മാമ്മോദീസാത്തീയതി തിരുത്താമോ?

മാമ്മോദീസാത്തീയതി തിരുത്താമോ?

ഡോ. ജോസ് ചിറമേല്‍
(പ്രസിഡന്‍റ്, സീറോ-മലബാര്‍
മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ട്രിബ്യൂണല്‍)

ചോദ്യം
പള്ളിയിലെ മാമ്മോദീസാ രജിസ്റ്ററില്‍ മകന്‍റെ ജനനത്തീയതി തെറ്റായിട്ടാണ് ചേര്‍ത്തിരിക്കുന്നതെന്നും അത് തിരുത്തി കിട്ടണമെന്നും ആവശ്യപ്പെട്ട് വര്‍ഷങ്ങള്‍ക്കുശേഷം കുട്ടിയുടെ മാതാപിതാക്കള്‍ വികാരിയച്ചനെ സമീപിക്കുന്നു. വികാരിയച്ചന് എങ്ങനെ ഈ മാതാപിതാക്കളെ സഹായിക്കാന്‍ കഴിയും?

ഉത്തരം
ചോദ്യകര്‍ത്താവിന്‍റെ സംശയം പള്ളിയിലെ മാമ്മോദീസാ രജിസ്റ്ററില്‍ കുട്ടിയുടെ ജനനത്തീയതി തിരുത്തുന്നത് സംബന്ധിച്ചാണെങ്കിലും മാമ്മോദീസ എന്ന കൂദാശയുടെ പരികര്‍മ്മത്തെ സംബന്ധിച്ചും മാമ്മോദീസാ രജിസ്റ്ററില്‍ ഇതു സംബന്ധമായ വിശദാംശങ്ങള്‍ എഴുതി ചേര്‍ക്കാനുള്ള വൈദികന്‍റെ ഉത്തരവാദിത്വത്തെ സംബന്ധിച്ചും ഹ്രസ്വമായി മനസ്സിലാക്കുന്നത് സന്ദര്‍ഭോചിതമായിരിക്കും.

സഭയുടെ ഉറവിടവും ശക്തികേന്ദ്രവും ആരാധനക്രമമാണെങ്കില്‍, ആരാധനക്രമത്തിന്‍റെ കാതല്‍ കൂദാശകളാണ് (ആരാധന ക്രമം, no. 10). മനുഷ്യരെ വിശുദ്ധീകരിക്കുക, മിശിഹായുടെ മൗതിക ശരീരത്തെ വളര്‍ത്തുക, സര്‍വ്വോപരി ദൈവത്തിന് ആരാധനയര്‍പ്പിക്കുക (ആരാധനക്രമം no. 59) എന്നിവയാണ് കൂദാശയുടെ ലക്ഷ്യങ്ങള്‍. പൗരസ്ത്യസഭകളുടെ കാഴ്ചപ്പാടില്‍ കൂദാശകള്‍ ദൈവികരഹസ്യങ്ങളുടെ ആവിഷ്കാരമാണ്. കൂദാശകളെ 'ദിവ്യരഹസ്യങ്ങള്‍' എന്നാണ് വിളിക്കുന്നത്. സീറോ മലബാര്‍ സഭയിലും സഭയുടെ ഏറ്റവും ആഘോഷപൂര്‍വ്വകമായ വി. കുര്‍ബാനയര്‍പ്പണം റാസ എന്നാണല്ലോ അറിയപ്പെടുന്നത്. ക്രിസ്തുനാഥന്‍റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളായ ജനനം, പരസ്യജീവിതം, സഹനം, മരണം, ഉത്ഥാനം എന്നീ ദിവ്യരഹസ്യങ്ങളുടെ ആവിഷ്കരണങ്ങളാണ് വിവിധ കൂദാശകള്‍.

