മനോഭാവങ്ങളെ ക്രിയാത്മകമാക്കാം

മനോഭാവങ്ങളെ ക്രിയാത്മകമാക്കാം

ഒരു റോക്കറ്റിന്‍റെയോ വിമാനത്തിന്‍റെയോ അഗ്രം കൂര്‍ത്തിരിക്കുന്നത് അതിന്‍റെ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തെ ത്വരിതപ്പെടുത്തുകയും ഉറപ്പാക്കുകയും ചെയ്യുന്നതു പോലെ, ഒരു വാഹനത്തില്‍ പെട്രോളോ ഡീസലോ ഇന്ധനമായി പ്രവര്‍ത്തിച്ച് അതിന്‍റെ യന്ത്രഭാഗത്തെ പ്രവര്‍ത്തിപ്പിക്കുന്നതുപോലെ നല്ല മനോഭാവം നമ്മെ മുന്നോട്ട് തള്ളിവിടുന്നു.

ജീവിതത്തില്‍ മനോഭാവം വളരെ പ്രധാനമാണ്. നാം എന്തു ചിന്തിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുവോ അതായിത്തീരുമെന്ന് ഉറപ്പാണ്. നമ്മുടെ വിജയം വലിയൊരളവുവരെ നമ്മുടെ മനോഭാവത്തെ ആശ്രയിച്ചിരിക്കുന്നു. ജീവിതവിജയം നേടുന്നവരില്‍ 85 ശതമാനവും അത് സംഭവിക്കുന്നത് അവരുടെ മനോഭാവം നല്ലതായിരിക്കുന്നതു കൊണ്ടാണ്. വിജയത്തിന്‍റെ അടിസ്ഥാനം മനോഭാവമാണ്. നമ്മുടെ ജീവിതത്തോടും പഠനത്തോടും ജോലിയോടും മറ്റുള്ളവരോടും സമൂഹത്തോടുമെല്ലാം ഉള്ള മനോഭാവം ക്രിയാത്മകമായിരിക്കണം.

നമ്മുടെ അനുഭവങ്ങളും ജീവിത സാഹചര്യങ്ങളും മാധ്യമങ്ങളും സംസ്കാരവും കൂട്ടുകാരും അധ്യാപകരും മാതാപിതാക്കളുമെല്ലാം നമ്മുടെ മനോഭാവം രൂപീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. നമ്മുടെ മനോഭാവം ക്രിയാത്മകമാകാം. നിഷേധാത്മകമാകാം. നമുക്ക് ആവശ്യം ക്രിയാത്മകമായ ഒരു മനോഭാവമാണ്.

ചെറുപ്പത്തിലേ നല്ല മനോഭാവം രൂപീകരിക്കപ്പെടുന്നതാണ് ഏറ്റവും നല്ലത്. അത് ജീവിതകാലം മുഴുവന്‍ നിലനില്‍ക്കും. ചെറുപ്പത്തില്‍ നിഷേധാത്മക മനോഭാവം രൂപപ്പെട്ടു പോയാലും നിരാശപ്പെടേണ്ടതില്ല. മനുഷ്യന് ശരിയായ പരിശീലനത്തിലൂടെ മാറാനും മാറ്റാനും കഴിയും.

ക്രിയാത്മക മനോഭാവം നമ്മെ നല്ല വ്യക്തിത്വത്തിന്‍റെ ഉടമകളാക്കുന്നു. ഊര്‍ജസ്വലരാക്കുന്നു. ജീവിതം ആസ്വാദ്യകരമാക്കുന്നു. നമ്മുടെ ചുറ്റുമുള്ളവരെ പ്രചോദിപ്പിക്കുന്നു. രാജ്യത്തിനും സമൂഹത്തിനും എന്തെങ്കിലും നല്‍കുന്നവരാക്കുന്നു.

ഏത് സാഹചര്യത്തെയും ക്രിയാത്മകമായ മനോഭാവമുണ്ടെങ്കില്‍ നേരിടാന്‍ കഴിയും.

വലിയൊരു മൈതാനം, മണ്ടപിളര്‍ക്കുന്ന വെയിലിന്‍റെ ചൂടില്‍ തൊഴിലാളികള്‍ കല്ലു ചുമന്നു പോകുന്നു. ഒരു ദേവാലയത്തിന്‍റെ പണിനടക്കുകയാണവിടെ.

ഒരു സന്യാസിവര്യന്‍ ഒരാളെ അടുത്തുവിളിച്ചു ചോദിച്ചു:

"നീ എന്താണ് ചെയ്യുന്നത്?"

"കണ്ടാലറിഞ്ഞുകൂടേ? കല്ലു ചുമക്കുകയാണ്."

ഇതേ ചോദ്യം സന്യാസി മറ്റൊരു പണിക്കാരനോട് ചോദിച്ചു?

"ഞാന്‍ എന്‍റെ കുടുംബത്തിന് ഭക്ഷണത്തിനുള്ള വകതേടുകയാണ്."

മൂന്നാമന്‍ പറഞ്ഞു:

"ഞാന്‍ ഈശ്വരന് ക്ഷേത്രം പണിയുന്ന പുണ്യകര്‍മ്മത്തിലാണ്."

ഒരേ ജോലി ചെയ്യുന്ന മൂന്നുപേരില്‍ ഒന്നാമന് അത് അര്‍ത്ഥശൂന്യമാണ്. രണ്ടാമന് വെറും ജീവിതമാര്‍ഗ്ഗമാണ്. മൂന്നാമനത് മഹത്കര്‍മ്മവും.

മനോഭാവങ്ങളിലുള്ള വ്യത്യാസം കണ്ടോ?

ക്രിയാത്മക മനോഭാവം രൂപപ്പെടുത്താനുള്ള മാര്‍ഗ്ഗങ്ങള്‍:
* നല്ലത് അന്വേഷിക്കുന്നവരാകുക.
* അന്നന്ന് ചെയ്യേണ്ട കാര്യങ്ങള്‍ അന്നന്ന് ചെയ്യുക.
* നന്ദിയുടെ മനോഭാവം വളര്‍ത്തുക.
* വായനയിലൂടെയും മറ്റും തുടര്‍ വിദ്യാഭ്യാസം.
* ക്രിയാത്മക ആത്മാഭിമാനം.
* ചീത്ത സാഹചര്യങ്ങളില്‍ നിന്ന് അകലുക.
* ചെയ്യേണ്ട കാര്യങ്ങളെ ഇഷ്ടപ്പെടാന്‍ പഠിക്കുക.
* ഓരോ ദിവസവും ക്രിയാത്മകമായി തുടങ്ങുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org