മണ്ണടിഞ്ഞ സൗധങ്ങള്‍ മായാത്ത സങ്കടങ്ങള്‍

മണ്ണടിഞ്ഞ സൗധങ്ങള്‍ മായാത്ത സങ്കടങ്ങള്‍

സിജോ പൈനാടത്ത്

'കായലോടിണ ചേര്‍ന്നു കൈത്തോടു പാടും മുനമ്പിലെത്തൊടിയില്‍' ഉയര്‍ന്നു നില്‍ക്കുന്നൊരു വീടിനെക്കുറിച്ച് 'വീടുകള്‍' എന്ന കവിതയില്‍ പ്രിയപ്പെട്ട കവി ഓഎന്‍വി കുറുപ്പ് കുറിച്ചുവച്ചിരുന്നു. കാലങ്ങള്‍ക്കിപ്പുറം മരടിലെ കായലോരത്ത് ഒരുകൂട്ടം വീടുകള്‍ മണ്ണായി മാറിയതിന്‍റെ മനസ്സു മരവിക്കുന്ന കാഴ്ചകളിലൂടെ നിശബ്ദം സഞ്ചരിക്കുമ്പോള്‍, വീട് എന്ന സുരക്ഷിതത്വത്തിന്‍റെ ഇടത്തെക്കുറിച്ചുള്ള പൊള്ളുന്ന ചിന്തകള്‍ കൂടിയാണു മനസ്സില്‍!

എല്ലാവരും നോക്കി നില്‍ക്കേ ഒരു കണ്ണീര്‍ക്കണം പോലെ നേരെ താഴേയ്ക്ക്!

അഞ്ചു വര്‍ഷത്തിലധികമെടുത്തു നിര്‍മ്മിച്ച കെട്ടിടസമുച്ചയം അഞ്ചു സെക്കന്‍ഡുകള്‍ കൊണ്ടു മണ്ണടിയുന്നതു കേരളവും ലോകവും നോക്കി നിന്നു. പരമോന്നത കോടതിയുടെ വിധി കൃത്യമായി നടപ്പാക്കുകയായിരുന്നെങ്കിലും, ആ പതനം പലരുടെയും കണ്ണുകളില്‍ കണ്ണുനീര്‍ വീഴ്ത്തിയിട്ടുണ്ട്.

ചരിത്രവിധി നടപ്പാക്കുന്നത് ഒപ്പിയെടുത്ത കാമറക്കണ്ണുകള്‍ക്കും ത്രില്ലര്‍ സിനിമയുടെ ക്ലൈമാക്സു പോലെ നാലു കൂറ്റന്‍ കെട്ടിടങ്ങള്‍ നിമിഷനേരങ്ങള്‍ കൊണ്ടു തകര്‍ന്നടിയുന്നതുകണ്ട് ആഘോഷിക്കാനെത്തിയവര്‍ക്കും, പാടില്ലെന്നു പറഞ്ഞിടത്തും ശുചിമുറിയിലും കാമറകളൊളിപ്പിച്ചു തത്സമയ സംപ്രേഷണമെന്ന മഹാമാധ്യമധര്‍മം മത്സരിച്ചു നിര്‍വഹിച്ച ടെലിവിഷന്‍ ചാനലുകള്‍ക്കും അതിലേക്കു കണ്ണും നട്ടു കാത്തിരുന്നവര്‍ക്കും, കലങ്ങിയ കണ്ണുകളുടെ ഭാഷ വായിച്ചെടുക്കാനായോ എന്നറിയില്ല.

നിയമം ലംഘിച്ചു നിര്‍മിച്ച നാലു കെട്ടിടസമുച്ചയങ്ങള്‍ നിയമപരമായി തകര്‍ത്തു എന്ന ഒറ്റവാചകത്തിലാകും, മരടില്‍ സംഭവിച്ച കാര്യങ്ങളെ നാളെ കാലം വായിച്ചെടുക്കുക. അതിനുമപ്പുറം നിയമലംഘനമറിയാതെ അവിടെയെത്തപ്പെട്ടു വര്‍ഷങ്ങളോളം താമസിച്ചു പെട്ടെന്നൊരു ദിനം പടിയിറങ്ങിപ്പോകേണ്ടിവന്നവരുടെ ആകുലതകള്‍, നിയമലംഘനത്തില്‍ ആരായിരുന്നു കൂടുതല്‍ കുറ്റക്കാര്‍? കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടോ? നിയമങ്ങള്‍ പാലിച്ചാണോ മറ്റെല്ലായിടത്തും ഫ്ളാറ്റുകള്‍ കെട്ടിപ്പൊക്കിയത്…. ഇത്യാദി ചോദ്യങ്ങള്‍ക്കെല്ലാം മരടിന്‍റെ വാര്‍ത്തയാഘോഷ ദിനങ്ങള്‍ക്കപ്പുറം ആയുസുണ്ടാവാനിടയില്ല.

