മാമ്മോദീസ കൂദാശയുടെ രഹസ്യം

മാമ്മോദീസ കൂദാശയുടെ രഹസ്യം

മിശിഹായില്‍ പുതിയ ജീവിതത്തിലേക്കുള്ള ജനനമാണു മാമ്മോദീസ. കര്‍ത്താവിന്‍റെ ഹിതമനുസരിച്ചു മാമ്മോദീസയിലൂടെ നാം അംഗമായിത്തീരുന്ന സഭയെന്ന പോലെത്തന്നെ ഈ കൂദാശയും രക്ഷയ്ക്കാവശ്യമാണ് (CCC 1272).

നമ്മുടെ കര്‍ത്താവിന്‍റെ കരുണയാല്‍ അവിടുത്തെ ജനത്തിന്‍റെ നവീകരണത്തിനും രക്ഷയ്ക്കുമായി പാപവിമോചനം നല്കുന്ന രഹസ്യമാണ് മാമ്മോദീസയെന്ന് പുരാതന പൗരസ്ത്യ തക്സ സാക്ഷ്യപ്പെടുത്തുന്നു. വൈദികപട്ടക്രമമനുസരിച്ച് മാമ്മോദീസ എന്നത് കര്‍ത്താവിന്‍റെ പുത്രസ്വീകാര്യത്തിന്‍റെ ഭാഗഭാഗിത്വത്തിനുവേണ്ടി വിളിക്കപ്പെട്ടവരുടെ നിഗൂഢമായ ജനനവും പാപമോചനവും വാഗ്ദാനം ചെയ്യുന്ന ദിവ്യരഹസ്യമാണ്.

മാമ്മോദീസയില്‍, ഒരു ചൂളയിലെന്നപോലെ, നമ്മുടെ പ്രതിരൂപത്തെ ദൈവം വാര്‍ത്തെടുത്ത്, വെറും കളിമണ്ണാകുന്ന നമ്മെ ആത്മീയരത്നങ്ങളാക്കി മാറ്റുന്നുവെന്ന് നര്‍സെ വിവരിക്കുന്നു. ആദ്യത്തെ സൃഷ്ടിയില്‍ നിന്നു മര്‍ത്യരെ നിര്‍മ്മാര്‍ജ്ജനം ചെയ്തു പുനഃസൃഷ്ടിയാക്കുന്നു.

മണ്ണില്‍ നിന്ന് എടുക്കപ്പെട്ട മനുഷ്യനില്‍ നിന്ന് പാപമാകുന്ന, തുരുമ്പിനെ മാമ്മോദീസവഴി തുടച്ചു നീക്കുന്നു. അവിടുത്തെ പദ്ധതിയനുസരിച്ചു നമ്മുടെ ദുര്‍ബലമായ ശരീരത്തില്‍ പരിശുദ്ധാത്മാവിനെ അനുഭവിക്കാനുള്ള അനുഗ്രഹം മാമ്മോദീസ പകര്‍ന്നു നല്കിയെന്നും നര്‍സെ വിവരിക്കുന്നു.

വിവിധ പേരുകള്‍
മാമ്മോദീസ സാധാരണയായി വ്യത്യസ്ത പേരുകളില്‍ അറിയപ്പെടുന്നു. ഇവയോരോന്നും മാമ്മോദീസയുടെ വിവിധ ആശയങ്ങള്‍ വെളിവാക്കുന്നു.

