മാമ്മോദീസായിൽ തലതൊടുന്നവർ

മാമ്മോദീസായിൽ തലതൊടുന്നവർ

ആദികാലം മുതല്‍ തന്നെ മാമ്മോദിസ സ്വീകരിക്കുന്നവരെ സഭയുടെ മുമ്പില്‍ സമര്‍പ്പിക്കുന്നതിനായി തലതൊടുന്ന മാതാപിതാക്കന്മാര്‍ ഉണ്ടായിരുന്നു. മാമ്മോദീസാര്‍ത്ഥിക്ക് ഒരാളെങ്കിലും തലതൊടാന്‍ ഉണ്ടാവണം. തലതൊടുന്നയാള്‍ 1) അര്‍ത്ഥിയെ മാമ്മോദീസയ്ക്ക് ഹാജരാക്കണം. 2) മാമ്മോദീസയുടെ ചൈതന്യത്തിനു ചേര്‍ന്നവിധം ക്രിസ്തീയജീവിതം നയിക്കാനും അതിനോടനുബന്ധിച്ചുള്ള കടമകള്‍ നിര്‍വ്വഹിക്കാനും മാമ്മോദീസ സ്വീകരിച്ചവനെ പരിശീലിപ്പിക്കണം. ചുരുക്കത്തില്‍ പുതുതായി വിശ്വാസം സ്വീകരിച്ചവരെ സഭാജീവിതത്തിലേയ്ക്ക് നയിക്കുകയും വിശ്വാസത്തില്‍ പരിശീലിപ്പിക്കുകയും ചെയ്യുകയാണു തലതൊടുന്നവരുടെ കടമ.

മാമ്മോദീസയിലൂടെ ഒരാള്‍ സ്വര്‍ഗ്ഗരാജ്യത്തിലെ പൗരത്വത്തിനു വേണ്ടി സഭയുടെ അംഗത്വത്തില്‍ പേരെഴുതിയിരിക്കുന്നു. ഇപ്രകാരം കടന്നുവരുന്നവര്‍ ഈ ജീവിതാവസ്ഥയില്‍ അപരിചിതര്‍ ആയതിനാല്‍ അവര്‍ ഉള്‍ച്ചേര്‍ക്കപ്പെടുന്ന സമൂഹത്തിലുള്ളവരും അതിന്‍റെ ജീവിതരീതിയില്‍ പരിചയമുള്ളവരും എന്ന നിലയില്‍ പ്രത്യേകം നിയമിതരാകുന്നവര്‍ അവരെ ആ സമൂഹത്തിലേക്ക് ആനയിക്കുകയും ആ സമൂഹത്തിലേയ്ക്ക് ഉള്‍ച്ചേര്‍ക്കപ്പെടുവാന്‍ അവര്‍ അര്‍ഹരാണെന്നു സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. തലതൊടുന്നവര്‍ അവര്‍ക്കു വഴികാട്ടികളായിത്തീരുന്നു. ഇക്കാരണത്താലാണു തലതൊടുന്നവരുടെ പേരോടുകൂടെ സഭാപുസ്തകത്തില്‍ മാമ്മോദീസ മുക്കപ്പെടുന്ന വ്യക്തിയുടെ പേരും എഴുതുന്നത്. തലതൊടുന്നവര്‍ നവാഗതരെ ആ സമൂഹത്തിന്‍റെ ജീവിതരീതിയെപ്പറ്റി പഠിപ്പിക്കുന്നു.

സഭാപ്രവേശക കൂദാശകള്‍ സ്വീകരിച്ച് ക്രിസ്തീയജീവിതം നയിക്കുന്ന സഭയിലെ അംഗങ്ങളായിരിക്കണം തലതൊടുന്നവര്‍. തലതൊടുന്നതിന്‍റെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ അവര്‍ ബാധ്യസ്ഥരാണ്. സ്നാനാര്‍ത്ഥിയോ, അദ്ദേഹത്തിന്‍റെ മാതാപിതാക്കന്മാരോ, രക്ഷകര്‍ത്താക്കളോ, ഇങ്ങനെയാരുമില്ലെങ്കില്‍ മാമ്മോദീസയുടെ ശുശ്രൂഷിയോ വേണം തലതൊടുന്നവരെ നിയോഗിക്കുവാന്‍. മാമ്മോദീസ സ്വീകരിക്കുന്ന വ്യക്തിയുടെ മാതാപിതാക്കന്മാരോ ജീവിതപങ്കാളിയോ തലതൊടുവാന്‍ പാടില്ല. ഏതെങ്കിലും തരത്തിലുള്ള സഭാശിക്ഷയിലുള്‍പ്പെട്ടിരിക്കുന്നവരും ഇതിന് അര്‍ഹരല്ല. തല തൊടുന്നവര്‍ക്ക് പ്രായപൂര്‍ത്തിയായിരിക്കണം. ന്യായമായ കാരണങ്ങള്‍ ഉള്ളപ്പോള്‍ പൗരസ്ത്യ അകത്തോലിക്കാ സഭയിലെ ഒരു ക്രൈസ്തവ വിശ്വാസിയെ തലതൊടുന്നയാളുടെ കര്‍ത്തവ്യം അനുഷ്ഠിക്കാന്‍ അനുവദിക്കാവുന്നതാണ്. എന്നാല്‍ എല്ലായ്പ്പോഴും ഇതു തലതൊടുന്ന തിരുസഭാംഗമായ ഒരാളോടൊപ്പമായിരിക്കണം (കാനന്‍ 685).
മാമ്മോദീസ ശിശുക്കള്‍ക്കു നല്കുമ്പോള്‍ അവരുടെ മാതാ പിതാക്കന്മാര്‍ക്കും തലതൊടുന്നവര്‍ക്കും ഈ കൂദാശയുടെ അര്‍ത്ഥത്തെയും അതിനോടനുബന്ധിച്ച് അവര്‍ക്കുള്ള കടമകളെയും കുറിച്ച് ബോധവത്ക്കരണം നല്കണം (കാനന്‍ 686 CCC 1255).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org