പുതിയ നിയമവും മലയാള വിവര്‍ത്തനവും

പുതിയ നിയമവും മലയാള വിവര്‍ത്തനവും

പ്രാചീന കേരള ക്രൈസ്തവരുടെ ആരാധനക്രമഭാഷ സുറിയാനി ആയിരുന്നു. അവരുടെ വി. കുര്‍ബാനയിലും ഇതര കൂദാശാസന്ദര്‍ഭങ്ങളിലും വായിച്ചിരുന്ന വേദപുസ്തകഭാഗങ്ങളും ആ ഭാഷയില്‍ നിന്നായിരുന്നു. സുവിശേഷപ്രസംഗമായിരുന്നു വിശ്വാസികള്‍ക്കു ബൈബിളുമായി ബന്ധപ്പെടാനുള്ള മാര്‍ഗം. വിദേശ മിഷനറിമാരുടെ വരവോടെ സുറിയാനിയുടെ സ്ഥാനം ലത്തീന്‍ ഏറ്റെടുത്തു. മലയാളത്തിലുള്ള ബൈബിള്‍ വിവര്‍ത്തനങ്ങള്‍ക്കു പിന്നെയും നൂറ്റാണ്ടുകള്‍ കഴിയേണ്ടി വന്നു. പ്രൊട്ടസ്റ്റന്‍റ് മിഷനറിമാരാണു നാട്ടുഭാഷകളില്‍ വേദപുസ്തകം തര്‍ജ്ജമ ചെയ്തു പ്രസിദ്ധീകരിച്ചത്.

1806-1808 വര്‍ഷങ്ങളിലായി ക്ലോഡിയസ് ബുക്കാനന്‍റെ നേതൃത്വത്തില്‍ സുവിശേഷങ്ങളുടെ ഒരു മലയാളം തര്‍ജ്ജമ തയ്യാറാക്കി 1811-ല്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. തമിഴിനോടും സുറിയാനിയോടുമുള്ള അമിതമായ ആശ്രിതത്വം ഈ പതിപ്പിന്‍റെ ഒരു ന്യൂനതയായിരുന്നു. പുതിയ വിവര്‍ത്തനസംരംഭത്തിന്‍റെ ചുക്കാന്‍ പിടിച്ചതു ബെഞ്ചമിന്‍ ബെയ്ലി എന്ന ഇംഗ്ലീഷ് പ്രൊട്ടസ്റ്റന്‍റ് മിഷനറിയായിരുന്നു. 1816-ല്‍ കേരളത്തിലെത്തിയ അദ്ദേഹം 1829-ല്‍ പുതിയനിയമവും 1835-ല്‍ പഴയനിയമവും അച്ചടിച്ചു പ്രസിദ്ധീകരിച്ചു. കോട്ടയത്തെ സിഎംഎസ് പ്രസ്സില്‍ നിന്ന് സമ്പൂര്‍ണ ബൈബിള്‍ പ്രസിദ്ധീകൃതമാകുന്നത് 1841-ലാണ്. 1839-ല്‍ കേരളത്തിലെത്തിയ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് എന്ന പ്രൊട്ടസ്റ്റന്‍റ് മിഷനറി 1842 മുതല്‍ തലശ്ശേരിയില്‍ നിന്നു വിവിധ ബൈബിള്‍ ഗ്രന്ഥങ്ങള്‍ അച്ചടിച്ചു പ്രസിദ്ധീകരിക്കുകയുണ്ടായി. 1868-ലാണു പുതിയനിയമ വിവര്‍ത്തനം പുറത്തുവന്നത്.

ബെയ്ലിയുടെയും ഗുണ്ടര്‍ട്ടിന്‍റെയും വിവര്‍ത്തനങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് ഒരു ഐക്യവിവര്‍ത്തനം 1880-ല്‍ പ്രസിദ്ധീകരിച്ചു. 1880-ല്‍ പുതിയ നിയമവും 1910-ല്‍ പുതിയ സമ്പൂര്‍ണ ബൈബിളും പ്രകാശിതമായി. ഇങ്ങനെ 1910-ല്‍ അച്ചടിക്കപ്പെട്ട "സത്യവേദപുസ്തക"മാണ് അകത്തോലിക്കാസഭകളില്‍ പ്രചാരത്തിലിരിക്കുന്നത്. മലയാളസാഹിത്യത്തില്‍ 'ബൈബിള്‍ ഭാഷ'യായി അറിയപ്പെടുന്നതും ഉദ്ധരിക്കപ്പെടുന്നതും സത്യവേദപുസ്തകമാണ്. 1980-ല്‍ സത്യവേദപുസ്തകത്തിന്‍റെ പരിഷ്കരിച്ച പുതിയ നിയമഭാഗം പ്രസിദ്ധീകൃതമായി.

കേരള കത്തോലിക്കാസഭ ബൈബിള്‍ വിവര്‍ത്തനത്തിനു തയ്യാറാകുന്നതു താമസിച്ചാണ്. മഞ്ഞുമ്മല്‍ കര്‍മ്മലീത്ത ആശ്രമത്തിലെ (അലോഷ്യസ്, മൈക്കിള്‍, പോളിക്കാര്‍പ്പ്) സന്ന്യാസിമാര്‍ 1893-94 വര്‍ഷങ്ങളില്‍ പൂര്‍ത്തിയാക്കിയ നാലു സുവിശേഷങ്ങളും നടപടിപുസ്തകവും 1905-ല്‍ പ്രസിദ്ധീകരിച്ചു. വെളിപാടുപുസ്തകം 1928-ല്‍ പുറത്തു വന്നു. 1931-ലും 1953-ലും സുവിശേഷങ്ങളും നടപടിയും വീണ്ടും അച്ചടിക്കുകയുണ്ടായി; വുള്‍ഗാത്തയില്‍ നിന്നുളള വിവര്‍ത്തനമായിരുന്നു അത്.