മരടിലെ തെറ്റ്
തീരദേശ പരിപാലന നിയമം (സിആര്‍ഇസഡ്) ലംഘിച്ചു നടത്തിയ നിര്‍മാണമെന്ന സുപ്രീം കോടതിയുടെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണു മാസങ്ങള്‍ നീണ്ട ആസൂത്രണങ്ങള്‍ക്കും ഒരുക്കങ്ങള്‍ക്കും ഒപ്പം നിയമപോരാട്ടങ്ങള്‍ക്കുമൊടുവില്‍ മരടിലെ നാലു ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കിയത്.

സിആര്‍ഇസഡ് പരിധിയില്‍ വരുന്ന ഏതു നിര്‍മാണത്തിനും കോസ്റ്റല്‍ സോണ്‍ മാനേജ്മെന്‍റ് അഥോറിറ്റിയുടെ അനുമതി വേണമെന്ന ചട്ടവും മരടില്‍ പാലിക്കപ്പെട്ടില്ല. നിര്‍മാണം പാടില്ലാത്ത മേഖലയിലായിരുന്നു മരടിലെ ഫ്ളാറ്റുകള്‍ നിര്‍മിച്ചത്. ഇക്കാര്യം നിര്‍മാണത്തിന്‍റെ പല ഘട്ടങ്ങളില്‍ ചോദ്യം ചെയ്യപ്പെട്ടെങ്കിലും ഹൈക്കോടതിയില്‍ നിന്നുള്ള ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു.

നിയമങ്ങള്‍ പാലിക്കാതെയാണു നാലു ഫ്ളാറ്റുകളും നിര്‍മിച്ചതെന്ന പരാതിക്കാരുടെ ആക്ഷേപം സുപ്രീംകോടതിയില്‍ കേസു പരിഗണിച്ച ജസ്റ്റീസ് അരുണ്‍ മിശ്ര ശരിവയ്ക്കുകയായിരുന്നു.

പൊടിയായതു 117 കോടി
രണ്ടു ദിവസങ്ങളിലായി 32 സെക്കന്‍ഡുകള്‍ കൊണ്ടാണു നാലു ഫ്ളാറ്റുകള്‍ നിലംപരിശായത്. പടിയിറങ്ങിയത് 346 കുടുംബങ്ങള്‍; വൃദ്ധരും കുട്ടികളുമടക്കം 1200 ഓളം പേര്‍…!

നാലു ഫ്ളാറ്റുകള്‍ക്കുമായി കണക്കാക്കിയ മൂല്യം 114 കോടി രൂപയാണ്. നാലും പൊളിക്കാന്‍ ചുമതലപ്പെടുത്തിയ സ്വകാര്യ കമ്പനിക്കു നല്‍കിയത് 2.32 കോടി. ഉദ്യോഗസ്ഥരെയും പോലീസ് സന്നാഹത്തെയും അനുബന്ധ സൗകര്യങ്ങളും ക്രമപ്പെടുത്താന്‍ വേറെ തുക ചെലവഴിച്ചിട്ടുണ്ട്.

ഫ്ളാറ്റുകള്‍ ഒഴിയേണ്ടിവന്ന താമസക്കാര്‍ക്കു നഷ്ടപരിഹാരമായി ഇതുവരെ നല്‍കിയത് 58 കോടി രൂപയാണ്. ഇനി കൊടുക്കാന്‍ ബാക്കിയുണ്ട്. എല്ലാം പൂര്‍ത്തിയാകുമ്പോള്‍ മരടിലെ നാലു ഫ്ളാറ്റുകളുടെ ഇനത്തില്‍ സര്‍ക്കാരിനു കിട്ടിയതു കോണ്‍ക്രീറ്റ് മാലിന്യങ്ങള്‍ നീക്കാന്‍ കരാരെടുത്തവര്‍ നല്‍കുന്ന 35 ലക്ഷം രൂപ മാത്രമാണ്! തുടര്‍ന്നുണ്ടായേക്കാവുന്ന നിയമ വ്യവഹാരങ്ങള്‍ക്കും സര്‍ക്കാരിനു സാമ്പത്തികം കണ്ടെത്തേണ്ടിവരും.

തകര്‍ന്നതു സ്വപ്നങ്ങളും
നഗരജീവിതം കൊതിച്ചു കൊച്ചിയിലെത്തിയ അനേകം പേരുടെ ജീവിതസ്വപ്നങ്ങള്‍ കൂടിയാണു ഫ്ളാറ്റുകളുടെ ചരമഗീതത്തോടെ തകര്‍ന്നത്. ഫ്ളാറ്റുകളില്‍ താമസിക്കുന്നവരല്ലെ, പണക്കാരല്ലെ, അവര്‍ക്കൊക്കെ ഇതു പോയാല്‍ വേറെ… എന്നു പറ്ഞ്ഞു സഹതാപം പോലും വേണ്ടെന്നു വയ്ക്കുന്നവരെ കണ്ടിട്ടുണ്ട്. പല ജീവിതങ്ങളുടെയും യാഥാര്‍ഥ്യങ്ങളിലേക്കിറങ്ങുമ്പോള്‍, ഈ സമാന്യവത്കരണം ശരിയല്ലെന്നു ബോധ്യമാവും.