ആര്‍ക്കെല്ലാം മാമ്മോദീസ പരികര്‍മ്മം ചെയ്യാം
സാധാരണഗതിയില്‍ കത്തോലിക്കര്‍ തങ്ങളുടെ പുരോഹിതരില്‍നിന്നു മാത്രമെ കൂദാശകള്‍ സ്വീകരിക്കാന്‍ പാടുള്ളൂ. അതുപോലെതന്നെ കത്തോലിക്കാ പുരോഹിതര്‍ കത്തോലിക്കര്‍ക്കേ കൂദാശകള്‍ പരികര്‍മ്മം ചെയ്യാനും പാടുള്ളൂ. എന്നിരുന്നാലും, ചില പ്രത്യേക സാഹചര്യങ്ങളില്‍ പൗരസ്ത്യ അകത്തോലിക്കാ വിഭാഗങ്ങളിലെ വിശ്വാസികള്‍ക്കും കൂദാശകള്‍ പരികര്‍മ്മം ചെയ്യാവുന്നതാണ്. ചില പ്രത്യേക സാഹചര്യങ്ങള്‍ എന്നതു കൊണ്ടുദ്ദേശിക്കുന്നത്, സ്വന്തം പുരോഹിതരെ സമീപിക്കുക ഏറെ ക്ലേശകരമായി വരുന്ന സാഹചര്യങ്ങളാണ്. ഇത്തരം സാഹചര്യങ്ങളില്‍ കുമ്പസാരം, കുര്‍ബാന, രോഗീലേപനം എന്നീ കൂദാശകള്‍, ഈ കൂദാശകള്‍ സാധുവായി പരികര്‍മ്മം ചെയ്യുന്ന സഭാവിഭാഗങ്ങളില്‍പ്പെട്ട വൈദികരില്‍നിന്നും സ്വീകരിക്കാവുന്നതാണ്. ഇതനുസരിച്ച്, കത്തോലിക്കാ പുരോഹിതര്‍ക്ക് പൗരസ്ത്യ അകത്തോലിക്കാ വിഭാഗങ്ങളിലെ വിശ്വാസികള്‍ക്കും ഈ സഭകളിലേതിന് തുല്യമായ വിശ്വാസമുള്ള മറ്റ് അകത്തോലിക്കാ സഭകളിലെ വിശ്വാസികള്‍ക്കും കൂദാശകള്‍, പ്രത്യേകിച്ച് കുമ്പസാരം, കുര്‍ബാന, രോഗീലേപനം എന്നീ കൂദാശകള്‍ പരികര്‍മ്മം ചെയ്യാവുന്നതാണ്.

മേല്പറഞ്ഞ കൂദാശകളുടെ സ്വീകരണത്തിന് അവര്‍ ആവശ്യപ്പെടുകയും ശരിയായ ഒരുക്കമുള്ളവരായിരിക്കുകയും വേണം. കൂടാതെ, മരണാസന്നാവസ്ഥയിലോ അതുപോലെ ഗൗരവമാര്‍ന്ന സാഹചര്യങ്ങളിലോ മറ്റ് അകത്തോലിക്കാ വിശ്വാസികള്‍ക്കും, അവര്‍ ആവശ്യപ്പെടുന്ന പക്ഷം, മേല്പറഞ്ഞ കൂദാശകള്‍ പരികര്‍മ്മം ചെയ്യാന്‍ കത്തോലിക്കാ മെത്രാന്മാര്‍ക്ക് പുരോഹിതരെ അനുവദിക്കാവുന്നതാണ്. സഭയുടെ പ്രത്യേക നിയമങ്ങള്‍ ക്കനുസരിച്ചായിരിക്കണം ഇത്തരം സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടത് (CCEO. c. 671; CIC. c. 844).

മാമ്മോദീസായുടെ കാര്‍മ്മികന്‍
പൗരസ്ത്യ നിയമമനുസരിച്ച് മാമ്മോദീസായുടെ സാധാരണ കാര്‍മ്മികന്‍ വൈദികനാണ്. എന്നാല്‍, അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഏതൊരു ക്രൈസ്തവ വിശ്വാസിക്കും, അര്‍ത്ഥിയുടെ മാതാപിതാക്കള്‍ക്കും, മാമ്മോദീസ നല്കാവുന്നതാണ് (CCEO. c. 677). ലത്തീന്‍ നിയമം ഇതില്‍നിന്ന് അല്പം ഭിന്നമാണ്. അതനുസരിച്ച്, ഡീക്കനും മാമ്മോദീസയുടെ സാധാരണ കാര്‍മ്മികനാണ് (CIC. c.861/1). അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഏതൊരാള്‍ക്കും മാമ്മോദീസ നല്കാന്‍ ലത്തീന്‍ നിയമം അനുവദിക്കുന്നുണ്ട്. ഇതനുസരിച്ച് അക്രൈസ്തവനുപോലും, ശരിയായ നിയോഗമുണ്ടെങ്കില്‍, മാമ്മോദീസ പരികര്‍മ്മം ചെയ്യാവുന്നതാണ് (CIC. c. 861/2). ഗൗരവമായ കാരണങ്ങളുണ്ടെങ്കില്‍ സ്ഥലമേലദ്ധ്യക്ഷന്‍റെ അനുവാദത്തോടെ ഭവനങ്ങളില്‍വെച്ചും മാമ്മോദീസ പരികര്‍മ്മം ചെയ്യുന്നതിന് സീറോ മലബാര്‍ സഭയുടെ പ്രത്യേക നിയമം അനുവദിക്കുന്നുണ്ട് (Article, 133).

