പുതിയ നിയമ കയ്യെഴുത്തു പ്രതികള്‍

പുതിയ നിയമ കയ്യെഴുത്തു പ്രതികള്‍

"പുതിയ നിയമപാഠ ഗവേഷണ കേന്ദ്ര"ത്തിന്‍റെ (മ്യൂണ്‍സ്റ്റര്‍, ജര്‍മ്മനി) 1989-ലെ കണക്കനുസരിച്ച് പുതിയ നിയമത്തിന്‍റെ ഇന്നുള്ള കയ്യെഴുത്തു പ്രതികളുടെ എണ്ണം ഇപ്രകാരമാണ്. പപ്പിറസ് – 96, വലിയക്ഷരികള്‍ – 299, ചെറിയക്ഷരികള്‍ – 2812, വേദപാഠകങ്ങള്‍ – 2281.

നൈല്‍ നദീതീരത്തു സമൃദ്ധമായി വളരുന്ന പപ്പീറസ് ചെടിയുടെ തണ്ടുകള്‍ സംസ്ക്കരിച്ച് ഉണ്ടാക്കുന്ന പപ്പീറസ് കടലാസുകളിലാണ് പുതിയ നിയമത്തിന്‍റെ ഏറ്റവും പഴയ കയ്യെഴുത്തുപ്രതികള്‍ ഉള്ളത്. നാലാം നൂറ്റാണ്ടിന്‍റെ ആരംഭവര്‍ഷങ്ങളില്‍ ഉള്ള ഹസ്തലിഖിതങ്ങള്‍ വരെ കിട്ടിയിട്ടുണ്ട്. പപ്പീറസിലുള്ള ഹസ്തലിഖിതങ്ങള്‍ അന്നു പതിവുള്ളതുപോലെ ചുരുളുകളായല്ല സൂക്ഷിച്ചിരുന്നത്. താളുകള്‍ ഒരു പുസ്തകത്തിലെപ്പോലെ കുത്തിക്കെട്ടി ക്രമപ്പെടുത്തിയ പപ്പീറസ് കയ്യെഴുത്തു പ്രതികള്‍ക്ക് കോഡെക്സ് (Codex) എന്നാണു പേര്. പുതിയ നിയമത്തിന്‍റെ പപ്പീറസ് കയ്യെഴുത്തു പ്രതികളെല്ലാം വലിയക്ഷരികളാണ്. (majuscules / uncials). അതായത് ഗ്രീക്ക് അക്ഷരമാലയിലെ വലിയക്ഷരങ്ങള്‍ (Capital Letters) ഉപയോഗിച്ച് എഴുതിയവ. വാക്കുകള്‍ക്കും വാക്യങ്ങള്‍ക്കും തമ്മില്‍ ഇട (space) നല്കാതെ തുടര്‍ച്ചയായി എഴുതുന്ന ശൈലിയാണ് അവയിലുള്ളത്.

നാലാം നൂറ്റാണ്ടു മുതല്‍ പുതിയൊരു മാധ്യമത്തില്‍ എഴുതാമെന്ന് കണ്ടുപിടിച്ചു. ചെമ്മരിയാട്, കോലാട്, കന്നുകാലി എന്നിവയുടെ തൊലി ഇവ ഏറെക്കാലം ഈടുനില്‍ക്കുന്നവയാണ്. തോല്‍ക്കടലാസില്‍ (parchments) എഴുതപ്പെട്ട കയ്യെഴുത്തു പ്രതികളും വലിയക്ഷരികളാണ്. പപ്പീറസിനെ അപേക്ഷിച്ച് തോല്‍ക്കടലാസ്സിന് കൂടുതല്‍ ആയുസ്സുണ്ട്. പപ്പീറസ്സില്‍ എഴുതപ്പെട്ടവയുടെ ശകലങ്ങള്‍ (fragments) മാത്രമേ ഇന്നു ലഭ്യമായിട്ടുള്ളൂ. പുതിയ നിയമത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട കയ്യെഴുത്തു പ്രതികളെല്ലാം തോല്‍ക്കടലാസില്‍ എഴുതപ്പെട്ടവയാണ്.

ഒമ്പതാം നൂറ്റാണ്ടു മുതലാണ് ചെറിയക്ഷരികള്‍ പ്രചാരത്തില്‍ വന്നത്. 11-ാം നൂറ്റാണ്ടിനു ശേഷം വലിയക്ഷരികള്‍ എഴുതപ്പെട്ടിട്ടേ ഇല്ല. വാക്കുകള്‍ക്കും വാക്യങ്ങള്‍ക്കുമിടയില്‍ സ്ഥലമിട്ടെഴുതിയതു കൊണ്ട് വായന എളുപ്പമാകുകയും ചെയ്തു. വേദപാഠകമാണ് (lectionary) ശ്രദ്ധേയമായ മറ്റൊരുഗണം കയ്യെഴുത്തു പ്രതികള്‍. ആരാധനാക്രമത്തില്‍ വായിക്കുന്നതിനുവേണ്ടി തെരഞ്ഞെടുത്ത വേദപുസ്തക ഭാഗങ്ങള്‍ മാത്രമാണ് വേദപാഠകങ്ങളില്‍ സമാഹരിച്ചിട്ടുള്ളത്. അഞ്ചാം നൂറ്റാണ്ടുവരെ പഴക്കമുള്ള വേദപാഠകശകലങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും മധ്യശതകങ്ങളില്‍ നിന്നുള്ളവയാണ് കൂടുതലും.

തോല്‍ക്കടലാസില്‍ എഴുതപ്പെട്ടവ മായിച്ചുകളഞ്ഞ് പുതുതായി മറ്റൊന്ന് എഴുതിയിട്ടുള്ള കയ്യെഴുത്തു പ്രതികള്‍ക്ക് പുനര്‍ലിഖിത രേഖ (palimpsest) എന്നാണു പേര്. നൂതനമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് (നഗ്നനേത്രങ്ങള്‍ക്ക് അദൃശ്യമായ) ആദ്യമെഴുതിയ ലിഖിതങ്ങള്‍ വീണ്ടും വായിക്കാന്‍ സാധിക്കും. 12-13 നൂറ്റാണ്ടുകളോടെ തോല്‍ക്കടലാസുകളെ തള്ളിമാറ്റി വൃക്ഷലതാദികളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന കടലാസ് (paper) നിലവില്‍ വന്നു. (പപ്പീറസ് എന്ന പദത്തില്‍ നിന്നാണ് പേപ്പര്‍ എന്ന പദമുണ്ടാകുന്നത്). ശാസ്ത്രലോകത്ത് ഓരോ കയ്യെഴുത്തു പ്രതിക്കും പ്രത്യേകമായ അടയാളമുണ്ട്. പപ്പീറസ് പ്രതികള്‍ക്ക് 'പി' എന്ന അക്ഷരത്തിനു ശേഷം വലതുവശത്ത് ഉയര്‍ത്തി നമ്പര്‍ കൊടുക്കുന്നു. വലിയക്ഷരികള്‍ക്ക് 01,02 എന്നീ ക്രമത്തില്‍ നമ്പര്‍ ഉള്ളതിനു പുറമേ ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷരങ്ങളും ഉപയോഗിക്കുന്നു. ചെറിയക്ഷരികള്‍ക്ക് അറബിക്ക് നമ്പറുകള്‍ ഒന്നുമുതല്‍ ക്രമമായി നല്കിയിരിക്കുകയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org