ആല്‍ഫ സെറിന്‍ ഫ്ളാറ്റിലായിരുന്നു വാഴൂര്‍ സ്വദേശി അലക്സ് ജോസഫ് താമസിച്ചിരുന്നത്. 20 വര്‍ഷം ദുബായിലും അഞ്ചു വര്‍ഷം ബംഗളൂരുവിലും ജോലി ചെയ്തു സ്വരുക്കൂട്ടി പണംകൊണ്ടു മരടില്‍ അപ്പാര്‍ട്ട്മെന്‍റു വാങ്ങി. 2006 ലാണു ബാങ്കു വായ്പയെടുത്തു ഫ്ളാറ്റ് വാങ്ങിയത്. 12 വര്‍ഷം കൊണ്ടാണു വായ്പ അടച്ചുതീര്‍ത്തത്. ഇപ്പോള്‍ വയസ് 67. തനിക്കിനി മറ്റൊരു കിടപ്പാടം തേടുക അത്ര എളുപ്പമല്ലെന്നു പറയുമ്പോള്‍ അലക്സ് ജോസഫിന്‍റെ വാക്കുകള്‍ ഇടറിപ്പോകുന്നുണ്ടായിരുന്നു.

എച്ച്ടുഒ ഫ്ളാറ്റില്‍ നിന്നിറങ്ങിയവരില്‍ മൂന്നു കാന്‍സര്‍ രോഗികളുണ്ടായിരുന്നു. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ മറ്റൊരാളും. റെസിഡന്‍റ്സ് അസോസിയേഷന്‍റെ ചെലവില്‍ ചികിത്സയും മരുന്നിന്‍റെ ആവശ്യങ്ങളും നിര്‍വഹിച്ചു വന്ന രോഗികളുമുണ്ടായിരുന്നു ഈ ഫ്ളാറ്റില്‍ താമസിച്ചുവന്നവരില്‍. ഫ്ളാറ്റുകളില്‍ താമസിച്ച കോടീശ്വരന്മാര്‍ക്കു പണികിട്ടിയെന്നു പരിഹസിച്ചു നിര്‍വൃതിയടയുന്നവരുണ്ടെങ്കില്‍, ഇത്തരം ദുരിതജീവിതങ്ങള്‍ കൂടിയാണ് എങ്ങോട്ടെന്നില്ലാതെ പടിയിറങ്ങിയത് എന്നുകൂടി ഓര്‍ക്കുന്നതു മനുഷ്യത്വപരമാകും.

നിയമലംഘകര്‍ എവിടെ?
നിയമം പാലിച്ചു കാര്യങ്ങള്‍ നടത്തുന്നതിനേക്കാള്‍ നിയമം ലംഘിച്ചു കാര്യങ്ങള്‍ നേടിയെടുക്കുന്നതാണു കേമം എന്നു ധരിച്ചുവശായവരുടെ പ്രതിനിധികളാണ് മരട് കണ്ട ദുരന്തത്തിനു യഥാര്‍ഥ ഉത്തരവാദികള്‍.

കൈമടക്കില്‍, സ്വാധീനത്തില്‍ ഏതു നിയമത്തെയും വരുതിയിലാക്കാമെന്നു ധരിക്കുന്നവര്‍ മരടിലെ ഫ്ളാറ്റു നിര്‍മാതാക്കളോ, അവര്‍ക്കു കുട പിടിച്ചവരോ മാത്രമല്ല. നമുക്കു ചുറ്റും നിരന്തരം അവരുണ്ട്. നിശബ്ദമായെങ്കിലും അവര്‍ക്കു വീര, ധീര, താര പരിവേഷങ്ങള്‍ ചാര്‍ത്തിക്കൊടുക്കുന്ന വ്യവസ്ഥിതി ഇവിടെയുണ്ടുതാനും. ഇക്കൂട്ടരുടെ അഹങ്കാരത്തിന്‍റെ ഉയരങ്ങള്‍ കൂടിയാണു സെക്കന്‍ഡുകള്‍ കൊണ്ടു നിലംപരിശായത്.

മരട് പാഠമാകുമോ എന്നതാണ് ഇനി ഉയരുന്ന ചോദ്യം. മരടിലെ പാഠപുസ്തകം കൃത്യമായി നോക്കിപ്പടിച്ചു നിയമത്തിന്‍റെ ചാട്ടവാറുമായി ജാഗ്രതയുള്ള നീതിദേവത ഇവിടെ എപ്പോഴും ഉണര്‍ന്നിരിക്കണമെന്നു സമൂഹം ആഗ്രഹിക്കുന്നുണ്ട്. അത്തരമൊരു ആഗ്രഹം വൃഥാവിലാണെന്ന നിരാശയുടെ ചരിത്രപാഠങ്ങള്‍ക്കും വേണം ഒരു തിരുത്ത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org