മാമ്മോദീസാ രജിസ്റ്ററില്‍ ചേര്‍ക്കേണ്ട വിശദാംശങ്ങള്‍
മാമ്മോദീസ നടത്തപ്പെടുന്ന സ്ഥലത്തെ വികാരിക്ക് ഉടന്‍തന്നെ സൂക്ഷ്മതയോടെ മാമ്മോദീസ രജിസ്റ്ററില്‍ വിശദാംശങ്ങള്‍ എഴുതി ചേര്‍ക്കാനുള്ള ഉത്തരവാദിത്തമുണ്ട്. മാമ്മോദീസ സ്വീകരിച്ചയാളിന്‍റെ പേര്, മാതാപിതാക്കളുടെ പേര്, തലതൊട്ടവരുടെ പേര്, സ്ഥലവും തീയതിയും, ജനനത്തീയതി, ജനനസ്ഥലം എന്നിവയും സ്വയാധികാര സഭയിലെ അംഗത്വവുമെല്ലാം എഴുതിച്ചേര്‍ത്തിരിക്കണം. അവിവാഹിതരായ അമ്മമാര്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങളുടെ പേരിനൊപ്പം അമ്മയുടെ പേര് എഴുതി ചേര്‍ക്കേണ്ടത് മാതൃത്വം പരസ്യമാണെങ്കിലും അമ്മ രേഖാമൂലം ആവശ്യപ്പെടുമ്പോഴും ആണ്. അപ്പന്‍ ആവശ്യപ്പെടുകയോ പിതൃത്വം പരസ്യമായി വെളിവാക്കപ്പെടുകയോ ചെയ്തതാണെങ്കില്‍ പിതാവിന്‍റെ പേരും എഴുതാവുന്നതാണ്. മറ്റു സാഹചര്യങ്ങളില്‍ പിതാവിന്‍റെയോ മാതാവിന്‍റെയോ പേര് ചേര്‍ക്കാതെ മാമ്മോദീസാ രജിസ്റ്ററില്‍ ശിശുവിന്‍റെ പേര് മാത്രം എഴുതി ചേര്‍ക്കുന്നു. ദത്തെടുക്കപ്പെട്ട കുട്ടികളുടെ കാര്യത്തില്‍ രാജ്യത്തെ സിവില്‍ നിയമം അനുസരിക്കേണ്ടതാണ്.

മാമ്മോദീസാ അവസരത്തില്‍ മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ തേടണമോ?
ഇപ്പോഴത്തെ സാഹചര്യത്തില്‍ കുട്ടികളുടെ ജനനം മിക്കവാറും ആശുപത്രികളിലാണെങ്കിലും ആശുപത്രിയില്‍നിന്നുള്ള ജനന സര്‍ട്ടിഫിക്കറ്റ് മാമ്മോദീസായുടെ അവസരത്തില്‍ ഹാജരാക്കാന്‍ ആവശ്യപ്പെടേണ്ടതില്ല. പഞ്ചായത്തില്‍ നിന്നോ, മുന്‍സിപ്പാലിറ്റിയില്‍നിന്നോ, കോര്‍പ്പറേഷനില്‍നിന്നോ ഈ രേഖ ആവശ്യപ്പെടേണ്ടതില്ല.

ഇത്രയും ആമുഖമായി പറഞ്ഞശേഷം ചോദ്യകര്‍ത്താവിന്‍റെ സംശയത്തിന് പരിഹാരം തേടാം. ശിശുവിന്‍റെ ജനനത്തീയതി പള്ളിയിലെ മാമ്മോദീസാ രജിസ്റ്ററില്‍ ചേര്‍ത്തിരിക്കുന്നത് തെറ്റാണെന്നാണല്ലോ മാതാപിതാക്കളുടെ പരാതി.

