മാര്‍ വര്‍ക്കി വിതയത്തില്‍: നന്മകള്‍ നിറഞ്ഞ നല്ലിടയന്‍

മാര്‍ വര്‍ക്കി വിതയത്തില്‍: നന്മകള്‍ നിറഞ്ഞ നല്ലിടയന്‍

ലാളിത്യത്തിന്‍റെ സുവിശേഷവുമായി നമ്മെ നയിച്ച മാര്‍ വര്‍ക്കി വിതയത്തില്‍
പിതാവിന്‍റെ വിയോഗത്തിന് ഏപ്രില്‍ 1-ന്, ഒമ്പതാണ്ട്.


ഫാ. ബിജു പെരുമായന്‍

ചാന്‍സലര്‍, എറണാകുളം
അങ്കമാലി അതിരൂപത

അഭിവന്ദ്യ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ പിതാവിന്‍റെ സെക്രട്ടറിയായി നാലു വര്‍ഷവും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എന്ന വിധത്തില്‍ ഒരു വര്‍ഷവും പിതാവിനോടു ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ കാലഘട്ടം ജീവിതത്തിലെ മനോഹരവും അനുഗ്രഹദായകവുമായ സമയമായിരുന്നു. ഈ കാലയളവ് പിതൃസഹജമായ വാത്സല്യം അനുഭവിക്കാന്‍ സാധിച്ച നാളുകളായിരുന്നു. എന്‍റെ വൈദിക വ്യക്തിത്വം രൂപപ്പെടുത്തിയതില്‍ പിതാവിന്‍റെ സ്വാധീനം വളരെ വലുതാണ്.

നാം ഒരു വ്യക്തിയുടെ മഹത്വം മനസ്സിലാക്കുന്നത് ആ വ്യക്തി കൂടെയുള്ളവരുമായി ഇടപെടുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. വൈദികരായാലും സ്റ്റാഫംഗങ്ങളായാലും എല്ലാവരോടും വളരെ കുലീനമായിട്ടാണ് വിതയത്തില്‍ പിതാവ് ഇടപെട്ടിരുന്നത്. കുലീനതയാണ് പിതാവിന്‍റെ മുഖമുദ്ര. ജഡ്ജിയായ അപ്പനില്‍നിന്നും കിട്ടിയ നീതിബോധത്തിന്‍റെ ജീവിതപാഠങ്ങള്‍ അവസാനശ്വാസംവരെ പിതാവ് തന്‍റെ ബന്ധങ്ങളില്‍ സൂക്ഷിച്ചിരുന്നു. അമ്മയില്‍നിന്നാണ് പ്രാര്‍ത്ഥനയുടേയും ആര്‍ദ്രതയുടേയും അനുഭവപാഠങ്ങള്‍ പിതാവ് ഉള്‍ക്കൊണ്ടത്. അമ്മയെപ്പറ്റി പറയുമ്പോഴൊക്കെ, മീന്‍ വില്‍ക്കാന്‍ വരുന്ന സ്ത്രീയോട് മീന്‍ വാങ്ങാം പക്ഷേ നീ എന്‍റെ കൂടെ ഒരു കൊന്ത ചൊല്ലണമെന്ന് പറയത്തക്ക നിഷ്ക്കളങ്ക ഭക്തിയും സ്നേഹവും അമ്മ സൂക്ഷിച്ചിരുന്നത് പിതാവ് സൂചിപ്പിക്കാറുണ്ട്. കരുതലിന്‍റെ സ്നേഹവഴികള്‍ പലരീതിയില്‍ ദൈവജനത്തിന് നല്‍കാന്‍ ജീവിതകാലം മുഴുവന്‍ പിതാവ് ശ്രമിച്ചിരുന്നു. എവിടെ യാത്ര പോയാലും തിരിച്ചെത്തുമ്പോള്‍ അരമനയിലുള്ള കൊച്ചു പിതാക്കന്മാര്‍ക്കും വൈദികര്‍ക്കും സിസ്റ്റേഴ്സിനും ജോലിക്കാരടക്കം എല്ലാവര്‍ക്കും എന്തെങ്കിലും ചെറിയ സമ്മാനങ്ങള്‍ പിതാവ് കൊണ്ടുവരുമായിരുന്നു. ഓഫീസിലെ ജോലികള്‍ ചെയ്തു മടുത്തിരിക്കുകയാണെന്നു തോന്നുമ്പോള്‍ 'അച്ചന്‍ പുറത്തുപോയി ഒരു മസാല ദോശ കഴിച്ചു വാ' എന്നൊക്കെ പറഞ്ഞ് പൈസ എടുത്തു തരുമായിരുന്നു.