1.1 മാമ്മോദീസ
സുറിയാനിയില്‍ മാമോദീത്താ എന്നാണ് എഴുതുകയും പറയുകയും ചെയ്യുക. വാക്യാന്തത്തിലുള്ള 'ത'കാരം 'സ'കാരമായി ഉച്ചരിക്കുന്നതു വഴി മാമ്മോദീസ എന്നായി. "ആമദ്" എന്ന സുറിയാനി പദത്തില്‍ നിന്നാണ് മാമ്മോദീസ എന്ന പദം രൂപമെടുത്തത്. "കഴുകുക", "മുങ്ങുക" എന്നാണ് ഈ സുറിയാനി വാക്കിന്‍റെ അര്‍ത്ഥം. മാമ്മോദീസയുടെ ആഘോഷത്തിന്‍റെ കേന്ദ്രമായി നിലകൊള്ളുന്ന ജലത്താലുള്ള കഴുകല്‍ കര്‍മ്മത്തെയാണ് ഈ പദം സൂചിപ്പിക്കുക. "ശുദ്ധിചെയ്യുക" എന്ന പ്രത്യേക അര്‍ത്ഥവും ഇവിടെയുണ്ട്. മനുഷ്യനെ പാപക്കറകളില്‍ നിന്ന് കഴുകി ശുദ്ധിചെയ്ത് ദൈവികഛായയിലും സാദൃശ്യത്തിലും പുനഃപ്രതിഷ്ഠിക്കുന്ന കൂദാശയാ ണ് മാമ്മോദീസ.

1.1 ജ്ഞാനസ്നാനം
ഈ കൂദാശയില്‍ പങ്കുപറ്റുന്നവര്‍ ദൈവികജ്ഞാനത്താല്‍ പ്രകാശിതരായിത്തീരുന്നു. എന്നതിനാലാണ് ഈ ദിവ്യരഹസ്യം ജ്ഞാനസ്നാ നം എന്നറിയപ്പെടുക. ഈ കൂദാശയിലൂടെ "എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാര്‍ത്ഥ വെളിച്ചത്താല്‍" (യോഹ. 1:9) നാമും പ്രകാശിതരായിത്തീരുന്നു (CCC 1216).

1.3 ജീവന്‍റെ അടയാളം
മാമ്മോദീസയിലെ തൈലത്താലുള്ള മുദ്രവയ്ക്കല്‍ (റൂശ്മ) എന്ന പ്രതീകാത്മക കര്‍മ്മത്തില്‍ നിന്നും ജീവന്‍റെ അടയാളമെന്ന് ഇത് അറിയപ്പെടുന്നു. റൂശ്മ, ദൈവികതയുടെ അടയാളമാണെന്ന് നര്‍സെ വിശദമാക്കുന്നു. "കര്‍ത്താവിന്‍റെ അടയാളം കൊണ്ടു സ്നാനാര്‍ത്ഥികളാകുന്ന അജഗണത്തെ അടയാളപ്പെടുത്തുന്നു. ഈ അടയാളത്തിലൂടെ നിഗൂഢമായ അവിടുത്തെ നാമം മുദ്രിതമാകുന്നു."

1.4 പുനര്‍ജനനകൂദാശ
"ഒരുവന്‍ ജലത്താലും അരൂപിയാലും ജനിക്കുന്നില്ലെങ്കില്‍ അവനു ദൈവരാജ്യം കാണാന്‍ കഴിയുകയില്ല" (യോഹ. 3:5). ജലത്താലും അരൂപിയാലുമുള്ള പുനര്‍ജനനമാണ് മാമ്മോദീസ (CCC 1215). ഈ അടിസ്ഥാന ഉള്‍ക്കാഴ്ചയില്‍ നിന്നാണ് "പുനര്‍ജനനകൂദാശ" എന്നു മാമ്മോദീസ അറിയപ്പെടുക. പുനരുജ്ജീവനത്തിന്‍റെയും നവീകരണത്തിന്‍റെയും സ്നാനമെന്നാണ് വി. പൗലോസ് ഇതിനെ വിശേഷിപ്പിക്കുക. (തീത്തോസ് 3:5). മാമ്മോദീസയില്‍ പേരു സ്വീകരിക്കുന്നത് ഈ പുതുജനനത്തെ പുതിയ വ്യക്തിയായിത്തീര്‍ന്നതിനെ സൂചിപ്പിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org