മമ്മോദീസാ രജിസ്റ്ററില്‍ ജനനത്തീയതി തിരുത്താമോ?
ഉന്നീതമായ ചോദ്യത്തിലെ മാതാപിതാക്കള്‍ തങ്ങളുടെ കുട്ടിയുടെ ജനനത്തീയതി പള്ളിയിലെ മാമ്മോദീസാ രജിസ്റ്ററില്‍ ചേര്‍ത്തിരിക്കുന്നത് തെറ്റാണെന്ന് സംശയാതീതമായി തെളിയിക്കണം. ശരിയായ ജനനത്തീയതി ഏതെന്ന് കാണിച്ചുകൊണ്ട് കുട്ടിയുടെ മാതാപിതാക്കള്‍ പബ്ളിക്ക് നോട്ടറിയുടെ ഒപ്പോടുകൂടി ഒരു സത്യവാങ്ങ് മൂലം (affidavit) വികാരിയച്ചന് നല്കണം. സത്യവാങ്ങ് മൂലത്തിലെ ജനനത്തീയതിയാണ് ശരിയായതെന്ന് തെളിയിക്കാന്‍ ആശുപത്രിയില്‍നിന്നുള്ള കുട്ടിയുടെ ജനനത്തീയതിയും ലഭ്യമാണെങ്കില്‍ ഹാജരാക്കേണ്ടതാണ്. കൂടാതെ, പഞ്ചായത്തില്‍നിന്നുള്ള ജനനത്തീയതിയുടെ സര്‍ട്ടിഫിക്കറ്റും ഹാജരാക്കാവുന്നതാണ്.

മേല്പറഞ്ഞ സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത വികാരിക്ക് ബോദ്ധ്യപ്പെടേണ്ടതുണ്ട്. കുട്ടിയുടെ മാതാപിതാക്കള്‍ വികാരിയച്ചന് സമര്‍പ്പിക്കുന്ന സത്യവാങ്ങ്മൂലത്തിന്‍റെയും മറ്റ് സര്‍ട്ടിഫിക്കറ്റുകളുടെയും വെളിച്ചത്തില്‍ മാമ്മോദീസാവസരത്തില്‍ പള്ളി രജിസ്റ്ററില്‍ ചേര്‍ത്തിരിക്കുന്ന ജനനത്തീയതി തെറ്റായാണ് ചേര്‍ത്തിരിക്കുന്നതെന്ന് വികാരിക്ക് ബോദ്ധ്യപ്പെട്ടാല്‍ സത്യവാങ്ങ്മൂലത്തിലെ ജനനത്തീയതി (ശരിയായ ജനനത്തീയതി) പള്ളിയിലെ മാമ്മോദീസാ രജിസ്റ്ററില്‍ ഈ കുട്ടിയുടെ ജനനത്തീയതി എഴുതിയിരിക്കുന്ന കോളത്തിന് നേരെയുള്ള മാര്‍ജിനില്‍ പുതിയ ജനനത്തീയതി എഴുതി ചേര്‍ക്കാവുന്നതാണ്. എന്നാല്‍, കുട്ടിയുടെ മാമ്മോദീസാവസരത്തില്‍ പള്ളി രജിസ്റ്ററില്‍ എഴുതിചേര്‍ത്തിരിക്കുന്ന ജനനത്തീയതിയില്‍ മാറ്റം വരുത്താനോ വെട്ടിത്തിരുത്താനോ പാടില്ലാത്താതാകുന്നു.

സീറോ മലബാര്‍ സഭയുടെ മെത്രാന്മാരുടെ 2012-ലെ സിനഡിലും (xx synod (2012), session 3, Friday 24 August 2012) കേരള കത്തോലിക്കാ മെത്രാന്മാരുടെ കൗണ്‍സിലും (KCBC) ഇതു സംബന്ധമായി നല്കിയ നിര്‍ദ്ദേശക രേഖയിലും പള്ളിയിലെ മാമ്മോദീസാ രജിസ്റ്ററില്‍ തിരുത്തലുകള്‍ വരുത്തുന്നതിനു സമാനമായ നടപടിക്രമമാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. മാമ്മോദീസാ രജിസ്റ്ററിലെ തെറ്റായ ജനനത്തീയതിയില്‍ മാറ്റം വരുത്തുന്നതിനുള്ള അപേക്ഷ നല്കേണ്ടത് സ്ഥലമേലദ്ധ്യക്ഷനാണ്. പൗരസ്ത്യ സഭകള്‍ക്കുവേണ്ടിയുള്ള കാനോന്‍ നിയമസംഹിതയിലെ 691-ാം കാനോനയനുസരിച്ചും ശരിയായ ജനനത്തീയതി സംശയത്തിനതീതനായ ഒരു വ്യക്തിയുടെ സാക്ഷ്യമോ പ്രഖ്യാപനമോ വഴി അംഗീകരിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org