മനസ്സിന്‍റെ വലിയ സ്വാതന്ത്ര്യം അനുഭവിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ആര്‍ക്കും അദ്ദേഹത്തിന്‍റെ മുന്നില്‍ ശിരസ്സുയര്‍ത്തി നില്‍ക്കാമായിരുന്നു. എന്ത് അഭിപ്രായവും പറയാം, വിമര്‍ശിക്കാം, തമാശകള്‍ പറയാം. ആശയപരമായി വ്യത്യസ്ത നിലപാടുകളുള്ളവരോട് പിതാവ് പുലര്‍ത്തിയിരുന്ന സൗഹൃദത്തിന്‍റെ പേരിലായിരുന്നു പിതാവ് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നത.് വിമര്‍ശനങ്ങളേയും പരിഹാസങ്ങളേയും ഒരു സന്ന്യാസിയുടെ നിര്‍മമത്വംകൊണ്ട് കീഴടക്കാന്‍ പിതാവിനായിട്ടുണ്ട്.

സന്യാസജീവിതത്തിന്‍റെ ആത്മീയചിട്ടകള്‍ വളരെ കാര്‍ക്കശ്യത്തോടെ പുലര്‍ത്തി പോന്ന അദ്ദേഹം പ്രാര്‍ത്ഥനാ ജീവിതത്തിലും സാമൂഹ്യജീവിതത്തിലും ആ നിഷ്കര്‍ഷ പാലിച്ചിരുന്നു. അരമന ചാപ്പലിലെ പ്രാര്‍ത്ഥനയില്‍ മുടക്കം കൂടാതെ പിതാവു പങ്കെടുത്തിരുന്നു. അരമനയിലെ വൈദികരുടെ അടുത്തായിരുന്നു പിതാവ് കുമ്പസാരം നടത്തിയിരുന്നത്. കുമ്പസാരക്കാരന്‍റെ മുറിയിലേക്കു ചെന്ന് വളരെ നിഷ്ഠയോടെ എല്ലാ രണ്ടാഴ്ച കൂടുമ്പോഴും അദ്ദേഹം കുമ്പസാരിച്ചിരുന്നു. സന്യാസജീവിതത്തിലെ ദാരിദ്ര്യാ രൂപിയുടെ പ്രത്യേകത കൊണ്ടാകണം വളരെ ചിട്ടയോടെയാണ് പിതാവ് പണം ചെലവഴിച്ചിരുന്നത്. എത്രത്തോളം കുറച്ചു ചെലവാക്കാമോ അത്രയും കുറച്ചാണ് ചെലവാക്കിയിരുന്നത്. ഈ അച്ചടക്കം അദ്ദേഹത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ദൃശ്യമായിരുന്നു.

ബന്ധങ്ങളിലൂടെയുള്ള സുവിശേഷവത്കരണത്തിന്‍റെ വ്യക്തിത്വമായിരുന്നു വര്‍ക്കി വിതയത്തില്‍ പിതാവിന്‍റേത്. തന്നെ കാണാന്‍ വരുന്നവര്‍ക്കും താനുമായി ഇടപഴകുന്നവര്‍ക്കും നല്ല ഓര്‍മ്മകള്‍ സമ്മാനിക്കാന്‍ തക്കവിധം വിശേഷപ്പെട്ട വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്‍റേത്. ആരുമായി ഇടപെട്ടാലും അവരില്‍ നന്മയുടെ ഓര്‍മ്മകള്‍ അവശേഷിപ്പിക്കുന്ന വിശുദ്ധി നിറഞ്ഞ ജീവിതമായിരുന്നു പിതാവിന്‍റേത്. അച്ചടക്കലംഘനം നടത്തിയ ഒരു വൈദികനെ ശാസിക്കുവാനായി അതിരൂപതാ കച്ചേരി തീരുമാനിച്ചു. വലിയ വിറയലോടെ പിതാവിന്‍റെ വാതിലില്‍ മുട്ടിയ ആ വൈദികനെ പിതാവ് ഊഷ്മളതയോടെ സ്വീകരിച്ചു. ഒരപ്പന്‍ മകനോടെന്നതുപോലെ വളരെ സ്നേഹത്തോടെ അവര്‍ സംസാരിച്ചിരുന്നു. സെക്രട്ടറിയെന്ന നിലയില്‍, ഇത്ര ഹൃദ്യമായ സംസാരം എന്നില്‍ സംശയമുണര്‍ത്തി. ഇതാണോ ശാസന? ഞാനെന്‍റെ സംശയം പിതാവിനോട് തന്നെ ചോദിച്ചു. പിതാവ് പറഞ്ഞു: 'സന്ന്യാസാശ്രമങ്ങളില്‍ ഒരംഗത്തെ എല്ലാവരും കുറ്റപ്പെടുത്തിയാല്‍ ആശ്രമശ്രേഷ്ഠന്‍ ആ അംഗത്തോട് ചേര്‍ന്നുനില്‍ക്കണം. തീര്‍ത്തും ഒറ്റപ്പെട്ട അയ്യാള്‍ക്ക് വേറെ ആരാണ് ആശ്രയം?' 99 ആടുകളേയും ഉപേക്ഷിച്ച് ഒന്നിനെ തേടിപ്പോയ നല്ലിടയന്‍റെ മുഖമായിരുന്നു അപ്പോള്‍ പിതാവിന്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org