മാമ്മോദീസാത്തൊട്ടി

മാമ്മോദീസാത്തൊട്ടി

മാമ്മോദീസാ മുക്കുന്നതിനു ദൈവാലയത്തിലുള്ള സ്ഥലമാണ് മാമ്മോദീസാത്തൊട്ടി.

മാമ്മോദീസാത്തൊട്ടി "സഭയുടെ ഗര്‍ഭപാത്ര"വും "ക്രിസ്ത്യാനിയുടെ കല്ലറ"യുമാണ്. ഒരേ സമയം ജീവന്‍റെ ഉറവിടവും സംസ്ക്കരണത്തിന്‍റെ വേദിയുമായി അത് നിലകൊള്ളുന്നു. മാമ്മോദീസത്തൊട്ടിയിലാണ് സഭാതനയര്‍ ജന്മമെടുക്കുക. അവിടെയാണു ക്രൈസ്തവര്‍ പാപത്തിനു മരിച്ച് സംസ്ക്കരിക്കപ്പെട്ട് പുതുജീവിതത്തിലേക്കു പ്രവേശിക്കുന്നതും. സുറിയാനി സഭാ പിതാവായ മാര്‍ അപ്രേം "ആത്മീയ ഉദര"മായി മാമ്മോദീസാജലത്തെ കാണുന്നു.
"ജലമാകുന്ന കല്ലറയില്‍ പുരോഹിതന്‍ സ്നാനാര്‍ത്ഥിയെ സംസ്ക്കരിച്ച് ദൈവവചനത്തിന്‍റെ അദൃശ്യശക്തിയാല്‍ പുനര്‍ജീവിപ്പിക്കുന്നു. ആത്മീയ ആയുധങ്ങള്‍ ധരിച്ച് മാമ്മോദീസയാകുന്ന ശവക്കല്ലറയുടെ കവാടത്തില്‍ നി ന്നുകൊണ്ട് പുരോഹിതന്‍ മരണത്തിന്‍റെയും ഉത്ഥാനത്തിന്‍റെയും രഹസ്യം അനുഷ്ഠിക്കുന്നു" എന്നു സഭാപിതാവായ നര്‍സേയുടെ വ്യാഖ്യാനത്തില്‍ കാണുന്നു. മാമ്മോദീസാത്തൊട്ടിയിലെ ജലം തീച്ചൂളയ്ക്കു സമമായി തിയഡോര്‍ കാണുന്നു. അവിടെ ചൂളയിലെന്നപോലെ നമ്മെ ഉരുക്കി ശുദ്ധി ചെയ്യുകയും (ഏശ. 1:25) പുതുതായി രൂപീകരിക്കുകയും ചെയ്യുന്നു. ദൈവാലയ കൂദാശാകര്‍മ്മത്തില്‍ മാമ്മോദീസാത്തൊട്ടി റൂശ്മ ചെയ്തുകൊണ്ടു മെത്രാന്‍ പ്രാര്‍ത്ഥിക്കുന്നു: "സ്വര്‍ഗ്ഗരാജ്യത്തിന്‍റെ ആത്മീയസന്താനങ്ങളെ ജനിപ്പിക്കുന്നതിനും സര്‍വ്വശക്തനായ ദൈവത്തിന്‍റെ സ്തുതിക്കുമായി ഈ മാമ്മോദീസാത്തൊട്ടി റൂശ്മ ചെയ്യപ്പെടുന്നു." മാമ്മോദീസാത്തൊട്ടി മിശിഹായുടെ കല്ലറയെയും സൂചിപ്പിക്കുന്നു. ആത്മീയമായും അമര്‍ത്യമായും അഴിവുകൂടാതെയും ശിശുക്കളെ ജനിപ്പിക്കുന്ന ഉദരമാണത്. അതിനുള്ളിലെ ജലത്താലുള്ള സ്നാനാര്‍ത്ഥിയുടെ മാമ്മോദീസ പുനര്‍ജന്മമാണ്. കര്‍ത്താവ് മൂന്നു ദിവസം കല്ലറയ്ക്കുള്ളിലായിരുന്ന രഹസ്യത്തെ സൂചിപ്പിക്കുവാനാണ് 3 പ്രാവശ്യം ജലത്തില്‍ മുക്കുന്നത്. ഭയഭക്തിജനകമായ മാമ്മോദീസ തന്‍റേതല്ല, പിന്നെയോ ഈ രഹസ്യങ്ങള്‍ പരികര്‍മ്മം ചെയ്യാനുള്ള ദാനം, കൃപാവരം വഴി തനിക്കു നല്കപ്പെടുന്നു" എന്നാണ് പുരോഹിതന്‍ പറയുക. കല്ലറയില്‍ നിന്നും സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള കര്‍ത്താവിന്‍റെ ആരോഹണംപോലെ മാമ്മോദീസാത്തൊട്ടിയില്‍ നിന്നുള്ള കരേറ്റം സ്വര്‍ഗ്ഗയാത്രയെ സൂചിപ്പിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org