മന്ത്രകോടി

മന്ത്രകോടി

ഭാരതീയ സംസ്കാര പശ്ചാത്തലത്തില്‍നിന്നും ക്രൈസ്തവ വിവാഹാഘോഷത്തിലേക്കു കടന്നുവന്ന മറ്റൊരു പ്രതീകമാണു പുടവ അണിയിക്കുന്ന കര്‍മ്മം. പുടവ അഥവാ മന്ത്രകോടി ആശീര്‍വദിക്കുന്ന പ്രാര്‍ത്ഥന തന്നെ അതിന്‍റെ അര്‍ത്ഥം വ്യക്തമാക്കുന്നു.

കൃപാവരത്തിന്‍റെ അനശ്വരവസ്ത്രത്താല്‍ മനുഷ്യാത്മാവിനെ അലങ്കരിക്കുന്ന കര്‍ത്താവിനെ വിളിച്ചാണ് ഇവിടെ പ്രാര്‍ത്ഥിക്കുക. വരന്‍ വധുവിനെ അണിയിക്കുന്ന മന്ത്രകോടി, മിശിഹാ തന്‍റെ കൃപാവരത്താല്‍ മനുഷ്യരെ ആശീര്‍വദിക്കുന്നതിന്‍റെ സൂചന നല്കുന്നുണ്ട്.

പൂര്‍ണമായ ആത്മസമര്‍പ്പണത്തിന്‍റെയും പരസ്പരസ്നേഹത്തിന്‍റെയും പ്രതീകമാണ് ഈ കര്‍മ്മം.

വധുവിനു നല്കുന്ന പുടവയോടൊപ്പം വരന്‍ തന്നെത്തന്നെ അവള്‍ക്കായി സമര്‍പ്പിക്കുന്നു. വരന്‍ സമ്മാനിക്കുന്ന മന്ത്രകോടി സ്വീകരിക്കുന്ന വധു സ്വയം വരനു വിട്ടുകൊടുക്കുകയാണു ചെയ്യുന്നത്. ഭാര്യയുടെ സംരക്ഷണം ഇവിടെ ഭര്‍ത്താവ് ഏറ്റെടുക്കുന്നു. ഭാര്യ ഭര്‍ത്താവിനോടു സ്നേഹത്തില്‍ ഒന്നായിത്തീരുന്നു.

ഇപ്രകാരം ഭാര്യാഭര്‍ത്താക്കന്മാര്‍ സമര്‍പ്പിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതുവഴി അവര്‍ മിശിഹായെ ധരിക്കുകയാണ്. വിശുദ്ധമായ വസ്ത്രം നല്കുകയും സ്വീകരിക്കുകയും ചെയ്യുന്ന അവര്‍ നിഷ്കളങ്ക ജീവിതം നയിക്കുന്നതിനുള്ള പ്രഖ്യാപനം നടത്തുന്നു. വിവാഹജീവിതത്തില്‍ നിഷ്കളങ്കമായി ജീവിക്കുന്നതുവഴി സ്വര്‍ഗത്തില്‍ മഹത്ത്വത്തിന്‍റെ വസ്ത്രമണിയുവാന്‍ അവര്‍ പ്രാപ്തരാവുകയും ചെയ്യുന്നു. മണവാട്ടിയെ വിശിഷ്ട വസ്ത്രവിഭൂഷിതയായിട്ടാണു വെളിപാടു ഗ്രന്ഥം വിവരിക്കുന്നത്. വെളി. 19:5 മുതലുള്ള വാക്യങ്ങളും 21:9 മുതലുള്ള ഭാഗത്തും ഇപ്രകാരം ലഭിക്കുന്ന വസ്ത്രം ഒരു ഭാഗ്യമായിട്ടാണു കാണുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org