മാറ്റം വരുത്തേണ്ട മൂല്യബോധനങ്ങൾ

മാറ്റം വരുത്തേണ്ട മൂല്യബോധനങ്ങൾ

മാര്‍ ജേക്കബ് തൂങ്കുഴി

മതബോധനത്തില്‍ കുട്ടികള്‍ പ്രകടിപ്പിക്കുന്ന അനാസ്ഥയാണ് മതബോധനരംഗത്ത് ആത്മാര്‍ത്ഥതയോടെ സേവനമനുഷ്ഠിക്കുന്ന മതാദ്ധ്യാപകരെയും വൈദികരെയും പലപ്പോഴും മനസ്സു മടുപ്പിക്കുന്നത്. ക്ലാസ്സില്‍ വരുവാന്‍ മടി, വന്നാല്‍ പഠിക്കുവാന്‍ വൈമുഖ്യം. അശ്രദ്ധ-പിന്നെയെങ്ങനെ പഠിപ്പിക്കും? ഇതിനൊന്നും കുട്ടികളെ പഴിച്ചിട്ട് കാര്യമുണ്ടെന്നു തോന്നുന്നില്ല.
ചെറുപ്രായത്തില്‍ മതബോധനത്തെക്കുറിച്ചെന്നല്ല ഒരു ബോധനത്തെക്കുറിച്ചും അത്ര വലിയ ബോധ്യങ്ങളൊന്നും എല്ലാ കുട്ടികള്‍ക്കും കൈവന്നെന്നുവരില്ല. ഈ രംഗത്ത് കുട്ടികളുടെ ബോധ്യത്തെക്കാള്‍ ആവശ്യമായിരിക്കുന്നത് മാതാപിതാക്കന്മാരുടെ ബോധ്യമാണ്. തങ്ങളുടെ കുട്ടികള്‍ സ്കൂളില്‍ പഠിക്കണമെന്നു ബോധ്യമുള്ള മാതാപിതാക്കന്മാര്‍ അവരെ നിര്‍ബന്ധമായും സ്കൂളിലയയ്ക്കും. അവര്‍ക്കു വേണ്ട വസ്ത്രവും കുടയും പുസ്തകങ്ങളും മറ്റു സാധനങ്ങളും ത്യാഗം സഹിച്ച് ഉണ്ടാക്കിക്കൊടുക്കുന്നു. പഠിക്കുവാന്‍ പ്രേരിപ്പിക്കുന്നു. വേണ്ടിവന്നാല്‍ ശിക്ഷിക്കുന്നു. മാതാപിതാക്കന്മാരുടെ ഈ ബോധ്യത്തിന്‍റെ ശക്തിയിലാണ് അലസിപ്പോകാമായിരുന്ന തങ്ങളുടെ വിദ്യാഭ്യാസ ജീവിതത്തെ സ്വയം ബോധ്യം വരാത്ത പല കുട്ടികളും രക്ഷിച്ചെടുക്കുന്നത്.
നിര്‍ഭാഗ്യവശാല്‍, മതബോധനരംഗത്തു മാത്രം മാതാപിതാക്കന്മാരില്‍ പലര്‍ക്കും നിര്‍ബന്ധ ബുദ്ധിയൊന്നുമില്ല. ത്യാഗവുമില്ല. ശിക്ഷയുമില്ല. മതബോധനത്തിന്‍റെ ആവശ്യകത അവര്‍ക്ക് ബോധ്യമില്ലത്രേ. തങ്ങളുടെ മക്കള്‍ക്ക് ഒരു ബിരുദം, ഒരു ജോലി, സമ്പത്ത്, സ്ഥാനമാനങ്ങള്‍, ഇവയെക്കുറിച്ച് സ്വപ്നങ്ങള്‍ കാണുമ്പോള്‍, സംസാരിക്കുമ്പോള്‍, മാതാപിതാക്കന്മാരുടെ കണ്ണുകള്‍ തിളങ്ങുന്നു. അവയ്ക്കു വേണ്ടി എന്തു വിലയും കൊടുക്കുവാന്‍, എന്തു ത്യാഗവും സഹിക്കുവാന്‍ അവര്‍ സന്നദ്ധരാകുന്നു. എന്നാല്‍ ഈ മക്കള്‍ സല്‍സ്വഭാവികളും മനുഷ്യത്വമുള്ളവരും നിസ്വാര്‍ത്ഥരും, അഹന്തയും വിദ്വേഷവുമില്ലാത്തവരും ആയിത്തീരുക എന്നുള്ളത് പലരുടേയും സ്വപ്ന വിഷയങ്ങളല്ല. ഇവയൊന്നുമോര്‍ത്ത് പലരുടെയും കണ്ണുകള്‍ തിളങ്ങാറുമില്ല.
പാവം മാതാപിതാക്കള്‍! മക്കളുടെ സൗഭാഗ്യം അവര്‍ തേടുന്നു. ഒരു ബിരുദവും ജോലിയും സമ്പത്തും സ്ഥാനവുമുണ്ടെങ്കില്‍ മക്കള്‍ക്ക് സൗഭാഗ്യമായി എന്നവര്‍ കരുതുന്നു. പക്ഷേ, ഇവയെല്ലാം ഉണ്ടായിരിക്കെ സമാധാനവും സന്തോഷവും സൗഭാഗ്യവുമില്ലാത്ത എത്രയെത്ര ജീവിതങ്ങള്‍ നമ്മള്‍ കണ്ടിരിക്കുന്നു! ഇവയെല്ലാം ലഭിക്കുന്നെങ്കില്‍ നല്ല കാര്യം. പക്ഷേ, ഇവകൊണ്ടുമാത്രം സൗഭാഗ്യം കൈവരുമോ? ഇല്ല, തീര്‍ച്ചയായും ഇല്ല. മനോഹരമായ ഒരു വ്യക്തിത്വത്തില്‍ നിന്നേ സൗഭാഗ്യം ഉരുത്തിരിയൂ; ദൈവത്തോടും മനുഷ്യനോടും സ്നേഹത്തിന്‍റെ ആഭിമുഖ്യമുള്ള വ്യക്തിത്വത്തില്‍ നിന്ന്, യേശുവിന്‍റെ കളരിയിലെ പഠനത്തിലൂടെയേ ആ വ്യക്തിത്വം രൂപീകരിക്കപ്പെടൂ. ഈ വ്യക്തിത്വമുണ്ടെങ്കില്‍, ജോലിയും ധനവും സ്ഥാനവുമൊന്നും ഇല്ലെങ്കിലും ഉള്ളവ നഷ്ടപ്പെട്ടാലും മനുഷ്യന്‍ ദുര്‍ഭഗനാകാന്‍ പോകുന്നില്ല.
അപ്പോള്‍, നമ്മുടെ മൂല്യ ബോധത്തിന് ഒരു മാറ്റം വരണം. ആദ്യം ദൈവരാജ്യം അന്വേഷിക്കുവാനാണ് കര്‍ത്താവു പറഞ്ഞത്. ആദ്യത്തേത് ആദ്യം ചെയ്തില്ലെങ്കില്‍ ക്രമമൊക്കെ തെറ്റും. ക്രമം തെറ്റിയാല്‍ ലക്ഷ്യവും തെറ്റും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org