മാന്നാനം കര്‍മ്മലീത്താ ആശ്രമത്തിലെ ആണ്ടുമാലില്‍ മാണിക്കത്തനാര്‍ 1924-ല്‍ പഞ്ചഗ്രന്ഥവും 1935-ല്‍ നാലു സുവിശേഷങ്ങളും 1940-ല്‍ സമ്പൂര്‍ണ പുതിയ നിയമവും പ്രസിദ്ധീകരിച്ചു. പ്ശിത്തായില്‍ നിന്നാണ് അദ്ദേഹം വിവര്‍ത്തനം ചെയ്തത്. ഫാ. ചാള്‍സ് 1931-ല്‍ സങ്കീര്‍ത്തനങ്ങള്‍ വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചു.

പുത്തന്‍ പള്ളി സെമിനാരിയില്‍നിന്നു വടക്കന്‍ മത്തായി കത്തനാരുടെ നേതൃത്വത്തില്‍ സമ്പൂര്‍ണ ബൈബിള്‍ വിവിധ ഭാഗങ്ങളായി പ്രസിദ്ധീകരിക്കുകയുണ്ടായി. എസ്.എച്ച്. ലീഗ് ആയിരുന്നു പ്രസാധകര്‍. 1934 മുതല്‍ 1949 വരെ പലപ്പോഴായിട്ടായിരുന്നു പ്രസിദ്ധീകരണം. വുള്‍ഗാത്തയില്‍ നിന്നാണ് ഈ വിവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളത്.

കവി തിലകന്‍ ഫാ. സി.കെ. മറ്റം 1962-ല്‍ സമ്പൂര്‍ണ പുതിയ നിയമം 'ആധുനിക മലയാള ബൈബിള്‍ – പുതിയ ഉടമ്പടി' എന്ന പേരില്‍ വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിക്കുകയുണ്ടായി. മോണ്‍. ആന്‍റണി പുതുശ്ശേരി (1927), എല്‍.എം. തോമസ് (1948), മയ്യനാട്ട് എ. ജോണ്‍ (1948), മോണ്‍. ജേക്കബ് നടുവത്തുശ്ശേരി (പ്രതിമാസ ഗ്രന്ഥ ക്ലബ് 1968), ഫാ. ആബേല്‍ (1971), ലിവിങ്ങ് ലിറ്ററേച്ചര്‍ സെന്‍റര്‍ കോട്ടയം (1930), ഡോ. ഫ്രെഡറിക് മൂളയില്‍ (1960, 1981), ഡോ. തോമസ് കയ്യാലപ്പറമ്പില്‍ (1987) എന്നിവര്‍ പഴയനിയമവും പുതിയനിയമവും മാത്രമായോ ഭാഗികമായോ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അനുദിനവായനയ്ക്ക് ഉപകരിക്കുന്നതിനായി തയ്യാറാക്കിയിരിക്കുന്ന സമാഹാരങ്ങളും സംഹിതകളും വേറെയുമുണ്ട്.

സമ്പൂര്‍ണ ബൈബിളിന്‍റെ ഒരു വിവര്‍ത്തനം മോണ്‍. തോമസ് മൂത്തേടന്‍ ഒറ്റയ്ക്കു നിര്‍വഹിച്ചു (1963). വുള്‍ഗാത്തയില്‍ നിന്നായിരുന്നു ഈ വിവര്‍ത്തനം. കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ മേല്‍നോട്ടത്തില്‍ പി.ഒ.സി.യില്‍ നിന്ന് 1971-ല്‍ പുതിയ നിയമവും 1981-ല്‍ സമ്പൂര്‍ണ ബൈബിളും പ്രസിദ്ധീകരിക്കപ്പെട്ടു. ഇതിന്‍റെ നവീകൃത പതിപ്പ് 1986-ല്‍ പുറത്തു വന്നു. മൂലഭാഷകളെ അടിസ്ഥാനമാക്കിയാണ് ഈ തര്‍ജ്ജമ ചെയ്തിരിക്കുന്നത്. ഇതിന്‍റെ പരിഷ്കരിച്ച പതിപ്പ് 2012-ല്‍ പ്രസിദ്ധീകരിച്ചു. 1982-ല്‍ പാലായില്‍ പ്രസിദ്ധീകൃതമായ 'മലയാളം ബൈബിളി'ല്‍ ഉത്തരകാനോനിക ഗ്രന്ഥങ്ങള്‍ ഒരു പ്രത്യേക വിഭാഗമായി ചേര്‍ത്തിരിക്കുന്നു. ഇംഗ്ലീഷില്‍ നിന്നാണു വിവര്‍ത്തനം. മൂലഭാഷകളുമായി ഒത്തുനോക്കിയിട്ടുണ്ട്. 1984-95 വര്‍ഷങ്ങളിലായി പ്ശീത്തായില്‍ നിന്നുള്ള ഒരു സമ്പൂര്‍ണ വിവര്‍ത്തനം ഫാ. മാത്യു ഉപ്പാണി സിഎംഐ തയ്യാറാക്കി. 1997-ല്‍ ദീപിക ബുക്ക് ഹൗസ് ഇതു പ്രസിദ്ധീകരിക്കുകയുണ്ടായി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org