാസ്ത്രവും പുനര്‍നിര്‍ണയിക്കപ്പെടുകയും പുനര്‍വ്യാഖ്യാനം ചെയ്യപ്പെടുകയും ചെയ്യുക എന്നത് ഈ കാലഘട്ടത്തിന്‍റെ ആവശ്യമാണ്. ഇല്ലായെങ്കില്‍ നമ്മുടെ കുടുംബങ്ങള്‍ നിലനില്‍ക്കില്ല. ഒരുപക്ഷെ കുടുംബമെന്നത്, കേരളചരിത്രപുസ്തകത്തില്‍ ഒരിക്കല്‍ ഇവിടെ നിലനിന്നിരുന്ന ഒരു നല്ല സംവിധാനം മാത്രമായി ഭാവിയില്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഒരു അവസ്ഥ കൈവരും.

അടുത്തകാലത്തെ കണക്കനുസരിച്ച് 51,153 കേസുകളാണ് ഫാമിലികോടതിയില്‍ തര്‍ക്കപരിഹാരത്തിനായി കാത്തിരിക്കുന്നത്. ജില്ലാടിസ്ഥാനത്തില്‍ തിരുവനന്തപുരവും നഗരാടിസ്ഥാനത്തില്‍ കൊച്ചിയും ഒന്നാം സ്ഥാനത്താണ്. ഇതിന്‍റെ കാരണങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ സാമൂഹ്യവും ചരിത്രപരവും മതപരവും സാമ്പത്തികവുമായ നിരവധി കാരണങ്ങള്‍ നിരത്താനാവും. ആശയവിനിമയത്തിലുണ്ടാവുന്ന പാളിച്ചകള്‍ ഏറെ വലുതാണ്. ശാസ്ത്ര സാങ്കേതികരംഗത്ത് വിപ്ലവകരമായ മാറ്റം മൂലം ലോകം വളരെ ചെറുതായി, ആശയവിനിമയം ലളിതമായി നടക്കുമ്പോഴും സ്വന്തം കുടുബാംഗങ്ങളുടെ ‘ഭാഷ’ മനസ്സിലാവുന്നില്ല എന്നതാണ് ദുഃഖസത്യം. മാതാപിതാക്കളുടെ ‘ഭാഷ’ മക്കള്‍ക്കും തിരിച്ചും അപ്രാപ്യമായതുപോലെ അനുഭവപ്പെടുന്നു. സോദോം ഗൊമോറകള്‍ സൃഷ്ടിക്കപ്പെടുന്നു. പല വിവാഹേതരബന്ധങ്ങളും ആരംഭിക്കുന്നത് സെക്സിനു വേണ്ടിയല്ല മറിച്ച് സ്നേഹിക്കുവാനും പരിഗണിക്കപ്പെടാനുമുള്ള ആവശ്യത്തില്‍നിന്നാണ്. പിന്നീടത് പിരിയാനാവാത്തവിധം ദൃഢമാവുകയും സെക്സില്‍ പരിണമിക്കുകയുമാണ് ചെയ്യുന്നത്.

രണ്ടാമത്തേത് സാമ്പത്തികവും സാമൂഹ്യവുമായ തലമാണ്. പുരുഷന്‍ അന്നദാതാവും [breadwinner] സ്ത്രീ കുടംബിനിയും [homemaker] എന്ന സ്ഥിതിയില്‍നിന്ന് നമ്മള്‍ ഏറെ മാറി. പുരുഷന്‍ അധികാരമുള്ളവനും, തീരുമാനമെടുക്കുന്നവനും സ്ത്രീ വിധേയത്വമുള്ളവളും അനുസരിക്കുന്നവളും ആകുന്ന അവസ്ഥക്കും മാറ്റം വന്നു. ഈ മാറ്റം ഉള്‍ക്കൊള്ളാനാവാത്തത് പഴയ തലമുറക്കാണ്. അതുകൊണ്ട് തന്നെ അവരാണ് മക്കളുടെ ദാമ്പത്യത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നത്. ബന്ധങ്ങളടെ സമവാക്യങ്ങള്‍ പുതിയ തലമുറക്ക് വ്യത്യസ്തമാണ്. മാതാപിതാക്കള്‍ അവരുടെ ദാമ്പത്യം വച്ചുകൊണ്ട് മക്കളുടെ ദാമ്പത്യത്തെ അളക്കരുത്. ഇങ്ങനെയായാല്‍ ദാമ്പത്യമേ വേണ്ടാ എന്ന അവസ്ഥയിലേക്ക് അവര്‍ എത്തി തുടങ്ങും. കാരണം ലോകചരിത്രത്തിലൊരിടത്തും അടിമ അതിന്‍റെ ഉടമയെ സ്നേ ഹിച്ചിട്ടില്ല, അനുസരിച്ചിട്ടേയുള്ളൂ. അതു താല്‍ക്കാലികമായി മാത്രം സംഭവിക്കുന്നതാണ്.

ചില ഭാര്യാഭര്‍തൃബന്ധങ്ങള്‍ സമാന്തരരേഖകള്‍ പോലെയാണ് ഒഴുകുന്നത്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും തൊഴില്‍പരമായും അവരുടേതായ സ്ഥാനം പിടിച്ചവര്‍. അവരുടെ ദാമ്പത്യം വിജയകരമാണെന്ന് മറ്റുള്ളവര്‍ക്ക് തോന്നും. പക്ഷേ പലപ്പോഴും ആഴത്തിലുള്ള പരസ്പര അടുപ്പം അഥവാ ഇന്‍റിമസി ഇവരുടെ ഇടയില്‍ കാണാറില്ല. വിവാഹമോചിതരാവാതെ അവരുടെ ജീവിതം സമാന്തരമായി മുന്നോട്ട് പൊയ്ക്കൊണ്ടേയിരിക്കും.

പ്രശ്നത്തിന്‍റെ രണ്ടുവശവും മനസ്സിലാക്കണം. വിവാഹം കഴിക്കുമ്പോള്‍ ജോലിയുള്ള പെണ്ണിനെ എല്ലാവര്‍ക്കും വേണം. എന്നാല്‍ സാമ്പത്തികസ്വാതന്ത്ര്യം പെണ്ണിന് പാടില്ല. ഭര്‍ത്താക്കന്മാരുടെ ബിസിനസ്സ് തകര്‍ന്നാല്‍ എല്ലാവര്‍ക്കും അവരോട് സഹതാപമാണ്. എന്നാല്‍ ഭാര്യയുടെ ബിസിനസ്സ് തകര്‍ന്നാല്‍ അവളുടെ അഹങ്കാരം കൊണ്ടാണ്, പെണ്ണിന് വീട്ടിലിരുന്നുകൂടെ തുടങ്ങിയ ആരോപണങ്ങള്‍. സ്ത്രീകളുടെ സാമ്പത്തികശാക്തീകരണം മൂലം കുടുംബത്തില്‍ തന്നെ അവഹേളനം നേരിടുന്നവളായ നിരവധി ഭര്‍ത്താക്കന്മാരും നമുക്ക് ചുറ്റുമുണ്ട്. അവരുടെ നിശബ്ദസഹനവും ഒറ്റപ്പെടലും കൂട്ടിച്ചേര്‍ത്ത് വായിക്കേണ്ടതാണ്. അമ്മയെന്ന വികാരത്തിന് മുന്നില്‍ പലപ്പോഴും ഒളിമങ്ങുന്ന വിളക്കാണ് അച്ഛന്‍. ഒരു പുരുഷായുസ്സിന്‍റെ മുഴുവന്‍ ചിന്തയും വിയര്‍പ്പും കുടുംബത്തിനായി ഹോമിക്കുന്നവര്‍. വീടിന്‍റെ താളം ശരിയാകുവാന്‍ ആ ചാരുകസേരയില്‍ അച്ഛനുണ്ടായാല്‍ മതി. ചാരുകസേരകള്‍ അപ്രത്യക്ഷമാവുന്നത് ഇന്നത്തെ കുടുംബത്തിന്‍റെ അപചയമാണ്.
മാറിവരുന്ന സാഹചര്യമനുസരിച്ച് കുടുംബങ്ങളിലെ സ്ത്രീപുരുഷബന്ധങ്ങളെ ക്രമപ്പെടുത്താനുള്ള പരിശീലനമാണ് നല്‍കപ്പെടേണ്ടത്. എല്ലാ ദൈവിളികളുടേയും പിള്ളത്തൊട്ടില്‍ ശക്തമായ കുടുംബ അടിത്തറയാണ്. അതുകൊണ്ട് ഓരോ കുടുംബത്തെയുംകുറിച്ചുള്ള വ്യതിരിക്തമായ വിളി വിവേചിച്ച് കൊടുക്കുവാന്‍ നമുക്ക് സാധിക്കണം കാരണം ഓരോ കുടുംബവും വ്യത്യസ്തമാണ്. മക്കളുടെ എണ്ണത്തിന്‍റെ കാര്യത്തില്‍, സാമ്പത്തികവിനിയോഗത്തിന്‍റെ കാര്യത്തില്‍, മാതാപിതാക്കളുടെ പരിചരണത്തിന്‍റെ തലത്തില്‍ എന്നിങ്ങനെ വ്യത്യസ്തങ്ങളായ പന്ഥാവുകള്‍ തിരിച്ചറിയുവാന്‍ സാധിക്കണം. മദര്‍ തെരേസയുടെ കല്‍ക്കട്ടയിലുള്ള മ്യൂസിയത്തില്‍ കുടുംബങ്ങള്‍ക്കു നല്‍കുന്ന സന്ദേശമായി ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. “ഓരോ കുടുംബത്തിനും അതിന്‍റേതായ സഹനങ്ങളുണ്ട്. അവ സ്വീകരിക്കുന്ന വിധത്തിലാണ് കുടുംബജീവിതത്തിന്‍റെ മനോഹാരിത അടങ്ങിയിരിക്കുന്നത്.” “പരിപൂര്‍ണമായ കുടുംബമോ പരിപൂര്‍ണരായ ഭര്‍ത്താവോ ഭാര്യയോ മാതാപിതാക്കളോ മക്കളോ ഇല്ലാ”യെന്ന ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകളും നമുക്ക് കൂട്ടിച്ചേര്‍ത്ത് വായിക്കാം. ഈ അപൂര്‍ണതകള്‍ ഉള്‍ക്കൊള്ളുമ്പോഴാണ് “സുവിശേഷത്തിന്‍റെ ആനന്ദ” ത്തില്‍ നിന്ന് “സ്നേഹത്തിന്‍റെ ആനന്ദ”ത്തിലേക്ക് നമ്മള്‍ എത്തുന്നത്.

Leave a Comment

*
*